കമല്‍ ഹാസനും ശിവാജി ഗണേശനും പ്രധാന കഥാപാത്രങ്ങളായ തേവര്‍ മകന്‍ സീക്വല്‍ വരുന്നു. 1992ല്‍ ഭരതന്‍ സംവിധാനം ചെയ്ത സിനിമയുടെ രണ്ടാം ഭാഗം ആലോചിക്കുന്നതായി കമല്‍ മൂന്ന് വര്‍ഷം മുമ്പ് പ്രഖ്യാപിച്ചിരുന്നു. മഹേഷ് നാരായണനായിരിക്കും തേവര്‍ മകന്‍ രണ്ടാം ഭാഗം തമിഴില്‍ ഒരുക്കുക എന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കമല്‍ഹാസനാണ് തിരക്കഥ. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടനെയുണ്ടാകുമെന്നാണ് സൂചന
വിക്രം, ഇന്ത്യന്‍ ടു എന്നീ സിനിമകള്‍ പൂര്‍ത്തിയായാല്‍ മഹേഷ് നാരായണന് വേണ്ടി തിരക്കഥയെഴുതുന്ന ചിത്രമുണ്ടെന്ന് കമല്‍ഹാസന്‍ കഴിഞ്ഞ ദിവസം മാതൃഭൂമി ചാനലിനോട് പറഞ്ഞിരുന്നു. ഈ സിനിമയാണ് തേവര്‍ മകന്‍ സെക്കന്‍ഡ്. തേവര്‍ മകന്‍ എന്ന സിനിമയുടെ തിരക്കഥയും കമല്‍ഹാസനായിരുന്നു. മാലിക്, സീ യു സൂണ്‍ എന്നീ സിനിമകള്‍ക്ക് ശേഷം മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രവുമാണ് തേവര്‍ മകന്‍ സെക്കന്‍ഡ്.
അഞ്ച് ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ തേവര്‍മകന്‍ ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രിയുമായിരുന്നു. തേവര്‍ മകനിലെ ശിവാജി ഗണേശന്‍, കമല്‍ ഹാസന്‍ എന്നിവരുടെ പ്രകടനവും ഏറെ ചര്‍ച്ചയായിരുന്നു.
വിശ്വരൂപം, ഇന്ത്യന്‍ എന്നീ സിനിമകള്‍ക്ക് ശേഷം രണ്ടാം ഭാഗം ഒരുങ്ങുന്ന കമല്‍ഹാസന്‍ ചിത്രവുമാണ് തേവര്‍ മകന്‍. ഇന്ത്യന്‍ സെക്കന്‍ഡ് പൂര്‍ത്തിയാക്കി തേവര്‍ മകനിലേക്ക് കടക്കാനായിരുന്നു കമലിന്റെ ആലോചന. നിരവധി പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇന്ത്യന്‍ സെക്കന്‍ഡ് നിര്‍ത്തിവച്ചിരിക്കുകയാണ്.
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിക്രം എന്ന സിനിമയിലാണ് കമല്‍ ഹാസന്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. ഫഹദ് ഫാസിലും വിജയ് സേതുപതിയും ഈ ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായുണ്ട്. ഗിരീഷ് ഗംഗാധരനാണ് ക്യാമറ.