Movie Review

സിനിമയുടെ കെട്ട് ഇറങ്ങിക്കഴിയുമ്പോള്‍ അടുക്കളയിലേക്ക് നോക്കി 'ഒരു ചായ' എന്ന് വിളിച്ചു പറയാതെ ഇരിക്കുക|The Great Indian Kitchen Review

സ്വന്തം ഉച്ഛിഷ്ഠം കലക്കിയ വെള്ളം തലയിലൂടെ ഒഴുകിയ നിലയില്‍ ആണ് കഴിഞ്ഞ രണ്ടു ദിവസമായി മലയാളി ഗൃഹനാഥന്മാരുടെ നില്‍പ്പ്. 'നോട്ട് ഓള്‍ മെന്‍' എന്ന് പറയുന്നതിന് മുമ്പ് തങ്ങളുടെ വീട്ടിലെ ഭക്ഷണത്തിലേക്ക് നോക്കുക തീന്‍മേശയിലെ ആവി പറക്കുന്ന സമൃദ്ധിയില്‍ അല്ല, കഴിച്ചെഴുന്നേറ്റ് പോരുമ്പോള്‍ നിങ്ങള്‍ മേശപ്പുറത്ത് ചവച്ചുതുപ്പിയതിലേക്ക്, തലേന്ന് നിങ്ങള്‍ക്ക് വേണ്ടാതെ പോയ ചോറ് തിളപ്പിച്ചും അല്ലാതെയും ഉണ്ണുന്നവരുടെ പാത്രത്തിലേക്ക്, സിങ്കില്‍ കെട്ടിക്കിടക്കുന്ന നിങ്ങളുടെ അഴുക്കിലേക്ക്, ദുര്‍ഗന്ധം അവസാനിക്കാത്ത ആ ചവറ്റുകൂനയിലേക്ക്. മഹത്തായ ഭാരതീയ അടുക്കള അഥവാ The Great Indian Kitchen എല്ലാ വീടുകളുടെയും അകത്തളങ്ങളാണ്. സംവിധായകന്‍ ജിയോ ബേബിയുടെ നാലാമത്തെ സൃഷ്ടിയായ നൂറു മിനിറ്റില്‍ താഴെ മാത്രമുള്ള ഈ ചലച്ചിത്രം രേഖപ്പെടുത്തുന്നത് ഒറ്റ ക്രോമോസോമിന്റെ അഹന്തയില്‍ ആണുങ്ങള്‍ സൗകര്യപൂര്‍വം കണ്ണടച്ച് ഇരുട്ടിലാക്കിയ പെണ്ണുങ്ങളുടെ ജീവിതമാണ്.

അതെ, മഹത്തായ ഭാരതീയ അടുക്കള ആണുങ്ങള്‍ക്ക് വേണ്ടി മാത്രമുള്ള ചലച്ചിത്രമാണ്. കാലാകാലങ്ങളായി സംസ്‌കാരം, ആചാരം, കുടുംബം, മക്കളുടെ ഭാവി, തറവാട്ടുമഹിമ, വന്നു കയറിയ വീട്, എന്നീ വാക്കുകളില്‍ കുരുക്കി നിങ്ങളുടെ ജീവിതം സുഗമമാക്കാന്‍ വേണ്ടി നിങ്ങള്‍ ഒതുക്കിക്കളഞ്ഞ പെണ്ണുങ്ങളെ ഒന്ന് ശരിക്ക് കാണാന്‍ ഉള്ള അവസരമാണ് ഇത്. പെണ്ണുങ്ങള്‍ക്ക് ഇതവരുടെ ദൈനംദിനജീവിതമാണ്; ഇത് നിങ്ങള്‍ക്കുള്ള സിനിമയല്ല.

The Great Indian Kitchen On Neestream
ജിയോ ബേബിയുടെ നാലാമത്തെ സൃഷ്ടിയായ നൂറു മിനിറ്റില്‍ താഴെ മാത്രമുള്ള ഈ ചലച്ചിത്രം രേഖപ്പെടുത്തുന്നത് ഒറ്റ ക്രോമോസോമിന്റെ അഹന്തയില്‍ ആണുങ്ങള്‍ സൗകര്യപൂര്‍വം കണ്ണടച്ച് ഇരുട്ടിലാക്കിയ പെണ്ണുങ്ങളുടെ ജീവിതമാണ്.
വന്ദന മോഹന്‍ദാസ്

വടക്കന്‍ കേരളത്തിലെ ഒരു വലിയ തറവാട്ടിലേക്ക് വിവാഹം കൊണ്ടെത്തിക്കുന്ന ഒരു സ്ത്രീയും (നിമിഷ സജയന്‍) അവളുടെ കോളേജ് ലക്ച്ചററായ ഭര്‍ത്താവും (സുരാജ് വെഞ്ഞാറമ്മൂട്) മുന്‍ കരയോഗം പ്രസിഡന്റായ അയാളുടെ അച്ഛനും കേന്ദ്രകഥാപാത്രങ്ങളായുള്ള The Great Indian Kitchen രക്തം പൊടിയാതെ ബഹളം വയ്ക്കാതെ അക്രമരംഗങ്ങള്‍ പോലും ഇല്ലാതെ വീടിനകത്തു നടക്കുന്ന വയലന്‍സ് വ്യക്തമായി, painfully honest ആയി അവതരിപ്പിക്കുന്നു. വിദ്യാസമ്പന്നരായ, തൊഴില്‍ ചെയ്തു ജീവിക്കാന്‍ പ്രാപ്തരായ സ്ത്രീകളെ അഭിപ്രായം പറയാന്‍ അനുവദിക്കാതെ തങ്ങളെ സേവിച്ചുകൊണ്ട് ജീവിക്കാന്‍ കുടുംബത്തിനുള്ളില്‍ തളച്ചിടുന്ന വിദ്യാസമ്പന്നരായ, അലസരുമായ ആണ്‍കൂട്ടങ്ങളുടെ നേര്‍ക്കാഴ്ചയുമാണ് ചിത്രം.

അടുക്കളയുടെ രാഷ്ട്രീയവും തീന്മേശയുടെ രാഷ്ട്രീയവും തമ്മിലുള്ള അന്തരം, പാചകം ഹോബിയും സഹായവും കടമയും ആകുന്നത് തമ്മിലുള്ള അന്തരം, ഭക്ഷണം അധ്വാനവും അധികാരവും ആകുന്നത് തമ്മിലുള്ള അന്തരം, ഇതെല്ലാം ഒട്ടും അതിഭാവുകതയില്ലാതെ നാടകീയതയില്ലാതെ, എന്തിന്, പശ്ചാത്തലസംഗീതം പോലുമില്ലാതെ ശരിക്കും കൊള്ളിച്ചുകൊണ്ടും പൊള്ളിച്ചുകൊണ്ടും കാണാം ഇവിടെ. രുചിയിടങ്ങള്‍ എന്നാല്‍ വിഭവങ്ങള്‍ നിരത്തിയ തീന്മേശകളിലല്ല, പുകഞ്ഞും വിയര്‍ത്തും ചേറു പറ്റിയും ഉച്ഛിഷ്ഠം വാരിയും ജില്ലാ കലക്ടറേക്കാള്‍ മേന്മയോടെ 'കുടുംബത്തില്‍ പിറന്ന പെണ്ണുങ്ങള്‍' അവരുടെ രുചികളും അഭിരുചികളും മാറ്റിവച്ച് ചെയ്യുന്ന കാര്യങ്ങളിലാണ് എന്ന് കാണിച്ചു തരികയാണ് ജിയോ. Mansplaining ഇല്ലാത്ത ഇത്തരം കഥ പറച്ചില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വ്വമാണ്.

സാക്ഷരരും പരിഷ്‌കൃതരും സാംസ്‌കാരികസമ്പന്നരും നാട്ടുപ്രമാണികളും ആചാരസംരക്ഷകരും ഒക്കെ കൂടിയ പുരുഷാധിപത്യസമൂഹത്തിന്റെ മുഖത്ത് ആഞ്ഞു പതിഞ്ഞ ഒരു പ്രഹരമാണ് ചിത്രം
The Great Indian Kitchen On Neestream

ആവര്‍ത്തിച്ചാവര്‍ത്തിച്ചുള്ള അടുക്കളരംഗങ്ങള്‍ മടുപ്പുളവാക്കുന്നതാണെന്ന് തോന്നലുണ്ടെങ്കില്‍ ഓര്‍ക്കുക, ഈ ആവര്‍ത്തനമാണ് പലരുടെയും അന്ത്യം വരെയുള്ള ദിവസങ്ങള്‍. പാചകപ്പുരയുടെയും കിടപ്പുമുറിയുടെയും മേശയുടെയും ഇടുങ്ങിയ മാറിയിരുപ്പു മുറിയുടെയും ഫ്രെയിമുകള്‍ ആണ് സ്‌ക്രീനില്‍ എങ്കിലും സാലു കെ. തോമസിന്റെ ക്യാമറ ചൂണ്ടുന്നത് മനുഷ്യരുടെ ഉള്ളിലേക്കാണ്. എഡിറ്റര്‍ ഫ്രാന്‍സിസ് ലൂയിസിന്റെ കൃത്യമായ കട്ടുകള്‍ സിനിമയെ പറയേണ്ടത് മാത്രം പറഞ്ഞു വിഷയത്തിന്റെ ഗൗരവത്തില്‍ നിന്ന് ഒട്ടും തെന്നിമാറാതെ, തട്ടും തടവുമില്ലാത്ത മികച്ച അനുഭവമാക്കുന്നു. സിനിമയുടെ രാഷ്ട്രീയത്തോടൊപ്പം ചേര്‍ത്തു പറയേണ്ടതാണ് 'ഒരു കുടം പാറ്' ഉള്‍പ്പടെയുള്ള മൃദുലാദേവിയുടെ വരികളും. പറയ സമുദായത്തിന്റെ പാളവ ഭാഷയില്‍ മൃദുല രചിച്ച ഗാനങ്ങള്‍ മാറ്റിനിര്‍ത്തപ്പെട്ട ജനതയുടെ ഭാഷാസൗന്ദര്യം മാത്യൂസ് പുളിക്കന്റെ സംഗീതത്തില്‍ ലോകത്തെ കേള്‍പ്പിക്കുന്നു.

സാക്ഷരരും പരിഷ്‌കൃതരും സാംസ്‌കാരികസമ്പന്നരും നാട്ടുപ്രമാണികളും ആചാരസംരക്ഷകരും ഒക്കെ കൂടിയ പുരുഷാധിപത്യസമൂഹത്തിന്റെ മുഖത്ത് ആഞ്ഞു പതിഞ്ഞ ഒരു പ്രഹരമാണ് ചിത്രം. കുക്കറില്‍ വേവാത്ത, അടുപ്പത്ത് മാത്രം വേവുന്ന അരിയും, പേസ്റ്റ് പുരട്ടിയ ബ്രഷ് വരാത്തത് കൊണ്ട് ആരംഭിക്കാത്ത ദിവസവും, വാഷിംഗ് മെഷീനില്‍ കഴുകിയാല്‍ കേടായിപ്പോകുന്ന തുണികളും, അമ്മിയില്‍ അരച്ചാല്‍ മാത്രം രുചിയുള്ള ചമ്മന്തിയും ചൂട് ദോശയും ഒക്കെ നിര്‍ലജ്ജം സ്വീകരിച്ച് ഗൃഹനാഥന്മാര്‍ കുടുംബത്തെ നല്ല നിലയിലെത്തിക്കാന്‍ വേണ്ടി സ്ത്രീകള്‍ക്ക് നിര്‍ലോഭം കൊടുക്കുന്നത് കഴുകാത്ത ചോറ്റുപാത്രവും, വെള്ളം കെട്ടിക്കിടക്കുന്ന സിങ്കുകളും, ഉരിഞ്ഞെറിഞ്ഞ അടിവസ്ത്രവും, വികാരരഹിതമായ ലൈംഗികതയും ഒക്കെയാണ്. സ്വന്തം വീട്ടില്‍ എന്തും ചെയ്ത് manners ഇല്ലാതായിപ്പോയ പുരുഷന് അവന്റെ തെറ്റ് ചൂണ്ടിക്കാണിച്ച തെറ്റിന് അവളെക്കൊണ്ട് കുറ്റബോധം തോന്നിപ്പിച്ചും അല്ലാതെയും മാപ്പ് പറയിപ്പിക്കുവാനാകുന്നതും അവന്റെ ചോദ്യംചെയ്യപ്പെടാനാവാത്ത അധികാരം കൊണ്ടാണെന്ന് ചിത്രം തുറന്നുകാട്ടുന്നുണ്ട്. അടുക്കളയില്‍ നിന്ന് കിടപ്പുമുറിയിലേക്ക് എത്തുമ്പോഴും ആണ്‍കോയ്മ വ്യക്തമാണ്. ലൈംഗികതയില്‍ അഭിപ്രായമുള്ള പെണ്ണിനെ ഈഗോ തകര്‍ന്ന പങ്കാളി പരിഹാസ്യമായി നേരിടുന്നത് അധിക്ഷേപം കൊണ്ടാണ്.

അധികാരഗര്‍വിന്റെ ഇരകളും ആണ്‌കോയ്മയുടെ വാഹകരും ആചാരസംരക്ഷകരുമായ കുടുംബത്തിലെ സ്ത്രീകള്‍ നിരന്നു നിന്ന് 'ഇതാണ് ഞങ്ങള്‍' എന്നും 'ഇതാണ് നിങ്ങള്‍' എന്ന് പറയാതെ പറഞ്ഞു പ്രേക്ഷകരെ ചൂളിപ്പിക്കുകയാണ്.
The Great Indian Kitchen On Neestream

അവഗണനയിലും മൗനത്തിലും എത്ര കഴുകിയാലും മാറാത്ത കെട്ട മണത്തിലും അവള്‍ക്ക് കൂട്ടാകുന്നതും പെണ്ണുങ്ങളാണ്. താന്‍ വളര്‍ന്നുവരുന്ന ലോകത്തെക്കുറിച്ച് ബോധ്യമില്ലാത്ത നിഷ്‌കളങ്കയായ ഒരു കുഞ്ഞു മോളും, ആര്‍ത്തവ 'അശുദ്ധി' കാലത്ത് സഹായത്തിനെത്തുന്ന പാട്ടു പാടിക്കൊണ്ട് പണികള്‍ ചെയ്യുന്ന, തന്റെ ആര്‍ത്തവമോ ജാതിയോ ആര്‍ക്കും അശുദ്ധിയല്ലാതായതിനെപ്പറ്റി സരസമായി പറയുന്ന ഒരു സ്ത്രീയും, 'മോള്‍ ജോലിയ്ക്ക് അപേക്ഷിച്ചോ പക്ഷെ ഞാന്‍ പറഞ്ഞെന്ന് ആരും അറിയരുത്' എന്നപേക്ഷിക്കുന്ന ഭര്‍ത്തൃമാതാവും, അനുഷ്ഠാനങ്ങളെപ്പറ്റിയും കടമകളെപ്പറ്റിയും 'ഇവിടത്തെ രീതികളെ'പ്പറ്റിയും ആണുങ്ങളുടെ കണ്‍വെട്ടത്ത് നിന്ന് മാറ്റി വെയില്‍കൊള്ളിക്കാതെ ഉണക്കേണ്ട പെണ്‍ അടിവസ്ത്രങ്ങളെപ്പറ്റിയും ജ്ഞാനം പകരുന്ന സന്തോഷത്തോടെ കുടുംബത്തെ ആണുങ്ങളെ സേവിക്കുന്ന അമ്മായിയും. അധികാരഗര്‍വിന്റെ ഇരകളും ആണ്‍കോയ്മയുടെ വാഹകരും ആചാരസംരക്ഷകരുമായ കുടുംബത്തിലെ സ്ത്രീകള്‍ നിരന്നു നിന്ന് 'ഇതാണ് ഞങ്ങള്‍' എന്നും 'ഇതാണ് നിങ്ങള്‍' എന്ന് പറയാതെ പറഞ്ഞു പ്രേക്ഷകരെ ചൂളിപ്പിക്കുകയാണ്. അതിന് ചലച്ചിത്രപ്രവര്‍ത്തകര്‍ മുന്‍നിര്‍ത്തുന്നത് വീടിന്റെ ഐശ്വര്യം എന്ന പേരില്‍ പ്രിവിലേജുകളാല്‍ സമ്പന്നരായവര്‍ കാലങ്ങളായി നോര്‍മലൈസ് ചെയ്ത ഗാര്‍ഹികപീഡനം തന്നെയാണ് എന്നത് ചിലരെയെങ്കിലും ഒന്ന് ഇരുത്തി ചിന്തിപ്പിക്കുമെന്ന പ്രതീക്ഷ നല്‍കുന്നു.

കൊവിഡ് കാല പ്രതിസന്ധി കടന്ന് ഈ ചിത്രം ഇറങ്ങിയത് തീയറ്ററില്‍ അല്ല എന്നത് ശ്രദ്ധേയമാണ്. തീയറ്ററിലെ ഇരുട്ടില്‍ അല്ല, തീന്മേശയുടെ മുമ്പില്‍ അമ്മയോടും ഭാര്യയോടും മരുമകളോടും ഒപ്പം ഇരുന്നു കൊണ്ടാണ് പ്രിയപ്പെട്ടവരും അല്ലാത്തവരുമായ ആണുങ്ങളേ, നിങ്ങള്‍ ഈ സിനിമ കാണേണ്ടത്. ഇരിപ്പിടത്തില്‍ നിന്ന് കൊണ്ടുതന്നെ വേവുന്നത്തിന്റെയും നാറുന്നതിന്റെയും മണം പിടിക്കാവുന്ന ദൂരത്തിരുന്നു കൊണ്ട്.

നിങ്ങളെത്തന്നെ സ്‌ക്രീനില്‍ കാണുമ്പോള്‍ ജാള്യതയില്ലാതെ കൂടെയിരിക്കുന്നവരുടെ മുഖത്തേക്ക് നോക്കാന്‍ ആവില്ലെങ്കില്‍ കൂടി, സിനിമയുടെ കെട്ട് ഇറങ്ങിക്കഴിയുമ്പോള്‍ അടുക്കളയിലേക്ക് നോക്കി 'ഒരു ചായ' എന്ന് ഉറക്കെ വിളിച്ചു പറയാതെ ഇരിക്കുക. അവിടെ ഒരു പക്ഷെ തീ അണഞ്ഞു കാണില്ല!

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ യു.ആര്‍.പ്രദീപ്; ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നിലനിര്‍ത്തി മുന്നണികള്‍

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

ചെരുപ്പൂരി അടിക്കുമെന്ന് അന്ന് ഞാൻ ആ നടനോട് പറഞ്ഞു: ഖുശ്ബു

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

SCROLL FOR NEXT