Movie Review

C U Soon Review: കാണണം വൈകാതെ

അടച്ചിരിപ്പിലാണ് സുരക്ഷിതത്വമെന്നും, അകലമാണ് സുരക്ഷയെന്നും ലോകമൊന്നാകെ വിശ്വസിക്കുന്ന കാലത്ത് സീ യു സൂണ്‍ എന്ന വാചകം പ്രത്യാശ നിറക്കുന്ന ഒരു ഉറപ്പാണ്. വൈകാതെ നേരില്‍ കാണാമെന്ന്, കാണാനാകുമെന്ന് കൊവിഡിന് മുമ്പുള്ള കാലത്തോട്, കൂട്ടായ്മകളോട്, ആഘോഷങ്ങളോട്, ഒപ്പം സിനിമാ കൊട്ടകകളോട് പറയുകയാണ് മഹേഷ് നാരായണന്‍. മറ്റെല്ലാ മേഖലയുമെന്ന പോലെ ചലച്ചിത്ര വ്യവസായം തിയറ്ററുകളെ അടച്ചിട്ട് ഇരുട്ടിലായിട്ട് അഞ്ച് മാസം പിന്നിടുന്നു. കൊവിഡ് നിയന്ത്രണങ്ങളോടെയുള്ള ചിത്രീകരണവും, നിര്‍മ്മാണ പ്രവര്‍ത്തനവും സിനിമ പോലൊരു രംഗത്ത് പൂര്‍ണ തോതില്‍ പ്രായോഗികവുമല്ല. അവിടെയാണ് മഹേഷ് നാരായണന്‍ നിയന്ത്രണങ്ങളില്‍ സാധ്യത തേടിയത്.

പൂര്‍ണമായും വീഡിയോ കോണ്‍ഫറന്‍സിംഗ് ടൂളുകളിലെ സ്‌ക്രീനുകളിലും, മൊബൈല്‍ സ്‌ക്രീനിലും വീഡിയോ കോളിലും ചാറ്റിലുമായാണ് സീ യു സൂണ്‍ എന്ന സിനിമ. വീടിനകം ഓഫീസും, സ്‌കൂളും, ഗെറ്റ് ടുഗെദര്‍-മീറ്റിംഗ് റൂമുകളൊക്കെയായി പരിണമിച്ച കൊവിഡ് കാലത്ത് വീഡിയോ കോള്‍ സ്‌ക്രീനുകളിലൂടെ മാത്രമുള്ള കഥ പറച്ചില്‍ ആരിലും അകല്‍ച്ചയുമുണ്ടാക്കില്ല. Aneesh Chagatnyയുടെ 2018ല്‍ പുറത്തിറങ്ങിയ സെര്‍ച്ചിംഗ്, ത്രില്ലറായ അണ്‍ഫ്രണ്ടഡ് എന്നീ സിനിമകള്‍ പൂര്‍ണമായും കമ്പ്യൂട്ടര്‍ സ്‌ക്രീനും സ്മാര്‍ട്ട് ഫോണും ഉപയോഗിച്ച് കഥ പറഞ്ഞവയാണ്. ഗില്‍റ്റി എന്ന ചിത്രം കോള്‍ സെന്ററിനെ കേന്ദ്രീകരിച്ച് റെസ്‌ക്യു മിഷന്‍ അവതരിപ്പിച്ചത്. സീ യു സൂണ്‍ ട്രെയിലര്‍ വന്നപ്പോള്‍ സെര്‍ച്ചിംഗ് എന്ന സിനിമയോടുള്ള സാദൃശ്യമാണ് പലരും ചൂണ്ടിക്കാട്ടിയത്. ഫോം എന്ന നിലയില്‍ കമ്പ്യൂട്ടര്‍ സ്‌ക്രീന്‍ ഫിലിംസിനോട് പുലര്‍ത്തുന്ന സമാനതക്കപ്പുറം അന്തരീക്ഷ സൃഷ്ടിയിലും പരിചരണത്തിലും സീ യു സൂണ്‍ സെര്‍ച്ചിംഗിന് ഒരു പടി മുകളിലാണ്. പെര്‍ഫോര്‍മന്‍സിലൂടെ സൃഷ്ടിക്കപ്പെടുന്ന ഭാവപരിസരം തന്നെയാണ് സെര്‍ച്ചിംഗില്‍ കിട്ടാതെ പോയതും ആ ചിത്രത്തിന് മുകളില്‍ സി യൂ സൂണിനെ പ്രതിഷ്ഠിക്കുന്നതും.

ഡേറ്റിംഗ് ആപ്പ് ആയ ടിന്‍ഡര്‍ ചാറ്റ് റൂമിലാണ് സീ യു സൂണ്‍ തുടങ്ങുന്നത്. ടൈറ്റില്‍ ക്രെഡിറ്റുകളിലേക്ക് പോകാതെ നേരെ ടിന്‍ഡര്‍ ഹോം പേജില്‍ നിന്നാണ് സിനിമ. മനസിരുത്തി വായിച്ചുപോകേണ്ട ചാറ്റ് സ്‌ക്രീനുകളില്‍ നിന്നാണ് കേന്ദ്രകഥാപാത്രങ്ങളെക്കുറിച്ചുള്ള സൂചന കിട്ടുന്നത്. റോഷന്‍ മാത്യുവിന്റെ ജിമ്മിയും ദര്‍ശന രാജേന്ദ്രന്റെ അനുമോള്‍ സെബാസ്റ്റിയനും. പരസ്പരം പരിചയപ്പെടുത്തിയുള്ള ടെക്സ്റ്റ്-ചാറ്റ് വായിച്ചുപോകുന്ന പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് ഫോട്ടോകളായും പിന്നീട് വീഡിയോകളായും സ്‌ക്രീന്‍ മാറുന്നു. ആ വെര്‍ച്വല്‍ സ്‌പേസില്‍ ജിമ്മിയെ അടുത്തറിയാനും അനുമോളുടെ സ്വഭാവ പ്രകൃതം ഏറെക്കുറെ മനസിലാക്കാനാകുമാകുന്നു.

തിയറ്ററിന് സമാനമായ അനുഭവപരിസരം പ്രേക്ഷകര്‍ക്ക് മൊബൈല്‍ സ്‌ക്രീനിലെയും, ടെലിവിഷനിലെയും, ലാപ് ടോപ്പിലെയും കാഴ്ചകളില്‍ പൂര്‍ണമായി ലഭിക്കില്ലെന്നാണ് തോന്നിയിട്ടുള്ളത്. ദൃശ്യങ്ങളെ പോസ് ചെയ്ത് താല്‍ക്കാലികമായി മറ്റൊന്നിലേക്ക് കാഴ്ചയെ ഷിഫ്റ്റ് ചെയ്യാനുള്ള സാധ്യത കൂടുതലാണ്. തിയറ്ററിലാകുമ്പോള്‍ നമ്മുക്ക് ശബ്ദത്തില്‍ നിന്നും ദൃശ്യത്തില്‍ നിന്നും പുറത്തേക്ക് പോകണമെങ്കില്‍ ഹാളിന് പുറത്തെത്തണം. ഇവിടെ വായിച്ച് തുടങ്ങി ചിത്രങ്ങളില്‍ നിന്ന് പിന്നീട് ദൃശ്യങ്ങളിലേക്ക് എത്തിച്ച് അവിടെ നിന്ന് കഥാപാത്രങ്ങളുടെ ആന്തരിക സംഘര്‍ഷത്തിലേക്ക് പ്രവേശിപ്പിക്കുകയാണ് മഹേഷ് നാരായണന്‍. സംവിധായകന്‍-തിരക്കഥാകൃത്ത്- എഡിറ്റര്‍- സിനിമാട്ടോഗ്രഫര്‍ എന്നീ റോളുകളില്‍ മഹേഷ് സീ യു സൂണ്‍ എന്ന ചിത്രത്തിന് വേണ്ടി സൃഷ്ടിച്ച ദൃശ്യപദ്ധതി അത്രമേല്‍ സൂക്ഷ്മവും മികവുറ്റതുമാണ്.

ജിമ്മിയെയും കെവിനെയും സ്വഭാവ വ്യാഖ്യാനത്തോടൊപ്പം പ്രേക്ഷകര്‍ക്ക് സുപരിചിതരാക്കുന്ന സംവിധായകന്‍ അനു സെബാസ്റ്റ്യനെ നിരവധി ചോദ്യങ്ങളായി നീക്കി നിര്‍ത്തുന്നു. ജിമ്മിയുടെയും കെവിന്റെയും പോയിന്റ് ഓഫ് വ്യൂവിലാണ് സിനിമ. ആദ്യം ജിമ്മി മനസിലാക്കുന്ന അനുമോളും, പിന്നീട് കെവിന്‍ കണ്ടെത്തുന്ന അനുവും. കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ കാഴ്ചയുറപ്പിച്ച് നീങ്ങുമ്പോഴുണ്ടാകാനിടയുള്ള മടുപ്പിനെ വിവിധ പ്രവര്‍ത്തികളിലൂടെ വിഷ്വലി മറികടക്കുന്നുണ്ട്. കാര്‍ യാത്രയും ഓഫീസും പാചകവും ഇടകലര്‍ത്തി നരേറ്റിവ് ഫോം ഒരു നിലക്കും ' കമ്പ്യൂട്ടര്‍ സ്‌ക്രീനിലെ കാഴ്ച' മാത്രമാക്കാതെ കൊണ്ടുപോകുന്നു. ടിന്‍ഡര്‍ ചാറ്റ് സ്‌ക്രീനില്‍ നിന്ന് ഗൂഗിള്‍ വീഡിയോ കോളിലേക്കും അവിടെ നിന്ന് ഫേസ് ടൈമിലേക്കും വീഡിയോ റെക്കോര്‍ഡിംഗ് ഫുട്ടേജിലേക്കും സിസി ക്യാം വിഷ്വലുകളിലേക്കും പിന്നീട് മെസഞ്ചര്‍ വീഡിയോയിലുമായി ദൃശ്യാഖ്യാനത്തിലും എന്‍ഗേജിംഗ് ആക്കിക്കൊണ്ടുള്ള വിന്യാസമുണ്ട്. സിനിമാറ്റിക് റിയലിസം എന്ന നിലയില്‍ നിന്ന് ഡോക്യുഫിക്ഷന്‍ സ്വഭാവത്തിലേക്ക് ഒരു ഘട്ടത്തില്‍ സി യൂ സൂണ്‍ എത്തിച്ചേരുന്നുണ്ട്. ടേക്ക് ഓഫിന് സമാനമായി പത്രവാര്‍ത്തകളിലൂടെയും ടിവി ഫുട്ടേജിലൂടെയും നീങ്ങുമ്പോള്‍ കഥയല്ലിത് ഒരിക്കല്‍ സംഭവിച്ച, ഇനിയും സംഭവിക്കാനിടയുള്ള ഒന്നാണെന്ന് ഓര്‍മ്മപ്പെടുത്തുന്നു മഹേഷ് നാരായണന്‍. സിനിമാറ്റിക് റിയലിസത്തില്‍ നിന്ന് റിയലിസ്റ്റിക് മൂഡിലേക്കുള്ള നരേറ്റിവ് ഷിഫ്റ്റ് കൂടിയാണിത്.

കണ്ടിരിക്കേണ്ട ചിത്രം, കയ്യടിക്കേണ്ട മികവ്

ജിമ്മി-അനു-കെവിന്‍ എന്നിവരെ അവതരിപ്പിച്ച റോഷന്‍-ദര്‍ശന-ഫഹദ് എന്നീ അഭിനേതാക്കളുടെ പെര്‍ഫോമന്‍സിനെ പൂര്‍ണമായും ആശ്രയിക്കുന്ന സിനിമ കൂടിയാണ് സീ യു സൂണ്‍. തുടക്കത്തില്‍ ജിമ്മിയുടെയും അനുവിന്റെ സൗണ്ട് മോഡുലേഷനിലടക്കം കഥ പറച്ചില്‍ സങ്കേതമാക്കുന്നു സംവിധായകന്‍. ടിന്‍ഡര്‍ ചാറ്റിംഗില്‍ ജിമ്മിയുടെ മുളലൂം, ശ്വാസോച്ഛ്വാസവുമാണ് കുറച്ചേറെ സമയം. ജിമ്മി-അനു ബന്ധം വികസിക്കുന്ന ഘട്ടങ്ങളില്‍ റോഷന്റെയും ദര്‍ശനയുടെയും പെര്‍ഫോര്‍മന്‍സ് എടുത്തു പറയേണ്ടതാണ്. അനുവും ജിമ്മിയും അപരിചിതത്വത്തില്‍ നിന്ന് അതിവേഗം പരിചയത്തിലേക്ക് വരുമ്പോള്‍ ക്ലോസപ്പിലാണ് നല്ല സമയം രണ്ട് കഥാപാത്രങ്ങളും.

ഗിറ്റാര്‍ പൊളിച്ചല്ലോ, പഠിക്കുന്നുണ്ടോ എന്ന ജിമ്മിയുടെ ചോദ്യവും തുടര്‍ന്നുള്ള സംഭാഷണമുള്ള സീനിലൊക്കെ രണ്ട് കഥാപാത്രങ്ങളുടെയും മനസ് വായിച്ചെടുക്കാനാകുന്ന വിധമാണ് ഇവരുടെ പെര്‍ഫോര്‍മന്‍സ്.

സമീപകാലത്ത് സ്‌ക്രീനില്‍ കണ്ട അതിഗംഭീര പ്രകടനമാണ് ദര്‍ശനാ രാജേന്ദ്രന്റേത്. ഫഹദിന്റെ കെവിനെയും റോഷന്റെ ജിമ്മിയെയും തുടക്കത്തില്‍ തന്നെ വിശദീകരിക്കുന്ന മഹേഷ് അനുമോള്‍ എന്ന കഥാപാത്രത്തെ വെളിപ്പെടുത്താതെ ക്ലൈമാക്‌സ് വരെ നിര്‍ത്തുകയാണ്. ഉള്ളില്‍ കൊളുത്തും വിധം ആ കഥാപാത്രത്തെ അതിഗംഭീരമാക്കി സിനിമക്ക് പുറത്തേക്ക് കൂടി വളര്‍ത്തുന്നു ദര്‍ശനാ രാജേന്ദ്രന്‍. ജിമ്മിയോട് രക്ഷാകര്‍ത്താവിന്റെ കരുതലുള്ള, ചെയ്യുന്ന ജോലിയിലെ അധാര്‍മ്മികതയെക്കുറിച്ചുള്ള ബോധ്യമുള്ള, മുന്നിലെ അനിശ്ചിതത്വത്തോട് നിസംഗത ഉള്ള കെവിന്‍ ഫഹദ് ഫാസില്‍ എന്ന നടന്റെ കയ്യൊപ്പ് പതിഞ്ഞ മറ്റൊരു കഥാപാത്രമാണ്. കെവിന്റെ ഉള്ള് തകര്‍ന്നുപോകുന്ന സീനില്‍, അനുവിലേക്കുള്ള അയാളുടെ യാത്രയില്‍, ജിമ്മിയെ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളില്‍, സഞ്ജനയോടുള്ള കലഹത്തില്‍ ഫഹദ് ഫാസിലിന്റെ ഉജ്വല പെര്‍ഫോര്‍മന്‍സുമാണ് സി യു സൂണ്‍. റോഷന്‍ മാത്യു പുതുനിരയിലെ ഏറ്റവും മികച്ച അഭിനേതാക്കളിലൊരാളാണ്. അനുവിനോട് ജിമ്മി അടുക്കുന്നതും, കെവിന് മുന്നില്‍ ജിമ്മിക്കുള്ള സ്വാതന്ത്ര്യവും നിര്‍ണായക ഘട്ടത്തില്‍ അയാളിലുണ്ടാകുന്ന ഉള്‍ഭീതിയുമെല്ലാം റോഷന്‍ അതിഗംഭീരമാക്കിയിട്ടുണ്ട്. സൈജു കുറുപ്പ്, മാലാ പാര്‍വതി, അമല്‍ഡ ലിസ്, കോട്ടയം രമേശ് എന്നിവരും സിനിമയുടെ ഭാവപരിസരത്തോട് ചേര്‍ന്ന പ്രകടനമാണ്.

ഗോപിസുന്ദറിന്റെ ബാക്ക് ഗ്രൗണ്ട് സ്‌കോര്‍ കഥാന്തരീക്ഷത്തിലേക്ക് പ്രവേശിപ്പിക്കുന്നതില്‍ കാര്യമായ റോള്‍ വഹിക്കുന്നുണ്ട്. ഒരു മണിക്കൂര്‍ 38 മിനുട്ടാണ് സി യു സൂണിന്റെ ദൈര്‍ഘ്യം. കെവിന്റെ അന്വേഷണ ഘട്ടത്തില്‍ ത്രില്ലര്‍ മൂഡ് പശ്ചാത്തലത്തില്‍ സൃഷ്ടിക്കുന്നുണ്ട് ഗോപിസുന്ദര്‍. ചാറ്റ് നോട്ടിഫിക്കേഷനും ഇമോജികളും ശ്വാസോച്ഛ്വാസവും ഇടകലര്‍ന്ന് നിങ്ങുന്ന സൗണ്ട് ഡിസൈനും എടുത്തുപറയേണ്ടതാണ്. ഹാക്കിംഗ്, സൈബര്‍ സെക്യുരിറ്റി ബ്രേക്ക് രംഗങ്ങളെ പൂര്‍ണതോതില്‍ യുക്തിഭദ്രമായി കൈകാര്യം ചെയ്‌തോ എന്നത് ചോദ്യമായും വിമര്‍ശനമായും ഉയര്‍ന്നേക്കാം. അനുവിനെ പരിചയപ്പെടുമ്പോള്‍ തന്നെ കുടുതല്‍ അടുക്കാനും പ്രണയത്തിലെത്താനും ജിമ്മിയിലുണ്ടാകുന്ന 'വേഗം' ഹാക്കിംഗ് മാര്‍ഗങ്ങളിലും ആവര്‍ത്തിച്ചെന്ന് തോന്നി. അതേ സമയം തന്നെ ടോട്ടല്‍ നരേറ്റിവില്‍ ത്രില്ലര്‍ സിനിമകളില്‍ ഹിന്റ് ഡ്രോപ്പ് ചെയ്യുന്ന രീതിയില്‍ തുടക്ക ഭാഗം മുതല്‍ സിനിമയുടെ പിന്നീടുള്ള സംഭവവികാസങ്ങളിലേക്ക് ബന്ധിപ്പിക്കാവുന്ന സൂചനകള്‍ നിലനിര്‍ത്തിയാണ് മഹേഷിന്റെ തിരക്കഥ. അതെല്ലാം യുക്തിഭദ്രവുമാണ്. ജിമ്മിക്ക് മുന്നിലുള്ള തീരുമാനം കെവിനിലൂടെ സംവിധായകന്റെ ആഗ്രഹമായി ഉന്നയിക്കുന്നത് പോലെയാണ് ക്ലൈമാക്‌സ് അനുഭവപ്പെടുന്നത്. ലോക്ക് ഡൗണില്‍ പാന്‍ഡമിക് പ്രോട്ടോക്കോളില്‍ ചിത്രീകരിച്ച സിനിമ എന്നത് അവതരണത്തിലോ ആസ്വാദനത്തിനിലോ പരിമിതിയാകുന്നില്ല സീ യു സൂണിന്റെ കാര്യത്തില്‍. കണ്ടിരിക്കേണ്ട ചിത്രം, കയ്യടിക്കേണ്ട മികവ് എന്ന് കൂടി ചേര്‍ക്കുന്നു.

വോട്ടെണ്ണല്‍; വയനാട്ടില്‍ മുന്നേറി പ്രിയങ്ക, പാലക്കാട് കൃഷ്ണകുമാർ, ചേലക്കരയില്‍ പ്രദീപ്: Live

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

SCROLL FOR NEXT