മോഹന്‍ലാല്‍ അഭിനയിച്ച ഇതരഭാഷാ സിനിമകളില്‍ ഏറ്റവും ശ്രദ്ധേയമാണ് മണിരത്‌നം സംവിധാനം ചെയ്ത ഇരുവര്‍. ആനന്ദന്‍ മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിലെ പ്രധാന കഥാപാത്രങ്ങളിലൊന്നുമാണ്. ഇരുവര്‍ മുന്‍നിര്‍ത്തി മണിരത്‌നം കണ്ടെടുക്കുന്ന മോഹന്‍ലാലിനെക്കുറിച്ച് സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍ ടി അരുണ്‍കുമാര്‍ എഴുതുന്നു
ഒരു 'മോഹന്‍ലാല്‍ ഷോട്ട് ' മണിരത്നം ആദ്യമായി ശരിവച്ച ചിത്രം ഇരുവര്‍ ആയിരുന്നില്ല. മോഹന്‍ലാല്‍ മണിരത്നത്തിന്റെ ദൃശ്യഭാഷയുമായി പരിചയപ്പെട്ട ചിത്രവും ഇരുവര്‍ ആയിരുന്നില്ല. സത്യത്തില്‍ അവരിരുവരും നേരത്തേ തന്നെ ' ഇരുവര്‍' ആയിരുന്നു : മോഹന്‍ലാലും മണിരത്നവും എന്ന ഇരുവര്‍. ഇന്ത്യന്‍ വാണിജ്യ സിനിമയിലെ ഏറ്റവും മികച്ച സിനിമകളിലൊന്നിനെ സാക്ഷാത്കരിച്ചതിലൂടെ അവര്‍ പിന്നീട് ഏറ്റവും വിജയിച്ച ചലച്ചിത്രദ്വയങ്ങളിലൊന്നുമായി. ഇരുവരെയും ഒന്നിച്ചിണക്കിയ ആ നൂലിന് പേര് മറ്റൊന്നുമല്ല, പ്രതിഭയെന്നാണ്.
ഇരുവര്‍ പുറത്തിറങ്ങുന്നത് 1997-ല്‍ ആണ്. പൊതുവേ അന്യഭാഷാചിത്രങ്ങളോട് അകന്നുനില്‍ക്കുന്ന ഒരാളായിരുന്നു അക്കാലത്തെ മോഹന്‍ലാല്‍ എന്ന് നമുക്കറിയാം. എന്നിട്ടും, ആനന്ദനായി അഭിനയിക്കുവാന്‍ മണിരത്നം മോഹന്‍ലാലിനെ തന്നെ തേടിച്ചെന്നത് എന്ത് കൊണ്ടാവാം? പ്രത്യേകിച്ച് കഥാപാത്രങ്ങളെ വിശ്വസനീയമായും യഥാതഥമായും അവതരിപ്പിക്കണമെന്ന് ശാഠ്യമുള്ള അദ്ദേഹത്തെപ്പോലൊരു സംവിധായകന്‍ ? മണിരത്നത്തിന്റെ ആ ശാഠ്യം തന്നെയാവാം ആനന്ദനെ അവതരിപ്പിക്കാന്‍ ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും അനുയോജ്യന്‍ മോഹന്‍ലാല്‍ ആണെന്ന തീരുമാനത്തിലേക്ക് അദ്ദേഹത്തെ എത്തിച്ചതും.
എം.ടിയും ഇരുവരും തമ്മില്‍
ബോംബെയ്ക്ക് ശേഷമാണ് മോഹന്‍ലാല്‍, പ്രകാശ് രാജ്, തബു, ഐശ്വര്യറായ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി മണിരത്നം ഇരുവര്‍ സംവിധാനം ചെയ്യുന്നത്. ഇരുവര്‍ പോലൊരു ചലച്ചിത്രവുമായി എം.ടി വാസുദേവന്‍നായര്‍ എങ്ങനെയാണ് ബന്ധപ്പെടുന്നതെന്നറിയുന്നത് കൗതുകകരമായിരിക്കും. ബോംബെയ്ക്ക് മുമ്പ് അടുത്ത ചിത്രത്തിനായി ഒന്ന് രണ്ട് ചിന്തകളിലൂടെ കടന്ന് പോയെങ്കിലും ഒന്നും ഉറപ്പിക്കാന്‍ മണിരത്നത്തിന് ആവുന്നുണ്ടായിരുന്നില്ല. ആ സമയത്ത് എം.ടിയുടെ തിരക്കഥയില്‍ ഒരു മലയാളചിത്രം സംവിധാനം ചെയ്യാമെന്ന് മണിരത്നം ഏറെക്കുറെ ഉറപ്പിച്ചതുമായിരുന്നു. ഹാംലെറ്റിന്റെ ചലച്ചിത്രാവിഷ്‌ക്കാരമായിരുന്നു ആ ചിത്രം. അതിനായി നിരവധി പ്രാവശ്യം എം.ടിയും മണിരത്നവും കൂടിക്കാഴ്ച നടത്തുകയും ചെയ്യുന്നുണ്ടായിരുന്നു. എന്നാല്‍ ആ ചിത്രം പ്രതീക്ഷിച്ച പോലെ മുന്നോട്ടുപോയില്ല. അന്നത്തെക്കാലത്ത് ഒരു മലയാളസിനിമയ്ക്ക് താങ്ങാന്‍ കഴിയുന്നതായിരുന്നില്ല ഹാംലെറ്റ് എന്ന എം.ടി-മണിരത്നം ചിത്രത്തിന്റെ ബജറ്റ്.
പിന്നീട് ബോംബെ ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ മണിരത്നം വീണ്ടും എം.ടിയെ കണ്ടു. ബോംബെ എഴുതാനാവുമോ എന്നായിരുന്നു മണിരത്നം ആന്വേഷിച്ചത്. സത്യത്തില്‍ ബോംബെ ആദ്യം മലയാളത്തിലായിരുന്നു മണിരത്നം ആലോചിച്ചിരുന്നതും. ആ സംഭാഷണത്തിനിടയിലാണ് പരസ്പരം അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്ന 'ഇരുവരെ'പ്പറ്റി എം.ടി സൂചിപ്പിക്കുന്നത് . തമിഴ് സിനിമയും രാഷ്ട്രീയവുമായിരുന്നു ആ ഇരുവര്‍. ഇത്രയും ആഴമുള്ളൊരു പ്രമേയം മുന്നിലുണ്ടായിട്ടും എന്താണ് ആരും ആ വഴിക്ക് ചിന്തിക്കാത്തതെന്ന എം.ടിയുടെ ചോദ്യത്തില്‍ നിന്ന് ഇരുവര്‍ എന്ന ചലച്ചിത്രം പിറക്കുകയായിരുന്നു.
ഇരുവറിനും പതിമൂന്ന് വര്‍ഷം മുമ്പ്, 1984-ല്‍ ആണ് മണിരത്നം ഉണരൂ എന്ന മലയാളചിത്രം സംവിധാനം ചെയ്യുന്നത്. ടി.ദാമോദരന്‍ തിരക്കഥയെഴുതിയ ഒരു 'തൊലിപ്പുറരാഷ്ട്രീയചിത്ര'മായിരുന്നു അത്. മോഹന്‍ലാലെന്ന നടനെ, അയാളുടെ ഭാവപ്രകടനങ്ങളെ, അനായാസതയെ ഒക്കെ ഉണരൂവിനിടയില്‍ സ്വാഭാവികമായും മണിരത്നത്തിലെ സംവിധായകന്‍ തിരിച്ചറിഞ്ഞിരിക്കണം. പിന്നീട് മണിരത്നത്തിന് മുന്നില്‍ മോഹന്‍ലാലും മോഹന്‍ലാലിന് മുന്നില്‍ മണിരത്നവും വലുതാവുകയായിരുന്നല്ലോ. പരസ്പരം തിരിച്ചറിയാന്‍ അവര്‍ക്ക് വലിയ പ്രയാസമൊന്നും ഉണ്ടായിക്കാണില്ല.
എങ്കിലും ഒരു കാര്യം നമുക്ക് ഉറപ്പിക്കാം. കൃത്യമായ ബോധ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ആനന്ദനായി മോഹന്‍ലാലിനെ മണിരത്നം കാസ്റ്റ് ചെയ്യുന്നത്. ഇന്ത്യന്‍ സിനിമയിലും തമിഴ്സിനിമയിലും ആ ഒരൊറ്റപ്രകടനം കൊണ്ട് സന്തം അഭിനയകലയ്ക്ക് സ്മാരകം പണിയുകയായിരുന്നു മോഹന്‍ലാല്‍. അതിലൂടെ മണിരത്നത്തിന്റെ തീരുമാനം എക്കാലത്തും വാഴ്ത്തപ്പെടുന്ന ഒന്നായി മാറി.
' പൂര്‍വനിശ്ചിതമായൊരു പ്രകടനത്തിലൂടെ കാര്യങ്ങള്‍ തീരുമാനമാക്കുന്നൊരു നടനേയല്ല മോഹന്‍ലാല്‍. അയാള്‍ അനിശ്ചിതത്വങ്ങളിലൂടെ ഏറ്റവും മികച്ച പ്രകടനത്തിലേക്ക് എത്തുന്നൊരാളാണ്.
നിമിഷങ്ങളില്‍ പൂക്കുന്ന നടന്‍ !
ഇരുവരിലെ മോഹന്‍ലാലുമൊത്തുള്ള അനുഭവം പിന്നീട് മണിരത്നം ഓര്‍ത്തെടുത്തിട്ടുണ്ട്. അപ്പൊഴൊക്കെയും തന്റെ പ്രകടനത്തെ വളരെ നൈസര്‍ഗികമാക്കിത്തീര്‍ക്കാനുള്ള മോഹന്‍ലാലിന്റെ ശേഷിയെപ്പറ്റിയാണ് അദ്ദേഹം പറഞ്ഞിട്ടുള്ളതും. ഇംഗ്ളീഷില്‍ നമ്മള്‍ ' സ്പൊണ്ടേനിയസ് ' എന്ന് വിളിക്കുന്ന ഒരു സംഗതി മോഹന്‍ലാലിന്റെ അഭിനയത്തെ ഒറ്റവാക്കില്‍ നിര്‍വചിക്കുന്നുണ്ട്. അല്ലെങ്കില്‍ മോഹന്‍ലാലിന്റെ അഭിനയം 'ഇന്‍ബ്വില്‍റ്റ് ' ആയ, സഹജമായ ഒന്നാണെന്ന് പറയാം. ഒരു നടനില്‍ നിന്ന് കഥാപാത്രങ്ങള്‍ പലതരത്തിലാണ് അസിതിത്വപരമായി വേറിട്ട് നില്‍ക്കുക. അത് രൂപം കൊണ്ടും, ശബ്ദം കൊണ്ടും, ശരീരഭാഷ കൊണ്ടും, ഒക്കെ സംഭവിക്കാം. അതുകൊണ്ടാണ് തന്നിലെ വ്യക്തിയെ പൂര്‍ണമായും നിഷ്‌ക്കാസനം ചെയ്തു കൊണ്ട് സമഗ്രമായി കഥാപാത്രത്തിലേക്ക് പരാവര്‍ത്തനം ചെയ്യുന്ന, കഥാപാത്രമായിത്തീരുന്ന നടന്‍മാര്‍ വലിയ തോതില്‍ അംഗീകരിക്കപ്പെടുന്നത്. ഇന്ത്യന്‍ സിനിമയില്‍ ഈ ശ്രേണിയില്‍ ആദ്യം പറയാവുന്ന ഉദാഹരണം കമലഹാസനാണ്. ഹോളിവുഡില്‍ സമകാലീനമായ ഒരു ഉദാഹരണം ക്രിസ്ത്യന്‍ബെയില്‍ ആണ്. എന്നാല്‍ കഥാപാത്രങ്ങളെ തന്നിലേക്ക് സ്വാംശീകരിച്ച് കൊണ്ട്, ഭാവങ്ങളിലൂടെ അവരെ പ്രകാശിപ്പിച്ച് കൊണ്ട് മോഹന്‍ലാല്‍ ഇന്ത്യയിലെ ഏറ്റവും മികച്ച അഞ്ച് നടന്‍മാരിലൊരാളായി ഇവിടെ തുടരുകയാണ്. ഒരു നടന്റെ ആവനാഴിയിലെ ബ്രഹ്മാസ്ത്രങ്ങളെന്ന് പറയാവുന്ന പലതിനെയും ഒഴിവാക്കിക്കൊണ്ട് തന്നെ. രൂപത്തിലും ശബ്ദത്തിലുമൊന്നും വലിയ വിപ്ളവങ്ങളൊന്നുമില്ലാതെ അയാള്‍ അഭിനയിക്കുന്നു. ആ കഥാപാത്രത്തിന്റെ ഉള്ളിനെ മുഖത്തും കണ്ണുകളിലും പകര്‍ത്തിയെടുത്ത് അയാള്‍ കാണിയുടെ ഹൃദയത്തിലേക്ക് ഒരു ചുഴലിക്കാറ്റ് പോലെ ആഞ്ഞടിക്കുന്നു. അത്തരമൊരു അവസാനിക്കാത്ത ചുഴലിക്കാറ്റായി ഇരുവരിലെ ആനന്ദന്‍ ഇപ്പോഴും നമ്മുടെ സിനിമയുടെ ഭൂപ്രകൃതിയിലുണ്ട്.
' പൂര്‍വനിശ്ചിതമായൊരു പ്രകടനത്തിലൂടെ കാര്യങ്ങള്‍ തീരുമാനമാക്കുന്നൊരു നടനേയല്ല മോഹന്‍ലാല്‍. അയാള്‍ അനിശ്ചിതത്വങ്ങളിലൂടെ ഏറ്റവും മികച്ച പ്രകടനത്തിലേക്ക് എത്തുന്നൊരാളാണ്. അതുകൊണ്ട് തന്നെ റിഹേഴ്സലുകളിലോ, ചര്‍ച്ചയിലോ ഒന്ന് തീരുമാനിച്ച് നമുക്ക് മുന്നോട്ട് പോകാന്‍ ആവില്ല. ഓരോ നിമിഷത്തിലും അയാള്‍ അത്ഭുതകരമാംവിധം വ്യത്യസ്തങ്ങളായ പ്രകടനങ്ങള്‍ കൊണ്ട് സംവിധായകരെ അത്ഭുതപ്പെടുത്തും. അയാള്‍ നിമിഷങ്ങളുടെ നടനാണ്. ഓരോ നിമിഷത്തിലും അയാള്‍ മാറിക്കൊണ്ടിരിക്കും. അതുകൊണ്ട് തന്നെ അയാളെ സ്വതന്ത്രനായി വിടുമ്പോഴാണ് നമുക്ക് മികച്ച ഫലം ലഭിക്കുന്നത്. ഓരോ തവണയും സൂക്ഷ്മമായ ഭാവാംശങ്ങളെ കൂട്ടിച്ചേര്‍ത്ത് കൊണ്ട് അയാള്‍ തന്റെ പ്രകടനം മെച്ചപ്പെടുത്തിക്കൊണ്ടേ ഇരിക്കും ' മണിരത്നം മോഹന്‍ലാലിനെപ്പറ്റി പറയുന്നു.
ആനന്ദനാവട്ടെ, ലോകത്തേക്ക് ഉറ്റുനോക്കുന്നവനും ലോകത്തിന്റെ മുന്നില്‍ സ്വയം പ്രദര്‍ശിപ്പിക്കുന്നവനുമാണ്. അയാള്‍ക്ക് ലോകത്തിന്റെ പുഞ്ചിരിയും കൈയ്യടികളും ആവശ്യമുണ്ട്. അയാള്‍ ഒരു അഭിനേതാവാണ്. അതുകൊണ്ട് തന്നെ അയാള്‍ക്ക് ബാഹ്യലോകം പരമപ്രധാനമാണ്.
ആനന്ദന്‍ ഒരു ഹൃദയമുഖന്‍
ആനന്ദനെന്ന കഥാപാത്രം മോഹന്‍ലാലിലേക്ക് വരുന്നതിന് പിന്നില്‍ അദ്ദേഹത്തിന്റെ അഭിനയശൈലിയല്ലാതെ മറ്റൊന്നുമില്ല. അത് ഏറ്റവും സ്വഭാവികമെന്ന് പ്രശസ്തമായതാണ്. അത് വഴമുള്ളതും, ഭാവപൂര്‍ണതയാല്‍ സമ്പന്നവും, ഒരു പുഴപോലെ മൃദുവായി ഒഴുകിക്കടന്നുപോവുന്നതുമാണ്. സംവിധായകന്റെ ചിന്തകളെയും സങ്കല്‍പ്പങ്ങളെയും അയാളിലെ നടന്‍ ഒരു കണ്ണാടി പോലെ പ്രതിഫലിപ്പിക്കുന്നു. വഴക്കമുള്ള കളിമണ്ണ് പോലെ സംവിധായകന്റെ ഭാവനയക്കൊത്ത് അയാള്‍ എങ്ങനെയും മാറിത്തീരുന്നു. ആനന്ദന്‍, തമിഴ്ച്ചെല്‍വന്‍ എന്നീ ഇരുവരുടെ മന: ശാസ്ത്രഘടനയും ഇടപെടലിലെ സവിശേഷതയും നമ്മള്‍ പരിശോധിക്കുക. തമിഴ്ച്ചെല്‍വന്‍ അയാളുടെ ആന്തരികതകളിലേക്ക് മുഖം തിരിച്ചിരിക്കുന്നയാളാണ്. അവിടെ നിന്നാണ് അയാള്‍ തന്റെ ചിന്തകളെ ഊതി ജ്വലിപ്പിച്ചെടുക്കുന്നത്. എന്നാല്‍ ആനന്ദനാവട്ടെ, ലോകത്തേക്ക് ഉറ്റുനോക്കുന്നവനും ലോകത്തിന്റെ മുന്നില്‍ സ്വയം പ്രദര്‍ശിപ്പിക്കുന്നവനുമാണ്. അയാള്‍ക്ക് ലോകത്തിന്റെ പുഞ്ചിരിയും കൈയ്യടികളും ആവശ്യമുണ്ട്. അയാള്‍ ഒരു അഭിനേതാവാണ്. അതുകൊണ്ട് തന്നെ അയാള്‍ക്ക് ബാഹ്യലോകം പരമപ്രധാനമാണ്. അപ്പോള്‍ ഭാവപ്രകടനങ്ങളിലെ അനായാസതയും സ്വഭാവികതയും ആനന്ദന്റെ അസ്തിത്വത്തിന്റെ തന്നെ ആധാരമായി മാറുന്നു. അയാള്‍ ഹൃദയത്തെ മുഖത്ത് പ്രതിഫലിപ്പിക്കാന്‍ ബാധ്യതപ്പെട്ടയാളായത് കൊണ്ടാണ് ആനന്ദന്റെ ചിരിയും പ്രണയവുമെല്ലാം ഒരു പോലെ മനോഹരമായിത്തീരുന്നത്.
മറ്റൊന്ന് തമിഴ്ചെല്‍വന്‍ ബലംപ്രയോഗിച്ച് തന്നെ കാര്യങ്ങളെ മാറ്റിത്തീര്‍ക്കാന്‍ ശ്രമിക്കുന്ന ഒരാളാണ് എന്നതാണ്. അതിനായി അയാള്‍ പരിശ്രമിക്കുന്നു. ഒരു കൊടുങ്കാറ്റ് പോലെ അതിലേക്ക് പാഞ്ഞുചെല്ലുന്നു. മറിച്ച് ആനന്ദന്‍ ഒരു പുഴപോലെയാണ്. തന്നിലേക്ക് എത്തുന്ന പ്രതിബന്ധങ്ങളെപ്പോലും സ്വാഭാവികമായി ഒഴുകി മറികടന്ന് പോവാനാണ് അയാള്‍ ശ്രമിക്കുന്നത്. അയാള്‍ അതുകൊണ്ട് തന്നെ ഇടപെടലുകള്‍ ശാന്തമാണ്. അയാള്‍ മൃദുവായി ഒഴുകിക്കടന്ന് പോകാന്‍ ശ്രമിക്കുന്നു. ഇനി ഒന്ന് ചിന്തിച്ച് നോക്കൂ : ആനന്ദന്‍ എന്ന കഥാപാത്രത്തിന്റെ പാത്രസൃഷ്ടിയിലെ സവിശേഷതകള്‍ തന്നെ ആദ്യം വിരല്‍ചൂണ്ടുന്നത് മോഹന്‍ലാല്‍ എന്ന നടനിലേക്കല്ലേ ? കഥാപാത്രം ചൂണ്ടിക്കാണിച്ച നടനെ കാസ്റ്റ് ചെയ്യുമ്പോള്‍ അത് ഏറ്റവും മികച്ച കാസ്റ്റിംഗുകളിലൊന്നാവാതെ തരമില്ല. അതിനപ്പുറമുള്ള കഥകളെയൊക്കെ നമ്മള്‍ വിട്ടു കളയുക. മോഹന്‍ലാല്‍ എം.ജി.ആറായി പരകായപ്രവേശം ചെയ്തതിന്റെ വിസ്മയകഥകള്‍. അവയൊക്കെ ആരാധകരുടെ മേഖലയാണ്. നമ്മള്‍ കാണേണ്ടത് ഇന്ത്യന്‍സിനിമയിലെ ഏറ്റവും മികച്ചൊരു അഭിനയപ്രകടനം നമുക്ക് മുന്നില്‍ ഒരു പുസ്തകം പോലിരിക്കുന്നതിന് കാരണമായ സാര്‍ത്ഥകമായൊരു പ്രതിഭാബാന്ധവത്തെയാണ്. മണിരത്നവും മോഹന്‍ലാലുമെന്ന ആ ഇരുവരെയുമാണ്.