പവിത്രം എന്ന ചിത്രത്തിലെ ശ്രീരാഗമോ എന്ന ഗാനം വര്‍ഷങ്ങള്‍ക്കിപ്പുറം മലയാളിയുടെ പ്രിയഗാനങ്ങളുടെ പട്ടികമയില്‍ മുന്‍നിരയിലാണ്. കവര്‍ വേര്‍ഷനുകളായും വിവിധ ബാന്‍ഡുകളുടെ വേര്‍ഷനുകളായും ശ്രീരാഗമോ... പുനരവതരിപ്പിക്കപ്പെട്ടു. എന്താണ് ഈ പാട്ടിനുള്ള സവിശേഷത. അരുണ്‍ ദിവാകരന്‍ എഴുതിയത്.
പവിത്രം സിനിമയിലെ ശ്രീരാഗമോ എന്ന ഗാനം ഒരു സാധാരണ സിനിമാ ഗാനം ആയി കാണാൻ കഴിയില്ല. കാരണം വളരെ സങ്കീർണ്ണമായ ഒരു ഘടനയിൽ ആണ് ശരത് ഈ ഗാനം കൺസീവ് ചെയ്തിരിക്കുന്നത്. ഈ ഗാനത്തിന്റെ ആഴത്തിലേക്ക് ഇറങ്ങിച്ചെന്നാൽ വളരെ കൗതുകകരമായ നിരവധി കാര്യങ്ങൾ ശരത് ഈ ഗാനത്തിൽ ചെയ്തിട്ടുള്ളതായി കാണാൻ സാധിക്കും. ശ്രീരാഗമോ ശരത് എന്ന ജീനിയസ്സിന്റെ ഒരു മാസ്റ്റർ പീസ് ആണെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ഒപ്പം മലയാളത്തിന്റെ പ്രിയ കവി ഓഎൻവി യുടെ മനോഹരമായ വരികളും ഗാനഗന്ധർവന്റെ ആലാപനവും എടുത്തു പറയേണ്ടതാണ്. ഈ ഗാനത്തിന്റെ ചില കൗതുകകരമായ കാര്യങ്ങളിലേക്ക്!.......
ശ്രീരാഗമോ
1. ശ്രീരാഗമോ കമ്പോസ് ചെയ്തിരിക്കുന്നത് മിശ്രചാപ്പ് എന്ന താളത്തിൽ (Time Signature ) ആണ്. സിനിമ സംഗീതത്തിന്റെ ഭാഷയിൽ പറഞ്ഞാൽ 7/8.
2. എന്താണ് മിശ്രനട അല്ലെങ്കിൽ മിശ്രചാപ്പ് താളം ?
ഈ ലോകത്തിലെ ഏറ്റവും സങ്കീർണ്ണമായ താളപദ്ധതിയാണ് കർണ്ണാടക സംഗീതത്തിലെ സപ്തതാളങ്ങളും അവയുടെ താളക്കണക്കുകളും. ഇത് മനസിലാക്കാൻ വളരെയേറെ ബുദ്ധിമുട്ടാണെങ്കിലും മേൽപ്പറഞ്ഞ മിശ്രനടയുടെ ഒരു ഏകദേശ കണക്കുകൾ പറയാം.
തിശ്രവും (ത കിട / 1 + 2 ) ചതുരശ്രവും ( തക ധിമി / 2 + 2 ) ചേരുന്ന താളമാണ് മിശ്രം. തിശ്രം ( തകിട എന്ന 3 അക്ഷരകാലം / ബീറ്റ്. ചതുരശ്രം ( തകധിമി എന്ന 4 അക്ഷരകാലം / ബീറ്റ്. അങ്ങനെ 3 + 4 = 7 ബീറ്റ്, അതായത് ഒരു താളവട്ടത്തിൽ 7 ബീറ്റ് ( തകിട തകധിമി ) വരുന്ന താളം മിശ്രനട എന്ന് പറയുന്നു.
മിശ്രനട അല്ലെങ്കിൽ മിശ്രചാപ്പ് എന്ന് പറയുന്നതും ശരിയാണ്. രണ്ടിനും 7 അക്ഷരകാലമാണ്. 7 അക്ഷരകാലം വരുന്ന വേറെയും താളങ്ങൾ ഉണ്ട്. ഉദാഹരണം : -
1. ചതുശ്രജാതി ഝമ്പ താളം.
2. തിശ്രജാതി തൃപുട താളം.
3. മിശ്രജാതി ഏകതാളം.
3. മിശ്രനട താളത്തിൽ രണ്ടു ഗാനങ്ങൾ ആണ് പവിത്രത്തിൽ ഉള്ളത് ഒന്ന് ശ്രീരാഗമോ യും മറ്റൊന്ന് എം ജി ശ്രീകുമാർ പാടിയ ' വാലിന്മേൽ പൂവും ' . കല്യാണി രാഗത്തെ അടിസ്ഥാന മാക്കിയാണ് ശരത് ഈ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് .
4. ത്യാഗരാജ സ്വാമികളുടെ 'ഖരഹരപ്രിയ രാഗത്തിലെ പ്രശസ്‌ത കൃതി 'പക്കാല നിലബടി' ബേസ് ചെയ്താണ് ഈ ഗാനം കമ്പോസ് ചെയ്തതെന്ന് സംഗീത സംവിധായകൻ ശരത് പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഈ ഗാനവും ഈ കൃതിയും മിശ്രചാപ്പ് ( 7/8 ) താളമാണ്. പക്കാലയും ശ്രീരാഗമോയും 4 ബീറ്റ് തള്ളിയാണ് പാടിത്തുടങ്ങുന്നത്.
5. ഈ ഗാനത്തിൽ ഖരഹരപ്രിയ മാത്രമല്ല , ഖരഖരപ്രിയയുടെ ജന്യ രാഗങ്ങളായ 'കർണ്ണരഞ്ജിനി' യുടെയും 'രതിപതിപ്രിയ' യുടെയും രാഗ ഭാവങ്ങൾ കേൾക്കാം. ശ്രീ ഹരീഷ് ശിവരാമകൃഷ്ണൻ പാടിയ ശ്രീരാഗമോ വേർഷനിൽ വളരെ വ്യക്തമായി അദ്ദേഹം ഈ രാഗങ്ങളെ കുറിച്ച് പറയുന്നുണ്ട്.
ശ്രീരാഗമോ ( അഗം ബാൻഡ് )
6. ഖരഹരപ്രിയയിൽ കാകളി നിഷാദം (N3 ) കൂടി ഉപയോഗിച്ച ഒരു അപൂർവ്വ ഗാനം കൂടിയാണ് ശ്രീരാഗമോ. ഖരഹരപ്രിയ യുടെ 'നി' സ്വരം കൈശികി നിഷാദമാണ് (N2). അനുപല്ലവിയിലെ 'ചെങ്കദളിക്കൂമ്പിൽ ചെറുതുമ്പിയായ് തേനുണ്ണുവാൻ'. ഉണ്ണുവാൻ ( നി3 നി3 സ ) ഈ വരികളിലാണ് കാകളി നിഷാദം വരുന്നത്.
7. ഈ ഗാനത്തിന്റെ ബിജിഎം വരുന്ന ഭാഗങ്ങളിൽ അതായത് 2nd Interlude ഇൽ സുജാതയുടെ ശബ്ദവും കേൾക്കാം. ഒരു ആലാപും ഖരഹരപ്രിയയുടെ ആരോഹണ സ്വരങ്ങളും മാത്രം പാടിപോകുന്നു.ഇവിടെ പ ധ നി സ രി ഗ മ പ ധ നി സ...ഖരഹരപ്രിയ ഈ ആരോഹണ സ്വരങ്ങൾ Overlaping Vocal Harmony ആയി ചെയ്തിരിക്കുന്നതൊക്കെ ഗംഭീരമാണ്
8. ദാസേട്ടൻ സ്വരം പാടുന്ന ഭാഗങ്ങളിൽ, ചതുരശ്രനട (4/4) ഖണ്ഡനട (5/8) സങ്കീർണ്ണ നട (9/8) എന്നീ താളങ്ങളും വരുന്നതായി കാണാം. ധനി ധാപ മപധനീധാപ എന്ന സ്വരജതി വരുന്ന ഭാഗങ്ങളിൽ .
9. താളവും പാട്ടും ഒന്നിച്ചു തുടങ്ങുന്നതിനെ കർണ്ണാടക സംഗീത ഭാഷയിൽ 'സമം' എന്ന് പറയും. പക്ഷെ ശ്രീരാഗമോ യിൽ താളവും പാട്ടും ഒന്നിച്ചല്ല തുടങ്ങുന്നത് എന്ന കാര്യം വളരെ ശ്രദ്ധേയമാണ്. ഇവിടെ താളവും പാട്ടും വിസമം ആണ് ( സമമല്ലാതെ )
'ഹംസധ്വനി' രാഗത്തിലെ 'ദീക്ഷിതർ 'കൃതി ' വാതാപിഗണപതിം ' ശ്രദ്ധിക്കുക. താളവും കൃതിയും ഒരുമിച്ചാണ് പാടിതുടങ്ങുന്നത്, ആദി താളത്തിൽ ( ചതുശ്ര ജാതി ത്രിപുടതാളം )
കാനഡ രാഗത്തിലെ പ്രശസ്ത സ്വാതിതിരുനാൾ കൃതി ' മാമവ സദാ ജനനി 'യും താളവും പാട്ടും 'സമം' വരുന്നതിനു മറ്റൊരു ഉദാഹരണം ആണ്. രൂപക താളത്തിൽ.
ഗുരു സിനിമയിൽ ഇളയരാജ സർ 'മിന്നാരം മാനത്ത് ' എന്ന സോങ് സമത്തിലല്ല കമ്പോസ് ചെയ്തിരിക്കുന്നത് എന്ന് സൂക്ഷ്മമായി ശ്രദ്ധിച്ചാൽ മനസിലാകും. മിന്നാരം മാനത്ത് മഴവില്ലൊടിഞ്ഞല്ലോ... ഇവിടെ മി കഴിഞ്ഞു 'ന്നാരം' മുതൽ ആണ് താളം സ്റ്റാർട്ട് ചെയ്യുന്നത്.
ഭാർഗ്ഗവി നിലയം എന്ന സിനിമയിൽ ബാബുരാജ് താമസമെന്തേ വരുവാൻ എന്ന ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധിക്കുക, താളം സമത്തിൽ അല്ലന്നു മനസിലാവും. താമസമെന്തേ വരുവാൻ... ഇവിടെ 'ന്തേ വരുവാൻ' മുതൽ ആണ് താളം ആരഭിക്കുന്നത്.
10. മിശ്രചാപ്പ് താളത്തിന്റെ 6 മത്തെ അക്ഷരത്തിൽ / ബീറ്റിൽ ആണ് ശ്രീരാഗമോ ആരംഭിക്കുന്നത്. അതായത് ഒരു താളവട്ടം തുടങ്ങുന്നതിനു 2 ബീറ്റ് തള്ളി. താളത്തിനു മുൻപ് പാട്ട് തുടങ്ങുന്നതിനു കർണ്ണാടക സംഗീതത്തിൽ 'അതീതം' എന്ന് പറയുന്നു. താളത്തിനു ശേഷം പാട്ട് തുടങ്ങുന്നത് 'അനാഗതം' എന്നു പറയുന്നു.
ഇവിടെ ഒരു താളവട്ടത്തിന്റെ 2 അക്ഷരം അധവാ 2 ബീറ്റ് മുൻപ് ആണ് ഗാനം ആരംഭിക്കുന്നത്. ശ്രീരാഗമോ യിലെ ശ്രീ ക്കു 2 ബീറ്റ്, തകിട തക ' ധിമി ' രാഗമോ തേടുന്നു നീയീ ... ഇങ്ങനെ ആണ് താളം പിടിക്കേണ്ടത്.
11. താളം വായ്പാട്ട് ആയി പാടുന്നതിനെയാണ് ജതി എന്ന് പറയുന്നത്. ശ്രീ രാഗമോ ഗാനം ജതി ആയി പാടിയാൽ ....
ശ്രീ | രാഗമോ ---- ധിമി | തകിട തകധിമി