Movie Exclusive

ഡാനിയൽ ഡേ ലൂയിസും മമ്മൂട്ടിയും

ഡാനിയൽ ഡേ ലൂവിസിനെപ്പോലെ ഉന്മാദത്തോടടുത്തുനില്ക്കുന്ന തരം പരിശീലനപദ്ധതികളിലൂടെ മമ്മൂട്ടി കടന്നുപോയിട്ടുണ്ടാകില്ല. സ്വന്തം വ്യക്തിത്വത്തെ പോലും ഹനിച്ചും ത്യജിച്ചുമുള്ള അത്തരം ഒരുക്കങ്ങൾ ഒരു നടൻ ചെയ്യേണ്ടതുണ്ടോ എന്ന കാര്യത്തിൽ അഭിനേതാക്കൾക്കും നിരൂപകർക്കും ചലച്ചിത്രപണ്ഡിതർക്കും ഭിന്നാഭിപ്രായങ്ങളുണ്ടു താനും! ക്ലാസിക് അഭിനയശൈലിയുടെ പ്രയോക്താവും മെതേഡ് ആക്ടിങ് രീതിയെ പ്രാധാന്യത്തിലെടുക്കാതിരിക്കുകയും ചെയ്ത വിഖ്യാത നടൻ ലോറൻസ് ഒളിവിയറുമായി ബന്ധപ്പെട്ട് ഒരു കഥയുണ്ട്.

ലോകത്തെ ഏറ്റവും മികച്ച നടനുള്ള ഓസ്കർ പുരസ്ക്കാരം ഏറ്റവുമധികം തവണ നേടിയ വിഖ്യാത നടനാണ് ഡാനിയൽ ഡേ ലൂവിസ് ! 3 തവണ ! മറ്റൊരു മൂന്നു തവണ നോമിനേഷൻ നേടുകയും ചെയ്തു. ഇന്ന് ജീവിച്ചിരിക്കുന്ന മെതേഡ് ആക്ടേഴ്സിൽ ഏറ്റവും മികച്ചവൻ എന്ന് ലോകം വാഴ്ത്തുന്ന നടൻ !

മനസ്സുകൊണ്ടും ശരീരം കൊണ്ടും എന്തിന് ചിന്തകൾ കൊണ്ടുപോലും കഥാപാത്രമാകാൻ ശ്രമിക്കുന്ന, അഭിനയത്തെ ഏറവും തീക്ഷ്ണമായ അനുഭവപ്രക്രിയയായി സ്വാംശീകരിച്ചിട്ടുള്ള നടനാണ് ഡാനിയൽ ഡേ ലൂവീസ്. ഓരോ കഥാപാത്രത്തിലേയ്ക്കുമുള്ള പരകായപ്രവേശത്തിന് സ്വയം ഒരുക്കിയെടുക്കാനായി, ഒരു മനുഷ്യനെ ആന്തരികമായും ശാരീരികമായും അങ്ങേയറ്റം തളർത്തിക്കളയും വിധത്തിലുള്ള അതിതീവ്രമായ ആത്മസമർപ്പണ നടനവഴികളിലൂടെയാണ് ലൂവിസ് സഞ്ചരിച്ചത്.അതിനുവേണ്ടി അദ്ദേഹം അനുവർത്തിച്ച, ഭ്രാന്തമെന്നു വരെ വിളികേട്ട, മെതേഡ് ആക്ടിങ്ങിനോട് അനുബന്ധമായി കൂടുതൽ സൃഷ്ടിപരമായി സ്വയമേവ നടപ്പാക്കിയ പരിശീലനരീതികൾ പലതും ഒപ്പം അഭിനയിക്കുന്ന നടന്മാരെയും നിരൂപകരെയും വരെ അമ്പരപ്പിക്കും വിധത്തിലുള്ളവയായിരുന്നു.

'മൈ ലെഫ്റ്റ് ഫുട്ട് ' എന്ന ചിത്രത്തിൽ സെറിബ്രൽ പാൽസി ബാധിച്ച് വീൽ ചെയറിൽ തളച്ചിടപ്പെട്ട നായകകഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ ചിത്രീകരണത്തിൻ്റെ ഇടവേളകളിൽ പോലും ലൂവിസ് കഥാപാത്രത്തിൽ നിന്നു പുറത്തിറങ്ങാൻ തയ്യാറായില്ല. എട്ടു മാസത്തോളം നീണ്ട ചിത്രീകരണകാലത്ത് ഉടനീളം, പലപ്പോഴും ക്രൂവിനെ അലോസരപ്പെടുത്തും വിധത്തിൽ, അദ്ദേഹം വീൽചെയറിൽ തന്നെ തുടർന്നു. ഇടതുകാൽ മാത്രം ചലിപ്പിക്കാൻ കഴിയുന്ന തൻ്റെ കഥാപാത്രമായിത്തന്നെ സെറ്റിൽ ജീവിച്ച ലൂവിസിന് യൂണിറ്റംഗങ്ങൾ ഭക്ഷണം വായിൽ വച്ചു കൊടുത്ത് കഴിപ്പിക്കേണ്ടിവന്നിരുന്നു. ക്യാമറയ്ക്കും ലൈറ്റിംഗ് ഉപകരണങ്ങൾക്കും മുകളിലൂടെ വീൽ ചെയർ സഹിതം അദ്ദേഹത്തെ ക്രൂ അംഗങ്ങൾക്ക് എടുത്തുയർത്തിമാറ്റേണ്ടിവന്നിരുന്നു. അത്തരം സന്ദർഭങ്ങളിൽ സെറ്റിലുണ്ടായ മുറുമുറുപ്പുകളെയും അസ്വസ്ഥജനകമായ പ്രതികരണങ്ങളെയും തൻ്റെ കഥാപാത്രത്തിൻ്റെ ജീവിതത്തിലെ അവഹേളനങ്ങളുമായി താദാത്മ്യപ്പെടുത്തിക്കൊണ്ട് ആന്തരികമായി ഒരുങ്ങാനുള്ള പരിശീലനത്തിൻ്റെ ഭാഗമാക്കുകയായിരുന്നു ഡാനിയൽ ഡേ ലൂവിസ്.

ലണ്ടനിലെ നാഷണൽ തിയേറ്ററിൽ 'ഹാംലെറ്റ് ' എന്ന നാടകത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ഹാംലറ്റിൻ്റെ പിതാവിൻ്റെ പ്രേതം പ്രത്യക്ഷപ്പെടുന്ന രംഗത്തിൽ അനിയന്ത്രിതമായി പൊട്ടിക്കരഞ്ഞുപോയ ലൂവിസിന് തുടർന്ന് അഭിനയിക്കാൻ കഴിയാത്ത അവസ്ഥയുണ്ടായി. തൻ്റെ സ്വന്തം പിതാവിൻ്റെ പ്രേതത്തെ നേരിട്ടുകണ്ടുവെന്നാണ് പിന്നീട് ലൂവിസ് ആ അനുഭവത്തെക്കുറിച്ച് പറയുകയുണ്ടായത്. (പിന്നീടൊരിക്കലും അദ്ദേഹം നാടകങ്ങളിൽ അഭിനയിക്കുകയുണ്ടായില്ല). പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കപ്പെട്ട 'ഗാങ്സ് ഓഫ് ന്യൂയോർക്ക്' എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരുന്ന വേളയിൽ ന്യുമോണിയ ബാധിച്ചപ്പോൾ ലൂവിസ് വൈദ്യസഹായം തേടാൻ തയ്യാറായില്ല. പതിനേഴാം നൂറ്റാണ്ടിലെ കഥ പറഞ്ഞ 'ദി ക്രൂസിബിൾ' എന്ന സിനിമ ചെയ്യുന്ന സമയത്ത് അദ്ദേഹം അക്കാലത്തെ ഒരു വീടിൻ്റെ സെറ്റിൽ വൈദ്യുതിയും വെള്ളവുമില്ലാതെ മാസങ്ങൾ ജീവിക്കുകയുണ്ടായി.ഇങ്ങനെ തികഞ്ഞ വൈചിത്ര്യങ്ങളോടെ തൻ്റെ കഥാപാത്രങ്ങളുടെ പൂർണ്ണതയ്ക്കായി പ്രയത്നിച്ച ഡാനിയൽ ഡേ ലൂവിസ് 2017-ൽ അഭിനയരംഗത്തു നിന്ന് വിരമിച്ചു. എന്തു കൊണ്ടാണ് അങ്ങനെയൊരു തീരുമാനമെന്ന ചോദ്യത്തിന് മറുപടിയായി ലൂവിസ് ഇങ്ങനെ പറഞ്ഞു,

"ഞാൻ ചെയ്യുന്നതെന്തായാലും അതിൻ്റെ മൂല്യത്തിൽ എനിക്ക് സ്വയം വിശ്വാസമുണ്ടാവേണ്ടതുണ്ട്. അത് ഒഴിച്ചുകൂടാൻവയ്യാത്ത വിധം പ്രാധാന്യമുള്ളതും തടഞ്ഞുനിർത്താൻ കഴിയാത്തതും സന്തുലിതവുമായി തോന്നാം. ഒരു പ്രേക്ഷകന് എൻ്റെ അഭിനയത്തെ വിശ്വാസ്യകരമായി അനുഭവപ്പെടുന്നുണ്ടെങ്കിൽ, അതു മതി. പക്ഷേ, ഈയിടെയായി, അതു പോരാ എന്നെനിക്കു തോന്നുന്നു"

Daniel Day-Lewis as William "Bill the Butcher" Cutting

അഭിനയത്തെ വൈകാരികതലത്തിൽ വിശ്വാസ്യയോഗ്യമാക്കിത്തീർക്കുകയെന്നത് താരതമ്യേന എളുപ്പമാണ്. ഒരു കഥാപാത്രത്തിൻ്റെ ജീവിതസന്ദർഭങ്ങളോട് വൈകാരികമായി ചേർന്നുസഞ്ചരിക്കാൻ കഴിഞ്ഞാൽ ഒരു നടൻ കഥാപാത്രമായി ജീവിച്ചുവെന്ന് ഒരു സാധാരണ പ്രേക്ഷകന് അനുഭവപ്പെടും വിധത്തിൽ ആ പ്രകടനം മാറിയേക്കാം. (അഭിനയമെന്നാൽ ബിഹേവിങ് എന്ന് തെറ്റിദ്ധരിപ്പിക്കപ്പെടുന്ന പുതിയ കാലത്ത് പ്രത്യേകിച്ചും !). എന്നാൽ ഗൗരവസ്വഭാവിയായ ഒരു പ്രേക്ഷകന് കഥാപാത്രത്തെയല്ല, മറിച്ച് ആ നടൻ്റെ വ്യക്തിത്വത്തെയും പ്രതികരണസ്വഭാവങ്ങളെയും തന്നെയല്ലേ സ്ക്രീനിൽ കണ്ടതെന്ന സന്ദേഹമുണ്ടാകാനിടയുണ്ട്. ഗൗരവസ്വഭാവിയായ ആ പ്രേക്ഷകനെ മുൻനിർത്തിക്കൂടിയാകാം ഡാനിയൽ ഡേ ലൂവിസ് തൻ്റെ അഭിനയത്തിൻ്റെ മൂല്യത്തെ വിലയിരുത്തിയതെന്നും ക്യാമറയ്ക്കു മുമ്പിൽ നിന്ന് വിരമിച്ചതെന്നും നിരീക്ഷണങ്ങളുണ്ടായിട്ടുണ്ട്. കൂടുതൽ കഥാപാത്രങ്ങളെ അവതരിപ്പിക്കുംതോറും ഒരു നടൻ്റെ അഭിനയം കൂടുതൽ പരിചിതമാവുകയും അതിനാൽത്തന്നെ കൂടുതൽ പ്രവചനാത്മകമാവുകയും (predictable) ചെയ്യുമെന്നത് സാമാന്യയുക്തിയാണ്. അത്തരമൊരു അവസ്ഥ തന്നിലെ നടന് സംഭവിക്കാതിരിക്കാൻ 35 വർഷം നീണ്ട അഭിനയജീവിതത്തിൽ വെറും 21 ചിത്രങ്ങളിൽ മാത്രം അഭിനയിച്ച്, കരിയർ അവസാനിപ്പിച്ച ലൂവിസ് ജാഗരൂകനായിരുന്നുവെന്ന് അനുമാനിക്കാവുന്നതാണ്.44 വർഷത്തെ സജീവചലച്ചിത്രജീവിതത്തിൽ 425 സിനിമകളിൽ അഭിനയിച്ച മമ്മൂട്ടി എന്ന നടനെ വിലയിരുത്തുമ്പോൾ ഡാനിയൽ ഡേ ലൂവിസിനെ ഓർമ്മിക്കുന്നത് കൗതുകകരമായ ഒരു പ്രസക്തി സൃഷ്ടിക്കുന്നുണ്ട്.

ലൂവിസും മമ്മൂട്ടിയും മെതേഡ് ആക്ടിങ് എന്ന ശൈലീകൃതാഭിനയ ശൈലി പിന്തുടരുന്നവരാണ്. ഡാനിയൽ ഡേ ലൂവിസിനെപ്പോലെ ഉന്മാദത്തോടടുത്തുനില്ക്കുന്ന തരം പരിശീലനപദ്ധതികളിലൂടെ മമ്മൂട്ടി കടന്നുപോയിട്ടുണ്ടാകില്ല. സ്വന്തം വ്യക്തിത്വത്തെ പോലും ഹനിച്ചും ത്യജിച്ചുമുള്ള അത്തരം ഒരുക്കങ്ങൾ ഒരു നടൻ ചെയ്യേണ്ടതുണ്ടോ എന്ന കാര്യത്തിൽ അഭിനേതാക്കൾക്കും നിരൂപകർക്കും ചലച്ചിത്രപണ്ഡിതർക്കും ഭിന്നാഭിപ്രായങ്ങളുണ്ടു താനും! ക്ലാസിക് അഭിനയശൈലിയുടെ പ്രയോക്താവും മെതേഡ് ആക്ടിങ് രീതിയെ പ്രാധാന്യത്തിലെടുക്കാതിരിക്കുകയും ചെയ്ത വിഖ്യാത നടൻ ലോറൻസ് ഒളിവിയറുമായി ബന്ധപ്പെട്ട് ഒരു കഥയുണ്ട്. 'മാരത്തോൺ മാൻ' എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരുന്നപ്പോൾ ചിത്രത്തിലെ നായകനും മെതേഡ് ആക്ടിങ് ശൈലി പിന്തുടരുന്ന പ്രശസ്ത നടനുമായ ഡസ്റ്റിൻ ഹോഫ്മാൻ തൻ്റെ കഥാപാത്രത്തിൻ്റെ ഉറക്കമില്ലാത്ത അവസ്ഥയെ ആവിഷ്ക്കരിക്കുന്നതിനായി മൂന്നു ദിവസത്തോളം ഉറങ്ങാതെയിരുന്നു. ഇക്കാര്യമറിഞ്ഞ, ചിത്രത്തിൽ സഹഅഭിനേതാവായി ഉണ്ടായിരുന്ന ലോറൻസ് ഒളിവിയർ ഡസ്റ്റിൻ ഹോഫ്മാനോട് "പ്രിയപ്പെട്ട ചെറുപ്പക്കാരാ ... നിങ്ങൾ ചുമ്മാ അങ്ങ് അഭിനയിച്ചു നോക്കുകമാത്രം ചെയ്യാത്തതെന്ത് ?" എന്ന് ചോദിച്ചുവത്രേ.

കഥാപാത്രമായുള്ള പരകായപ്രവേശത്തിൻ്റെ കാര്യത്തിൽ സ്വാഭാവികനടന്മാരേക്കാൾ കൂടുതൽ സൃഷ്ടിപരമായി മുന്നിൽ നില്ക്കുന്നത് മെതേഡ് ആക്ടേഴ്സാണ് എന്നത് ലോകാനുഭവമാണ്. സ്റ്റാനിസ്ലോവ്സ്ക്കിയുടെ 'സിസ്റ്റ'ത്തിൻ്റെ തുടർച്ചകളായി ലീ സ്ട്രാസ്ബെർഗും സ്റ്റെല്ല ആഡ്ലറും മൈക്കിൾ ചെഖോവും സാൻഫഡ് മൈസ്നറും ഉറ്റ ഹെയ്ഗനും വിയോള സ്പോലിനുമെല്ലാം രൂപം കൊടുത്ത മെതേഡ് ആക്ടിങ്ങിൻ്റെ വിവിധ രൂപാന്തരങ്ങൾ ലോകസിനിമയിലെ അതിഗംഭീരന്മാരായ അഭിനേതാക്കളെ സൃഷ്ടിക്കുകയുണ്ടായി.

റോബർട്ട് ഡിനീറോയും അൽപച്ചീനോയും മർലൻ ബ്രാൻഡോയും ഡാനിയൽ ഡേ ലൂവീസും ഡസ്റ്റിൻ ഹോഫ്മാനും വോക്വിൻ ഫീനിക്സും ലിയനാർഡോ ഡികാപ്രിയോയുമെല്ലാം ഉദാഹരണങ്ങളാകുന്നു. കഥാപാത്രത്തിൻ്റെ വൈകാരികാവസ്ഥകളോടും ജീവിതസന്ദർഭങ്ങളോടും താദാത്മ്യം പ്രാപിക്കുന്ന സ്വാഭാവികനടനപ്രക്രിയയിൽ നിന്ന് ഒരു പടി കൂടി കടന്ന് കഥാപാത്രത്തിൻ്റെ സാമൂഹികാവസ്ഥകളെയും അതുവഴി കൂടുതൽ സമഗ്രമായ ആന്തരികതലത്തെയും കൂടി ആവിഷ്ക്കരിക്കാനുള്ള ത്വരയും പ്രയത്നവും മെതേഡ് ആക്ടേഴ്സിൽ കാണാം. അത്തരത്തിൽ ഏറ്റവും ഗൗരവസ്വഭാവത്തോടെ അഭിനയിക്കുന്ന ശൈലീകൃതാഭിനേതാക്കളിൽ മുൻപേരുകാരനായ ഡാനിയൽ ഡേ ലൂവിസ് കേവലം 21 കഥാപാത്രങ്ങൾക്കപ്പുറം സന്ദേഹിയായി തൻ്റെ അഭിനയജീവിതം അവസാനിപ്പിക്കുമ്പോഴാണ് ഈ കൊച്ചു മലയാളക്കരയിൽ ഒരു നടൻ 425 കഥാപാത്രങ്ങൾക്കപ്പുറവും താൻ എന്ന വ്യക്തിയെ പരിപൂർണ്ണമായി മായ്ച്ചുകളഞ്ഞ് രൂപത്തിലും നടപ്പിലും ഭാഷയിലും എടുപ്പിലും ചിരിയിലും ചേഷ്ടകളിലും അലർച്ചയിലും നോട്ടത്തിലുമെന്നു വേണ്ടാ ഹൃദയത്തിൽ പോലും കഥാപാത്രമായി പരകായപ്രവേശം നടത്തി പ്രേക്ഷകനെ വിസ്മയിപ്പിക്കുന്നത്.

കൊടുമൺപോറ്റിയായി മമ്മൂട്ടി രംഗത്തു വരുന്ന ഓരോ നിമിഷവും കേവലമൊരു കഥാപാത്രത്തിൻ്റെ ജീവിതവും ഭാവപ്രകടനങ്ങളും മാത്രമല്ല പ്രേക്ഷകനു മുമ്പിൽ വിടർന്നുവരുന്നത്. മറിച്ച് പോറ്റി പ്രതിനിധാനം ചെയ്യുന്ന കാലവും സാമൂഹ്യാവസ്ഥകളും അവയോട് അനുബന്ധമായി വരുന്ന ചരിത്രത്തിൻ്റെ അധികാരരാഷ്ട്രീയവും ഇവയെല്ലാം ഉൾച്ചേർന്ന ഒരു ഭൂമികയും അഭിനയത്തിൻ്റെ അടരുകളിൽ അടയാളപ്പെടുത്തിക്കൊണ്ടുതന്നെയുള്ള ലോകോത്തരമായ ഒരു വേഷപ്പകർച്ചയാണ് മലയാളസിനിമയുടെ വെള്ളിത്തിരയിൽ നിറഞ്ഞാടുന്നത്. ലോകസിനിമയിലെ അതികായന്മാർക്കൊപ്പം തോളുരുമ്മിനിന്നുകൊണ്ട്,കണ്ടതിനേക്കാൾ വലുതാണ് കാണാനിരിക്കുന്ന തന്നിലെ നടനെന്ന് 73-ാം വയസ്സിൽ മമ്മൂട്ടി വീണ്ടും വീണ്ടും പ്രഖ്യാപിക്കുന്നത് എന്തൊരാനന്ദകരമായ കാഴ്ച!

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT