shalupeyad
Movie Review

'ആണും പെണ്ണും' തുണിയുരിയപ്പെടുമ്പോള്‍

Spoiler Alert:

ഒരു ശരാശരി മലയാളി പയ്യന്‍ അവന്റെ ലൈംഗിക വിദ്യാഭ്യാസം നേടുന്നത് എവിടെ നിന്നാണ്? മിക്കവാറും അത് അവന്റെ കൂട്ടുകെട്ടുകളില്‍ നിന്നും ഇന്റര്‍നെറ്റില്‍ നിന്നും ആണെന്നാണ് കരുതുന്നത്. അവന്റെ മനസ്സിലെ ധാരണകളെയും, മിഥ്യകളെയും, വ്യഥകളെയും എല്ലാം രൂപപ്പെടുത്തുന്നത് അവനെ പോലെ തന്നെ അല്പജ്ഞാനികളോ അജ്ഞാനികളോ ആയവരുടെ കൂട്ടങ്ങളാണ്. ലൈംഗികദാരിദ്ര്യമുള്ള ഈ ഇടത്തില്‍ തന്റെ വിശേഷപെട്ട അറിവുകള്‍ പരീക്ഷിക്കാന്‍ ഒരിടം തേടി അവന്റെ യൗവനം അവന്‍ കാക്കുന്നു. ശരീരത്തെ പരസ്പരം അറിയാന്‍ തയ്യാറായി ഒരു പങ്കാളി വന്നാല്‍ പോലും അവന്‍ ഈ സമൂഹത്തെ പേടിക്കുന്നു.

വിവാഹപൂര്‍വ ലൈംഗികത ഇപ്പോള്‍ കൂടുതലായി നടക്കാറുണ്ട് എന്നൊക്കെ ന്യായം പറഞ്ഞാലും, ആളുകളുടെ പ്രൈവറ്റ് സ്‌പെസിലേക്ക് ഇപ്പോഴും തുറച്ചു നോക്കുന്ന ഒരു സമൂഹമാണ് ഇവിടെ ഉള്ളത് എന്ന് അവന്‍ വ്യസനിക്കുന്നു. എന്നിട്ട് ബാക്കി ഉള്ളവരുടെ പ്രൈവസിയെ ഭേദിക്കുന്നു. ആണിന്റെ ലൈംഗികതയുമായി ബന്ധപ്പെട്ട അറിവില്ലായ്മകളേയും ഭയങ്ങളെയും നമ്മള്‍ക്ക് എത്ര മലയാളം സിനിമകളില്‍ കാണാന്‍ കഴിഞ്ഞിട്ടുണ്ട്? ശുഷ്‌കമാണ് ആ സംഖ്യ. പുരുഷലിംഗാധിഷ്ടിത നരേറ്റീവുകള്‍ക്ക് ആണ് ഇവിടെ 'മാര്‍ക്കറ്റ്'. അവനെ വാഴ്ത്തിപ്പാടുന്നതാണ് ഹിറ്റുകളെ സൃഷ്ടിക്കുന്നത്. ആ നറേറ്റിവുകള്‍ക്ക് വേണ്ടി ഉള്ള സ്ത്രീകഥാപാത്രങ്ങള്‍ മാത്രമേ ബഹുഭൂരിപക്ഷം സിനിമകളും സൃഷ്ടിക്കുന്നുള്ളൂ.

ആ ഒഴുക്കിന് എതിരെ നീന്താന്‍ ഉള്ള ചില്ലറ ശ്രമങ്ങള്‍ തീര്‍ച്ചയായും ഉണ്ട്. പുരുഷനെ സ്ത്രീയുടെ എതിര്‍ഭാഗത്ത് നിര്‍ത്തിയിട്ടു അവന്‍ അവളുടെ അത്ര ശക്തനോ എന്ന ചോദ്യം ഉയര്‍ത്തുന്ന സിനിമകള്‍. 'ആണും പെണ്ണും' എന്ന ആന്തോളജിയിലെ 'റാണി' എന്ന ആഷിക് അബു ചിത്രം അത്തരമൊരു ശ്രമമാണ്. സ്ത്രീ പക്ഷം എന്നൊന്നും വിളിക്കാന്‍ മെനക്കെടുന്നില്ല. സ്ത്രീയുടെ പക്ഷത്ത് നിന്ന് സംസാരിക്കാനോ അവളുടെ കണ്ണില്‍ കൂടെ കാണാനോ പുരുഷന്‍മാരായ കലാകാരന്മാര്‍ക്ക് പരിമിതി ഉണ്ടെന്ന് ആണ് വ്യക്തിപരമായ അഭിപ്രായം.

എന്നാല്‍ ആഷിക് അബു മികച്ച കയ്യടക്കത്തോടെ ഉണ്ണി ആറിന്റെ കഥയെ കൈകാര്യം ചെയ്തിരിക്കുന്നു.

പിന്നെയോ, പക്ഷം പിടിക്കാതെ സ്ത്രീയെയും പുരുഷനെയും കാണുക ആണ് ചിത്രം ചെയ്യുന്നത് എന്നാണ് തോന്നിയത്. ആ വിധത്തില്‍ ഒരു ഒബ്‌ജെക്റ്റീവ് കാഴ്ചയ്ക്കായി ഉള്ള ശ്രമത്തില്‍ തന്നെ പല പരമ്പരാഗത സങ്കല്‍പങ്ങളും തകര്‍ന്നു വീഴുന്ന കാഴ്ച കാണാം. പുരുഷന്റെ അഹങ്കാരങ്ങളുടെ വലിയ മടവീഴ്ച അറിയാം.

ഉണ്ണി ആറിന്റെ 'പെണ്ണും ചെറുക്കനും' എന്ന കഥയെ അടിസ്ഥാനമാക്കി എടുത്ത ഒരു ചിത്രമാണ് ഇത്. ഉണ്ണി ആര്‍. എന്ന കഥാകൃത്തിന്റെ ചെറുകഥകളെ, അതിലെ ഗംഭീര ട്വിസ്റ്റുകളെ, സിനിമയിലേക്ക് കൊണ്ടുവരിക, അതിനൊരു ദൃശ്യഭാഷ ഒരുക്കുക അത്ര എളുപ്പമുള്ള പണിയല്ല. ലീല എന്ന സിനിമ, ലീല എന്ന ചെറുകഥ തന്ന അനുഭവം തരാതെ പോയത് ഓര്‍മിച്ചാല്‍ മതിയാകും.

എന്നാല്‍ ആഷിക് അബു മികച്ച കയ്യടക്കത്തോടെ ഉണ്ണി ആറിന്റെ കഥയെ കൈകാര്യം ചെയ്തിരിക്കുന്നു. സിനിമ തുടങ്ങുമ്പോള്‍ കഥയിലെ പ്രധാന കഥാപാത്രമായ 'ചെറുക്കന്' അവന്റെ കൂട്ടുകാരന്‍ 'കള്ളവെടി വെയ്ക്കാന്‍' ഉള്ള ഉപദേശം കൊടുക്കുന്നു. ഔട്ട്‌ഡോര്‍ സെക്സ് പരീക്ഷിക്കണം എന്നാണ് ഉപദേശം. 'കള്ളവെടി' എന്ന കൂട്ടുകാരന്റെ പ്രയോഗത്തോട് അവന്‍ എതിര്‍പ്പ് പറയുന്നുണ്ട്. എന്നാല്‍ അതാണ് അവന്‍ യഥാര്‍ത്ഥത്തില്‍ ചെയ്യാന്‍ പോകുന്നത് എന്ന് കൂട്ടുകാരന്‍ സ്ഥാപിക്കുന്നു. അവന്റെ കൂട്ടുകാരിയെ, അവളുമായി സംഭവിക്കാന്‍ സാധ്യത ഉള്ള രതിയെ, എല്ലാം ആ ഒറ്റ പ്രയോഗത്തില്‍ ഒബ്‌ജെക്റ്റിഫൈ ചെയ്യുന്നുണ്ട് കൂട്ടുകാരന്‍. ഈ വിധത്തില്‍ ഉള്ള ഒബ്‌ജെക്റ്റിഫിക്കേഷനെ സാമാന്യവല്‍ക്കരിച്ചിരിക്കുന്ന സമൂഹമാണ് മലയാളിയുടേത്. അതിന് ഏറ്റവും വലിയ തെളിവ് പച്ചയ്ക്ക് സ്ത്രീ വിരുദ്ധത പറഞ്ഞിട്ടുള്ള എത്രയോ നേതാക്കള്‍ ഇപ്പോഴും കേരളരാഷ്ട്രീയത്തില്‍ തുടരുന്നു എന്നതാണ്.

കഥ മുന്നോട്ട് നീങ്ങുമ്പോള്‍ നാം കാണുക ചെറുക്കന്‍ അവന്റെ പെണ്ണിനെ തന്റെ കൂടെ ആളും ബഹളവും ഇല്ലാത്ത 'പ്രകൃതി'യിടത്തേക്ക് വരാന്‍ നിര്‍ബന്ധിക്കുന്നതാണ്. അവള്‍ക്ക് അവന്റെ ഉദ്ദേശം മനസിലാകുന്നുണ്ട്. എന്നാല്‍ അവള്‍ പിന്നെയും ചോദ്യങ്ങള്‍ എറിയുന്നു. ഇവിടെ അവന്‍ സംസാരിക്കുന്നത് എല്ലാം കുഴച്ചു മറിച്ചാണ്. എന്തിനാണ് ആളൊഴിഞ്ഞ ഒരു സ്ഥലത്തേക്ക് പോകുന്നത് എന്ന അവളുടെ ചോദ്യത്തിനൊക്കെ എനിക്ക് ഒന്ന് കെട്ടിപിടിക്കുകയും ഉമ്മവയ്ക്കുകയും ഒക്കെ വേണ്ടേ എന്ന മട്ടിലേ വര്‍ത്തമാനം ആണ് അവന്‍ പറയുന്നതു. ഇവിടെ വെച്ചു കെട്ടിപിടിച്ചോ, അല്ലേല്‍ തിയേറ്ററില്‍ പോകാം അവിടെ വെച്ചു ഉമ്മവെച്ചോ എന്നൊക്കെ അവള്‍ അവനെ ഇട്ട് കളിപ്പിക്കുന്നു. അവന്റെ ധൈര്യത്തെ, ഉറപ്പിനെ പരീക്ഷിക്കുക ആണ്. ഒരു പെണ്ണ് ഒരു ബന്ധത്തിലേക്ക് പ്രവേശിക്കുമ്പോള്‍ അവളെ അതിലേക്ക് നിക്ഷേപിക്കുന്നത് പോലെ അല്ല തീര്‍ച്ചയായും ആണ് അവനെ നിക്ഷേപിക്കുന്നത്. ആ വ്യത്യാസം ഇവിടെ കാണാം. റാണിയിലെ ചെറുക്കനെയും പെണ്ണിനെയും പരിഗണിച്ചാല്‍ അവള്‍ ഈ ബന്ധത്തെക്കുറിച്ച്, അവനെക്കുറിച്ചു, വളരെ കൃത്യമായ ബോധ്യം ഉള്ളവളാണന്നും, അവന്‍ ഇതിനെപറ്റി സംശയാലുവാണെന്നും കാണാം.

അതുകൊണ്ട് പബ്ലിക്ക് ആയി കെട്ടിപിടിച്ചോ എന്നൊക്കെ പറയുമ്പോള്‍ അവന്‍ പരുങ്ങുന്നു. ചുറ്റുമുള്ള ലോകത്തെ കുറിച്ചു അവന്‍ കോണ്‍ഷ്യസ്ആകുന്നു. അവളോട് ചെയ്യാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളെ സ്വല്പം പാപബോധത്തോടെ ആണ് അവന്‍ സമീപിക്കുന്നത് പോലും. അത് കൊണ്ട് ഒളിവ് തേടുന്നുണ്ടവന്‍. ആരൊക്കെയോ തന്നെ ശ്രദ്ധിക്കാന്‍ ഉണ്ട്, താനെന്തു ചെയ്യുക ആണ് എന്ന് നോക്കിയിരിപ്പാണ് എന്ന ചിന്തയില്‍ കുടുങ്ങി കിടക്കുക ആണവന്‍.

അവളെന്തായാലും അവന്റെ താല്‍പര്യത്തിന് വഴങ്ങുന്നു. അവര്‍ യാത്രയ്ക്ക് റെഡി ആകുന്നു. പക്ഷെ അവനുടനെ 'ഷാള്‍ ഇട് മോളൂസേ' പറച്ചിലിന്റെ പുതിയ ഒരു വേര്‍ഷന്‍ അവതരിപ്പിക്കുന്നു. ആജ്ഞ അല്ല. അപേക്ഷയുടെ രൂപത്തില്‍ ആണ്. പക്ഷെ എന്നാലും അവളുടെ വസ്ത്രധാരണത്തിലേക്ക് ഉള്ള ഇടപെടലാണ്. സ്‌നേഹമുള്ളതുകൊണ്ട് മാത്രം സ്ത്രീകള്‍ നടത്തേണ്ടി വരുന്ന അഡ്ജസ്റ്റ്‌മെന്റുകള്‍ ഏറെയുണ്ടാകണം. കെയറിംഗ് എന്നെ പേരില്‍ ഞാനുള്‍പ്പെടെയുള്ള ആണ്വര്‍ഗ്ഗം നടത്തുന്ന സോഫ്ട് വയലന്‍സുകള്‍ ഒരുപാട് ഉണ്ടാകണം!

ചെറുക്കനും പെണ്ണും ഒരു കുന്നിന്റെ മുകളില്‍ എത്തുകയാണ്. അവിടെ ഒരു കുറ്റിക്കാടിലേക്ക് അവളെ എത്തിക്കാന്‍ ആണ് അവന്റെ ശ്രമം. അവള്‍ക്ക് അവന്റെ ഉദ്ദേശങ്ങള്‍ വളരെ വ്യക്തമായി മനസിലാകുന്നുണ്ട്. എന്നാല്‍ അവന് അവളോട് consent ചോദിക്കാന്‍ കഴിയുന്നുണ്ടോ എന്ന് അവള്‍ നോക്കുന്നു. Consent ചോദിക്കണം എന്നത് ഒരു തിയറി എന്ന വിധത്തില്‍ അറിയാമെങ്കില്‍ പോലും അത് ഏത് വിധത്തില്‍ ആണ് ചോദിക്കേണ്ടത് എന്നതു മലയാളി പുരുഷന് ഇപ്പോഴും ഒരു പ്രശ്നമാണ്. അതുപോലെ തന്നെ കാമുകി ആവുക, ഭാര്യ ആവുക എന്നത് ശരീരത്തിലേക്ക് കൈകടത്താന്‍ ഉള്ള സ്വഭാവിക ലൈസന്‍സ് ആയും കരുതുന്നു. മനസില്‍ എന്താണ് ഉള്ളത് എന്ന് കമ്യൂണിക്കേറ്റ് ചെയ്യുക എന്നതില്‍ അതിഭീകരമാം വിധം പരാജയപെടുന്ന ചെറുക്കനെ നമുക്ക് കാണാം. അവന്‍ അവളോട് മടിയില്‍ കിടക്കാന്‍ ആവശ്യപെടുന്നു. അവളുടെ ഉടുപ്പില്‍ കൈയിടാന്‍ ഉള്ള അടവല്ലേ എന്ന അവളുടെ ചോദ്യത്തില്‍ അവന്‍ ചൂളിപോകുന്നു. ഇതിനിടയില്‍ മറ്റൊരു ചോദ്യം അവള്‍ ചോദിക്കുന്നുണ്ട്. അവളുടെ ശരീരത്തിനെ ആണോ അവളെ ആണോ ഇഷ്ടപ്പെടുന്നത് എന്ന്... നിനക്ക് ശെരിക്കും എന്നെ സ്‌നേഹമോ എന്ന ഒരു ചോദ്യമാണ്. ചെറുക്കനെ കുഴക്കുന്ന ഒരു ചോദ്യമാണിത് എന്ന വിധത്തില്‍ ആണ് സിനിമയില്‍ അവതരിപ്പിച്ചിരിക്കുക. എന്നെ എന്തുമാത്രം ഇഷ്ടമുണ്ട് എന്ന് കൂടെ അവള്‍ ചോദിക്കുന്നുണ്ട്. ആ ചോദ്യത്തെ അവളുടെ വിശ്വാസകുറവ് എന്ന നിലയില്‍ ആണ് അവന്‍ പരിഗണിക്കുക.

വിശ്വാസകുറവ് ഉണ്ടെങ്കില്‍ അവന്റെ ഒപ്പം ആ യാത്രയ്ക്ക് തന്നെ അവള്‍ തയാറാകുമായിരുന്നോ എന്ന മറുചോദ്യം അവന്‍ ഉള്ളില്‍ ചോദിക്കുന്നില്ല.

പക്ഷെ പതിയെ അവന്‍ മനസിലാക്കുകയാണ്. Silly എന്ന് അവന് തോന്നുന്ന ചില ചോദ്യങ്ങള്‍ക്ക് ഉള്ള ഉത്തരങ്ങള്‍ അവള്‍ക്ക് കേള്‍ക്കേണ്ടതുണ്ട്.

ബൈബിള്‍ ക്വൊട്ട് ചെയ്ത് ഒരു ഉത്തരം ആണ് അവന്‍ പറയുന്നത്: 'നീ ഉണ്ടില്ലേലും അവളെ ഊട്ടണം....നീ ഉടുത്തില്ലേലും അവളെ ഉടുപ്പിക്കണം' എന്ന സംരക്ഷണം കൊടുക്കുന്നതാണ് പുരുഷന്റെ ചുമതല എന്ന അര്‍ത്ഥം വരുന്ന വരികള്‍.... (മതം മനുഷ്യന്റെ തലയില്‍ കുത്തിവെക്കുന്ന പല മിത്തുകളില്‍ ഒന്ന്).

അവള്‍ ആ ഉത്തരത്തെ മാനിക്കുന്നുണ്ട്. അവനെ കെട്ടിപിടിക്കുന്നുണ്ട്. ഇവിടെ നിന്ന് പിന്നെ സിനിമയുടെ mise-en-scene ഷിഫ്റ്റ് ആകുന്നു. പ്രേക്ഷകന്‍ പിന്നെ കാണുക വൃദ്ധരായ ഒരു പുരുഷന്റെയും സ്ത്രീയുടെയും വര്‍ത്തമാനം ആണ്. ചെറുക്കനെയും പെണ്ണിനേയും പറ്റി. അവരുടെ ആദ്യരതിയെ പറ്റി. ആ ലൈംഗികചുവയുള്ള വര്‍ത്തമാനം അവര്‍ രണ്ടുപേരും ആസ്വദിക്കുന്നു. വൃദ്ധ സ്ത്രീ ആയി കാസ്റ്റ് ചെയ്തിരിക്കുന്നത് കവിയൂര്‍ പൊന്നമ്മയെ ആണ് എന്നത് വളരെ പ്രാധാന്യത്തോടെ കാണേണ്ട ഒരു സംഗതി ആണ്. മലയാള സിനിമ കവിയൂര്‍ പൊന്നമ്മ എന്ന നടിയെ പ്രതിഷ്ഠിച്ചു വെച്ചിരിക്കുന്ന ഒരു ചട്ടക്കൂട് ഉണ്ട്. അവര്‍ക്ക് കല്പിച്ചു നല്‍കിയിരിക്കുന്ന ഒരു 'കുലസ്ത്രീ അമ്മ' കൂട് ഉണ്ട്. ആ ചട്ടക്കൂടിനെ തച്ചുതകര്‍ക്കുന്ന ഒരു സംഭാഷണം ആണ് പ്രേക്ഷകന് സിനിമ നല്കുക.

സ്ത്രീയും പുരുഷനും രതിയെ അറിയുന്നതില്‍ ഉള്ള വ്യത്യാസത്തെ കുറിച്ചു സംസാരിക്കാന്‍ സിനിമ ശ്രമിക്കുന്നുണ്ട്. ചെറുക്കന്‍ എല്ലാം അവസാനിപ്പിച്ചു പെട്ടിമടക്കുമ്പോഴേക്കും പെണ്ണ് തുടങ്ങുന്നതെ ഉള്ളു. ആയിടത്ത് നിന്ന് എത്രയും പെട്ടെന്ന് പോകുന്നത് ആണ് പിന്നെ ചെറുക്കന്റെ തലയിലൂടെ ഓടുന്നത്. അവള്‍ക്ക് ഇനിയും ആ ഇടത്തെ വേണം. അവിടെ വരിക എന്നത് അവന്റെ താത്പര്യത്തിന്‍പ്രതി ആയിരുന്നെങ്കില്‍ ആയിടത്തെ സ്വീകരിക്കുന്നത് അവളാണ്.

സിനിമയുടെ അവസാന രംഗം അതി ഗംഭീരമാണ്. രതി ആസ്വദിക്കാന്‍ സ്വീകരിച്ച നഗ്നതയില്‍ കുടുങ്ങി പോകുന്ന ചെറുക്കനും പെണ്ണും. അവിടെ ഉണ്ടാകുന്ന ട്രോമയില്‍ തകര്‍ന്ന് തരിപ്പണം ആകുന്നത് ചെറുക്കനാണ്.

'ഞാന്‍ ഉടുത്തില്ലേലും നിന്നെ ഞാന്‍ ഉടുപ്പിക്കും...' എന്ന വീരവാദം മുഴക്കിയതാണവന്‍... അവനിപ്പോള്‍ നിന്ന് കരയുന്നു. സംരക്ഷണമെന്ന പണി ആണിന്റേത് എന്ന് പറഞ്ഞുറപ്പിച്ചു വെച്ചിട്ടുള്ള ഒരു സാമൂഹിക ഘടനയാണ്

നമുക്കുള്ളത്. സംരക്ഷണം കൊടുക്കാന്‍ കഴിയുന്നവന്‍ 'ആണ് പിറന്നൊന്‍' അല്ലേല്‍ 'ആമ്പറന്നോന്‍' എന്ന് വാഴ്തപ്പെടുന്ന ഇടമാണ് ഇത്. ആ വിധത്തില്‍ ആണ് പൊതുബോധം സൃഷ്ടിച്ചു വെച്ചിരിക്കുന്നത്. സ്ത്രീപക്ഷം എന്ന പേരില്‍ വരുന്ന സിനിമകളില്‍ പോലും രക്ഷകന്‍ ആയി ഒരു പുരുഷ കേസരി ഉണ്ടാകേണ്ടി വരുന്ന പടപ്പുകളെ അല്ലെ നമ്മള്‍ കണ്ടുകൊണ്ട് ഇരിക്കുന്നത്.

റാണിയിലെ ചെറുക്കന്‍ നഗ്‌നത അനാവൃതമായപ്പോള്‍ സ്വയം സംരക്ഷിക്കാന്‍ ആകാതെ നിന്ന് കരയുക ആണ്. അവന് എങ്ങനെ ഈ നഗ്നതയെ നേരിടണം എന്ന് അറിഞ്ഞൂടാ. എന്നാല്‍ പെണ്ണ് ആ വിധത്തില്‍ അല്ല പ്രതികരിക്കുന്നത്.

തുണിയുടുത്തിരിക്കുമ്പോള്‍ തന്നെയും ഉരിയപെടുന്ന അവസ്ഥ ഒരു പെണ്ണ് എന്ന നിലയില്‍ അവള്‍ പലതവണ മുന്‍പ് അനുഭവിച്ചത് തന്നെ ആകണം. തുറിച്ചുനോട്ടങ്ങളെ ഒട്ടേറെ തവണ അവള്‍ നേരിട്ടിട്ടുണ്ടാകണം. അത്‌കൊണ്ട് തന്നെ നഗ്നയായി നില്‍ക്കേണ്ടി വരുന്നത് അവള്‍ക്ക് പുതുമ അല്ല.

അവനെക്കാള്‍ നന്നായി അതിജീവനം അറിയാമവള്‍ക്ക്. അതാണ് അവളെ അവനില്‍ നിന്ന് വ്യത്യസ്തമാകുന്ന, അവളെ ശക്തിയാക്കുന്ന, ഏറ്റവും വലിയ ഘടകം. നഗ്‌നതയില്‍ ആകുമ്പോഴാകാം ഒരുപക്ഷേ നമ്മള്‍ എന്ത് എന്ന് വെളിപ്പെടുക. പുരുഷന്‍ ഇനിയുമേറെ പോകാനുണ്ട് ഒരു സ്ത്രീ ആകാന്‍ എന്നതാകാം ആ വെളിപാട്!

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT