കൊവിഡിന്റെ തുടക്കസമയത്ത് ആര്‍ക്കറിയാം? എന്നൊരു മറുചോദ്യം നമ്മുടെയൊക്കെ ശങ്കയും ആശങ്കയുമായിരുന്നു. അതുവരെ ജീവിച്ച ജീവിതത്തിലേക്കും സാഹചര്യങ്ങളിലേക്കും എന്ന് മടങ്ങാനാകുമെന്ന ചോദ്യത്തിനുള്ള ഉത്തരമില്ലായ്മ. ഇതുപോലൊരു നിശ്ചയമില്ലായ്മയെ രൂപകമാക്കിയാണ് സാനു ജോണ്‍ വര്‍ഗീസിന്റെ സിനിമ. കൊവിഡിന്റെ ആദ്യ നാളുകളിലെ ജനതാ കര്‍ഫ്യു, ലോക്ക് ഡൗണ്‍, യാത്രാവിലക്ക് എന്നീ നിയന്ത്രണങ്ങള്‍ പശ്ചാത്തലമാകുന്നു.
അങ്ങനെ നോക്കിയാല്‍ കൊവിഡ് കഥാന്തരീക്ഷമായി തിയറ്ററുകളിലെത്തിയ ആദ്യ മലയാള ചിത്രവുമാണ് ആര്‍ക്കറിയാം.
ബോളിവുഡിലും ദക്ഷിണേന്ത്യന്‍ സിനിമയിലും സജീവമായ മലയാളി ഛായാഗ്രാഹകന്‍ സാനു ജോണ്‍ വര്‍ഗീസിന്റെ സംവിധാനത്തിലെത്തുന്ന ആദ്യ ചിത്രമാണ് ആര്‍ക്കറിയാം. കഥ പറച്ചിലിന്റെ പുതുകാലത്തെ ആഴത്തില്‍ അനുഭവപ്പെടുത്തുന്ന മനോഹര ചിത്രം. ആഖ്യാനകൗശലത്താല്‍ രസം തീര്‍ക്കുന്ന കഥാപാത്രസൃഷ്ടിയും അവതരണവും.
കൊവിഡ് വ്യാപനത്തിന്റെ ആദ്യനാളുകള്‍ ബിസിനസിനെ സാരമായി ബാധിച്ചപ്പോള്‍ റോയ് (ഷറഫുദ്ദീന്‍)കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാകുന്നു. മുംബൈയില്‍ നിന്ന് ഭാര്യ ഷേര്‍ലിക്കൊപ്പം നാട്ടിലേക്ക് പുറപ്പെടാനുള്ള തയ്യാറെടുപ്പിലാണ് റോയ്. ഷേര്‍ലിയുടെ(പാര്‍വതി തിരുവോത്ത്) കാഞ്ഞിരപ്പള്ളിയിലെ വീട്ടിലേക്കാണ് യാത്ര. അവിടെയുള്ളത് ഷേര്‍ലിയുടെ അപ്പനും റിട്ടയേര്‍ഡ് കണക്കധ്യാപകനുമായ ഇട്ടിയവിരയാണ്. ഭാര്യയുടെ മരണത്തിനും മകളുടെ വിവാഹത്തിനും ശേഷം ഇട്ടിയവിര(ബിജു മേനോന്‍) വിശാലമായ പറമ്പിന് നടുവിലുള്ള വീട്ടില്‍ ഒറ്റക്കാണ്. ഇട്ടിയവിര മകള്‍ ഷേര്‍ലി, ഭര്‍ത്താവ് റോയ് എന്നീ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് സിനിമ. അതേ സമയം ഈ മൂന്ന് കഥാപാത്രങ്ങളുടെ അകമേയും പുറമേയുമുള്ള ലോകവുമാണ് സിനിമ.
റോയിയെ എളുപ്പം മനസിലാക്കാനാകും, ആത്മഗതമായും ആശങ്കയായും അയാള്‍ നമ്മുക്ക് മുന്നില്‍ സ്വയമേ വെളിപ്പെടുന്നുമുണ്ട്. അവിടെ നിന്നങ്ങോട്ട് ഇട്ടിയവിരയുടെ ലോകമാണ്. അകമേക്കും പുറമേക്കും നിഗൂഡതകളുള്ളൊരു ലോകം. അതിലാണ് ഈ സിനിമയുടെ ഫോക്കസ്.
ദൈവം കൂട്ടിനുണ്ടെന്ന് വിശ്വസിക്കുന്നയാളോ, ദൈവത്തെ കൂട്ടുകക്ഷിയാക്കുന്നയാളോ ആണ് ഈ ഇട്ടിയവിര. ജീവിതത്തിലുണ്ടാകുന്ന ശുഭമോ അശുഭമോ ആയതെന്തും ''അതൊക്കെ അവന്റെ ഓരോ ചെയ്തികളാണെന്ന്'' ആശ്വസിക്കാനും വിശ്വസിക്കാനും ഇഷ്ടപ്പെടുന്നൊരു ദൈവവിശ്വാസി. സിനിമ പൂര്‍ത്തിയാകുമ്പോഴും ഇട്ടിയവിരയെന്ന കഥാപാത്രത്തിന് മുകളിലേക്കാണ് ഇയാള്‍ ശരിക്കും ആരെന്ന് ആര്‍ക്കറിയാം എന്ന ചോദ്യം അവശേഷിക്കുന്നത്. ആസ്വാദനത്തില്‍ പല വായനകളിലേക്കും തലങ്ങളിലേക്കും വളരുന്നൊരു കഥാപാത്രവും ഇട്ടിയവിരയാണ്. ദൈവം സ്‌നഹമാണെന്ന വിശ്വസിക്കുന്ന ഷേര്‍ലിയും ദൈവവിധിയാണ് എല്ലാമെന്ന് ചിന്തിക്കുന്ന ചാച്ചനുമിടയില്‍ വിശ്വാസികളുടേതായ ചില ചേര്‍ച്ചകളുമുണ്ട്. അതിന് പുറത്തുള്ളയാളാണ് റോയി.
ആകര്‍ഷകമായ ആഖ്യാനശൈലിയാണ് സിനിമയുടേത്. കാഞ്ഞിരപ്പള്ളിയിലെത്തുംവരെ ഒരൊറ്റ വേഗവും താളവുമാണ് സിനിമക്ക്. കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് മുന്നേ വീട്ടിലെത്താനുള്ള തയ്യാറെടുപ്പ്, പാക്കിംഗ്, പ്രശ്‌നപരിഹാരശ്രമങ്ങള്‍ അങ്ങനെ കുറേ ധൃതികള്‍ക്കൊപ്പമാണ് സിനിമ. ചാച്ചന്റെ വീട്ടിലെത്തുമ്പോള്‍ മുതല്‍ കുറേക്കൂടി പതിഞ്ഞ താളത്തിലേക്ക് പ്രവേശിക്കുന്നു. ജനതാ കര്‍ഫ്യു, അതിര്‍ത്തിയിലെ നിയന്ത്രണം, ലോക്ക് ഡൗണ്‍ തുടങ്ങിയ തീവ്രനിയന്ത്രണങ്ങള്‍ സൃഷ്ടിക്കുന്ന മന്ദതാളവുമാണ്.
പ്രധാനമായും രണ്ട് പേര്‍ക്കിടയില്‍ നടക്കുന്ന സംഭാഷണങ്ങളിലൂന്നി കഥ പറയാനാണ് സാനു വര്‍ഗീസ് ശ്രമിക്കുന്നത്. മുംബൈയിലെ ഫ്‌ളാറ്റില്‍ ഷേര്‍ലിയും റോയിയും സംസാരിക്കുന്നിടത്ത് നിന്ന് അവരുടെ ലോകത്ത് പ്രേക്ഷകര്‍ക്ക് പ്രവേശിക്കാനാകുന്നു. അതേ ഫ്‌ളാറ്റിലെ സ്റ്റെയര്‍കെയ്‌സിലൂടെ നടന്നുകയറുന്നിടത്ത് വൈശാഖും റോയിയും ഉള്‍പ്പെടുന്നൊരു ലോകം കാണാം. ഷെര്‍ലിയുടെയും അങ്കിതയുടെയും മറ്റൊരു ലോകം. അവര്‍ക്ക് മാത്രം മനസിലാകുന്നൊരു ലോകം. കാഞ്ഞിരപ്പള്ളിയിലെത്തുമ്പോള്‍ ഇട്ടിയവിര് അയാള്‍ മാത്രമുള്ളൊരു ലോകത്താണ്. അതേ സമയം തന്നെ ഇട്ടിയവിരക്കും സുന്ദരനുമിടയിലും ഇട്ടിയവിരക്കും ഭാസിക്കുമിടയിലും വേറെ വേറെ ലോകങ്ങളുണ്ട്. പുറമേക്കല്ലാതെ നമ്മുക്കൊരാളെ എത്രമാത്രമറിയാമെന്ന ചോദ്യവും സമാന്തരമായി ഉന്നയിക്കപ്പെടുന്നുണ്ട്. അവരവര്‍ക്കുള്ളിലെ സ്വകാര്യമായ വലിയ ലോകം. അത്തരമൊരു നിഗൂഢലോകത്തെ ഒറ്റയാനാണ് ഇട്ടിയവിര. ഒരു സ്പിന്‍ ഓഫ് സാധ്യത തരുന്ന മനുഷ്യന്‍(?).
സംഭാഷണങ്ങള്‍ കഥ പറച്ചിലില്‍ നിര്‍ണായകമായിരിക്കെ തന്നെ കാരക്ടര്‍ ഡീറ്റെയിലിംഗില്‍ സാനു ജോണ്‍ വര്‍ഗീസ് ഗംഭീരമായൊരു കയ്യടക്കം അനുഭവപ്പെടുത്തുന്നുണ്ട്. റോയിയെ പിന്തുടര്‍ന്നാല്‍ അയാള്‍ ഷേര്‍ലിയെ കൂടുതലായി ആശ്രയിച്ചുനീങ്ങുന്നൊരാളാണെന്ന് മനസിലാകും. ഒരു തരത്തിലുള്ള വൈകാരിക ആശ്രയത്വം. മറ്റുള്ളവരുടെ കംഫര്‍ട്ട് അയാള്‍ക്ക് പ്രധാനമാണ്. അതിനൊത്ത നയചാതുരി വൈശാഖന്റെ മുന്നിലും ഷേര്‍ലിക്ക് മുന്നിലും ചാച്ചന് മുന്നിലും റോയി കാണിക്കുന്നുമുണ്ട്.
സ്വന്തം പിതാവിനെയെന്ന പോലെ ഇട്ടിയവിരയെ പരിചരിക്കുന്നുണ്ട് റോയി.ചാച്ചന്റെ പ്രായാധിക്യത്തെയും അവശതയെയും കൃത്യമായി ഉള്‍ക്കൊണ്ട് ഇടപെടുന്നതും റോയിയാണ്. അത് ഷേര്‍ലിയോടുള്ള ഇഷ്ടത്തിന്റെ തുടര്‍ച്ചയാണ്.
പിതാവിനോടെന്ന പോല്‍ ആദരവും ഇഷ്ടവും നിലനില്‍ക്കുന്ന ലോകത്തേക്ക് ഇട്ടിയവിരയുടെ രഹസ്യമെത്തുമ്പോള്‍ ഒരു തകിടം മറച്ചിലാണ്. സിനിമയുടെ മൂഡ് ഷിഫ്റ്റ് ആകുന്നതും ഇവിടെയാണ്. റോയിയുടെ ധര്‍മ്മസങ്കടം മുതല്‍ മൊണ്ടാഷുകളിലേക്കും അയാളെ കേന്ദ്രീകരിച്ചുള്ള യാത്രകളിലുമായി സിനിമ മാറുന്നുണ്ട്. റോയിക്കും പ്രേക്ഷകര്‍ക്കും ഒരു പോലെ ഡിലെമ (dilemma) സംഭവിക്കുന്ന ഭാഗവും ഇതാകാം. കാരണം അതുവരെ പ്രധാനമായും റോയിയെ ആശ്രയിച്ചാണ് ഷേര്‍ലിയിലേക്കും പിന്നീട് ചാച്ചനിലേക്കും പ്രേക്ഷകര്‍ പ്രവേശിച്ചിരുന്നത്. മൂന്ന് പേര്‍ക്കിടയിലേക്ക നാലാമതൊരാളുടെ വരവ് റോയിയോളം നടുക്കം പ്രേക്ഷകര്‍ക്ക് ഉണ്ടാക്കുന്നില്ല. എന്നാല്‍ റോയിയുടെ ധര്‍മ്മസങ്കടവും പ്രതിസന്ധിയും യഥാര്‍ത്ഥവുമാണ്.
റോയിയുടെയും ഷേര്‍ലിയുടെയും ആന്തരിക ലോകത്തെ ചുരുങ്ങിയ സന്ദര്‍ഭങ്ങളിലൂടെ ഭംഗിയായി അവതരിപ്പിക്കുന്നത് കാണാം. പ്രേക്ഷകരെ സ്പൂണ്‍ ഫീഡ് ചെയ്യാന്‍ കഥാപാത്രങ്ങളുടെ അതുവരെയുള്ള ജീവിതം ദീര്‍ഘസംഭാഷണങ്ങളിലൂടെ അവതരിപ്പിക്കുകയല്ല പകരം പല വേളകളിലായി അവര്‍ മറികടന്ന പ്രതിസന്ധികളും ട്രോമകളും പുറത്തുവരികയാണ്. രാജേഷ് രവിയും അരുണ്‍ ജനാര്‍ദ്ദനനും സാനുവും ചേര്‍ന്നെഴുതിയ തിരക്കഥ പല അടരുകളിലേക്ക് നീങ്ങുന്നതാണ്.
ചാച്ചന്‍-ഷേര്‍ലി-റോയ് എന്നിവരുടെ ദൈനം ദിന ജീവിതത്തില്‍ നിന്ന് സംവിധായകന്‍ കഥ പറച്ചിലിനായി തെരഞ്ഞെടുത്ത സന്ദര്‍ഭങ്ങളും ഇടങ്ങളും കൗതുകമുള്ളതാണ്. ഇട്ടിയവിരയുടെ അടുക്കളയില്‍ നിന്നാണ് പ്രധാനമായും കഥ പറച്ചില്‍. സിനിമ കണ്ടശേഷമൊരു ഡീകോഡിംഗിന് മുതിര്‍ന്നാല്‍ നിഗൂഢതകളുടെ പെരുപ്പമുള്ളയാളാണ് ഇട്ടിയവിര. അടുക്കളപ്പുറത്ത് വിറകുകെട്ടിന് മുകളില്‍ റോയി ഇരിക്കുമ്പോള്‍ സുന്ദരന്‍ റിയാക്ട് ചെയ്യുന്നതും അത് പാമ്പിനെ കണ്ടാണെന്ന് പറഞ്ഞു കുത്തിയിളക്കാന്‍ വരുന്ന ഇട്ടിയവിര, തേങ്ങാ പൂളി തിന്നാല്‍ കിടന്നുപോകുമെന്ന അയാളുടെ പറച്ചില്‍, പല അറകളിലേക്ക് വാതിലുള്ളൊരു കാഴ്ചാനുഭവം സിനിമയുടേതാണ്.
കാസ്റ്റിംഗിലും പെര്‍ഫോര്‍മന്‍സിലും അതിഗംഭീരവുമാണ് ആര്‍ക്കറിയാം. ശരീരഭാഷയിലും സൂക്ഷ്മചലനങ്ങളിലും ആയാസമേറിയ നടപ്പിലും ഇരിപ്പിലും കിടപ്പിലുമടക്കം ഭാവഭദ്രമാണ് ബിജു മേനോന്റെ ഇട്ടിയവിര. മീന്‍ വാങ്ങാനെത്തുന്ന ഇട്ടിയവിര, രഹസ്യം വെളിപ്പെടുത്തിയതിന് ശേഷം അയാള്‍ ഒരു തരത്തില്‍ റോയിക്ക് മേല്‍ നടത്തുന്ന ഇമോഷണല്‍ ബ്ലാക്ക്‌മെയിലിംഗ്, മകളെയും കൊച്ചുമകളെയും പൊതിഞ്ഞുനില്‍ക്കുന്ന വാല്‍സല്യം, സുന്ദരനും അവിരക്കുമിടയിലുള്ള ചങ്ങാത്തം, പടിക്കെട്ടില്‍ നിന്ന് പൂര്‍വവിദ്യാര്‍ത്ഥിയോടുള്ള സംസാരം, തീന്‍മേശയിലെ സീനുകള്‍ തുടങ്ങി പ്രകടനത്തില്‍ ബിജു മേനോന്‍ പൂര്‍ണമായും ഇട്ടിയവിരയെ പ്രകാശിപ്പിക്കുകയാണ് സിനിമയിലുടനീളം. പാലാക്കാരന്‍ വയോധികന്‍ എന്നതിന്റെ തദ്ദേശീയമായ താളവും ഭാവങ്ങളില്‍ ബിജു മേനോന്‍ കൊണ്ടുവരുന്നുണ്ട്. പാര്‍വതിയുടെ ഷെര്‍ലി സിനിമയില്‍ ഏറെ റിവീല്‍ ചെയ്യപ്പെടാത്ത കഥാപാത്രമാണ്. നിരവധി സങ്കീര്‍ണതകളില്‍ സമാധാനം കണ്ടെത്തി മുന്നേറുന്നൊരാള്‍. പാര്‍വതിയുടെ സമീപകാലത്തെ മികച്ച കഥാപാത്രവും പ്രകടനവും. റോയിയെയും അങ്കിതയെയും ചാച്ചനെയും അവര്‍ മൂന്ന് വിധത്തില്‍ മാനേജ് ചെയ്യുന്നതും എല്ലാവരും പകച്ചുനില്‍ക്കുന്ന ഘട്ടത്തില്‍ തീരുമാനങ്ങള്‍ക്കായി മുന്‍കൈ എടുക്കുന്ന രീതിയുമെല്ലാം വിശ്വസനീയാക്കിയിട്ടുണ്ട് പാര്‍വതി തിരുവോത്ത്. ഷറഫുദ്ദീന്‍ ഈ സിനിമയില്‍ നിന്നൊരു കണ്ടെത്തലാണ്. ഷറഫിന്റെ മുന്‍കഥാപാത്രങ്ങളില്‍ നിന്നെല്ലാം വേറിട്ട് നില്‍ക്കുന്നൊരു പ്രകടന മികവ്. ധര്‍മ്മസങ്കടവും ആധിയും ആന്തരിക സംഘര്‍ഷവും ഞെട്ടലും ജീവിതത്തെ മാറ്റിമറിക്കുമ്പോള്‍ ഈ സിനിമയുടെ ദൈര്‍ഘ്യത്തിനകത്ത് നിന്ന് റോയിയെ ഏറ്റവും ഗംഭീരമായി പ്രതിനിധീകരിച്ചിരിക്കുന്നു ഷറഫുദ്ദീന്‍. ഈ നടനെ വിശ്വസിച്ചേല്‍പ്പിക്കാനാകുന്ന മികച്ച കഥാപാത്രങ്ങളിലേക്കുള്ള വഴി തുറക്കും റോയിയെന്നും വിശ്വസിക്കാം. ഭാസിയെ അവതരിപ്പിച്ച പ്രമോദ് വെളിയനാട് എന്ന നാടകകലാകാരനാണ് ഈ സിനിമ സമ്മാനിക്കുന്ന മറ്റൊരു പ്രതിഭ. കളയിലെ മണിയാശാന്‍ എന്ന കഥാപാത്രമായും തകര്‍പ്പന്‍ പ്രകടനമായിരുന്നു പ്രമോദ്. ഗംഭീര കഥാപാത്രങ്ങളില്‍ മലയാളത്തിന്റെ സ്‌ക്രീനില്‍ പ്രമോദിനെ ഇനിയും കാണാന്‍ ആഗ്രഹം. ചെറിയ സ്‌ക്രീന്‍ ടൈമിലും സൈജു കുറുപ്പ് വൈശാഖായി ഗംഭീര പ്രകടനമാണ്. നിരാശയും ആത്മവിശ്വാസത്തകര്‍ച്ചയും നന്നായി പ്രതിഫലിപ്പിച്ച പ്രകടനം. സുന്ദരനെ അവതരിപ്പിച്ച രഘു, വീട്ടുവേലക്കെത്തുന്ന ആര്യസലിമിന്റെ കഥാപാത്രം, റേഷന്‍ കടയിലെ പ്രശാന്ത് മുരളി (കടയുടെ അവസ്ഥ ചോദിക്കുമ്പോള്‍ മറുപടിയായുള്ള റിയാക്ഷന്‍) തുടങ്ങി പ്രകടനത്തിലും മികച്ച അനുഭവമാണ് ആര്‍ക്കറിയാം.
സ്ലോ പേസ് മൂഡിനും സിനിമാറ്റിക് റിയലിസത്തിനുമൊപ്പം ഇട്ടിയവിരയുടെ ലോകം സൃഷ്ടിച്ചെടുക്കുന്നതില്‍ ഛായാഗ്രാഹകന്‍ ശ്രീനിവാസ റെഡ്ഡിയും എഡിറ്റര്‍ മഹേഷ് നാരായണനും സൗണ്ട് ഡിസൈനര്‍ അരുണ്‍ കുമാറും സാനുവിനോട് തോള്‍ ചേര്‍ന്ന് നീങ്ങുന്നു. ഇട്ടിയവിരയുടെ അടുക്കളയും തീന്‍മേശയും മുറിയുമെല്ലാം പ്രൊഡക്ഷന്‍ ഡിസൈനിലും കലാസംവിധാനത്തിലും പുലര്‍ത്തിയ സൂക്ഷ്മതയുടേതുമാണ്. രതീഷ് പൊതുവാളും ജ്യോതിഷ് ശങ്കറും ഒപ്പം കോസ്റ്റിയൂം ഡിസൈനിലും സമീറയും ഈ മിനിമല്‍ അന്തരീക്ഷ സൃഷ്ടിയില്‍ പ്രധാന റോളിലുണ്ട്. അന്‍വര്‍ അലിയുടെ രചനയില്‍ മധുവന്തി പാടിയ യാക്‌സണ്‍-നേഹ ടീമിന്റെ 'ചിരമഭയമീ' എന്ന ഗാനം കഥാപാത്രങ്ങള്‍ക്കിടയിലെ ഇമോഷണല്‍ ബില്‍ഡപ്പായും മാറിയിട്ടുണ്ട്. അടുത്ത കാലത്ത് കണ്ട ഗാനചിത്രീകരണത്തിലും മികച്ചതാണ് ചിരമഭയമീ....
റോയിയും ഇട്ടിയവിരയും ഷേര്‍ലിയും ഉള്ള സ്‌പേസില്‍ നിന്ന് ഒരു ഘട്ടം മുതല്‍ ഷേര്‍ലിയെ മാറ്റിനിര്‍ത്തി കഥ നീങ്ങുമ്പോള്‍ അതൊരു കല്ലുകടിയായി മാറുന്നുണ്ട്. രഹസ്യാനന്തരം കഥ പറച്ചിലിന്റെ സൗകര്യമെന്ന നിലക്കാണ് ഇതെങ്കിലും ഷേര്‍ലി റോയിയോട് ഒരു ചോദ്യമോ സംശയമോ ഉയര്‍ത്താതെ പോകുന്നതില്‍ അവിശ്വസനീയതമുണ്ട്. ഇട്ടിയവിരയുടെ രഹസ്യത്തിന് ശേഷം തൊട്ടടുത്ത രംഗങ്ങളില്‍ കുറേക്കൂടി മുറുക്കം ആസ്വാദനത്തില്‍ പ്രതീക്ഷിച്ച് പോകുന്നുമുണ്ട്.
ഈ ചെറുവിയോജിപ്പുകള്‍ക്കപ്പുറം സമീപകാലത്ത് മലയാളത്തില്‍ ഏറ്റവും തൃപ്തിയേകിയ സിനിമാനുഭവമാണ് ആര്‍ക്കറിയാം. സാനു ജോണ്‍ വര്‍ഗീസ് എന്ന സംവിധായകന്റെ മികച്ച തുടക്കവുമാണ് സിനിമ.
Aarkkariyam, Biju Menon-Parvathy Thiruvoth Malayalam Movie Review