നായകന്റെ അടി വാങ്ങാനും തമാശക്കാരനായി വന്ന് ചിരിയുടെ പൂരത്തിന് തിരികൊളുത്താനും മാത്രമല്ല, നന്നായി പാടി അഭിനയിക്കാനും കഴിയുമെന്ന് ജനാർദ്ദനൻ തെളിയിച്ച പടമായിരുന്നു കെ ജി ജോർജ്ജ് സംവിധാനം ചെയ്ത ``വ്യാമോഹം''(1978).
ഇശൈജ്ഞാനി ഇളയരാജ മലയാളത്തിൽ സൃഷ്ടിച്ച ആദ്യ മൗലികഗാനമെന്ന ചരിത്ര പ്രാധാന്യം കൂടിയുണ്ട് ജനാർദ്ദനൻ വെള്ളിത്തിരയിൽ അഭിനയിച്ചു പാടിയ പാട്ടിന്: ``പൂവാടികളിൽ അലയും തേനിളം കാറ്റേ, പനിനീർമഴയിൽ കുളിർ കോരി നിൽപ്പൂ ഞാൻ .....'' ഡോ പവിത്രൻ എഴുതി യേശുദാസും എസ് ജാനകിയും ശബ്ദം പകർന്ന മനോഹരമായ മെലഡി.. ``സിനിമാ ജീവിതത്തിലെ മഹാഭാഗ്യങ്ങളിൽ ഒന്നാണ് രാജാ സാറിന്റെ ആദ്യ ഗാനത്തിനൊത്ത് ചുണ്ടനക്കാൻ കഴിഞ്ഞത്. ആ പടത്തിന്റെ പ്രിന്റ് ഇപ്പോൾ ലഭ്യമല്ല എന്നറിയുമ്പോൾ ദുഃഖം..'' -- ജനാർദ്ദനൻ പറയുന്നു. സിനിമയിലെ ഗാനരംഗത്ത് ജനാർദ്ദനനോടൊപ്പം പ്രത്യക്ഷപ്പെട്ടത് ലക്ഷ്മി.
മല്ലിക സുകുമാരനും കിട്ടി സമാനമായ ഒരു ഭാഗ്യം. ``വ്യാമോഹ''ത്തിൽ സെൽമ ജോർജ്ജ് പാടിയ ```ഓരോ പൂവും വിരിയും'' എന്ന ഗാനം വെള്ളിത്തിരയിൽ അവതരിപ്പിച്ചത് മല്ലികയാണ്. വേറൊരു നല്ല യുഗ്മഗാനം കൂടിയുണ്ട് ആ പടത്തിൽ-- ജയചന്ദ്രനും ജാനകിയും പാടിയ നീയോ ഞാനോ. പക്ഷേ ഏറ്റവും ഹിറ്റായതും ഇളയരാജയുടെ എക്കാലത്തെയും മികച്ച മലയാള ഗാനങ്ങളുടെ പട്ടികയിൽ ഇടം നേടിയതും ``പൂവാടികളിൽ.'' ഈണത്തിൽ മാത്രമല്ല വാദ്യവിന്യാസത്തിലും ഉണ്ടായിരുന്നു സവിശേഷമായ ആ രാജാ സ്പർശം.
തമിഴിൽ സൂപ്പർ ഹിറ്റായിരുന്ന ശ്രീധറിന്റെ ``പോലീസ് കാരൻ മകൾ'' എന്ന സിനിമയുടെ മലയാളം റീമേക്ക് ആയിരുന്നു വ്യാമോഹം. ഒട്ടേറെ അംഗീകാരങ്ങൾ നേടിയ സ്വപ്നാടനത്തിന് ശേഷം ജോർജ്ജ് ഒരുക്കിയ രണ്ടാമത്തെ പടം. വാണിജ്യ സിനിമയുടെ ചിട്ടവട്ടങ്ങളുമായി ഒരിക്കലും പൊരുത്തപ്പെടാൻ കഴിയാത്ത, സിനിമയിൽ പാട്ടേ അനാവശ്യമാണ് എന്ന് വിശ്വസിച്ചിരുന്ന സംവിധായകൻ മനസ്സില്ലാമനസ്സോടെ ചെയ്ത പടമായിരുന്നു അത്. മുഖ്യ റോളുകളിൽ മോഹനും ലക്ഷ്മിയും -- അന്നത്തെ യുവതലമുറയുടെ ഹരമായിരുന്ന പ്രണയജോഡി. അന്നൈക്കിളി (1976) യിലൂടെ തുടക്കം കുറിക്കുകയും കവിക്കുയിൽ, ഭദ്രകാളി, പതിനാറ് വയതിനിലെ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തിയിലേക്കുള്ള പ്രയാണം തുടങ്ങുകയും ചെയ്തിരുന്ന ഇളയരാജയെ സ്വന്തം സിനിമയിൽ പരീക്ഷിക്കാൻ ജോർജ്ജ് തീരുമാനിച്ചത് എന്തുകൊണ്ട്? ``അക്കാലത്ത് രാജ പ്രവർത്തിച്ചിരുന്നതേറെയും തമിഴിലെ മധ്യവർത്തി സിനിമകളിൽ ആയിരുന്നു എന്നതുകൊണ്ടു തന്നെ. ഭാരതിരാജയുടെയും എസ് പി മുത്തുരാമന്റേയും ദേവരാജ് മോഹന്റെയുമൊക്കെ ചിത്രങ്ങൾ.''-- ജോർജ്ജ് പറയുന്നു. തൊട്ടു മുൻപ് ``ആറു മണിക്കൂർ'' എന്നൊരു ഡബ്ബിംഗ് ചിത്രം. രാജയുടെ ഈണങ്ങളുമായി പുറത്തു വന്നിരുന്നെങ്കിലും ``വ്യാമോഹ''ത്തിലായിരുന്നു ഇശൈജ്ഞാനിയുടെ യഥാർത്ഥ മലയാള അരങ്ങേറ്റം.
``എ വി എം ആർ ആർ തിയേറ്ററിൽ പാട്ട് പാടി റെക്കോർഡ് ചെയ്യുമ്പോൾ ഏഴു മാസം ഗർഭിണിയാണ് ഞാൻ.''-- സെൽമ ഓർക്കുന്നു. വീട്ടിൽ വന്നാണ് പാട്ട് പാടിക്കേൾപ്പിച്ച കറുത്ത് മെലിഞ്ഞ, സൗമ്യനായ ചെറുപ്പക്കാരന്റെ രൂപം ഇന്നും ഗായികയുടെ മനസ്സിലുണ്ട്. സിനിമയിൽ വന്നിട്ട് അധികകാലം ആയിരുന്നില്ലല്ലോ രാജ . ``എന്റെ അപ്പോഴത്തെ അവസ്ഥയിൽ കുറച്ചു ഹൈ പിച്ചിലുള്ള പാട്ട് പാടി ഫലിപ്പിക്കാൻ കഴിയുമോ എന്ന് സംശയമുണ്ടായിരുന്നു അദ്ദേഹത്തിന്. പാടിനോക്കട്ടെ, എന്നിട്ട് തീരുമാനിക്കാം എന്ന് ജോർജ്ജേട്ടൻ പറഞ്ഞപ്പോൾ സംഗീത സംവിധായകന് പൂർണ്ണ സമ്മതം. എന്തായാലും റിഹേഴ്‌സൽ കഴിഞ്ഞതോടെ രാജയുടെ ആശങ്ക മാറി. ഒന്നോ രണ്ടോ ടേക്കിൽ പാട്ട് ഓക്കേ ആയപ്പോൾ ഇളയരാജ അടുത്തുവന്നു എന്റെ വയറിൽ നോക്കി തമാശയായി പറഞ്ഞത് ഓർമ്മയുണ്ട്: `എവിടെയോ ഒരു കുഞ്ഞിന്റെ കരച്ചിൽ കേട്ടപോലെ.' റെക്കോർഡിംഗ് എഞ്ചിനീയറും ഓർക്കസ്ട്ര കലാകാരന്മാരും ഉൾപ്പെടെ സ്റ്റുഡിയോയിലുള്ള സർവരേയും ചിരിപ്പിച്ചുകളഞ്ഞു ആ കമന്റ്. അന്നറിയില്ലല്ലോ ലോകമറിയാൻ പോകുന്ന സംഗീത സംവിധായകന് വേണ്ടിയാണ് നമ്മൾ പാടിയതെന്ന്.'' മല്ലിക ചെടി നനച്ചുകൊണ്ട് പാടുന്ന പാട്ടായിട്ടാണ് സിനിമയിൽ അത് ചിത്രീകരിക്കപ്പെട്ടത് എന്നാണ് സെൽമയുടെ ഓർമ്മ. ``അടുത്ത പടമായ ഓണപ്പുടവയിൽ ഞാൻ പാടിയ മാറത്തൊരു കരിവണ്ട് എന്ന പാട്ടും സിനിമയിൽ പാടി അഭിനയിച്ചത് മല്ലികയാണ്. ഒ എൻ വി സാറും എം ബി ശ്രീനിവാസനും ചേർന്ന് സൃഷ്ടിച്ച നല്ലൊരു പാട്ട്..''
``വ്യാമോഹ''ത്തിലെ യുഗ്മഗാനം തിരുവനന്തപുരത്താണ് ചിത്രീകരിച്ചത് എന്നോർക്കുന്നു ജനാർദ്ദനൻ. ``ഇളയരാജയുടെ ആദ്യ മലയാളഗാനം അവതരിപ്പിക്കാൻ മാത്രമല്ല രാജ ആദ്യമായി നിർമ്മിച്ച പടത്തിൽ അഭിനയിക്കാനും എനിക്ക് ഭാഗ്യം ലഭിച്ചു. ആനന്ദക്കുമ്മി (1983) ആയിരുന്നു ചിത്രം.'' വില്ലനായി വന്ന് ഹാസ്യനടനും സ്വഭാവനടനുമൊക്കെയായി പ്രതിഭ തെളിയിച്ച ജനാർദ്ദനൻ പ്രത്യക്ഷപ്പെട്ട വേറെയും ഗാനരംഗങ്ങളുണ്ട് . ``ചലനം'' എന്ന സിനിമയിൽ ജയചന്ദ്രനും മാധുരിയും പാടിയ അത്യുന്നതങ്ങളിൽ ദൈവത്തിന് സ്തോത്രം, ``അനാവരണ''ത്തിലെ പച്ചക്കർപ്പൂരമലയിൽ (സുശീല) എന്നിവ ഉദാഹരണം. രണ്ടും വയലാർ - ദേവരാജന്മാരുടെ ഗാനങ്ങൾ. ``അക്ഷരങ്ങളി''ലെ പ്രശസ്തമായ കടത്തുതോണിക്കാരാ എന്ന ഗാനം സീമയുടെ കഥാപാത്രത്തെ ഹാർമോണിയം വായിച്ചു പാടിപ്പഠിപ്പിക്കുന്ന സംഗീതഗുരുവും ജനാർദ്ദനൻ തന്നെ. ``പാട്ടിനോട് പണ്ടേ ഇഷ്ടമുണ്ട്. അതുകൊണ്ടുതന്നെ ഗാനരംഗങ്ങൾ എല്ലാം ആസ്വദിച്ചാണ് അഭിനയിച്ചത്.''-- ജനാർദ്ദനൻ. ``നിർഭാഗ്യവശാൽ അത്തരം രംഗങ്ങളിൽ അധികം പ്രത്യക്ഷപ്പെടാൻ യോഗമുണ്ടായില്ല..''