കലങ്ങുന്നു സാഗരം
കുലുങ്ങുന്നു പര്‍വതം
മരങ്ങള്‍ക്ക് മരണമായ്
ഇത് ദുരന്തത്തിന്‍ കാരണം
ഇതല്ലിതല്ല ജീവിതം
ഇതല്ലിതല്ല ജീവിതം
പരസ്പരം കടിച്ചുകീറിടാതെ
പരസ്പരം പകുത്തിടാതെ
മലയാളിക്ക് നിത്യഹരിത ഗാനങ്ങള്‍ സമ്മാനിച്ച കൈതപ്രത്തിന്റെ വരികളില്‍ മകനും, സംഗീത സംവിധായകനുമായ ദീപാങ്കുരന്റെ ഈണവും ആലാപനവും. പ്രകൃതിയുടെ അദൃശ്യ-ദൃശ്യ സാന്നിധ്യമായി നടിയും, ഗായികയുമായി അപര്‍ണാ ബാലമുരളി. സുനാമി കീഴ്‌മേല്‍മറിച്ച ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകത വിവരിക്കുകയാണ് 'ഇറ്റ്‌സ് മി നേച്ചര്‍' സംഗീത ആല്‍ബം.
പ്രകൃതി സര്‍വ്വവും സമ്മാനിക്കുമ്പോള്‍ എക്കാലവും പ്രകൃതിയെ പരിപാലിക്കാമെന്ന അലിഖിത ഉടമ്പടി മനുഷ്യന്‍ മറന്നുപോകരുതെന്ന് ആല്‍ബം ഓര്‍മ്മപ്പെടുത്തുന്നു. പ്രകൃതി ഭംഗി നിറഞ്ഞ ദൃശ്യങ്ങളില്‍ നിന്ന് പ്രകൃതിയെ ചൂഷണം ചെയ്യുന്ന മനുഷ്യചെയ്തികളിലേക്ക് സഞ്ചരിക്കുന്നതാണ് മ്യൂസിക് വീഡിയോ.
ചൈതന്യ മേനോനും, ജോമിറ്റ് ജോണിയും ചേര്‍ന്നാണ് സംവിധാനം. പ്രതിഫലമില്ലാതെയാണ് അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരും ഉള്‍പ്പെടെ എല്ലാവരും ആല്‍ബത്തില്‍ സഹകരിച്ചിരിക്കുന്നത്. വിഷ്ണു പുഷ്‌കരന്‍ എഡിറ്റിംഗും, വിവേക് പ്രേംസിംഗ് ക്യാമറയും.
1996ല്‍ ജയരാജ് സംവിധാനം ചെയ്ത 'ദേശാടനം' എന്ന സിനിമയില്‍ നാവാമുകുന്ദഹരേ എന്നഗാനമാലപിച്ച് പിന്നണി ഗാനരംഗത്തെത്തിയ ദീപാങ്കുരന്‍ 'സത്യം ശിവം സുന്ദരം' എന്ന ചിത്രത്തിനായി പാടിയ ഈശ്വര്‍ സത്യഹേ എന്ന തീം സോംഗ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഫോര്‍ ദ പിപ്പിളില്‍ ലോകാ സമസ്താ എന്ന തീം സോംഗും ആലപിച്ചിരുന്നത് ദീപാങ്കുരനാണ്.
ലാല്‍ ജോസിന്റെ 'തട്ടുംപുറത്ത് അച്യുതന്‍', 'ഹലോ നമസ്‌തേ', 'കാമല്‍ സഫാരി' എന്നീ സിനിമകള്‍ക്ക് സംഗീത സംവിധാനവും നിര്‍വഹിച്ചു.