Movie Exclusive

അഭിനയം ഒരു ഫ്‌ളോയിലങ്ങ് സംഭവിച്ചതാണ് : ബേസില്‍ ജോസഫ് അഭിമുഖം

വി എസ് ജിനേഷ്‌

മലയാളത്തില്‍ ഷോര്‍ട്ട് ഫിലിമുകള്‍ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയ സമയത്താണ് ബേസില്‍ ജോസഫ് എന്ന പേര് അറിഞ്ഞു തുടങ്ങുന്നത്. ‘ശ്’, ‘പ്രിയംവദ കാതരയാണോ’, ‘ഒരു തുണ്ടു പടം’, തുടങ്ങിയ ഹൃസ്വ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ബേസില്‍, വിനീത് ശ്രീനിവാസനെ നായകനാക്കി കുഞ്ഞിരാമായണവും ടൊവിനോയെ നായകനാക്കി ഗോധയും സംവിധാനം ചെയ്തുകൊണ്ട് മലയാള സിനിമയിലും ഇടം നേടി. ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായിരിക്കുമ്പോള്‍ തന്നെ ചെറിയ കഥാപാത്രങ്ങളിലൂടെ അഭിനേതാവായും ബേസില്‍ സ്‌ക്രീനിലെത്തി. ആദ്യമെല്ലാം സുഹൃത്ത് ബന്ധങ്ങളില്‍ രൂപപ്പെട്ട ചെറിയ കഥപാത്രങ്ങളായിരുന്നുവെങ്കില്‍ പതുക്കെ അതിനപ്പുറത്തേക്ക് കാര്യങ്ങള്‍ മാറി. ഈ വര്‍ഷം പുറത്തിറങ്ങിയ ‘കക്ഷി അമ്മിണിപ്പിള്ള’യിലെ മാപ്പിളപ്പാട്ട് ഗായകനും ‘മനോഹര’ത്തിലെ പ്രഭുവുമെല്ലാം അതിന്റെ തുടര്‍ച്ചയാണ്.

അഭിനയം പ്ലാന്‍ ചെയ്തതല്ലെന്നും സംഭവിച്ചു പോയതാണെന്നും ബേസില്‍ പറയുന്നു. സിനിമയില്‍ ആദ്യ പ്രയോറിറ്റി സംവിധാനത്തിന് തന്നെയാണ്. ഇടവേളകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്യണമെന്നാണ് ആഗ്രഹം. എങ്കിലും മനോഹരത്തിലെ പോലെ മുഴുനീള കഥാപാത്രം ചെയ്തത് അതിന്റെ ഗൗരവത്തോടെ ആയിരുന്നു. മനോഹരത്തിലെ പ്രഭു എന്ന കഥാപാത്രത്തിലൂടെ അഭിനേതാവായും തിളങ്ങുന്ന ബേസില്‍ ജോസഫ് ദ ക്യൂവിന് നല്‍കിയ അഭിമുഖം.

ചെറിയ കഥാപാത്രങ്ങളിലാണ് ബേസിലിനെ സ്‌ക്രീനില്‍ കണ്ട് തുടങ്ങുന്നത്. പലതും ഒരു ഫ്രണ്ട് സര്‍ക്കിളിനകത്തു നില്‍ക്കുന്ന ചിത്രമായിരുന്നു. വന്നു പോകുന്ന കഥാപാത്രങ്ങള്‍. അതില്‍ നിന്ന് മാറി സിനിമയില്‍ ത്രൂ ഔട്ടുള്ള കഥാപാത്രമാണ് മനോഹരത്തിലേത്. എങ്ങനെയാണ് ഈ സിനിമയിലേക്ക് എത്തുന്നത്.?

മനോഹരത്തിന്റെ സംവിധായകന്‍ അന്‍വറിയ്ക്കക്ക് പടയോട്ടത്തിലെയും മായാനദിയിലെയുമെല്ലാം ഞാന്‍ ചെയ്ത ക്യാരക്ടര്‍ ഇഷ്ടപ്പെട്ടിരുന്നു. ഇതുവരെ സിനിമയില്‍ മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന കഥാപാത്രമൊന്നും ചെയ്തിട്ടില്ലെങ്കിലുംം ഈ സിനിമയിലെ പ്രഭുവെന്ന ക്യാരക്ടര്‍ ചെയ്യിക്കാമെന്ന് അന്‍വറിക്കയ്ക്ക് തോന്നി. അങ്ങനെ സ്‌ക്രിപ്റ്റ് കേട്ടു, അപ്പോള്‍ രസമായിട്ട് തോന്നി. പിന്നെ വിനീതേട്ടനടക്കം ഒരു സൗഹൃദ കൂട്ടായ്മയുള്ള ചിത്രം കൂടിയാണല്ലോ

ആദ്യം മുതല്‍ അവസാനം വരെയുള്ള ഒരു കഥാപാത്രം ചെയ്യുമ്പോള്‍ അതിന്റെ ടെന്‍ഷനുണ്ടായിരുന്നോ ? സത്യത്തില്‍ ഇത്ര സീരിയസായിട്ട് അഭിനയം കണ്ടിരുന്നോ ?

മുന്‍പ് ചെയ്തിരുന്നതക്കൊ ഒരു ഫ്‌ളോയിങ്ങ് വന്നതാണ്, അല്ലാതെ അഭിനയിക്കണമെന്ന ആഗ്രഹത്തിലല്ല, സംവിധായകന്‍ എന്ന പേരിലാണല്ലോ നമ്മുടെ ഐഡിന്റിറ്റി. പിന്നെ ചെയ്ത ക്യാരക്ടറുകള്‍ ആളുകള്‍ക്ക് ഇഷ്ടമായപ്പോള്‍ പുതിയ സിനിമകള്‍ വന്നു തുടങ്ങി. പിന്നെ അത് വേണ്ടാന്ന് വയ്ക്കാനുള്ള ഒരു ലെവലില്‍ ഞാന്‍ എത്തിയിട്ടില്ലല്ലോ, വരുമ്പോഴല്ലേ ഇത്തരം സിനിമകളൊക്കെ വരു. അപ്പോള്‍ അങ്ങനെ ഒരു സൈഡു കൂടി എക്‌സ്‌പ്ലോര്‍ ചെയ്താല്‍ കൊള്ളാമെന്ന് തോന്നി. സംവിധാനം ചെയ്യുന്ന പ്രൊജക്ടിനൊപ്പം മറ്റ് സിനിമകള്‍ കൊണ്ട് പോകുക എന്നാണ് കരുതിയിരുന്നത് പിന്നെ സ്വന്തം പ്രൊജക്ട് വരുമ്പോള്‍ ബ്രേക്ക് എടുത്ത് അതിന്റെ മാത്രം വര്‍ക്കിലേക്ക് മാറുക. വീണ്ടും അവസരങ്ങള്‍ വരുമ്പോള്‍ അഭിനയിക്കുക എന്നൊക്കെയാണ് കരുതിയിരുന്നത്. കൂടുതല്‍ മുന്‍ഗണന സംവിധാനത്തിന് തന്നെയാണ്.

ആദ്യം മുതല്‍ അവസാനം വരെയുള്ള ഒരു കഥാപാത്രം ആയത് കൊണ്ട് അത് സീരിയസായിട്ട് തന്നെയാണ് കണ്ടത്. ടെന്‍ഷനിപ്പുറത്തേക്ക് അത് ചാലഞ്ചിങ്ങായിട്ടാണ് തോന്നിയത്. എങ്ങനെയാണ് ഒരു നല്ല ആര്‍ടിസ്റ്റ് ഒരു കഥാപാത്രം ഉള്‍ക്കൊണ്ട് സിനിമ മുഴുവന്‍ ചെയ്യുന്നത്. ഒരു സീനില്‍ പോലും കഥാപാത്രത്തില്‍ നിന്ന് മാറാതെ ചെയ്യുന്നത് എന്നൊക്കെ എക്‌സ്‌പ്ലോര്‍ ചെയ്യുന്നത് ഒരു ലേര്‍ണിങ്ങ് പ്രോസസായിട്ട് തോന്നി. ഒപ്പം സംവിധായകനെന്ന നിലയിലും ഇത് ഗുണം ചെയ്യുമെന്ന് തോന്നി

അഭിനേതാക്കളെ അഭിനയിച്ച് കാണിച്ചുകൊടുക്കുന്ന ഒരു സംവിധായകനാണോ ബേസില്‍ ?

ചില സമയത്തൊക്കെ അഭിനയിച്ച് കാണിക്കാറുണ്ട്. ചില ക്യാരക്ടേഴ്‌സൊക്കെ, പ്രത്യേകിച്ച് ഹ്യൂമര്‍ സീനുകളൊക്കെ. പക്ഷേ നമ്മളേക്കാള്‍ നന്നായിട്ട് ചെയ്യാനറിയാവുന്ന ആളുകളാണങ്കില്‍ അതില്‍ ഇടപെടാറില്ല, അല്ലെങ്കില്‍ ഒരു മീറ്റര്‍ കൃത്യമാകാന്‍ വേണ്ടി മാത്രം എന്തെങ്കിലും ചെയ്തുകാണിക്കാറുണ്ട്. അഭിനേതാക്കളനുസരിച്ചാണ് അതെല്ലാം വരുന്നത്.

സിനിമയില്‍ അഭിനേതാവായിട്ട് കൂടി മാറുമ്പോള്‍ സംവിധായകനെന്ന നിലയില്‍ ബേസിലില്‍ എന്തെല്ലാം മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട് ?

ചെറിയ കോമഡി കഥാപാത്രങ്ങളൊക്കെ ചെയ്യുമ്പോള്‍ ഒരു പരിമിതമായ ഡീറ്റയിലിങ്ങ് മാത്രമേ ആര്‍ടിസ്റ്റുകള്‍ക്ക് ലഭിക്കു. അപ്പോള്‍ അവര്‍ക്ക് ചെയ്യാന്‍ കഴിയുന്നതും വളരെ കുറച്ച് കാര്യങ്ങള്‍ മാത്രമായിരിക്കും. അല്ലെങ്കില്‍ വലിയ രീതിയില്‍ ഇംപ്രൊവൈസ് ചെയ്യണം. പക്ഷേ അത്യാവശ്യം രംഗങ്ങളുള്ള കഥാപാത്രമാണെങ്കില്‍ കൃത്യമായിട്ടുള്ള ഡീറ്റയിലിങ്ങായിരിക്കും നല്‍കുക. കഥാപാത്രങ്ങളുടെ സിനിമയില്‍ ഇല്ലാത്ത ബാക്‌സ്റ്റോറി പോലും നമ്മള്‍ പറഞ്ഞു കൊടുക്കാറുണ്ട്. ചെറിയ കഥാപാത്രങ്ങള്‍ക്കും നല്ല ഔട്ട്പുട്ട് ലഭിക്കണമെങ്കില്‍ കൂടുതല്‍ ഡീറ്റയിലിങ്ങ് അവര്‍ക്കും നല്‍കണമെന്ന് രണ്ട് മൂന്ന് കഥാപാത്രങ്ങള്‍ ചെയതപ്പോള്‍ തന്നെ മനസിലായി. എന്ത് ചെറിയ ക്യാരക്ടേഴ്‌സാണെങ്കിലും ഏതെങ്കിലും രീതിയില്‍ അവര്‍ക്ക് ഒരു ഡീറ്റയിലിങ്ങ് നല്‍കിയാല്‍ കൂടുതല്‍ നല്ല റിസല്‍ട്ടുണ്ടാക്കാന്‍ കഴിയും.

മനോഹരത്തിലെ പ്രഭു ബേസില്‍ ചെയ്യുമ്പോള്‍ ഒരു ഫ്രഷ്‌നെസ് ഫീല്‍ ചെയ്യുന്നുണ്ട്. ആദ്യ ചിത്രങ്ങളില്‍ നിന്ന് മാറി ഈ കഥാപാത്രം ബേസില്‍ ചെയ്താല്‍ നന്നാവും എന്ന തീരുമാനത്തില്‍ നിന്ന് സിനിമകള്‍ ലഭിക്കുന്നു. അത്തരത്തില്‍ ഒരു മാറ്റം പ്രതീക്ഷിച്ചിരുന്നോ ?

സംവിധാനം ചെയ്യുമ്പോള്‍ നമ്മള്‍ അതില്‍ അപ്‌ഡേറ്റ് ചെയ്യാന്‍ നോക്കും, പുതിയ ലേര്‍ണിങ്ങ് പ്രൊസസുകള്‍ ഉണ്ടാവും അതിനായി വലിയ എഫേര്‍ട്ടും എടുക്കാറുണ്ടായിരുന്നു. അഭിനയത്തില്‍ ആദ്യമെല്ലാം നമ്മള്‍ നമ്മളായിട്ട് തന്നെ ബിഹേവ് ചെയ്താല്‍ നടക്കുമായിരുന്നു. പിന്നെ ഒരു ലെവലിലെത്തിയപ്പോള്‍ അത് റിപ്പീറ്റേഷനായപ്പോള്‍ ക്യാരക്ടര്‍ നന്നാകാന്‍ ഒരു എഫേര്‍ട് എടുക്കേണ്ടി വന്നു. ആദ്യം രണ്ടോ മൂന്ന് സിനിമകളില്‍ വന്ന് പോകാം എന്നേ വിചാരിച്ചിരുന്നുള്ളു. ആദ്യമൊക്കെ ചില ആര്‍ടിസ്റ്റുകളുടെ ഡേറ്റ് കിട്ടാതാകുമ്പോഴൊക്കെ പകരമെന്ന രീതിയിലായിരുന്നു വിളിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ നമ്മള്‍ ചെയ്ത ക്യാരക്ടര്‍ കണ്ട് ഇഷ്ടപ്പെട്ടോ അല്ലെങ്കില്‍ നമ്മളെ തന്നെ കണ്‍സീവ് ചെയ്തിട്ടുള്ള കഥാപാത്രങ്ങള്‍ ചെയ്യാനാണ് നമ്മളെ വിളിക്കുന്നത്. അത് വലിയ സന്തോഷമുണ്ട്. പ്രേക്ഷകര്‍ക്ക് ഒരു ഫ്രഷ്‌നസ് കൊടുക്കാന്‍ ശ്രമിക്കുന്നുമുണ്ട്.

തിരയില്‍ വിനീതിന്റെ സഹസംവിധായകനായിട്ടാണ് തുടങ്ങിയത്. ഇപ്പോള്‍ വിനീതിനൊപ്പം ചിത്രത്തില്‍ അഭിനയിക്കുന്നു. എങ്ങനെയുണ്ടായിരുന്നു ആ അനുഭവം ?

വിനീതേട്ടന്‍ സിനിമയിലേക്ക് അവസരം തന്ന ആളാണ്. ഒരിക്കലും വിചാരിക്കാത്ത ഇടത്ത് സഹസംവിധായകനായിട്ട് വരാന്‍ അവസരം നല്‍കിയ ആള്‍. പിന്നെ കുഞ്ഞരാമായണത്തിലും വിനീതേട്ടനായിരുന്നു നായകന്‍. എല്ലാവരെയും മുന്നോട്ട് കൊണ്ട് വരാന്‍ ശ്രമിക്കുന്ന സെല്‍ഫ്‌ലെസ്സായിട്ട് ആളുകളെ പ്രമോട്ട് ചെയ്യുന്ന ഒരാളാണ് വിനീതേട്ടന്‍. ഏത് രീതിയിലാണ് നമ്മളെ സപ്പോര്‍ട്ട് ചെയ്യാന്‍ കഴിയുന്നത് ആ രീതിയില്‍ ചെയ്യാന്‍ ശ്രമിക്കുന്നയാളാണ്. അതില്‍ ആര്‍ക്കും എതിരഭിപ്രായമുണ്ടാവില്ല. സൗഹൃദത്തിനെല്ലാം വലിയ വില കൊടുക്കുന്ന ആളാണ്. അത് തന്നെയാണ് വിനീതേട്ടന്റെ ചിത്രങ്ങളില്‍ എല്ലാവരും ഭാഗമാകുന്നതിന്റെയും വിജയത്തിന്റെയുമെല്ലാം കാരണം,. ഈ സിനിമയിലും അതുണ്ടായിരുന്നു.

ചിത്രത്തില്‍ കൂടുതല്‍ കോംബിനേഷനുകള്‍ ഉളളത് ഇന്ദ്രന്‍സിനൊപ്പമാണ്. വളരെ സീനിയറായിട്ടുള്ള ആര്‍ടിസ്റ്റ്. വിനീതും ബേസിലും പുതിയ തലമുറയില്‍ പെട്ടയാളുകളാണ്, എങ്ങനെയുണ്ടായിരുന്നു അദ്ദേഹത്തോടൊപ്പമുള്ള എക്‌സ്പീരിയന്‍സ് ?

ഇത്രയും സിംപിളായിട്ടുള്ള ഒരു മനുഷ്യനെ കണ്ടിട്ടില്ല അത് സിനിമയിലെല്ലാവര്‍ക്കും അറിയാംം. അതുപോലെ തന്നെ കാലത്തിന് അനുസരിച്ച് മാറി വന്ന ഒരു ആക്ടറാണ്. ഇപ്പോഴത്തെ സിനിമയുടെ മാറ്റത്തിനനുസരിച്ച് വ്യത്യാസം വരുത്തിയിട്ടുള്ള വ്യക്തിയാണ്. ഇന്ദ്രന്‍സേട്ടന്റെ കൂടെ അഭിനയിക്കുമ്പോള്‍ നമ്മള്‍ പുതിയ ഒരാളാണ് അദ്ദേഹം പഴയ ആളാണ് എന്നൊരു വ്യത്യാസം ഫീല്‍ ചെയ്തിട്ടില്ല. അദ്ദേഹത്തിന് ആ കഥാപാത്രം എങ്ങനെ ആയിരിക്കണമെന്നുള്ള കൃത്യമായ ധാരണയുണ്ട്. സീനിയര്‍ ആര്‍ടിസ്റ്റ് എന്ന നിലയില്‍ സ്‌ക്രീന്‍ സ്‌പേസ് കിട്ടണമെന്ന് പോലും ആഗ്രഹിക്കാത്ത ഒരാളാണ്, നമ്മള്‍ എന്തെങ്കിലും ചെയ്യുമ്പോള്‍ ‘എടാ ഇങ്ങനെ ഒരു സാധനം ചെയ്ത് നോക്ക്’എന്നെല്ലാം പറഞ്ഞ് നമ്മളെ സേഫ് ആക്കുന്ന ഒരാളാണ്. അതുകൊണ്ട് തന്നെ സെറ്റില്‍ സുഹൃത്തുക്കളെ പോലെ ആയിരുന്നു, അത് തന്നെ ആയിരുന്നു ഈ കഥാപാത്രം ചെയ്യാനുള്ള ഒരു അനുഗ്രഹവും.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പാലക്കാട് സ്ലാങ്കാണ് ചിത്രത്തില്‍, അതിനായി എന്തെങ്കിലും പ്രത്യേക തയ്യാറെടുപ്പുകള്‍ എടുത്തിരുന്നോ ?

സ്ലാംഗ് ഷൂട്ടിങ്ങിന്റെ സമയത്ത് തന്നെ കുറച്ച് കറക്ട് ചെയ്തിരുന്നു. പിന്നെ പാലക്കാട് സ്ലാംഗ് ഇത്തിരി പാടാണ്, പിന്നെ ഡബ്ബ് ചെയ്ത സമയത്ത് പാലക്കാടുള്ള ഒരാള്‍ വന്ന് കുറച്ചുകൂടി നിര്‍ദേശങ്ങള്‍ തന്നിരുന്നു. സാധാരണ ഡബ്ബ് ചെയ്യുന്നതിനേക്കാള്‍ അധികം സമയം എടുത്താണ് ഇത് ഡബ്ബ് ചെയ്തത്. പിന്നെ അന്‍വറിക്ക ഒരുപാട് സമയമെടുത്ത് പ്രിപ്പറേഷന്‍സ് നടത്തി ചെയ്ത സിനിമയാണ്. ക്യാരക്‌ടേഴ്‌സിന്റെയെല്ലാം കൃത്യമായ ധാരണയും അദ്ദേഹത്തിനുണ്ടായിരുന്നതിനാല്‍ എല്ലാ കാര്യങ്ങളിലും നമ്മള്‍ അദ്ദേഹത്തെ തന്നെ ആയിരുന്നു ആശ്രയിച്ചതും.

സംവിധായകനെന്ന ഐഡന്റിറ്റിയിലാണ് ബേസില്‍ വരുന്നത്. പ്രയോറിറ്റി സംവിധാനത്തിനാണെന്ന് പറയുകയും ചെയ്തു. അഭിനയിക്കാനൊരു സെറ്റിലെത്തുമ്പോള്‍ അത് സംവിധായകനെന്ന നിലയില്‍ ഒബ്‌സേര്‍വ് ചെയ്യാറുണ്ടോ ? അതുപോലെ തന്നെ ഇടപെടലുകളും നടത്താറുണ്ടോ ?

നമ്മള്‍ തിരക്കഥ വായിച്ചിട്ട് വരുമ്പോള്‍ നമ്മുടെ മനസില്‍ സീനിനെപ്പറ്റിയെല്ലാം ഒരു ഐഡിയ ഉണ്ടാകും. എങ്ങനെയായിരിക്കും അവര്‍ അത് എടുക്കുക എന്ന ഒരു ക്യൂരിയോസിറ്റി. അവര്‍ അത് നമ്മള്‍ ഉദ്ദേശിക്കാത്ത തരത്തില്‍ രസകരമായിട്ട് എടുക്കുമ്പോള്‍ അത് നമുക്ക് ഒരു ലേര്‍ണിങ്ങ് പ്രോസസാണ്. ഇപ്പോള്‍ ജാക്ക് ആന്‍ഡ് ജില്‍ എന്ന സിനിമയില്‍ സന്തോഷ് ശിവന്‍ സര്‍ നമ്മള്‍ ഒരിക്കലും വിചാരിക്കാത്ത രീതിയിലാണ് സീന്‍ കൊറിയോഗ്രഫി ചെയ്യുന്നത്. അത്് വലിയൊരു എക്‌സ്പീരിയന്‍സായിരുന്നു. പിന്നെ ഏത് സംവിധായകരായാലും വളരെയധികം പ്രിപ്പയര്‍ ചെയ്തിട്ടായിരിക്കും വരുക, അവിടെ നമ്മള്‍ പെട്ടെന്ന് ഒരു ദിവസം വന്നിട്ട് ഇത് പോര എന്ന് പറയുമ്പോള്‍ അത് അവര്‍ക്ക് കണ്‍ഫ്യൂഷനുണ്ടാക്കും. രണ്ട് സിനിമ ചെയ്ത അനുഭവം വെച്ച് നമുക്ക് അത് അറിയാം. അതുകൊണ്ട് എന്തെങ്കിലും ഉണ്ടെങ്കില്‍ അത് സംവിധായകന കംഫര്‍ട്ടാക്കിക്കൊണ്ട് തന്നെയായിരിക്കും പറയാന്‍ ശ്രമിക്കുക.

സംവിധാനം ചെയ്യുന്ന ചിത്രത്തിനായി ഒരു ബ്രേക്ക് എടുക്കുകയാണ്. അതിനിടയില്‍ വരാനിരിക്കുന്ന സിനിമകള്‍ ഏതൊക്കെയാണ്, ഒപ്പം മിന്നല്‍ മുരളി ഷൂട്ട് എപ്പോള്‍ ആരംഭിക്കും ?

സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ജാക്ക് ആന്‍ഡ് ജില്‍, ആസിഫ് അലി നായകനാകുന്ന കെട്ടിയോളാണെന്റെ മാലാഖ, നീരജ് മാധവ് നായകനാകുന്ന ഗൗതമന്റെ രഥം എന്നിവയാണ് വരാനിരിക്കുന്ന ചിത്രങ്ങള്‍. മിന്നല്‍ മുരളി ഡിസംബറില്‍ ആണ് ഷൂട്ട് ആരംഭിക്കുക. സൂപ്പര്‍ ഹീറോ ഴോണറിലുള്ള ഒരു ചിത്രമാണ്. അതിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

അറക്കൽ മാധവനുണ്ണിയെ വീണ്ടും ബിഗ് സ്ക്രീനിൽ കാണാം, 4K ഡോൾബി അറ്റ്മോസിൽ റീ-റിലീസിനൊരുങ്ങി മമ്മൂട്ടി ചിത്രം ‘വല്ല്യേട്ടൻ’

കെഎസ്ആര്‍ടിസിക്ക് സര്‍ക്കാരിന്റെ 30 കോടി രൂപ കൂടി; ഇതുവരെ അനുവദിച്ചത് 1111 കോടി രൂപ

'സിനിമ പരാജയപ്പെടുമോ എന്ന ഭയം ആദ്യ കാലത്ത് ഉണ്ടായിരുന്നു, ഇപ്പോഴുള്ള ഭയം മറ്റൊന്ന്': ശിവകാർത്തികേയൻ

എന്നിട്ടും ട്രംപ് എങ്ങനെ വീണ്ടും പ്രസിഡന്റായി?

ഇളയരാജ ഇന്ന് ഷാർജ പുസ്തകോത്സവത്തിലെത്തും

SCROLL FOR NEXT