joji malayalam movie analysis Bhavana Studios
Movie Review

ജോജിയുടെ പുനർവായന: അധികാരത്തിന്റെയും അസന്മാർഗികതയുടെയും മൂന്ന് വർഷങ്ങൾ

ശ്യാംപുഷ്കരന്റെ രചനയിൽ ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ജോജി എന്ന സിനിമയുടെ മൂന്നാമത്തെ വർഷത്തത്തിൽ, അധികാരം, ഭീതി, അസന്മാർഗികത എന്നീ ഘടകങ്ങൾ ചിത്രത്തിൽ എങ്ങിനെ പ്രതിഫലിക്കുന്നു എന്ന പരിശോധന. അഖില എഴുതുന്നു

അധികാരവും ധാർമ്മികതയും സഹവർത്തിക്കുമോ എന്ന തീർത്തും പ്രതിലോമകരമെന്ന് തോന്നിക്കുന്ന ചോദ്യമാണ് മൂന്നു വർഷത്തിന് ശേഷമുള്ള ‘ജോജി’ യുടെ പുനർകാഴ്ച എന്നിലവശേഷിപ്പിച്ചത്. ക്രിസ്റ്റഫർ വിൻഷിപ്പും, ജയ് മെഹ്തയും തങ്ങളുടെ മോറൽ പവർ(Moral power) എന്ന ഗവേഷണ പ്രബന്ധത്തിൽ ഇപ്രകാരം നിരീക്ഷിക്കുന്നു, ‘ധാർമികതയും അധികാരവും പലപ്പോഴും വിപരീതങ്ങളായി കണക്കാക്കപ്പെടുന്നു. ധാർമികത പരോപകാരത്തിലും പൊതുനന്മയോടുള്ള പ്രതിബദ്ധതയിലും അധിഷ്ഠിധമാണ്, എന്നാൽ അധികാരം സ്വാർത്ഥ താല്പര്യത്തിന്മേൽ നിലകൊള്ളുന്നു.’ എന്നിരുന്നാൽക്കൂടിയും, ധാർമികത, സമൂഹം നിർമ്മിച്ചെടുത്ത ഒരു ഭൂരിപക്ഷ കാഴ്ചപ്പാട് മാത്രമാണെന്ന വാദം നിലനിൽക്കുന്നുണ്ട്. പ്രേക്ഷക പ്രശംസ നേടിയ ചലച്ചിത്രമെന്ന നിലയിൽ ജോജിയുടെ സാങ്കേതിക മികവിനെ നിരൂപിക്കുന്ന ശ്രമമല്ല ഇത്, മറിച്ച്, അധികാരം, ഭയം, അസന്മാർഗ്ഗികത എന്നിവയുടെ കോളിനിയാരിറ്റി (Collinearity) അഥവാ ബന്ധം എത്തരത്തിലാണ് മേൽപ്പറഞ്ഞ ചിത്രത്തിൽ പ്രതിവർത്തിക്കുന്നത് എന്ന ഉപരിപ്ലവമായ പരിശോധന മാത്രമാണ് ഉദ്ദേശിക്കുന്നത്.

joji malayalam movie analysis

ദിലീഷ് പോത്തൻ സംവിധാനം ചെയ്ത്, ശ്യാം പുഷ്‌കരൻ തിരക്കഥയെഴുതി, ഫഹദ് ഫാസിൽ പ്രധാന കഥാപാത്രമായെത്തിയ സിനിമയാണ് ജോജി. ത്രില്ലർ/ ഡ്രാമ ഴോണറുകളിൽ (genre) മലയാളത്തിൽ കണ്ടു വരുന്ന വാർപ്പുമാതൃകളിൽ നിന്ന് വിഭിന്നമാണ് ജോജിയുടെ സമീപനം. 1985 ൽ പുറത്തിറങ്ങിയ കെ.ജി. ജോർജിന്റെ ഇരകൾ എന്ന ചിത്രത്തിലെ ഭൂപ്രദേശത്തോട് (terrain) വളരെ വലിയ സാദൃശ്യമുണ്ടെന്നതൊഴിച്ചാൽ, ജോജി ഒരു പുതിയ ശ്രമമാണ്. അണിയറ പ്രവർത്തകർ ആവർത്തിക്കുന്നത് പോലെ ഷേക്സ്പിയറിന്റെ മാക്ബത് എന്ന രചനക്കൊരു സ്തുത്യുപഹാരം(Tribute).

joji malayalam movie analysis

അധികാരം, ഭീതി

കൂട്ടുകുടുംബങ്ങളിൽ കുടുംബാധിപന് (Patriarch) വിധേയമായി ജീവിക്കാൻ അംഗങ്ങളെ പ്രേരിപ്പിക്കുന്ന ഘടകം എന്താവും, ബഹുമാനമോ, അതോ ഭയമോ? ജോജിയിൽ, പനച്ചേൽ കുട്ടപ്പൻ എന്ന കാരണവരെ എല്ലാവർക്കും ഭയമാണെന്ന് കാണാം. അയാളുടെ ശരീരം, സമ്പത്ത്, ശൈലി എന്നിവ ഈ പ്രാമാണ്യത്തെ(Authority) സാധൂകരിക്കുന്നുമുണ്ട്. സിനിമയിൽ ജോജി(ഫഹദ് ഫാസിൽ), ബോധരഹിതനായ കുട്ടപ്പനോട് അയാളുടെ കാറിന്റെ താക്കോൽ എടുക്കട്ടെ എന്ന് ചോദിക്കുന്നൊരു രംഗമുണ്ട് (കുട്ടപ്പനെ തന്നെ ആശുപത്രിയിൽ കൊണ്ടുപോകാനാണെന്നതാണ് ശ്രദ്ദേയമായ കാര്യം), ഇത് പിന്നീട് ചിത്രത്തിൽ പല രീതിയിൽ ആവർത്തിക്കുന്നതായി കാണാം. ശീലങ്ങൾ നമ്മെ വിധേയനായി മാത്രം തുടരാൻ പ്രേരിപ്പിക്കുന്നതിനോടൊപ്പം, അവനവന്റെ സ്വതത്തെക്കൂടി അദൃശ്യമാക്കുന്നു; വിധേയനിലെ (1994) തൊമ്മിയെപ്പോലെ. കുട്ടപ്പൻ(സണ്ണി പി എൻ) തന്റെ മക്കളോട് ഏതെങ്കിലും തരത്തിലുള്ള മമത(affection) പ്രകടിപ്പിക്കുന്നതായോ, കുറഞ്ഞത് അതുള്ളതായോ പ്രേക്ഷകന് അനുഭവപ്പെടുന്നില്ല.

joji malayalam movie analysis

അയാൾ ജോജിയെ അധിക്ഷേപസ്വരത്തിൽ ‘ഒട്ടുപാലിനുണ്ടായവനെ‘ എന്ന് വിളിക്കുന്നു,അതെ സമയം പറമ്പിലെ ജോലിക്കാരെ ’മക്കളെ’ എന്നും. അധികാരമെന്ന സങ്കല്പത്തിന്റെ ആകെത്തുകയോടല്ല, പകരം, സാംസ്കാരിക മൂലധനവും, പണവും രൂപപ്പെടുത്തുന്ന പരിപ്രേക്ഷ്യമായ അധികാരത്തോടാണ് മറ്റംഗങ്ങൾ കീഴ്പ്പെട്ടു ജീവിക്കുന്നത് എന്ന് കാണാം. ഇവിടെ, മറ്റെല്ലായിടത്തേയും പോലെ, ബന്ധനമുള്ളത് പദവിയോടാണ്, വ്യക്തിയോടല്ല. കുട്ടപ്പന്റെ അസാന്നിധ്യത്തിൽ മാത്രമേ, മറ്റംഗങ്ങൾ തമ്മിലുള്ള അധികാരശ്രേണി പ്രയോഗക്ഷമ(activate)മാകുന്നുള്ളു; അല്ലാത്ത പക്ഷം, കുട്ടപ്പനും അയാളുടെ പ്രജകളും എന്നതിലേക്ക് ചുരുങ്ങുന്നു. ആരോഗ്യവാനായ കുട്ടപ്പനാണ്, അവരിൽ ഭീതിയുളവാക്കുന്നത് എന്ന തുടക്കത്തിലെ പ്രേക്ഷക മതിപ്പ്, അയാളുടെ കേവല സാന്നിധ്യം/അസ്ഥിത്വം തന്നെ അവരിലെ ഭയത്തിന്റെ മൂലകാരണമാകുന്നു എന്നതിലേക്ക് മാറുന്നു. അധികാരത്തിന്റെ പ്രഭാവത്തിൽ ഭയം, അതിന്റെ യഥാർത്ഥ രൂപം മറച്ചു വെയ്ക്കുന്നതായി കാണാം. ഇതുകൊണ്ട് തന്നെ പനച്ചേൽ കുടുംബം, ഒരു ഘട്ടം വരെ പ്രേക്ഷകന്റെ കുടുംബ സാമൂഹികവസ്ഥയുമായി സാധൃശ്യപ്പെടുന്നു എന്ന പ്രതീതിയുളവാക്കിയേക്കാം.

അസന്മാർഗികത

സമകാലിക സാമൂഹിക പശ്ചാത്തലത്തിൽ, അസന്മാർഗികതയ്ക്ക് പല മാനങ്ങളുണ്ട്. കാഴ്ചക്കാരന്റെ കണ്ണിൽ നീതിയുക്തമായാതെന്തും ധാർമികതയാണ് (പരമമായ വിധികർത്താവ്?)എന്ന തലത്തിലേക്ക് കാലക്രമേണ കാര്യങ്ങൾ മാറിയിരിക്കുന്നു. ഇവിടെ ജോജിയിൽ, തങ്ങൾ ചെയ്യുന്ന കുറ്റകൃത്യങ്ങളെക്കുറിച്ച് പൂർണബോധവാന്മാരാണ് പ്രക്ഷോഭകർ(Protagonists). മാത്രവുമല്ല, മാക്ക്ബെത്യൻ യൂണിവേഴ്സിലെ ജോജിയുടെയും ബിൻസിയുടെയും(ഉണ്ണിമായ പ്രസാദ്) പാത്ര സൃഷ്ടി തീർത്തും സങ്കീർണവുമാണ്. ചിത്രത്തിലെ മറ്റൊരു രംഗത്തിൽ, ജോജി ഗ്യാസ് സിലിണ്ടർ ഉയർത്താൻ പാട് പെടുന്നത് കണ്ട്, ബിൻസി വളരെ ആയാസകരമായി അത് സ്വയം ചെയ്യുന്നുണ്ട്. ഇത്രയും സെക്കന്റുകൾ കൊണ്ട് ഇരുവരും ഇടപെടുന്ന ജോലിയുടെ പ്രകൃതം പ്രേക്ഷകന് മനസ്സിലാകുന്നു. ബിൻസിയുടെ ജീവിതം വീട്ടുജോലികളിലും, ബെഡ്‌റൂമിലും കറങ്ങിത്തീരുമ്പോൾ, ജോജിയുടേത്, കിഴവൻ കുതിരയിലും ബെഡ്‌റൂമിലും ഒതുങ്ങുന്നു. ബിൻസി സ്വയം കരുതുന്നത് തനിക്ക് കുട്ടികളില്ലാത്തത് കൊണ്ടാണ് വീട്ടിൽ ഒരംഗത്തിന്റെ പ്രാധാന്യം ലഭിക്കാത്തത് എന്നാണ് (അതൊരു പരിധി വരെ ശെരിയുമാണ്), അതേസമയം ജോജി, കുട്ടപ്പന്റെ കണ്ണിൽ തികച്ചും തോൽവിയായ ഒരു മകനാണ്. ആ കവചം തകർത്ത്, പുതിയൊരു ജീവിതം കെട്ടിപ്പടുക്കുക എന്നതാണ് (കുട്ടപ്പന്റെ സമ്പത്ത് കൊണ്ട്) രണ്ട് പേരുടെയും ലക്ഷ്യം. എന്നാൽ ‘സ്വാഭിമാനത്തിന് വേണ്ടിയുള്ള പോരാട്ടം‘ എന്ന വ്യാഖ്യാനം ജോജിയും ബിൻസിയും സിനിമയിലെവിടെയും അർഹിക്കുന്നില്ല, മറിച്ച് അധികാരത്തിന് വേണ്ടിയുള്ള എളുപ്പവഴികൾ മാത്രമായി അത് ചുരുങ്ങുന്നു. കുട്ടപ്പന്റെ വീഴ്ച്ചയ്ക്ക് ശേഷം രണ്ട് പേരും തങ്ങളുടെ ശബ്ദത്തിന്റെ/ വാക്കിന്റെ ആധിപത്യം, വീട്ടിൽ, വേരുറപ്പിക്കുന്നത് ആസ്വദിക്കുന്നതോടൊപ്പം, തിരിച്ചുപോക്കിനെയോർത്ത് ഉത്കണ്ഠാകുലരാകുന്നുണ്ട്(Anxious). ജെയ്‌സനും (ജോജി ജോൺ) സ്വന്തമായൊരു ജീവിതത്തിനു വേണ്ടി ആശിക്കുന്നെങ്കിലും ‘ധർമ്മസങ്കട’ത്തിൽ അയാൾ സ്വയം നിയന്ത്രിക്കുന്നുണ്ട്. ജോജിയുടെ പ്രവർത്തികളുടെ തലച്ചോറായി പ്രവർത്തിക്കുന്നത് ബിൻസിയാണെങ്കിലും കൃത്യം സ്വയം ചെയ്യാനുള്ള ധൈര്യം ബിൻസിക്കൊരിടത്തും വരുന്നില്ല. കുട്ടപ്പനെ കൊല്ലുന്നതിലൂടെ കുറ്റവാളിയുടെ മനോനിലയിലേക്ക് ജോജി മാറുമ്പോൾ, ബിൻസി മൗനാനുവാദം മൂളി അതിൽ പങ്കാളിയാവുന്നു. പൊതുധാരകൾക്ക് വിഭിന്നമായി, അതിമോഹം മാത്രമല്ല ജോജിയെ അസന്മാർഗികതയിലേക്ക് നയിക്കുന്നത്, മറിച്ച്, വ്യാകുലത കൂടിയാണ്.

ജോമോനെ(ബാബുരാജ്) കൊല്ലാൻ ജോജിക്ക് തീർത്തും നിസംഗതയില്ലാത്തത്, തന്റെ അസ്തിത്വത്തെകുറിച്ചും, സ്ഥാനത്തെക്കുറിച്ചുമുള്ള ചോദ്യങ്ങൾ ഘടനക്കുള്ളിൽ നിന്ന് തന്നെ അയാൾ മുൻകൂട്ടിക്കണ്ടത്കൊണ്ടാണ്. അതേസമയം കുട്ടപ്പന്റേത് സ്വാഭാവിക മരണമല്ല എന്നത് ജെയ്സനെ കഥാവസാനം അലട്ടുന്നെങ്കിലും ബിൻസിയുടെ ‘ചേട്ടായി ആഗ്രഹിച്ചില്ലാന്ന് പറയാൻ പറ്റുവോ’ എന്ന ചോദ്യത്തിൽ അയാളുടെ മുൾക്കിരീടവും അഴിഞ്ഞുവീഴുന്നു. പുരോഗമനം പോലെ തന്നെ ധാർമികതയെയും, തന്റെ താല്പര്യങ്ങൾക്കപ്പുറത്തേക്ക് വളരാൻ അനുവദിക്കേണ്ടതില്ല എന്ന് ജെയ്‌സനും പറഞ്ഞു വെയ്ക്കുന്നു. അധികാര മോഹം, അധാർമികതയിലൂന്നിയ സ്വന്തം ചെയ്തികളെ ന്യായീകരിക്കാൻ വ്യക്തികളെ എല്ലായ്പ്പോഴും പ്രേരിപ്പിക്കുന്നു. അതേ സമയം, തന്റെ ചെയ്തികളിൽ കുറ്റബോധമുള്ളത്കൊണ്ടല്ല ജോജി ആത്മഹത്യക്കു ശ്രമിക്കുന്നത്, മറിച്ച്, പരാജിതനായുള്ള ഒരു മരണം ആഗ്രഹിക്കാത്തത്കൊണ്ട് മാത്രമാണ്, കാരണം, ജോജിയുടെ ജീവിതം ഒരു പരാജയമാണെന്ന് സമൂഹം ഇതിനോടകം വിലയിരുത്തിക്കഴിഞ്ഞിരുന്നു.

ജോജി(2021) കാവ്യത്മകമായിത്തന്നെ അധികാരവും അസാന്മാർഗികതയും തമ്മിലുള്ള സഹവർത്തിത്വം പറയുന്നുണ്ട്. പക്ഷെ, സമൂഹമാണ് ജോജിയുടെ അവസ്ഥക്ക് കാരണമെന്ന് പറയുന്നതിലൂടെ സിനിമ, കാണികളെ അവസാന ഭാഗത്തേക്കെത്തുമ്പോഴേക്ക് രണ്ടായി വിഭജിക്കുന്നു. സമൂഹം നിങ്ങളുടെ വീഴ്ചകൾ ആഘോഷിക്കുകയും, നിങ്ങൾ അപരനെക്കാൾ മികച്ചതാകണമെന്ന് ശഠിക്കുകയും, സ്റ്റാറ്റസ് കോ(status quo) യിലേക്ക് അനുവാദമില്ലാതെ വലിച്ചിഴക്കുകയും ചെയ്യുന്നു. എങ്കിലും എല്ലാ ഇരകളും കുറ്റകൃത്യങ്ങളിലാണോ പര്യവസാനിക്കുന്നത്? എന്തുകൊണ്ടാണ് ഇത്രയും പ്രശ്നവത്കൃതമായ ആഖ്യാനത്തിന് സിനിമാലോകത്ത് മേൽക്കൈ ഉണ്ടാകുന്നത്? വിജയിയായ മായാവിക്ക് വേണ്ടി നമ്മളെപ്പോഴും ദാഹിക്കുന്നതെന്തിനാണ്?

ഡോ.സരിന്‍ ഇടതുപക്ഷത്തേക്ക്, അനില്‍ ആന്റണി പോയത് ബിജെപിയിലേക്ക്; കൂടുമാറിയ കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ അധ്യക്ഷന്‍മാര്‍

'നായികയായി പശു', സിദ്ധീഖ് അവതരിപ്പിക്കുന്ന 'പൊറാട്ട് നാടകം' നാളെ മുതൽ തിയറ്ററുകളിൽ

ഉരുൾ പൊട്ടൽ പശ്ചാത്തലമായി 'നായകൻ പൃഥ്വി' നാളെ മുതൽ തിയറ്ററുകളിൽ

സിദ്ദീഖ് സാറുമായുള്ള സൗഹൃദ സംഭാഷണത്തിനിടയിൽ പറഞ്ഞ കഥയാണ് 'പൊറാട്ട് നാടകം', രചയിതാവ് സുനീഷ് വാരനാട്‌ അഭിമുഖം

ഷാർജ അഗ്രിക്കള്‍ച്ചർ ആന്‍റ് ലൈവ് സ്റ്റോക്ക് ജൈവ ഉൽപ്പന്നങ്ങൾ യൂണിയൻ കോപില്‍ ലഭ്യമാകും

SCROLL FOR NEXT