Music

അയ്യേ ഇത് 'ആത്മാവില്ലാത്ത കാന്താര', വരാഹരൂപം 'കോപ്പിയടി വേര്‍ഷന്‍' മാറ്റിയതില്‍ നിരാശയുമായി ആരാധകര്‍, ട്വിറ്ററില്‍ ട്രെന്‍ഡിംഗ്

കന്നഡ സിനിമയില്‍ നിന്ന് ട്രെന്‍ഡ് സെറ്ററായെത്തിയ 'കാന്താര' എന്ന സിനിമ ആമസോണ്‍ പ്രൈമില്‍ എത്തിയപ്പോള്‍ 'വരാഹരൂപം' എന്ന ഗാനവും ഈ പാട്ടിന്റെ ബിജിഎമ്മും മാറ്റി. തിയറ്റര്‍ വേര്‍ഷനിലെ പാട്ടിന് പകരം പുതിയ ഈണത്തിലുള്ള ഗാനമാണ് ഒടിടി പതിപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കോപ്പിയടി വിവാദത്തില്‍ കോടതി ഇടപെടലിനെ തുടര്‍ന്നാണ് നിര്‍മ്മാതാക്കള്‍ പുതിയ വേര്‍ഷന്‍ ഉള്‍പ്പെടുത്തി ഒടിടി റിലീസ് ചെയ്തിരിക്കുന്നത്.

നവരസം എന്ന തങ്ങളുടെ ഗാനത്തിന്റെ കോപ്പിയടിയാണ് വരാഹരൂപം എന്ന് കാട്ടി തൈക്കുടം ബ്രിഡ്ജ് ബാന്‍ഡും മ്യൂസിക് ഉടമകളായ മാതൃഭൂമി മ്യൂസികും കോടതിയെ സമീപിച്ചിരുന്നു. ഈ ഗാനം ഉള്‍പ്പെടുത്തി കാന്താര തിയറ്ററിലും ഒടിടിയിലും പ്രദര്‍ശിപ്പിക്കുന്നത് പാലക്കാട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തടഞ്ഞിരുന്നു. കോഴിക്കോട്, പാലക്കാട് കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് ഹോംബാലെ ഫിലിംസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി കോടതി തള്ളുകയായിരുന്നു. കോപ്പിയടിച്ച പാട്ട് ഒഴിവാക്കിയ ആമസോണ്‍ പ്രൈമിന് നന്ദി അറിയിക്കുന്നതായി തൈക്കുടം ബ്രിഡ്ജ് പ്രതികരിച്ചു. നീതിയുടെ വിജയമാണ് ഇതെന്നും തൈക്കുടം.

ഋഷബ് ഷെട്ടി തിരക്കഥയും സംവിധാനവും നിര്‍വഹിച്ച് നായക വേഷത്തിലെത്തിയ സമീപകാലത്തെ ഏറ്റവും വലിയ പണം വാരിപ്പടങ്ങളിലൊന്നായിരുന്നു. തൈക്കുടം ബ്രിഡ്ജ് മാതൃഭൂമി മ്യൂസികിന് വേണ്ടി നിര്‍മ്മിച്ച നവരസം എന്ന ഗാനം അനുമതിയില്ലാതെ കോപ്പിയടിച്ച് സിനിമയില്‍ ഉള്‍പ്പെടുത്തിയെന്ന ആരോപണം കാന്താര പ്രദര്‍ശനം തുടരവേ തന്നെ വലിയ വിവാദമായിരുന്നു. ആരോപണം അടിസ്ഥാന രഹിതമാണെന്നായിരുന്നു ഋഷബ് ഷെട്ടിയും നിര്‍മ്മാതാക്കളായ ഹോംബാലെ ഫിലിംസും പ്രതികരിച്ചത്. നടന്‍ പൃഥ്വിരാജ് സുകുമാരനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് കാന്താര കേരളത്തില്‍ റിലീസ് ചെയ്തത്. കേരളത്തിലും മലയാള സിനിമകളെ വെല്ലുന്ന കളക്ഷനാണ് ചിത്രം സ്വന്തമാക്കിയത്. സിനിമയുടെ പ്രമോഷനായി ഋഷബ് ഷെട്ടി കേരളത്തിലെത്തിയിരുന്നു.

2016ല്‍ മാതൃഭൂമി മ്യൂസിക് ലോഞ്ച് ചെയ്ത ആല്‍ബമാണ് നവരസം. കാന്താരയിലെ പാട്ട് റിലീസായ പിറ്റേന്ന് തന്നെ കര്‍ണാടകയിലെ മ്യൂസിക് ഫ്രറ്റേണിറ്റിയിലുള്ള സംഗീതഞ്ജരും ആരാധകരും വിളിച്ച് വരാഹരൂപത്തെക്കുറിച്ച് കുറിച്ച് പറഞ്ഞിരുന്നു. തൈക്കുടം ബ്രിഡ്ജ് ആണോ ചെയ്തത് എന്ന് ചോദിച്ചും ക്രെഡിറ്റ്‌സിലൊന്നും പേരു കണ്ടില്ല നിങ്ങളുടെ പാട്ട് തന്നെയാണെന്ന് പറഞ്ഞുമെല്ലാം ഒരുപാട് പേര്‍ വിളിച്ചിരുന്നതായും ബാന്‍ഡ് മാനേജര്‍ സുജിത് ഉണ്ണിത്താന്‍. വീഡിയോയിലും വലിയ സാമ്യമുണ്ടായിരുന്നു. നവരസത്തിന്റെ പ്രചോദനം മാത്രമാണ് വരാഹരൂപം എന്ന വാദം തെറ്റാണെന്നും സുജിത്

ഋഷബ് അണ്ണാ ഒറിജിനല്‍ വരാഹരൂപം ഇടൂ, കാന്താരയുടെ ആത്മാവ് പോയി

നവംബര്‍ 24നാണ് കാന്താര ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകരിലെത്തിയത്. സിനിമയുടെ ക്ലൈമാക്‌സിനെ ഉള്‍പ്പെടെ അനുഭവ ഭേദ്യമാക്കിയിരുന്നത് വരാഹരൂപം എന്ന ഗാനവും ബിജിഎമ്മുമായിരുന്നു. പുതിയ വേര്‍ഷന്‍ കണ്ട പ്രേക്ഷകരില്‍ പലരും നിരാശയാണ് ട്വീറ്റുകളില്‍ പങ്കുവച്ചിരിക്കുന്നത്. കാന്താര വിത്തൗട്ട് സോള്‍ എന്ന കാപ്ഷനോടെ പലരും ട്വീറ്റ് ചെയ്തിട്ടുമുണ്ട്.

വരാഹരൂപം തര്‍ക്കം പരിഹരിച്ചിട്ട് പോരായിരുന്നോ ഒടിടി റിലീസ് എന്നും പലരും ചോദിക്കുന്നു. ബ്രിംഗ് ബാക്ക് വരാഹരൂപം എന്ന ടാഗിലും നിരവധി ട്വീറ്റുകളുണ്ട്. അജനീഷ് ലോകനാഥ് ആണ് കാന്താരയുടെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT