മോഹന്‍ലാലിനുവേണ്ടി തുടരെ ആര്‍പ്പുവിളിച്ച ആരാധകരോട് നീരസം പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നെന്‍മാറയില്‍ സ്വകാര്യ ആശുപത്രിയുടെ ഉദ്ഘാടനത്തിനിടെയായിരുന്നു സംഭവം. മോഹന്‍ലാലുമായി വേദി പങ്കിട്ട ചടങ്ങിലാണ് താരത്തിന്റെ ആരാധകരോടുള്ള വിയോജിപ്പ് മുഖ്യമന്ത്രി പരസ്യമായി പ്രകടിപ്പിച്ചത്. വേദിയില്‍ മോഹന്‍ലാലിന്റെ പേര് പരാമര്‍ശിക്കപ്പെട്ടപ്പോഴൊക്കെ ആരാധകര്‍ ആരവമുയര്‍ത്തിയിരുന്നു. മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടയിലും ഇതുതന്നെ ആവര്‍ത്തിക്കപ്പെട്ടു.
മോഹന്‍ലാല്‍ എന്ന് പിണറായി വിജയന്‍ പരാമര്‍ശിച്ചപ്പോഴൊക്കെ ആരാധകര്‍ ആര്‍ത്തുവിളിച്ചു. ഇതോടെയാണ് അദ്ദേഹം നീരസം പ്രകടിപ്പിച്ചത്. മോഹന്‍ലാലെന്ന മഹാനടനോട് എല്ലാവര്‍ക്കും സ്‌നേഹമാണ്. അദ്ദേഹത്തെ എല്ലാവരും അംഗീകരിക്കുകയും ചെയ്യുന്നു. എന്നാല്‍ ഒച്ചയിടുന്നവര്‍ക്ക് അതുമാത്രമേ ഉള്ളൂ. അവര്‍ക്ക് ഇതിനപ്പുറം ഒരു ലോകമില്ല. അതുകൊണ്ടാണ് ഇടക്കിടെ ഒച്ചയുണ്ടാക്കുന്നത്. ഇതുകൊണ്ടിവര്‍ അവസാനിപ്പിക്കുമെന്നൊന്നും കരുതണ്ട. ഇതവസാനം വരെ തുടര്‍ന്നുകൊണ്ടിരിക്കും.
എന്നാല്‍ അപ്പോഴും ലാല്‍ ഫാന്‍സ് ആര്‍പ്പുവിളി തുടര്‍ന്നു. ഇതോടെ പിണറായി വിജയന്‍ പ്രസംഗം വേഗത്തില്‍ അവസാനിപ്പിച്ചു. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ കൂടി പറയാനുണ്ടെങ്കിലും ആരാധകര്‍ എപ്പോഴാണ് ശബ്ദമുയര്‍ത്തുകയെന്ന് അറിയാത്തതിനാല്‍ പ്രസംഗം നിര്‍ത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. അതിനും ആരാധകരുടെ ആര്‍പ്പുവിളി ഉയര്‍ന്നു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും മൂന്ന് മന്ത്രിമാരും ജനപ്രതിനിധികളുമെല്ലാം വേദിയിലിരിക്കെയാണ് സംഭവം.