റഫീഖ് അഹമ്മദിന്റെ വരികളിൽ പ്രശാന്ത് കാനത്തൂരിന്റെ സംഗീതം, പത്മഭൂഷണിന് ശേഷം ചിത്രയുടെ ആദ്യ ഗാനം. 'അതിരുകൾ മതിലുകൾ വരഞ്ഞിടാക്കളമേ' റെക്കോർഡിങ് പൂർത്തിയായി. പ്രശാന്ത് കാനത്തൂർ സംവിധാനം ചെയ്യുന്ന 'സ്റ്റേഷൻ 5' എന്ന ചിത്രത്തിലാണ് ചിത്ര പാടുന്നത്. നഞ്ചമ്മ, വിനോദ് കോവൂർ, കീർത്തന ശബരീഷ് എന്നിവരും ചിത്രത്തിൽ പാടുന്നുണ്ട്. ഹരിലാൽ രാജഗോപാൽ, പ്രകാശ് മാരാർ, ഹിരൺ മുരളി എന്നിവരാണ് മറ്റു ഗാന രചയിതാക്കൾ.
'ചിത്ര ചേച്ചിയെ സ്റ്റേഷൻ 5 എന്ന സിനിമയുടെ ഭാഗമാക്കാൻ സാധിച്ചത് ഭാഗ്യമായി കരുതുന്നു. ഇന്ന് ചെന്നൈയിലെ സ്റ്റുഡിയോവിൽ വെച്ച് ഗാനത്തിന്റെ റെക്കോർഡിങ് പൂർത്തിയായി. പദ്മഭൂഷൺ പുരസ്കാരം ലഭിച്ചതിനു ശേഷം ചേച്ചി ആദ്യമായി പാടുന്നത് സ്റ്റേഷൻ 5 നു വേണ്ടിയാണെന്ന് പറഞ്ഞപ്പോൾ ഇരട്ടി സന്തോഷം തോന്നി. ഈ ഗാനത്തിൻ്റെ രണ്ടു വേർഷൻ ചിത്രത്തിലുണ്ട്. ചിത്ര ചേച്ചി അതിമനോഹരമായി അവ രണ്ടും ആലപിച്ചിട്ടുണ്ട്', പ്രശാന്ത് കാനത്തൂർ പറയുന്നു. മാർച്ച് പകുതിയോടെ ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാവും.
1979-ല്‍ സംഗീത സംവിധായകന്‍ എം.ജി.രാധാകൃഷ്‌ണന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ‘അട്ടഹാസം’ എന്ന ചിത്രത്തിലായിരുന്നു ചിത്ര ആദ്യമായി പാടിയത്. ‘നവംബറിന്റെ നഷ്ടം’ എന്ന ചിത്രത്തിലെ ‘അരികിലോ അകലെയോ’ എന്ന ഗാനമായിരുന്നു ആദ്യ ഹിറ്റ് ഗാനം. ഇതുവരെ ആറ് ദേശീയ പുരസ്‌കാരങ്ങളും പതിനാറ് കേരളചലച്ചിത്ര അവാര്‍ഡുകളും പദ്മശ്രീ ബഹുമതിയും ചിത്രയുടേതായി ഉണ്ട്.