Mohanlal@60

അറുപതുകാരനല്ല ലാല്‍ ഇന്നും എനിക്കാ പതിനാറുകാരന്‍, തിരനോട്ടം റിലീസായ കാര്യം പലര്‍ക്കും അറിയില്ല, : ആദ്യസിനിമയൊരുക്കിയ അശോക് കുമാര്‍

മോഹന്‍ലാലിന് അറുപതാം പിറന്നാള്‍. തിയറ്ററുകള്‍ ഇരുട്ടിലേക്ക് അടഞ്ഞിരുന്ന കൊവിഡ് ലോക്ക് ഡൗണ്‍ കാലത്ത് ടെലിവിഷനും ഇതര പ്ലാറ്റ്‌ഫോമുകളിലുമായി മലയാളി ഏറ്റവുമധികം കണ്ട സിനിമകളില്‍ മോഹന്‍ലാല്‍ മുന്നിലായിരിക്കും. നാല് പതിറ്റാണ്ടിലെത്തി നില്‍ക്കുന്ന ചലച്ചിത്ര സപര്യ. ഇന്ത്യന്‍ സിനിമ കണ്ട മികച്ച അഭിനേതാക്കളിലൊരാള്‍ പ്രായം കൊണ്ട് അറുപതിലെത്തുമ്പോള്‍ ആദ്യ സിനിമയുടെ സംവിധായകന്‍ മോഹന്‍ലാലിലൂടെ സഞ്ചരിക്കുകയാണ്. തിരനോട്ടം എന്ന മോഹന്‍ലാലിന്റെ അരങ്ങേറ്റ സിനിമയുടെ സംവിധായകന്‍ മോഹന്‍ലാലിന്റെ ആത്മമിത്രവുമാണ്. അശോക് കുമാര്‍. 60-ം പിറന്നാളിലെത്തുമ്പോഴും പതിനാറുകാരന്‍ തന്നെയാണ് ലാല്‍ എന്ന് പറയുന്നത് 50 വര്‍ഷത്തെ സൗഹൃദത്തിന് ഇന്നും കോട്ടം തട്ടാതെ കാത്തുസൂക്ഷിക്കുന്ന ഹൃദയ സുഹൃത്ത് അശോക് കുമാറാണ്.

1978 ല്‍ നിര്‍മ്മിച്ച തിരനോട്ടമാണ് മോഹന്‍ലാല്‍ എന്ന നടനെ ആദ്യമായി സ്‌ക്രീനില്‍ എത്തിച്ചത്. പക്ഷേ അദ്ദേഹം പ്രശസ്തനാകുന്നത് 80 ല്‍ ഇറങ്ങിയ മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ വില്ലന്‍ കഥാപാത്രത്തിലൂടെയും.

മോഹന്‍ലാലിന്റെ ആദ്യചിത്രമായ തിരനോട്ടത്തിന്റെ സംവിധായകനാണ് അശോക് കുമാര്‍. എന്നാല്‍ തിരനോട്ടം സംഭവിക്കുന്നതിന് മുമ്പേ തങ്ങളുടെ സൗഹൃദം ദൃഡമായതാണെന്ന് അദ്ദേഹം പറയുന്നു. ബാല്യകാലത്തെ ആ സൗഹൃദകൂട്ടായ്മയില്‍ വിരിഞ്ഞ ചിത്രമാണ് തിരനോട്ടം. ചിത്രത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരിലധികവും മോഹന്‍ലാലിന്റെ അടുത്ത സുഹൃത്തുക്കളും.ആ ചിത്രം ഒന്ന് രണ്ട് തീയറ്ററുകളില്‍ റീലീസ് ചെയ്തതായും അതല്ല പുറത്തിറങ്ങിയിട്ടേയില്ല എന്നുമെല്ലാമുള്ള വ്യത്യസ്ത വിവരങ്ങളായിരിക്കും നമ്മള്‍ ഗൂഗിളില്‍ തിരഞ്ഞാല്‍ ലഭിക്കുക. എന്നാല്‍ സത്യമെന്തെന്നറിയാന്‍ അതിന്റെ ഭാഗമായ ആളോട് തന്നെ ചോദിക്കുന്നതല്ലേ നല്ലത് എന്ന അന്വേഷണം എത്തിനിന്നത് തിരനോട്ടത്തിന്റെ സംവിധായകന്‍ അശോക് കുമാറിലാണ്.

മോഹന്‍ലാലിന്റെ ആദ്യചിത്രത്തിന്റെ സംവിധായകന് തന്റെ ആദ്യനായകനെക്കുറിച്ച് പറയാന്‍ ഏറെയുണ്ടാകും?

ലാലിന്റെ ആദ്യചിത്രത്തിന്റെ സംവിധായകന്‍ എന്നു പറയുന്നതിലും എനിക്ക് ഇഷ്ടം ലാലിന്റെ സുഹൃത്ത് എന്നറിയപ്പെടാനാണ്. 50 വര്‍ഷത്തിലേറെ പഴക്കമുള്ള ബന്ധമാണ് ഞാനും ലാലും തമ്മില്‍. മുടങ്ങാതെ ഫോണ്‍ ചെയ്യും, വിശേഷങ്ങള്‍ പങ്കുവയ്ക്കും. 60 വയസായി എന്നൊക്കെ നിങ്ങള്‍ പറയുന്നതല്ലേ, എന്റെ മനസ്സില്‍ ഇന്നും ആ പഴയ ചുറുചുറുക്കുള്ള പതിനാറുകാരന്‍ തന്നെയാണ് ലാല്‍. തിരനോട്ടം എന്ന ചിത്രം ഞങ്ങളുടെ സൗഹൃദകൂട്ടായ്മയുടെ സാക്ഷ്യപത്രമാണ്. ചിത്രം പുറത്തിറങ്ങിയിട്ടില്ലെന്നൊക്കെ പലയിടത്തും വായിച്ചിട്ടുണ്ട്. അത് വാസ്തവവിരുദ്ധമാണ്. തിരനോട്ടം പൂര്‍ത്തിയാക്കി സെന്‍സര്‍ബോര്‍ഡിന്റെ അംഗീകാരത്തോടെ കൊല്ലം കൃഷ്ണയടക്കം നാല് തീയറ്ററുകളില്‍ റീലിസ് ചെയ്തു. അന്ന് കളര്‍ സിനിമകളിലേയ്ക്ക് മലയാളചലചിത്രലോകം മാറുന്ന സമയമായിരുന്നു. ആ സമയത്ത് പല പ്രശസ്ത സംവിധായകരുടെ അടക്കം എഴുപതോളം ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങള്‍ റിലീസ് ചെയ്യാനാകാതെ പെട്ടിക്കകത്ത് തന്നെയിരുന്നു. ന്നാല്‍ തിരനോട്ടം മാത്രമാണ് ആ കാലത്ത് പുറത്തിറങ്ങിയത്. ഇതാണ് സത്യം.

തിരനോട്ടം സംഭവിച്ചത് എങ്ങനെ?

ഈ പടം ഉണ്ടാകുന്നത് ശരിക്കുമൊരു ഇന്‍സള്‍ട്ടില്‍ നിന്നുമാണ് അതും എന്റെ സ്വന്തം ചേട്ടനും സംവിധായകനുമായ രാജീവ് നാഥില്‍ നിന്നും. അന്ന് ഞാനും ലാലും പ്രീഡിഗ്രിയ്ക്ക് പഠിക്കുന്ന കാലം.അഭിനയിക്കണം എന്ന മോഹം തലയ്ക്ക് പിടിച്ചുനടക്കുന്ന കാലമായിരുന്നു അത്.ചേട്ടന്‍ അന്നേ വലിയ പേര്കേട്ട സംവിധായകനാണ്. ഒരു ദിവസം ലാലിനേയും കൂട്ടി അദ്ദേഹത്തിന്റെ സൂര്യന്റെ മരണം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്ന മാവേലിക്കരയിലെ മാന്നാര്‍ എന്ന സ്ഥലത്തേയ്ക്ക് പോയി.നെടുമുടി വേണുവായിരുന്നു നായകന്‍. ചേട്ടനോട് ലാല്‍ നന്നായി അഭിനയിക്കുമെന്ന് പറഞ്ഞെങ്കിലും ഒരു പ്രതികരണവുമുണ്ടായില്ല.ഞങ്ങള്‍ കോളേജില്‍ നിന്നും ക്ലാസ് കട്ട് ചെയ്ത് ചെന്നതിന്റെ ദേഷ്യത്തിലായിരുന്നു പുള്ളി. നെടുമുടിവേണുവാണെങ്കില്‍ ഞങ്ങളെ നോക്കി കളിയാക്കുന്നതുപോലെ ചിരിക്കുകയും ചെയ്തു. അത് ശരിക്കുമൊരു അപമാനമായിട്ടാണ് ഞങ്ങള്‍ക്ക് ഫീല്‍ ചെയ്തത്. വലിയ ഗമയില്‍ കൂട്ടുകാരനേയും കൂട്ടി ചേട്ടന്റെ അടുത്തുപോയ എന്നെ സംബന്ധിച്ച് ആ സംഭവം വല്ലാത്ത വിഷമമുണ്ടാക്കി.പിന്നെ ഞങ്ങളുടെ ചിന്ത മുഴുവന്‍ എങ്ങനെയും ഒരു സിനിമ ചെയ്യണം എന്നുമാത്രമായിരുന്നു. അങ്ങനെയാണ് 19ാംമത്തെ വയസ്സില്‍ മോഹന്‍ലാല്‍ സിനിമനടനും ഞാന്‍ സംവിധായകനും ആകുന്നത്.

സംവിധായകനടക്കം പലരും പിന്നണിയിലും മുന്നണിയിലും പുതുമുഖങ്ങള്‍, പുതിയ അനുഭവങ്ങള്‍

ചെറുപ്പത്തിലേ തുടങ്ങിയ കൂട്ടാണ് ഞങ്ങളുടേത്. മോഹന്‍ലാലിന് അഭിനയം എന്നാല്‍ ജീവവായു പോലെയാണ്. അന്ന് ഞങ്ങള്‍ക്ക് സിനിമയെക്കുറിച്ച് ഒന്നുമറിയില്ല. ഞാന്‍ സംവിധാനം ചെയ്തിട്ടില്ല, ലാല്‍ അഭിനയിച്ചിട്ടില്ല. അങ്ങനെ എല്ലാത്തരത്തിലും പുതുമതന്നെയായിരുന്നു. എങ്കിലും പിന്‍മാറാന്‍, പ്രത്യേകിച്ച് ലാല്‍ തയ്യാറല്ലായിരുന്നു.അഭിനയിക്കണമെന്ന ആവശ്യവുമായി എത്തിയ പാച്ചല്ലൂര്‍ ശശിയോട് പണം മുടക്കിയാല്‍ അഭിനയിപ്പിക്കുകയും ചിത്രത്തിന്റെ നിര്‍മ്മാതാവാക്കുകയും ചെയ്യാമെന്ന് പറഞ്ഞു.അങ്ങനെ പ്രൊഡ്യൂസര്‍ ആയി.പ്രിയദര്‍ശന്‍ അസിസ്റ്റന്റ് ഡയറക്ടര്‍,ക്യാമറ എസ് കുമാര്‍.തിരനോട്ടത്തിന്റെ പിന്നണിയിലുള്ളവരിലധികവും സുഹൃത്തുക്കള്‍. അങ്ങനെ ചിത്രീകരണം ആരംഭിച്ചു.ലാലിന്റെ വീടിന്റെ മുമ്പില്‍ നിന്നാണ് ആദ്യ ഷോട്ട് ചിത്രീകരിക്കുന്നത്.വളരെ ശക്തമായൊരു തിരക്കഥയായിരുന്നു തിരനോട്ടത്തിന്റെ. ഒരു സെക്സ് എജ്യുക്കേഷന്‍ പോലെ സൈക്കോളജിക്കലായൊരു കഥപറച്ചില്‍, അതില്‍ ഒരല്‍പ്പം ബുദ്ധിമാന്ദ്യമുള്ള പ്രധാനകഥാപാത്രമായിരുന്നു ലാലിന്റേത്. കുട്ടപ്പന്‍ എന്നായിരുന്നു പേര്. തിരനോട്ടത്തിന്റെ ആദ്യ ഷോട്ട് തുടങ്ങുന്നതും ആദ്യ ക്ലാപ്പ് അടിച്ചതും ലാലിന്റെ മുഖത്തിന്റെ സീനോടുകൂടിയാണെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.എന്റെ അറിവില്‍ ഇന്ന് വരെ ലോകത്തെ ഒരു നടന്റെയും ഫസ്റ്റ് ഷോട്ട് ഓക്കെ ആയിട്ടില്ല.എന്നാല്‍ ലാല്‍ അവിടേയും വിസ്മയിപ്പിച്ചു.ആദ്യ സീന്‍ ആദ്യ ഷോട്ടില്‍ തന്നെ ഓക്കെയാക്കി. ആദ്യചിത്രം മുതല്‍ ഇങ്ങോട്ട് ചലഞ്ചിംഗ് ആയിട്ടുള്ള എന്തിനോടും ഒരു അഭിനിവേശമാണ് ആ മനുഷ്യന്.

തിരനോട്ടം ഞങ്ങളെ സംബന്ധിച്ച് എല്ലാത്തരത്തിലും ഒരു പുതിയ അനുഭവമായിരുന്നു. ആദ്യ ഷോട്ട് തന്നെ ശരിയായതിനാലും ചിത്രത്തിന്റെ കഥ മികച്ചതായതിനാലും അത് പൂര്‍ത്തിയാക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. പിന്നീട് മദ്രാസില്‍ വച്ച് പൂര്‍ത്തിയായ ചിത്രം ഡിസ്ട്രിബ്യൂട്ടേഴ്സിനെ കാണിക്കുകയും അവര്‍ക്ക് ഇഷ്ടമായി റീലിസിന് തയ്യാറാവുകയുമായിരുന്നു. ചിത്രം കണ്ടിട്ടഷ്ടപ്പെട്ട അവര്‍ ഞങ്ങളുടെ അന്നത്തെ ന്യൂഇയര്‍ ആഘോഷങ്ങളൊക്കെ ഗംഭീരമാക്കിതന്നു. എല്ലാം കഴിഞ്ഞപ്പോള്‍ ലാല്‍ എന്നോട് ചോദിച്ചത് ഞാന്‍ നിനക്ക് എങ്ങനെയാണ് നന്ദിപറയേണ്ടത് എന്നായിരുന്നു.

തിരനോട്ടം ചിത്രീകരിച്ച ക്യാമറയുമായി മോഹന്‍ലാലും അശോക് കുമാറും

മോഹന്‍ലാലിനോട് ഏറ്റവും അടുത്ത് നില്‍ക്കുന്നവരില്‍ ഒരാള്‍ എന്നുവിളിക്കാം താങ്കളെ, ലാലിന്റെ ആജന്മസുഹൃത്ത് ?

തീര്‍ച്ചയായും. ഞാനും ലാലും തമ്മിലുള്ള ബന്ധം സിനിമയിലൂടെയുള്ളതല്ല, ഒരു ദിവസം പോലും മറക്കാതെ വിളിക്കുന്ന, എല്ലാ വിശേഷങ്ങളും പങ്കുവയ്ക്കുന്ന, പറ്റാവുന്ന ആഘോഷങ്ങളെല്ലാം ഒരുമിച്ച് കൂടുന്ന ഒറ്റ കുടംബമാണ് ഞങ്ങളുടേത്.ഒരേ സ്‌കൂട്ടറില്‍ സഞ്ചരിച്ച് ഒരേ ക്ലാസില്‍ ഒരേ ബഞ്ചിലിരുന്ന് പഠിച്ച് വളര്‍ന്നവരാണ് ഞങ്ങള്‍. ഞങ്ങള്‍ എങ്ങനെയാണോ അതുപോലെ തന്നെയാണ് ഞങ്ങളുടെ മക്കളും ജീവിക്കുന്നത്. എനിക്കൊരു പ്രയാസം വന്നാല്‍ ആദ്യം അന്വേഷിക്കുക ലാലായിരിക്കും. ലാല്‍ സിനിമയില്‍ വന്നില്ലായിരുന്നുവെങ്കില്‍ ലോകം അറിയപ്പെടുന്നൊരു കഥകളി വിദ്വാനോ അല്ലെങ്കില്‍ വലിയൊരു കലാകാരനോ ഒക്കെയായി മാറുമായിരുന്നു. വായുവും വെള്ളവുമില്ലെങ്കില്‍ മനുഷ്യന് നിലനില്‍പ്പില്ല. അതുപോലെയാണ് ലാലിന് അഭിനയവും കലയും.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT