മലയാളത്തിലെ വാമൊഴിയെ വശത്താക്കുന്ന മമ്മൂട്ടിയെന്നതും പ്രായത്തെ ശരീരസൗന്ദര്യത്താൽ പിന്നിലാക്കുന്ന മമ്മൂട്ടിയെന്നതും പഴകപ്പെട്ടൊരു ക്ലീഷേയാണ്. ഭ്രമയുഗം മമ്മൂട്ടി സ്വയം രാകി മിനുക്കി ഉരച്ചുതേച്ചെടുത്ത അഭിനയത്തിൽ മമ്മൂട്ടിയുടെ സെക്കൻഡ് ഇന്നിംഗ്സിന്റെ തുടക്കമാകാം. 50 കൊല്ലത്തിനിടയിൽ മമ്മൂട്ടി താണ്ടിയ നടനപർവത്തെ മറന്നുകൊണ്ട് പെർഫോർമൻസിലെ പുതിയൊരു യുഗത്തിന് തുടക്കമിടുകയാണ് മമ്മൂട്ടിയും ഭ്രമയുഗവും.
ഭ്രമയുഗം എന്ന സിനിമ പ്രഖ്യാപിച്ചത് മുതൽ പ്രേക്ഷകർ ചോദിച്ചത് ഇതുവരെ ചെയ്യാത്തതിൽ നിന്ന് ഇനി എന്താണ് പുതുതായി മമ്മൂട്ടി എന്ന അഭിനേതാവ് ചെയ്യാൻ പോകുന്നത് എന്ന ചോദ്യമായിരുന്നു.. ഇനിയും തേച്ചാൽ ഇനിയും മിനുങ്ങും എന്ന മമ്മൂട്ടിയുടെ വാക്കുകൾ തന്നെ കടമെടുത്താൽ ഓരോ സിനിമക്കപ്പുറവും അയാളിലെ അഭിനേതാവ് നാനൂറിൽ പരം കഥാപാത്രങ്ങളിലും, അമ്പതിന് മുകളിൽ വർഷങ്ങളായും തേച്ച് മിനുക്കിയെടുത്ത് പാകപ്പെടുത്തിയ തന്നിലെ നടനപൂർണതയെ അപ്പാടെ അട്ടിമറിച്ച് പെർഫോർമൻസിൽ പുതിയതൊന്ന് പ്രകാശിപ്പിക്കുകയാണ്. മമ്മൂട്ടിയുടെ മുമ്പ് കാണാത്തൊരു അഭിനയരീതിയെന്ന് പറഞ്ഞാൽ അതിശയോക്തി ആകാത്തൊരു പ്രകടനം.
പതിനെട്ടാം നൂറ്റാണ്ടിലെ ഒരു കഥയെന്നോ കൽപ്പിത കഥയെന്നോ പറയാനാകുന്ന ഒന്നിനെ സെല്ലുലോയ്ഡിൽ ബ്ലാക്ക് ആൻഡ് വൈറ്റിൽ ദൃശ്യപ്പെടുത്തുമ്പോൾ നിറക്കൂട്ടുകളുടെയൊന്നും ആനുകൂല്യമില്ലാതെ കറുപ്പിലും വെളുപ്പിലുമായി മമ്മൂട്ടിയുടെ കൊടുമൺ പോറ്റിയും,പോറ്റിയിലേക്ക് ആവാഹിക്കപ്പെട്ട മമ്മൂട്ടിയെന്ന പെർഫോർമറിലെ ഉൻമാദിയും ഒരു പോലെ ഉറഞ്ഞാടുകയാണ്. സമാനതകളില്ലാത്ത പ്രകടനം, താരതമ്യങ്ങൾക്കതീതമായ അഭിനയശരീരം. പൈശാചികതയെ, ഹിംസയിലെ ഉന്മാദത്തെ, അധികാരത്തിന്റെ ചോരക്കറ പറ്റിയ ധംഷ്ട്രകളെ ആകാരാഭിനയത്തിന്റെ പുതിയ തലങ്ങളിലൂടെ അനുഭവപ്പടുത്തുകയാണ് മമ്മൂട്ടി. ദ സൈലൻസ് ഓഫ് ദ ലാംപ്സിലെ ആന്തണി ഹോപ്കിൻസിന്റെ പ്രകടനത്തെ അഭിനയത്തിന്റെ മാസ്റ്റർ ക്ലാസ് എന്ന് വിശേഷിപ്പിച്ചത് പോലെ മമ്മൂട്ടി അഭിനയ വൈവിധ്യത്തിന്റെ മാസ്റ്റർ ക്ലാസ് രണ്ടേ കാല‍്‍ മണിക്കൂറിൽ അനുഭവഭേദ്യമാക്കുകയാണ് ഭ്രമയുഗത്തിൽ. ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുളയുടെ സ്വതന്ത്രമായൊരു അഡാപ്റ്റേഷനായി പോലും ഭ്രമയുഗത്തെ കാണാനാകും. ഭൂതകാലം എന്ന മുൻചിത്രത്തിൽ നിന്ന് പൂര‍്‍ണമായും മാറിയ അവതരണ സ്വഭാവത്തിലാണ് രാഹുൽ സദാശിവൻ ഭ്രമയുഗം ഒരുക്കിയിരിക്കുന്നത്.
ഭൂതകാലത്തിലേത് പോലെ സാധാരണമല്ലാത്ത ഒരു വീട് (മന) ഇതിലും കഥാകേന്ദ്രമാണ്. ഏറെക്കുറെ ഈ മനയുടെ അകത്തളങ്ങളിലാണ് ഭ്രമയുഗം. പുറത്ത് നിന്നൊരാൾ ഈ മനയിലേക്ക് വരികയാണ്. അർജുൻ അശോകന്റെ പാണൻ. അതിജീവനത്തിനായി മനയിലേക്ക് എത്തുന്ന പാണന്റെ അതിജീവനത്തിനായുള്ള പോരാട്ടമാണ് തുടർന്നുള്ള സിനിമ. ഹൊറർ ത്രില്ലറോ, ത്രില്ലറോ അല്ല ഭ്രമയുഗത്തിന്റെ ഫോർമാറ്റ്. കാരക്ടർ ഡ്രിവൺ ഇമോഷണൽ ഡ്രാമയുടെ സ്വഭാവമാണ് കൂടുതലായും രാഹുൽ പിൻപറ്റുന്നത്.
മൂന്ന് കഥാപാത്രങ്ങളിലൂടെ ആ മനക്കുള്ളിലും ഈ മൂന്ന് കഥാപാത്രങ്ങളിലും നടക്കുന്ന സംഘർഷങ്ങളിലൂടെ ഉദ്വേഗം സൃഷ്ടിച്ചും, പ്രേക്ഷകരെ ആർക്കൊപ്പം നിലയുറപ്പിക്കണമെന്ന കാര്യത്തില‍് തുടക്കഭാഗത്ത് ഏറെക്കുറെ കൺഫ്യൂസ് ചെയ്യിപ്പിച്ചും ഒരു സസ്പെൻസ് ട്രാക്ക് ക്രിയേറ്റ് ചെയ്തിരിക്കുകയാണ് രാഹുൽ സദാശിവൻ. അനേകം കഥാപാത്രങ്ങളിലൂടെയോ, കഥാഗതിയിൽ ഉണ്ടാകുന്ന ചടുലമായ ട്വിസ്റ്റുകളോ ഞെട്ടിപ്പിക്കുന്ന കാഴ്ചകളോ ഭ്രമയുഗത്തിൽ ഇല്ലെന്ന് പറയേണ്ടി വരും. അടിമ ചന്തയിൽ നിന്ന് ഓടി രക്ഷപെട്ട് സ്വന്തം വീട്ടിലെത്തിച്ചേരാൻ ശ്രമിക്കുന്ന പാണൻ കുലത്തിൽ പെട്ട അർജുൻ അശോകന്റെ കഥാപാത്രത്തിൽ തുടങ്ങുന്ന സിനിമ പതിയെ പതിയെ കൊടുമൺ പോറ്റിയിലേക്കും, നിഗൂഢത നിഴലാടുന്ന ആ മനയിലേക്കും ചേക്കേറുന്നു. ഭൂതകാലത്തിൽ ഒരു വീടും മനസ്സിന്റെ താളം തെറ്റിയ രണ്ടു മനുഷ്യരെയുമാണ് ഭയം ജനിപ്പിക്കാൻ രാഹുൽ സദാശിവൻ ഉപയോഗിച്ചതെങ്കിൽ, ഇരുട്ടിന്റെ ആഴത്തിൽ മുങ്ങികുളിച്ച് കിടക്കുന്ന മനയേയും, ആ മനയ്ക്കലെ മനുഷ്യരേയുമാണ് ഭ്രമയുഗത്തിൽ സംവിധായകന്റെ ആയുധങ്ങൾ. ആർത്തിരമ്പുന്ന മഴയിൽ പൊട്ടിയൊലിച്ച് വെള്ളം അകത്തളത്തിലേക്ക് ഇറങ്ങുന്ന, ചുറ്റുമൊരു മാവ് പോലും പൂക്കാത്ത, ഉള്ളിൽ ചെടികളും വള്ളികളും പടർന്നിറങ്ങി ശ്മശാന മൂകത നിലനിർത്തുന്ന മനയാണ് ഇവിടെ രാഹുൽ സദാശിവൻ തിരഞ്ഞെടുത്തിരിക്കുന്നത്.
ഞെട്ടലുളവാക്കുന്ന, ശബ്ദകോലാഹലങ്ങളുടെ അതിപ്രസരങ്ങളും, ജമ്പ്സ്‌കെയർ സീനുകളും ചിത്രത്തിൽ ഇല്ല, ഒരു മുത്തശ്ശി കഥ വായിക്കുന്ന താളത്തിൽ പതിയെ നീങ്ങി. ഭയപ്പെടുത്തിയും, അത്ഭുതപ്പെടുത്തിയും സാവധാനമാണ് ചിത്രത്തിന്റെ പോക്ക്. കഥാപാത്രങ്ങൾ വിരളമായതിനാൽ മിനിമലിസ്റ്റ് ട്രീറ്റ്മെന്റിൽ ഓരോ കഥാപാത്രങ്ങളെ വ്യാഖ്യാനിച്ചും അവർക്ക് മുന്നിലെ മിഷൻ അവതരിപ്പിച്ചും ചുരുളുകൾ മെല്ലെ അഴിച്ചെടുക്കുകയാണ് സംവിധായകൻ. സമീപകാലത്ത് ഗംഭീരമായ വിഷ്വൽ ഡിസൈനിനൊപ്പം ശബ്ദാന്തരീക്ഷം സൃഷ്ടിച്ച് കഥ പറച്ചിലിന്റെ ഗാംഭീര്യം അനുഭവപ്പെടുത്തിയ സിനിമ കൂടിയാണ് ഭ്രമയുഗം. കൊടുമൺ പോറ്റിയുടെ മെതിയടിയുടെയും ഊന്നുവടിയുടെയും ശബ്ദം മുതൽ മനയിലെ പുറംശബ്ദങ്ങളുടെ ഇടകലരൽ വരെ ഭ്രമയുഗത്തിന്റെ സിനിമാറ്റിക് ട്രീറ്റ്മെന്റിനെ സവിശേഷമാക്കുന്നുണ്ട്. സാന്നിധ്യത്തെക്കാൾ ശബ്ദ സാന്നിധ്യത്താലാണ് കൊടുമൺ പോറ്റി ഭയം ജനിപ്പിക്കുന്നത്. നിർത്താതെ പെയ്യുന്ന മഴയിലും, ഭീതിയിലും, ഇരുട്ടിലും, വെളിച്ചത്തിലും എല്ലാം കാണികളും ആ മനയ്ക്കലെ ക്ഷണിക്കപ്പെടാത്ത അതിഥികളായി മാറുകയാണ്.
ഇനി എന്താണ് തനിക്ക് ചെയ്യാൻ ബാക്കിയുള്ളത് എന്ന ചോദ്യത്തെ തികച്ചും നിഷ്പ്രഭമാക്കിക്കൊണ്ട് തനിക്കിനിയും ഏറെ ചെയ്യാനുണ്ടെന്ന് മമ്മൂട്ടിയിലെ അഭിനേതാവ് അടിവരയിട്ട് തെളിയിക്കുന്നു. നരച്ച താടിയും മുടിയും, കറപുരണ്ട പല്ലുകളുമായി, ഒരു വടിയും ഊന്നി മനയ്ക്കലെ അധികാരിയായി ഉമ്മറത്തിരിക്കുന്ന മമ്മൂട്ടിയിൽ തെളിയുന്നത് കൊടുമൺ പോറ്റിയുടെ നിഷ്ഠൂര ഭാവങ്ങൾ മാത്രമാണ്. അവിടെ കണ്ണൂർ സ്‌ക്വാഡിലെ ജോർജിനെയോ കാതലിലെ മാത്യു ദേവസ്സിയുടെ നിഴലോ അടുത്തുകൂടി പോയിട്ടില്ല. അധികാരത്തിന്റെ ഹുങ്ക് അയാളിലുണ്ട്, തനിക്ക് മുന്നിലെത്തുന്ന നിസ്സഹായരെ തളച്ചിടാൻ തക്കവണ്ണം അയാൾക്ക് ശക്തിയുണ്ട്. നടപ്പിലും ഇരിപ്പിലും ചെറുനോട്ടത്തിൽ പോലും എതിരിൽ ഉള്ളയാളുടെ ഉള്ളുലക്കാൻ പാകത്തിലാണ് മമ്മൂട്ടി കൊടുമൺ പോറ്റിയെ തന്റെ ഉള്ളിലേക്ക് ആവാഹിച്ചിരിക്കുന്നത്. പാണനായി എത്തുന്ന അർജുൻ അശോകൻ തന്റെ അഭിനയജീവിതത്തിലെ മികച്ചൊരു കഥാപാത്രമായി പരകായ പ്രവേശനം നടത്തിയിട്ടുണ്ട്. ഒരു അടിമക്ക് ഉടയോനോടുള്ള ഭയഭക്തി ബഹുമാനവും, സത്യങ്ങളെല്ലാം അറിഞ്ഞതിന് ശേഷം അയാളിലുണ്ടാകുന്ന മാറ്റങ്ങളെയെല്ലാം അർജുൻ അശോകൻ മിടുക്കോടെ കൈകാര്യം ചെയ്തിട്ടുണ്ട്. ഒപ്പം ഇതുവരെ കണ്ടതിൽനിന്നെല്ലാം വ്യത്യസ്തമായ കഥാപാത്രമാണ് സിദ്ധാർഥ് ഭരതന്റേതും.
ഇന്നും ഭാർഗവി നിലയവും, യക്ഷിയുമൊക്കെ കാണുമ്പോൾ ഉള്ളിൽ ഉണ്ടാകുന്ന ഭീതി വർഷങ്ങൾക്കിപ്പുറം അതെ ബ്ലാക്ക് ആൻഡ് വൈറ്റ് പരീക്ഷണത്തിലൂടെ ഭ്രമയുഗം കാണികൾക്ക് തിരികെ നൽകുന്നുണ്ട്. എന്തുകൊണ്ട് ബ്ലാക്ക് ആൻഡ് വൈറ്റ് എന്നതിനുള്ള ഉത്തരം സംവിധായകൻ ചിത്രത്തിലൂടെ മറുപടി നൽകുന്നു. മരണം എപ്പോഴും പതിയിരിക്കുന്ന മനയുടെ അകത്തളങ്ങളിലേക്കും, കൊടുമൺ പോറ്റിയുടെ ചതികളിലേക്കും കാണിയെ അതിന്റെ ശരിയായ തരത്തിൽ കൂട്ടിക്കൊണ്ടുപോകാൻ ബ്ലാക്ക് ആൻഡ് വൈറ്റ് സഹായിച്ചിട്ടുണ്ട്. ഒരു ഭീതിൽ ചിത്രത്തിലാകെ നിഴലിക്കുന്നുണ്ട്. ക്ഷയിച്ചു നിൽക്കുന്ന മനയെയും, അതിന്റെ ഉള്ളിലെ മനം മടുപ്പിക്കുന്ന വസ്തുക്കളെയും നിർമിച്ച കലാസംവിധായകൻ ജ്യോതിഷ് ശങ്കറും, ആ കാഴ്ചകളെ ഒപ്പിയെടുത്ത് കാണിയെ മുൾമുനയിൽ നിർത്തിയ ഛായാഗ്രാഹകൻ ഷെഹ്നാദ് ജലാലും കൈയ്യടി അർഹിക്കുന്നു. കണ്ടുമടുത്ത യക്ഷി കഥയിലെ ഉച്ചസ്ഥായിലുള്ള ശബ്ദങ്ങളും ബഹളങ്ങളും ഇല്ലാതെ കഥയോട് ചേർന്ന് നിന്ന് സംഗീതമൊരുക്കിയ ക്രിസ്റ്റോ സേവ്യറിനും കഥാഗതിയിൽ മാറ്റങ്ങൾ കൊണ്ടുവരുന്നുണ്ട്. ടി ഡി രാമകൃഷ്ണൻ ഒരുക്കിയ സംഭാഷണങ്ങൾ ഒട്ടും തന്നെ ഏച്ചുകെട്ടലോ, അതിഭാവുകത്വമോ ഇല്ലാതെ അഭിനേതാക്കൾ സ്‌ക്രീനിൽ അവതരിപ്പിക്കുമ്പോൾ അത് പഴയ കാലത്തിനെ കൂടുതൽ ചേർത്തുനിർത്താൻ സഹായിക്കുന്നു. പ്രത്യേകിച്ചും മമ്മൂട്ടി ടി.ഡി രാമകൃഷ്ണന്റെ സംഭാഷണങ്ങൾക്കൊപ്പം ശബ്ദഗാംഭീര്യമായി മാറുമ്പോൾ മോഡുലേഷനിലും അന്തരീക്ഷ നിർമിതിയിലുമെല്ലാം പുതിയ അനുഭവവുമാകുന്നുണ്ട്.
മറ്റൊരു ഭൂതകാലം അല്ല ഭ്രമയുഗം. ഭയപ്പെടുത്താൻ ഉള്ള അവസരങ്ങൾ ഏറെ നിലനിൽക്കുമ്പോഴും അവയെ ഒരു നിശ്ചിത അളവിനുള്ളിൽ നിർത്തി കാലത്തിന്റെയും സമയത്തിന്റെയും കെട്ടുപാടുകൾ ഇല്ലാതെ ചിത്രം മുന്നോട്ട് നീങ്ങുന്നു. ഐതിഹ്യമാലയും, മുത്തശ്ശിക്കഥകളും കേൾക്കുന്ന ലാഘവത്തോടെ ഇരുട്ടിന്റെ മറവിൽ പതിയിരിക്കുന്ന ദുഷ്ടശക്തികളുടെ കഥ ബിഗ് സ്‌ക്രീനിൽ കാണാം. ഭൂതകാലവും ഭ്രമയുഗവും പരിഗണിക്കുമ്പോൾ സവിശേഷമായ ശൈലിയും ക്രാഫ്റ്റ്മാൻ ഷിപ്പുമുള്ള ഇരുത്തം വന്ന സംവിധായകനെ രാഹുൽ സദാശിവനിൽ കാണാനാകും. സിനിമകളുടെ തെരഞ്ഞെടുപ്പിലും ആ മികവുണ്ട്.
മലയാളത്തിലെ വാമൊഴിയെ വശത്താക്കുന്ന മമ്മൂട്ടിയെന്നതും പ്രായത്തെ ശരീരസൗന്ദര്യത്താൽ പിന്നിലാക്കുന്ന മമ്മൂട്ടിയെന്നതും പഴകപ്പെട്ടൊരു ക്ലീഷേയാണ്. ഭ്രമയുഗം മമ്മൂട്ടി സ്വയം രാകി മിനുക്കി ഉരച്ചുതേച്ചെടുത്ത അഭിനയത്തിൽ മമ്മൂട്ടിയുടെ സെക്കൻഡ് ഇന്നിംഗ്സിന്റെ തുടക്കമാകാം. 50 കൊല്ലത്തിനിടയിൽ മമ്മൂട്ടി താണ്ടിയ നടനപർവത്തെ മറന്നുകൊണ്ട് പെർഫോർമൻസിലെ പുതിയൊരു യുഗത്തിന് തുടക്കമിടുകയാണ് മമ്മൂട്ടിയും ഭ്രമയുഗവും.