kala malayalam movie review 
Movie Review

കള'യിലെ ക്ലാസ്, കയ്യടിക്കേണ്ട മാസ്

രോഹിത് വി.എസ് സംവിധാനം ചെയ്ത 'കള' കഥ പറച്ചിലിലോ അവതരണത്തിലോ മലയാളത്തിന് മുന്‍പരിചയമുള്ളൊരു സിനിമയല്ല. പ്രതിനായകനെ മലര്‍ത്തിയടിച്ച് വരേണ്യ നായകന്‍ നേടുന്ന അധീശത്വവും വിജയവും ഇപ്പോഴും തിയറ്ററുകളിലെ ആണ്ടുല്‍സവങ്ങളാകുന്നിടത്ത് 'കള' കളംമാറ്റമാണ്. സ്റ്റീരിയോടൈപ്പ് 'നായക'സങ്കല്‍പ്പങ്ങളുടെ പൂര്‍ണതയെന്ന കള പറിച്ചെറിയുക കൂടിയാണ് സിനിമ.

വന്യം എന്ന ഗാനം അകമ്പടിയായുള്ള ഗ്രാഫിക്കല്‍ സ്റ്റോറിക്കൊപ്പമാണ് കളയുടെ ടൈറ്റില്‍ കാര്‍ഡ്. അതിന്റെ തുടര്‍ച്ചയില്‍ കാടിനോടടുത്തൊരു കുടിയേറ്റ ഭൂമിയില്‍ കൃഷിയും ജീവിതവുമായി നീങ്ങുന്ന രവി മകന്‍ ഷാജി അയാളുടെ ഭാര്യ, മകന്‍ അവര്‍ക്കൊപ്പമുള്ള ബ്ലാക്കി എന്ന വിദേശി വളര്‍ത്തുനായ.

ടൊവിനോ തോമസ് അവതരിപ്പിക്കുന്ന ഷാജി, റിട്ടയേര്‍ഡ് പട്ടാളക്കാരനായ അപ്പന്‍ രവി, ഭാര്യ വിദ്യ, മകന്‍ എന്നീ കാരക്ടേഴ്‌സിന്റെ സ്വഭാവ വ്യാഖ്യാനത്തിലൂന്നിയാണ് തുടക്കം. കഥ പറച്ചില്‍ ഷാജിയിലേക്ക് കേന്ദ്രീകരിക്കുന്നു. അയാളുടെയും അയാളിലേക്ക് വരുന്നവരുടെയും നോട്ടങ്ങളിലും,ചലനങ്ങളിലും, സംസാരത്തിലുമെല്ലാം പിടികൊടുക്കാത്ത എന്തോ ഒന്ന് സംവിധായകന്‍ ഡ്രോപ്പ് ചെയ്യുന്നു.

kala malayalam movie review

ഷാജിയുടെ അകത്തും പുറത്തുമുള്ള ഭയങ്ങളിലും സംശയങ്ങളിലുമൂന്നിയാണ് ഓരോ കഥാപാത്രങ്ങളുടെയും വരവ്. ആ വീടിനെയും അതിനോട് ചേര്‍ന്ന കാടിനെയുമെല്ലാം ഭയത്തിലേക്ക് പൊതിയുകയാണ് രോഹിതിന്റെയും അഖില്‍ ജോര്‍ജ്ജിന്റെയും ദൃശ്യാഖ്യാനം.

രവിയുടെ വീട്ടിലേക്ക് പുറത്തു നിന്നെത്തുന്ന അവരുടെ രക്ത-സൗഹൃദ ബന്ധത്തില്‍ അല്ലാത്ത ഏതൊരാളും സംശയിക്കപ്പെടേണ്ടവരോ,സൂക്ഷിക്കേണ്ടവരോ ആണെന്ന ചിന്ത, രവിയുടെ പേരക്കുട്ടിയിലടക്കമുണ്ട്. തോട്ടം പണി നടത്തിപ്പുകാരനായി രവിയുടെയും ഷാജിയുടെയും കയ്യാളായി എത്തുന്ന മണി എന്ന കഥാപാത്രം മുറുക്കിത്തുപ്പുന്നതും കുട്ടിയെ നോക്കുന്നതുമെല്ലാം ഈ 'സംശയ' പ്പുറത്താണ് സിനിമ കാണിക്കുന്നത്.

അറിയാതെ പറ്റിപ്പോയതല്ലേടാ... എന്ന് വിട്ടുകളയാന്‍ ഷാജിക്ക് പറ്റുന്നതും മറുവശത്തുള്ളയാള്‍ക്ക് സാധിക്കാത്തതുമായ ഷാജിയുടെ ഈഗോയില്‍ ഊന്നിയൊരു ചെയ്തിയെ പിന്തുടര്‍ന്നാണ് മൂര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വരവ്. ഷാജിക്ക് അതുവരെ അതിനിസാരമെന്ന തോന്നിയ മനുഷ്യരെ, നായാടിയുടെ മകനെ, അവരുടെ അസ്തിത്വമുള്ള കാടിനെ കാട്ടാനാണ് ആ വരവ്. രോഹിത് വിഷ്വലിലും സൗണ്ടിലും പശ്ചാത്തല സംഗീതത്തിലുമായി തീര്‍ക്കുന്ന കഥാന്തരീക്ഷം തന്നെയാണ് കളയുടെ ഹൈലൈറ്റ്.

kala movie review

അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്ലീസ് എന്നിങ്ങനെ വേറിട്ട് നീങ്ങുന്ന രണ്ട് സിനിമകള്‍ക്ക് ശേഷം അതിശയിപ്പിക്കുന്നൊരു ക്രാഫ്റ്റ്മാന്‍ഷിപ്പിലേക്ക് ഉയരുകയാണ് രോഹിത് വി.എസ്. ചൂഷകരെയും ചൂഷിത സമൂഹത്തെയും പ്രതിനിധീകരിക്കുന്ന രണ്ട് കഥാപാത്രങ്ങളിലൂന്നിയ സമാന്തര യാത്ര കൂടിയാണ് കളയുടെത്.

നായാടിയുടെ മകന് നായ അയാളുടെ സഹജീവിയാണ്, ഷാജിക്ക് ബ്ലാക്കി അയാളിലെ അധികാരത്തിന്റെയോ, മൂലധനത്തിന്റെയോ ചിഹ്നങ്ങളിലൊന്ന് മാത്രം. ലക്ഷം കൊടുത്ത് വാങ്ങിച്ചൊരു നായ. നീ അതിനെ കൊണ്ടുപോയ്‌ക്കോ നാടനല്ല വിദേശിയാ... അല്ലെങ്കില്‍ വിലകൊടുത്ത് കൊള്ളാവുന്ന ഒന്നിനെ വാങ്ങിത്തരാമെന്നും ഷാജി പറയുന്നു.

പുകയ്ക്കുന്ന സിഗരറ്റില്‍ മുതല്‍ ഉള്ളിലും ഉടലിലും ആണിനെ/ ആണഹന്തയെ പേറുന്നൊരാളാണ് ഷാജി. നിറത്തിലും ഉടലിലും ഇടത്തിലുമെല്ലാം മേല്‍ത്തരം മനുഷ്യനാണ് താനെന്ന് ഷാജി ആവര്‍ത്തിക്കുന്നുണ്ട്. വീട്ടിന് പുറത്തെ ഏതൊരാക്രമണത്തെയും പ്രതിരോധിക്കുന്ന ഷാജിക്ക് പുറമേക്ക് മാത്രമാണ് മുറിവുകളുണ്ടാകുന്നത്. അയാളിലെ വരേണ്യബോധ്യത്തിനോ, ആണഹന്തയ്‌ക്കോ തെല്ലും പരുക്കേല്‍ക്കുന്നില്ല.

മരിച്ചാലും വിട്ടുകളയില്ലെന്ന് ആ 'നായാടിയുടെ മകന്‍' തീര്‍ച്ചപ്പെടുത്തിയതും അതിനാലാവും. വീട്ടിനകത്തെത്തുമ്പോള്‍ അയാളെ എതിരാളി നിലംപരിശാക്കുമ്പോള്‍ അകമേക്കും തകര്‍ന്നടിയുകയാണ് ഷാജി. പുറമേക്ക് മുറിവേല്‍പ്പിക്കാനല്ല വന്നതെന്ന് മൂറിന്റെ കഥാപാത്രം പറയാതെ പറയുന്നുമുണ്ട്. അവിടുന്നിങ്ങോട്ടുള്ള പടിക്കെട്ടിറക്കത്തിലാണ് കളയിലെ 'നായകന്റ' ഉദയം. വര്‍ഗവിശകലനത്തിനൊപ്പം തന്നെയാണ് രോഹിത് വി.എസ് , ഷാജിയെന്ന കള പറിച്ചെറിയുന്നത്.

kala movie review
രോഹിത് വി.എസ് വേറിട്ട വഴിയില്‍ തുടര്‍ന്നും സിനികമളൊരുക്കൂ, സ്റ്റീരിയോടൈപ്പുകളെ വകഞ്ഞ് മുന്നേറൂ.

ടൊവിനോ തോമസ് എന്ന നടന്റെ കരിയറിലെ സാഹസികമായ തെരഞ്ഞെടുപ്പ് കൂടിയാകും കള. ടൊവിനോ-മൂര്‍ എന്നീ അഭിനേതാക്കള്‍ റോ വയലന്‍സിനൊപ്പം ആക്ഷന്‍ കൊറിയോഗ്രഫിയുടെ ഭാഗമാകുമ്പോള്‍ മലയാളത്തിന് മുന്‍പരിചയമില്ലാത്ത സംഘട്ടന ചിത്രീകരണവുമാണത്. ഫിനിക് പ്രഭു എന്ന ആക്ഷന്‍ കൊറിയോഗ്രഫറുടെ മികവില്‍ കൂടിയാണ് സിനിമാറ്റിക് റിയലിസത്തിന്റെ തീവ്രത മുറ്റുന്ന ഈ രംഗങ്ങള്‍. എല്ലാ നിലക്കും ടൊവിനോ-മൂര്‍ എന്നീ അഭിനേതാക്കളുടെ പവര്‍ പാക്ക്ഡ് പെര്‍ഫോര്‍മന്‍സിന്റെ മികവ് കൂടിയാണ് കള. നായക താരമായി നില്‍ക്കെ കഥാപാത്രമെന്ന നിലക്കും സഹനിര്‍മ്മാതാവായും ടൊവിനോ തോമസ് കള തെരഞ്ഞെടുത്തത് കയ്യടിക്കേണ്ട തീരുമാനമാണ്. ഉള്‍ഭീതി നിലനില്‍ക്കെ തന്നെ ക്രൗര്യം നിറഞ്ഞൊരു കഥാപാത്രമായി ടൊവിനോ തോമസിന്റെ പ്രകടനവും ഗംഭീരമാണ്.

ചിലന്തിയും അണ്ണാനും മുയലും കാട്ടുപന്നിയും വിലസുന്ന ഇടത്തില്‍ നിന്നാണ് രോഹിത് ഷാജിയെയും ആദിവാസി യുവാവിനെയും സൃഷ്ടിച്ചിരിക്കുന്നത്. കഥാന്തരീക്ഷത്തിലേക്ക് ചെറുജീവികളുടെ പോക്കുവരവുകള്‍ പോലും താളം മുറിക്കാതെയാണ്. രോഹിതന്റെ ദൃശ്യാഖ്യാന പാടവം ഇവിടങ്ങളില്‍ കാണാം.

ദിവ്യ പിള്ളയുടെ കഥാപാത്രത്തിലും ഡെലിവറിയിലും നിലനില്‍ക്കുന്ന ദുരൂഹത, തോട്ടം തൊഴിലാളിയിലേക്ക് ഭയത്തെയും സംശയത്തെയും വഴിതെറ്റിച്ച് സൃഷ്ടിക്കുന്ന അനാവശ്യ നിഗൂഡത, എസ്‌റ്റേറ്റിലെ ഓരോ ചലനത്തെയും ഭയപ്പെരുക്കമായി മാറ്റിയപ്പോഴുണ്ടായ താളപ്പതര്‍ച്ച എന്നിങ്ങനെ വിയോജിപ്പുകളുണ്ട്. തുടക്കത്തില്‍ എസ്‌റ്റേറ്റിലെത്തുന്ന ഓരോ കഥാപാത്രങ്ങളും ക്ലോസപ്പുകളിലും സൗണ്ട് ഡിസൈനിലും കാരക്ടര്‍ ഇന്‍ട്രോകളിലുമൊക്കെ ഭയം പെരുപ്പിച്ചെടുക്കാനുള്ള ബില്‍ഡപ്പുകള്‍ ആകുമ്പോല്‍ അതിനാടകീയമായെന്ന വിയോജിപ്പ് നിലനില്‍ക്കുന്നു.

മൂര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ കാട്ടിലെ താളാത്മകമായുള്ള വരവും, ഷാജിക്ക് മുന്നിലേക്ക് അട്ടപ്പാടിയില്‍ നായയെത്തുന്ന സീനുകളും ഒരു ഉള്‍ക്കനമുള്ളൊരു നാടോടിക്കഥയുടെ അനുഭവപരിസരം സൃഷ്ടിക്കുന്നതാണ്.

സൗണ്ട് ഡിസൈനിലും പശ്ചാത്തല സംഗീത്തത്തിലുമായി ഡോണ്‍ വിന്‍സെന്റ്, കഥ പറച്ചിലിന് താളം രൂപപ്പെടുത്തിയ ചമന്‍ ചാക്കോയുടെ എഡിറ്റിംഗ് എന്നിവയും എടുത്ത് പറയാം. അഖില്‍ ജോര്‍ജ്ജ് സൃഷ്ടിക്കുന്ന 'വന്യത' യുടെ ഭംഗി ഗംഭീരവുമാണ്.

’വല്ല്യേട്ടൻ’ സിനിമയിലെ അപൂർവ്വ ലൊക്കേഷൻ ചിത്രങ്ങൾ

പെര്‍ത്തില്‍ ആധികാരിക വിജയം, ന്യൂസിലന്‍ഡില്‍ നിന്നേറ്റ പരുക്കിന് കണക്ക് തീര്‍ത്തത് ഓസീസിനോട്; ഈ വിജയം ബുംറയുടേത്

ഇത് ഞാൻ പ്രതീക്ഷിച്ചതാണ്, മനുഷ്യരുടെ ചിന്താഗതിയുടെ പൈറസി നമ്മുടെ കയ്യിൽ അല്ലല്ലോ; ഇന്റിമേറ്റ് രംഗങ്ങളിൽ പ്രതികരണവുമായി ദിവ്യപ്രഭ

ആദ്യ ചിത്രത്തിന് ശേഷം ജോലിയില്ലാതെ വീട്ടിലിരിക്കേണ്ടി വന്നു, സുകുമാറാണ് ജീവിതത്തെ മാറ്റി മറിച്ചത്, ആര്യ ഇല്ലെങ്കിൽ ഞാനില്ല: അല്ലു അർജുൻ

ഫ്യൂഡൽ നായകന്മാരെ ഇപ്പോഴും ജനങ്ങൾക്കിഷ്ടമാണ്, ലൂസിഫർ പോലും അങ്ങനെയുള്ള ഒരു സിനിമയാണ്: ഷാജി കൈലാസ്

SCROLL FOR NEXT