Movie Review

നർമ്മ നീതിയുടെ സർക്കാർ ഉത്പന്നം അഥവാ കുടുംബ ചിത്രം

കാണുക ഭാരത അല്ല സർക്കാർ ഉത്പന്നം എന്ന സിനിമ. എന്തിന് ഇത് കാണണം എന്നാണ് ആലോചിക്കുന്നതെങ്കിൽ ഇതാണ് ഉത്തരം: കുറച്ചായി നാമൊരു ഗ്രാമീണ ജീവിതമുള്ള ഫാമിലി ഡ്രാമ വൃത്തിയായി തീയറ്ററിൽ കണ്ടിട്ട്. അതും വലിയ താരശോഭയൊന്നുമില്ലാത്ത സന്ദർഭിക തമാശകളും ജീവിത ഗന്ധിയായ നാട്ടിൻപുറവും മലയാള സിനിമാ പ്രേക്ഷകർ കണ്ടിട്ട് കുറച്ചധികമായിട്ടുണ്ടാകും എന്ന് തോന്നുന്നു. കണ്ടില്ലെങ്കിൽ നല്ലൊരു ഫാമിലി ചിത്രത്തിന്റെ തിയേറ്റർ അനുഭവം നമുക്കുണ്ടാകില്ല എന്നേയുള്ളൂ. കാരണം തീർത്തും ഗ്രാമീണ മലയാളിയുടെ (അല്ലെങ്കിൽ ഇത് ഏതു ഇന്ത്യൻ ഗ്രാമങ്ങളിലും ആകാം) സാധാരണ തൊഴിലെടുത്തു ജീവിക്കുന്ന കുടുംബത്തിന്റെ ചിത്രമാണ്. അവരുടെ കുഞ്ഞു സന്തോഷങ്ങളും ഇഷ്ടങ്ങളും ജീവിത ആസക്തികളും ഈ ചിത്രത്തിലുണ്ട്. അവരുടെ നിഷ്കളങ്കതയെ തലോടുന്ന പാർട്ടിയും സർക്കാർ ആശുപത്രിയും സർക്കാർ ഉത്പന്നത്തിൽ ഉണ്ട്.

കോവിഡ് എന്ന മഹാമാരിയുടെ കാലത്തു മലയാളി ഏറെ അറിയുകയും ആശ്രയിക്കുകയും ചെയ്ത ആരോഗ്യ പ്രവർത്തകരായ ആശാ വർക്കറുടെ സാമൂഹ്യ നന്മയും വിശ്രമമില്ലാത്ത സാമൂഹ്യ ബന്ധങ്ങളും ചിത്രം വരച്ചിടുന്നുണ്ട്. ഒരു അഭിപ്രായത്തിൽ സർക്കാർ ഉൽപ്പന്നം എന്ന സിനിമ കേരളത്തിലെ ഓരോ ആശാ വർക്കർമാരുടെയും ചിത്രമാണ്. ഓരോ ആശ പ്രവർത്തകരും കാണേണ്ട സിനിമയാണിത്.

ജന നന്മയോ രാജ്യ നന്മയോ ലക്ഷ്യമാക്കി സർക്കാർ നടത്തുന്ന ഒരു പദ്ധതിയുടെ കൂടെ നിൽക്കുകയും തന്മൂലം ഇരയാക്കപ്പെടുകയും ചെയ്യുന്ന സാമൂഹ്യ രാഷ്ട്രീയ അവിഹിത കൂട്ടുകെട്ടുകൾ ചിത്രത്തിലുണ്ട്. ഇതിന്റെ ഇരകളാക്കപ്പെടുന്ന വിദ്യാഭ്യാസം കുറഞ്ഞ നാട്ടിൻ പുറത്തുകാരുടെ ഒറ്റപ്പെടലിന്റെയും നൊമ്പരത്തിന്റേയും ഏടുകൾ ചിത്രത്തിൽ മിന്നി മായുന്നുണ്ട്. അത് നേരമ്പുകളായും ഒളിയമ്പുകളായും പ്രേക്ഷകനെ തലോടും. ഉറപ്പാണ്. സമൂഹ പുഴുക്കുത്തുകളും അളിഞ്ഞ രീതികളും ഇതിൽ വാരി വിതറിയിട്ടുണ്ട്. ഇതിന്റെ കഥ പറയാൻ തെരഞ്ഞെടുത്ത സാമൂഹ്യ പരിസരവും ഭൂപ്രകൃതിയും ചിത്രത്തിന്റെ ആകെത്തുകയിൽ മികച്ച സംഭാവന നൽകുന്നുമുണ്ട്. കാറ്റിനൊത്തു ആടുന്ന മലയാളിയുടെ രാഷ്ട്രീയ ചായ്‌വുകളും കുശുമ്പുകളും ചിത്രത്തിന് മിഴിവേകുന്നുണ്ട്.

എവിടെയും എന്നത്തേയും പോലെ പോരാട്ടത്തിനിറങ്ങുന്നവന്റെ ഒറ്റപ്പെടൽ ഇതിൽ കാണാനാകും. സർക്കാർ ഉത്പന്നം എന്തിനു വേണ്ടി എന്ന ചോദ്യം ആർക്കെങ്കിലും ഉണ്ടെങ്കിൽ അതിനുള്ള ഉത്തരം ചിത്രം നൽകുന്നില്ല, കാരണം അത് ഓരോ പ്രേക്ഷകനും സ്വയം ചോദിക്കേണ്ട ഒന്നാണ്. പക്ഷെ എന്നും രാജ്യത്തിന്റെ അന്തസ്സും അഭിമാനവും കാത്തു സൂക്ഷിക്കുന്ന ഇന്ത്യൻ ഭരണഘടനയും ഇന്ത്യൻ നീതിന്യായ വ്യവസ്ഥയും സാധാരണ മനുഷ്യന് എത്രമാത്രം പ്രിയതരമാണെന്ന് ചിത്രം പ്രേക്ഷകനോട് പറയും.

ഇതിന്റെ തിരക്കഥ രചിച്ചത് ആരോഗ്യ മേഖലയിൽ പ്രവർത്തിച്ചിരുന്ന ഈ മാർച്ച് ആറിന് അപ്രതീക്ഷിതമായി ഭൂമിയിൽ നിന്ന് വിട പറഞ്ഞ നിസാം റാവുത്തർ ആയിരുന്നു. അദ്ധേഹത്തിന്റെ സേവന മേഖലയിലെ അറിവ് ചിത്രത്തിന്റെ മുതൽക്കൂട്ടാണ്. ചിത്രം ജനങ്ങൾ ഏറ്റെടുക്കുന്നത് കാണാൻ അദ്ദേഹത്തിന് അവസരം ഉണ്ടായില്ല. കുടുംബ പ്രേക്ഷകർ കുഞ്ഞു തമാശകൾക്ക് ചിരിതൂകുന്നത് കാണാൻ വിധി നിസാമിനെ അനുവദിച്ചില്ല. പക്ഷെ സർക്കാർ ഉത്പന്നം എന്ന ചിത്രത്തിന്റെ തിരക്കഥയിലൂടെ ഇന്ത്യൻ സിനിമ ഇതുവരെ പറയാത്ത ഒരു പ്രമേയം ചലച്ചിത്ര ലോകത്തിന് സംഭാവന ചെയ്തിട്ടാണ് നിസാം ഈ ലോകം വിട്ടത്. അത് നിസാമിന്റെ പേരിൽ നിലനിൽക്കും. ഒരു പക്ഷെ ഈ ചിത്രം ഇന്ത്യയിലെ മറ്റു ഭാഷകളിലേക്കും യാത്ര തുടരാൻ സാധ്യത ഉണ്ട്. അവിടെയും നിസാം റാവുത്തറുടെ പേരുണ്ടാകും.

നിരവധി ചലച്ചിത്രങ്ങളിൽ സഹ സംവിധായകനായി പ്രവർത്തിച്ച ടി വി രഞ്ജിത്ത് സംവിധാനം ചെയ്ത സർക്കാർ ഉല്പന്നത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് ഇഷ്‌ക്, ജോ ആൻഡ് ജോ തുടങ്ങിയ ചിത്രങ്ങൾക്ക് ക്യാമറ ചെയ്ത അൻസർ ഷാ ആണ്. ലാൽജോസ് സംവിധാനം ചെയ്ത ഹിറ്റ് ചിത്രമായ ക്ലാസ്മേറ്റ്സ് മുതൽ സിനിമയിൽ ഉള്ള സുബീഷ് സുധി ആണ് ചിത്രത്തിലെ നായകൻ. മലയാള ടെലിവിഷൻ പരമ്പരകളിലും മിന്നൽ മുരളി, ചട്ടക്കാരി, കേരള കഫേ പോലുള്ള നിരവധി ചലച്ചിത്രങ്ങളിലും പ്രേക്ഷകർ കണ്ടിട്ടുള്ള ഷെല്ലി ആണ് ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ലാൽ ജോസ്,ജോയ് മാത്യു, വിജയ് ബാബു, വിനീത് വാസുദേവൻ, ഗൗരി കിഷൻ, അജു വർഗീസ്, ജാഫർ ഇടുക്കി, ദർശന നായർ, ഹരീഷ് കണാരൻ, രാജേഷ് അഴീക്കോടൻ, ഗോകുലൻ, റിയ സൈറ തുടങ്ങിയ പരിചയ സമ്പന്നരായ താരങ്ങൾ ചിത്രത്തിൽ ഓരോ കഥാപാത്രങ്ങളേയും മികച്ചതാക്കിയിട്ടുണ്ട്.

ചിത്രത്തിന്റെ സംഗീതം അജ്മൽ ഹസ്ബുള്ളയാണ്. എഡിറ്റിംഗ് ഡി കെ ജിതിൻ ആണ് നിവഹിച്ചിരിക്കുന്നത്. അൻവർ അലി, വൈശാഖ് സുഗുണൻ എന്നിവരാണ് ചിത്രത്തിനെ ഗാനങ്ങൾ രചിച്ചിട്ടുള്ളത്. ടി.വി കൃഷ്ണന്‍ തുരുത്തി, രഞ്ജിത്ത് ജഗന്നാഥന്‍, കെ.സി രഘുനാഥന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

ഇന്ത്യൻ ചലച്ചിത്രം ഇതുവരെ കാണാത്ത കഥയാണ് ഒരു സർക്കാർ ഉപന്നത്തിന്റേത്. നിങ്ങൾക്കു കുടുംബമായി തീയറ്ററിൽ പോയി കാണാവുന്ന നർമ്മവും സങ്കടവും സന്തോഷവും ഉൾകൊള്ളുന്ന ചിത്രമാണിത്. അടുത്ത കാലത്തൊന്നും ഇതുപോലെ ഉള്ള ഒരു ഫാമിലി എന്റർടൈനർ ചിത്രം കേരളത്തിൽ ഏറ്റവും നൂതനമായ കഥയോടെ പ്രേക്ഷകർക്ക് മുൻപിൽ എത്തിയിട്ടില്ല.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT