ചേട്ടന് ഈ സിനിമയില്‍ അഭിനയിക്കാന്‍ സൗകര്യമുണ്ടോ എന്നായിരുന്നു 'ചുരുളി'യില്‍ അഭിനയിക്കാന്‍ ചെന്നപ്പോള്‍ ലിജോ ജോസ് പെല്ലിശേരിയുടെ ആദ്യ ചോദ്യമെന്ന് ജാഫര്‍ ഇടുക്കി. സെറ്റിലെത്താന്‍ താന്‍ ഒരല്‍പ്പം വൈകിയതിനാലാണ് ലിജോ അങ്ങനെ പറഞ്ഞതത്രേ. ലോക് ഡൗണും കൊറോണയൊന്നുമില്ലായിരുന്നുവെങ്കില്‍ പതിനാലോളം ചിത്രങ്ങള്‍ തന്റേതായി ഈ വര്‍ഷം തീയറ്ററില്‍ ഉണ്ടാകുമായിരുന്നുവെന്നും പുതിയ ചലചിത്ര വിശേഷങ്ങള്‍ ദ ക്യുവിനോട് പങ്കുവച്ചുകൊണ്ട് ജാഫര്‍ ഇടുക്കി.
നടുറോഡില്‍ നിന്നായിരുന്നു ആദ്യ ഡയലോഡ്
ഞാന്‍ മറ്റൊരു ചിത്രത്തിന്റെ ഷൂട്ടിംഗ് സംബന്ധമായി പാലക്കാടോ മറ്റോ നില്‍ക്കുമ്പോഴാണ് ചുരുളിയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിളിച്ച് പിറ്റേ ദിവസം രാവിലെ ഷൂട്ടുണ്ട് വരണം എന്നുപറയുന്നത്. എന്റെ നാടിനടുത്തുള്ള കുളമാവ് എന്ന സ്ഥലത്ത് വച്ചാണ് ഷൂട്ടിംഗ്. ലിജോ പെല്ലിശേരിയുടെ പടമെന്ന് പറയുമ്പോള്‍ വേറെ കഥയൊന്നും അറിയേണ്ട കാര്യമില്ലല്ലോ. ഞാന്‍ അപ്പോള്‍ തന്നെ അങ്ങോട്ട് തിരിച്ചെങ്കിലും രാത്രി വൈകിയാണ് എത്തിയത്. അതിരാവിലെ ആറ് മണിയ്ക്ക് കാടിനുള്ളില്‍ നല്ല മഞ്ഞുള്ള സമയത്തുള്ള ഷോട്ടാണ്, രാവിലെ തന്നെ എല്ലാവരും എത്തണം എന്നുപറഞ്ഞു. ഞാനാണെങ്കില്‍ യാത്രാക്ഷീണം കാരണം ഉറങ്ങിപ്പോയി. വിനയ് ഫോര്‍ട്ടും ഞാനുമുള്ള കോമ്പിനേഷന്‍ സീനായിരുന്നു അത്.
ചെമ്പന്‍ വിനോദടക്കം പലരും വന്ന് വിളിച്ചെങ്കിലും ഞാന്‍ വാതില്‍ തുറക്കുകയോ എഴുന്നേല്‍ക്കുകയോ ചെയ്തില്ല. പിന്നീട് എങ്ങനെയൊക്കെയോ ഒരുവിധം സെറ്റിലെത്തി. സമയം കഴിഞ്ഞുപോയിരുന്നു. ഞാന്‍ ചെന്നപാടെ ലിജോ അടുത്ത് വന്ന് പറഞ്ഞതിങ്ങനെയാണ്. ചേട്ടാ ജെല്ലിക്കെട്ടില്‍ ചേട്ടന്‍ വല്യ തരക്കേടില്ലാതെ അഭിനയിച്ചാര്‍ന്നു. ചേട്ടന്റെ അഭിനയത്തിന് നല്ല അഭിപ്രായം ഉണ്ട്. അതുകൊണ്ടാണ് ഇതിലേയ്ക്കും വിളിച്ചത്, ചേട്ടന് ഈ സിനിമയില്‍ അഭിനയിക്കാന്‍ സൗകര്യമുണ്ടോ. അല്ലെങ്കില്‍ ഇപ്പോള്‍ പറയണം. ഞാനൊരല്‍പ്പം വൈകിയതിനുള്ള അദ്ദേഹത്തിന്റെ പ്രതികരണമായിരുന്നു അത്. വളരെ സീരിയസായിട്ടായിരുന്നു ലിജോ അത് പറഞ്ഞതെന്ന് ആ മുഖത്ത് നിന്നു നമുക്ക് മനസ്സിലാകും. ഞാന്‍ ഉടനെ പറഞ്ഞു. എന്റെ പൊന്നുസാറേ ഞാന്‍ ഇത്തിരി കിടന്നുറങ്ങിപ്പോയി. ഇനി ഈ സിനിമയില്‍ അഭിനയിച്ചിട്ടുതന്നെ ബാക്കി കാര്യം. അതു പറഞ്ഞുതീര്‍ന്നതും ആ സീനിലേയ്ക്കുള്ള പ്രോപര്‍ട്ടിവരെ എന്റെ കയ്യിലെത്തി. നടുറോഡില്‍ നിന്നായിരുന്നു ആദ്യ ഡയലോഡ് പറഞ്ഞത്.
ഷൂട്ടിനിടയില്‍ ബ്രേക്ക് പറയാന്‍ മറന്നുപോകുന്ന സംവിധായകന്‍
ലിജോയ്ക്ക് ഷൂട്ടിംഗിനിടയില്‍ ബ്രേക്ക് പറയാന്‍ ഭയങ്കര മടിയാണ്. ബ്രേക്ക് ഫാസ്റ്റിനും ലഞ്ചിനുമൊക്കെ എടുക്കുന്ന ബ്രേക്ക് ടൈം കൂടി ഒഴിവാക്കി കിട്ടിയാല്‍ അത്രയും സന്തോഷം എന്നുപറയുന്ന ആളാണ് അദ്ദേഹം. ചുരുളിയുടെ ഷൂട്ടിനിടയില്‍ ഉണ്ടായ ഒരു സംഭവം പറയാം. ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുകയാണ്. എല്ലാവരും പത്തുമണി കാപ്പിയൊക്കെ കുടിച്ചിട്ടാണ് സെറ്റിലെത്തിയത്. പിന്നെ തിരക്കായിരുന്നു. ഉച്ചയ്ക്കത്തെ ലഞ്ച് ബ്രേക്ക് പറഞ്ഞത് വൈകിട്ട് ആറുമണിയ്ക്കായിരുന്നു. ലിജോ ബ്രേക്ക് പറയാന്‍ മറന്നുപോയതായിരുന്നു അത്.
ലിജോയെ സംബന്ധിച്ച് സിനിമ പൂര്‍ത്തികരിക്കുക എന്നതാണ് എറ്റവും മുഖ്യം. നാച്വറാലിറ്റിയാണ് പുള്ളിയുടെ മെയ്ന്‍. ചുരുളി പൂര്‍ണ്ണമായും കാടിനുള്ളില്‍ പൂര്‍ത്തിയാക്കിയ ചിത്രമാണ്. വേറൊരു സംഭവം പറയാം. കാടിനുള്ളിലെ കള്ളുഷാപ്പ് നടത്തുന്ന കഥാപാത്രമാണ് എന്റേത്. ഒരു ദിവസം ഷാപ്പിലെ അടുക്കള സീന്‍ ഷൂട്ട് ചെയ്യുകയാണ്. അതില്‍ അടുക്കളയില്‍ കറിവെപ്പുകാരിയായി വന്നത് ഒന്നുരണ്ട് സിനിമകളിലൊക്കെ അഭിനയിച്ചിട്ടുള്ള ഒരു കുട്ടിയായിരുന്നു. പെട്ടെന്ന് ലിജോ വന്ന് പറഞ്ഞു ഈ കുട്ടി ശരിവാവില്ല. എന്നിട്ട് അവിടെ ഷൂട്ടിംഗ് കാണാന്‍ വന്ന നാട്ടുകാരിയായ ചേച്ചിയോട് അഭിനയിക്കാമോ എന്നുചോദിച്ചു. പുള്ളിക്കാരിയാണെങ്കില്‍ തൊഴിലുറപ്പിനൊക്കെ പോകുന്ന ആളാ. അന്ന് എന്തോ ഭാഗ്യത്തിന് പോയില്ല. ലിജോയുടെ ചോദ്യം കേട്ട ചേച്ചി അടുത്തുനിന്ന ഭര്‍ത്താവിനെ നോക്കി. ചേട്ടന്‍ യെസ് മൂളിയതോടെ നാട്ടുകാരി ചേച്ചി ഷാപ്പിലെ കറിവെപ്പുകാരിയായി. ഇതില്‍ ഏറ്റവും രസം അവര്‍ ഒറ്റടേക്കില്‍ ആ ഷോട്ട് ഒക്കെയാക്കി എന്നതാണ്. അതുപോലെ ആദിവാസിമൂപ്പനെയുമൊക്കെ ഇതില്‍ അഭിനയിപ്പിച്ചിട്ടുണ്ട്.
കൊറോണ മുടക്കിയത് എന്റെ 14 സിനിമ
ചുരുളി കൂടാതെ പതിനാലോളം ചിത്രങ്ങളാണ് എന്റേതായി ഈ വര്‍ഷം ഇറങ്ങാനുണ്ടായിരുന്നത്. ഞാന്‍ അധികവും കോമഡി കഥാപാത്രങ്ങളാണല്ലോ ചെയ്യുന്നത്. എന്നാല്‍ ഈ ഇറങ്ങാനുള്ള ചിത്രങ്ങളില്‍ 2-3 എണ്ണം ഒഴിച്ച് ബാക്കിയെല്ലാത്തിലും സീരിയസ് ക്യാരക്ടറാണ് കൈകാര്യം ചെയ്തിരിക്കുന്നത്. സൗബിന്‍ നാകനാകുന്ന ജിന്ന്, കര്‍ണ്ണന്‍ നെപ്പോളിയന്‍ ഭഗത്സിംഗ്, ദീലിപിന്റെ കേശു ഈ വീടിന്റെ നാഥന്‍ അടക്കമുള്ള ചിത്രങ്ങളാണ് ഇനി ഇറങ്ങാനുള്ളത്.
ബിലാലില്‍ ഷംസുവുണ്ട്, പക്ഷേ ബിസിനസ് വേറെയാ
ഡോഗ് ഷംസുവിനെ മലയാളികള്‍ ഒരിക്കലും മറക്കില്ല, അല്‍സേഷ്യനാ മുറ്റ് ഇനമാ എന്ന് മമ്മൂട്ടിയോട് പറയുന്ന സീന്‍ ഇന്നും ആഘോഷിക്കപ്പെടുന്നു. ബിലാല്‍ ടു വരുന്നുവെന്ന വാര്‍ത്ത വന്നതിനു പിന്നാലെ സോഷ്യല്‍ ലോകം തിരഞ്ഞത് രണ്ടാം ഭാഗത്തിലും ഡോഗ് ഷംസുവുണ്ടാകുമോ എന്നായിരുന്നു. ഷംസുവായി ജാഫറിക്ക ചിത്രത്തിലുണ്ടോ എന്ന ചോദ്യത്തിന് തന്ന മറുപടി ഇങ്ങനെ.
ബിഗ് ബിയ്ക്ക് ശേഷം അതിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന വാര്‍ത്ത വന്നുതുടങ്ങിയപ്പോള്‍ മുതല്‍ ഒരു രണ്ടുമുന്നാല് കൊല്ലം രണ്ടാം ഭാഗത്തില്‍ ഞാനുണ്ടോ എന്ന ചോദ്യം കേട്ട് മറുപടിയില്ലാതെ ഇരുന്നിരുന്ന് ഒടുവില്‍ എനിക്കതിനൊരുത്തരം കിട്ടി. ആദ്യമൊക്കെ എനിക്കറിയാന്‍ പാടില്ല അവര്‍ വിളിച്ചാല്‍ പോയി അഭിനയിക്കുമെന്നൊക്കെ പറഞ്ഞു. പിന്നീട് അഞ്ചാം പാതിരയുടെ ഡബ്ബിംഗിന് സ്റ്റുഡിയോയില്‍ ചെന്ന സമയം. എന്റെ അടുത്തായി ഒരാള്‍ ഇരിപ്പുണ്ട്. സത്യം പറഞ്ഞാല്‍ എനിക്ക് പുള്ളിയെ മനസ്സിലായില്ല. അന്നേരം അഞ്ചാം പാതിരയുടെ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് എന്നോട് ചോദിച്ചു, ചേട്ടന് ഉണ്ണി ആറിനെ പരിചയമില്ലേ എന്ന്, ഞാന്‍ തിരിച്ചു ചോദിച്ചു ഏത് ഉണ്ണി ആറ്. എന്റെ നാട്ടുകാരനനായ ഉണ്ണി ആറാണ് എന്റെ അടുത്തിരിക്കുന്നത്. അതായത് ബിഗ് ബി എഴുതിയ ആള്‍. അതെനിക്ക് അറിയാന്‍ പാടില്ലായിരുന്നു. ഞാന്‍ വേഗം അദ്ദേഹത്തിനടുത്തെത്തി ക്ഷമിക്കണം എനിക്ക് മനസ്സിലായില്ലായിരുന്നുവെന്ന് പറഞ്ഞു. എന്നിട്ട് അദ്ദേഹത്തോട് തന്നെ ചോദിച്ചു, ബിലാല്‍ 2 അനൗണ്‍സ് ചെയ്യതുമുതല്‍ ഞാനും അതിലുണ്ടോ എന്നാണ് എല്ലാവരും ചോദിക്കുന്നത്, ഞാന്‍ സിനിമയിലുണ്ടോ സര്‍, ഉടനെ അദ്ദേഹം പറഞ്ഞ മറുപടി ഇങ്ങനെ. പിന്നെ ഇല്ലാതെ ഷംസു ബിലാലിലുമുണ്ട്, പക്ഷേ പട്ടി പൂച്ച ബിസിനസ് ഒന്നുമല്ല, കുറച്ചുകൂടി ഹൈക്ലാസായിട്ടായിരിക്കും ഇതില്‍ ഷംസുവിന്റെ വരവവെന്ന്. പിന്നീട് ഡേറ്റ് വരെ തീരുമാനിച്ച് അഞ്ചാറ് ദിവസം ഷൂട്ടിംഗ് ചെയ്തതാണ്. അപ്പോഴല്ലേ ലോക് ഡൗണ്‍ വന്നത്. എന്തായാലും ആ ചോദ്യത്തിനുള്ള ഉത്തരമായി ബിലാലില്‍ ഷംസുവുണ്ട്, പുതിയ ബിസിനസുമായി.