Ravish Kumar 
media

അദാനിക്ക് വിലയിടാനാകാത്ത രവീഷ് കുമാർ, പോരാട്ടം ​ഗോഡി മീഡിയക്കെതിരെ; മില്യൺ സ്നേഹമറിയിച്ച് പ്രേക്ഷകർ

രാജ്യത്തെ നിയമവ്യവസ്ഥ തകരുകയും അധികാരത്തിലിരിക്കുന്നവർ പലരേയും നിശബ്ദരാക്കുകയും ചെയ്യുന്നൊരു കാലത്ത് രാജ്യത്തെ ജനങ്ങൾ എന്നോട് കാണിച്ച സ്‌നേഹം അളവറ്റതാണ്. എന്റെ പ്രേക്ഷകരില്ലാതെ എനിക്കൊന്നും ചെയ്യാൻ കഴിയുമായിരുന്നില്ല.

'നമസ്‌കാർ മേം രവിഷ് കുമാർ' എന്ന് നിങ്ങളൊരിക്കലും ഇനി എൻഡിടിവിയിലൂടെ കേൾക്കില്ല. ഞാനാ പ്രസ്ഥാനത്തിൽ നിന്ന് രാജിവെച്ചിരിക്കുന്നു.' സ്വതസിദ്ധമായ ചിരിക്കൊപ്പം വർഷങ്ങളായി പ്രേക്ഷകർക്ക് സുപരിചിതമായ ശൈലിയിൽ ഹിന്ദിയിൽ രവിഷ് കുമാർ

ഇത്രയും പറഞ്ഞത് സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ്. ​ഇന്ത്യൻ വ്യവസായ ഭീമൻ എൻഡിടിവി സ്വന്തമാക്കിയതിന്റെ നടപടി ക്രമങ്ങൾ പൂർത്തിയായതിന് പിന്നാലെയായിരുന്നു സീനിയർ എക്സിക്യുട്ടീവ് എഡിറ്റർ രവിഷ് കുമാറിന്റെ രാജി. രാജി പ്രഖ്യാപനം മുതൽ തൊട്ടടുത്ത രണ്ട് ദിവസം ട്വീറ്റുകളിലും ട്രെൻഡിം​ഗായിരുന്നു രവിഷ് കുമാർ. നട്ടെല്ലുള്ള ജേണലിസത്തിന്റെ ഇന്ത്യൻ മാതൃകയെന്ന് രവിഷിന്റെ സാമൂഹ്യ മാധ്യമങ്ങൾ വാഴ്ത്തി. കുറച്ചുനാളുകളായി രവിഷ് കുമാർ സജീവമായിരുന്ന സ്വന്തം പേരിലുള്ള യൂട്യൂബ് ചാനൽ സബ്സ്ക്രിപ്ഷൻ ദശലക്ഷം കടന്ന് കുതിച്ചു.

എൻ.ഡി.ടി.വി ഹിന്ദി ചാനലിന്റെ സീനിയർ എക്‌സിക്യുട്ടീവ് എഡിറ്ററും ഏറെ സ്വീകാര്യത ലഭിച്ച പ്രൈംടൈം ഷോയുടെ അവതാരകനുമായ രവിഷ് കുമാർ ചാനൽ വിടുന്നതോടെ ജനാധിപത്യ സംവാദങ്ങളുടെ നീണ്ട കാലത്തിന് കൂടിയാണ് തിരശീല വീണത്. എൻഡിടിവി ഗൗതം അദാനിയുടെ നിയന്ത്രണത്തിലേക്ക് മാറാനൊരുങ്ങുന്ന വേളയിലാണ് രാജി എന്നത് ശ്രദ്ധേയമാണ്. അതിസാധാരണക്കാരായ പ്രേക്ഷകരെയാണ് രവിഷ് കുമാർ കൂടുതലും കയ്യിലെടുത്തിരുന്നത്.

മൂന്ന് ദശകങ്ങളായി നമുക്കറിയാവുന്ന എൻഡിടിവി ഇവിടെ അവസാനിച്ചിരിക്കുന്നു എന്നാണ് രവിഷ് കുമാറിന്റെ രാജിയിൽ ആക്ടിവിസ്റ്റ് യോഗേന്ദ്ര യാദവ് ദ പ്രിന്റിലെഴുതിയ ലേഖനത്തിൽ കുറിച്ചത്. 'എൻഡിടിവിയുടെ സ്ഥാപകരായ റോയ് ദമ്പതിമാർ ഇപ്പോഴും ചാനലിന്റെ തലപ്പത്തുണ്ടല്ലോ, അവർ ഹോൾഡിംഗ് കമ്പനിയിൽ നിന്നല്ലേ രാജിവെച്ചുള്ളൂ, എന്ന ചില നിഷ്‌കളങ്ക ചോദ്യങ്ങൾ ഞാൻ കാണുന്നുണ്ട്. അവരോട് പറയാനുള്ളത്, ഒരു രാജ്യത്തെ ശക്തനായ രാഷ്ട്രീയ നേതാവിന് ആ രാജ്യത്തെ അതിസമ്പന്നന്റെ പിന്തുണയുണ്ടെങ്കിൽ ഒരു ന്യായവും ഒന്നിലും നിങ്ങൾ പ്രതീക്ഷിക്കരുത് എന്നാണ്. എൻഡിടിവി അതിന്റെ നിലപാടുകളിൽ നിന്ന് ഉടനെ യു ടേൺ എടുക്കുമെന്ന് ഞാൻ കരുതുന്നില്ല. മുകളിൽ നിന്ന് നിർദേശങ്ങൾ ലഭിച്ച് തുടങ്ങും വരെ പ്രേക്ഷകരെ പിടിച്ച് നിർത്താൻ അവർ ശ്രമിക്കും. അംബാനി നെറ്റ്വർക്ക്18 ഏറ്റെടുത്തപ്പോഴും അങ്ങനെയാണ് ചെയ്തിരുന്നത്.' യോഗേന്ദ്ര യാദവ് എഴുതി.

Ravish Kumar

ന്യൂ ഡൽഹി ടെലിവിഷൻ എന്ന എൻഡിടിവി ചാനൽ സ്ഥാപകരായ പ്രണോയ് റോയിയും രാധിക റോയിയും എൻഡിടിവിയുടെ ഹോൾഡിംഗ് കമ്പനിയായ ആർ.ആർ.പി.ആറിന്റെ ഡയറക്ടർ ബോർഡിൽ നിന്ന് രാജിവെച്ച് ഇരുപത്തിനാല് മണിക്കൂർ പിന്നിടും മുമ്പേയാണ് രാജ്യത്തെ പ്രശസ്തനായ മാധ്യമപ്രവർത്തകൻ രാജി സമർപ്പിച്ച് ഇറങ്ങിയത്. 2022 ഓഗസ്റ്റ് 23നാണ് എൻഡിടിവിയിലേക്ക്‌ അദാനിയുടെ കടന്നുവരവുണ്ടാകുന്നത്‌. എൻഡിടിവിയുടെ ഹോൾഡിംഗ് കമ്പനിയായ ആർ.ആർ.പി.ആർ 2010ൽ പലിശരഹിത വായ്പയായി 400 കോടി രൂപ വിശ്വപ്രധാൻ കൊമേഴ്‌സ്യൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ നിന്ന് കൈപ്പറ്റിയിരുന്നു. ഈ സ്ഥാപനത്തെ സ്വന്തമാക്കിയാണ് അദാനി എൻഡിടിവിയെ കുരുക്കിലാക്കിയത്. വായ്പ തിരിച്ചടക്കാതിരുന്നതിനാൽ ചാനലിന്റെ 29 ശതമാനം ഓഹരിയും അദാനിയുടെ പേരിലാവുകയായിരുന്നു. ഓപൺ ഓഫറിംഗിലൂടെ 26 ശതമാനം കൂടി കൈക്കലാക്കാനുള്ള ശ്രമം അദാനി ആരംഭിച്ചതോടെ ചാനലിന്റെ പകുതിയിലേറെ ഓഹരിയും അദാനിക്ക് സ്വന്തമാകാനുള്ള സാദ്ധ്യതയാണുള്ളത്. ഈ ഘട്ടത്തിലാണ് 26 വർഷത്തെ എൻഡിടിവി ബന്ധം ഉപേക്ഷിച്ച് രവിഷ് കുമാർ പടികളിറങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിശ്വസ്തനായ അദാനിക്ക്‌ കീഴിൽ പ്രവർത്തിക്കുന്ന എൻഡിടിവിയിൽ രവിഷ് കുമാർ അതിജീവിക്കുമോ എന്ന ആശങ്ക പ്രേക്ഷകർക്കുമുണ്ടായിരുന്നു. അദാനിയുടെ ഏറ്റെടുക്കലിന് പിന്നാലെ ന്യൂസ് ലോൻഡ്രി നൽകിയ റിപ്പോർട്ടിൽ സ്വന്തം യൂട്യൂബ് ചാനലുമായി സ്വതന്ത്ര മാധ്യമപ്രവർത്തന രം​ഗത്ത് ഇനി രവിഷ് കുമാർ സജീവ സാന്നിധ്യമാകുമെന്ന സൂചനകളുണ്ടായിരുന്നു.

ബുധനാഴ്ച ഇമെയിൽ വഴി സമർപ്പിച്ച രാജി സ്വീകരിച്ച് കൊണ്ട് മാനേജ്‌മെന്റ് മറ്റു ജീവനക്കാർക്കയച്ച ഇമെയിൽ സന്ദേശം ന്യൂസ് ലോൺട്രി പുറത്ത് വിട്ടിരുന്നു. 'എൻഡിടിവിയുടെ അവിഭാജ്യ ഘടകമായിരുന്നു രവീഷ് കുമാർ. അദ്ദേഹം നൽകിയ സംഭാവനകൾ വിലമതിക്കാനാകാത്തതാണ്. അദ്ദേഹം ആരംഭിക്കുന്ന പുതിയ സംരംഭം വലിയ വിജയമാക്കാൻ അദ്ദേഹത്തിന് കഴിയും.' ഇ മെയിൽ സന്ദേശത്തിൽ പറയുന്നു.

Ravish Kumar

'ഇനി അങ്കം ഇവിടെ', വിടവാങ്ങൽ പ്രസംഗം സ്വന്തം യൂ ട്യൂയൂബ് ചാനലിൽ,

'പ്രിയപ്പെട്ട പൊതുജനമേ, നിങ്ങളെന്റെ സത്തയിൽ ഉൾചേർന്നിരിക്കുന്നു. നിങ്ങൾ നൽകുന്ന സ്‌നേഹമാണ് എന്റെ കൈമുതൽ. എനിക്ക് നിങ്ങളോട് ഏറെ പറയാനുണ്ട്. യൂട്യൂയൂബ് ചാനലിൽ ഞാനുണ്ടാകും. ഇനി ഇതാണെന്റെ മേൽവിലാസം. ഗോഡി മീഡിയയുടെ അടിമത്തത്തിനെതിരെ നമുക്കൊരുമിച്ച് പോരാടാം.' രവിഷ് കുമാർ ഹിന്ദിയിൽ ട്വിറ്ററിൽ കുറിച്ചതാണിത്. ചാനലിൽ നിന്നുള്ള പടിയിറക്കം മാധ്യമപ്രവർത്തനത്തിന്റെ അവസാനമല്ലെന്ന് അടിവരയിട്ടുകൊണ്ടാണ് രവിഷ് കുമാർ യൂ ട്യൂബ് ചാനലിൽ പ്രത്യക്ഷപ്പെട്ടത്. Ravish Kumar Official എന്ന ചാനലിൽ അപ്ലോഡ് ചെയ്ത 24 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിൽ രാജി സ്ഥിരീകരിച്ചതിനോടൊപ്പം ഇനി ഇതായിരിക്കും തന്റെ പ്ലാറ്റ്‌ഫോമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. മണിക്കൂറുകൾ കൊണ്ട് ഒരു മില്ല്യണിലധികം ആളുകളാണ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്തിരിക്കുന്നത്.

സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന്റെ ആവാസവ്യവസ്ഥ തകർന്നെന്ന് രവിഷ് കുമാർ യൂ ട്യൂബ് വീഡിയോയിൽ അഭിപ്രായപ്പെടുന്നുണ്ട്. 'രാജ്യത്തെ നിയമവ്യവസ്ഥ തകരുകയും അധികാരത്തിലിരിക്കുന്നവർ പലരേയും നിശബ്ദരാക്കുകയും ചെയ്യുന്നൊരു കാലത്ത് രാജ്യത്തെ ജനങ്ങൾ എന്നോട് കാണിച്ച സ്‌നേഹം അളവറ്റതാണ്. എന്റെ പ്രേക്ഷകരില്ലാതെ എനിക്കൊന്നും ചെയ്യാൻ കഴിയുമായിരുന്നില്ല. എന്റെ പുതിയ യൂ ട്യൂബ് ചാനലിലൂടെയും ഫേസ് ബുക്ക് പേജിലൂടെയും എന്റെ ജോലിയെ തുടർന്നും പിന്തുണക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു.' രവിഷ് കുമാർ പറഞ്ഞു.

'1996ൽ എൻഡിടിവിയിൽ ജോയിൻ ചെയ്യുമ്പോൾ വിവർത്തനമായിരുന്നു ജോലി. അന്നെനിക്ക് ആദ്യം ലഭിച്ച അസ്സൈൻമന്റ് പ്രേക്ഷകരെഴുതിയ കത്ത് വായിക്കലായിരുന്നു. അത് പിന്നീടെന്റെ ജീവിതത്തിന്റെ ഭാഗമായി. ഇന്നും നിങ്ങളെനിക്ക് ആയിരക്കണക്കിന് കത്തെഴുതുന്നുണ്ട്. ഞാനതെല്ലാം വായിക്കാറുമുണ്ട്. നിങ്ങളുടെ പ്രയാസങ്ങളും വിഷമതകളും എന്നോട് പറയുന്നു. നിങ്ങളെന്നിൽ അർപ്പിച്ച ആ വിശ്വാസമാണ് എന്നെ മുന്നോട്ട് നയിക്കുന്നത്'

വീഡിയോയിൽ ഇതര മുഖ്യധാരാ മാധ്യമങ്ങളെ രവിഷ് കുമാർ നിശിതമായി വിമർശിക്കുന്നുണ്ട്. 'ഈ രാജ്യത്ത് ധാരാളം വാർത്താ ചാനലുകളുണ്ട്. എല്ലാം ഏറിയോ കുറഞ്ഞോ 'ഗോഡി മീഡിയ'യാണ്. അവർ നടത്തുന്നത് മാധ്യമ പ്രവർത്തനമാണെന്നാണ് അവർ അവകാശപ്പെടുന്നത്. എന്നാൽ മാധ്യമപ്രവർത്തനത്തിന്റെ അടിസ്ഥാന തത്വങ്ങൾ പോലും അവർ പാലിക്കുന്നില്ല. ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ മാധ്യമപ്രവർത്തനം പഠിച്ച് ഇറങ്ങുന്നു. നിർഭാഗ്യവശാൽ അവർക്ക് ഈ ഗോഡി മീഡിയയുടെ ഏജന്റാകാനാണ് നിയോഗം. ഇവിടെ മാധ്യമപ്രവർത്തനത്തിന്റെ യാതൊന്നും ശേഷിക്കുന്നില്ല.' രവിഷ് കുമാർ കൂട്ടിച്ചേർത്തു.

Ravish Kumar

വിവർത്തകനിൽ നിന്ന് എൻ ഡി ടിവി ഹിന്ദിയുടെ തലപ്പത്തേക്ക്

1996ലാണ് രവിഷ്‌കുമാർ എൻഡിടിവിയിൽ ജോയിൻ ചെയ്യുന്നത്‌. ആദ്യം വിവർത്തകനായും പിന്നീട് ഫീൽഡ്‌ റിപ്പോർട്ടറായും ഒടുവിൽ അവതാരകനായും പ്രവർത്തിച്ചു. അവതാരകനായെത്തിയ പ്രൈം ടൈം ഷോ രാജ്യത്ത് ഏറ്റവുമധികം ആളുകൾ കാണുന്ന പരിപാടിയായി മാറി. ഇതിന് പുറമെ ഹം ലോഗ്, രവിഷ് കി റിപ്പോർട്ട്, ദേശ് കി ബാത്ത് എന്നിങ്ങനെ വിവിധ വാർത്താധിഷ്ടിത പരിപാടികളിലൂടെ അദ്ദേഹം ജനഹൃദയങ്ങളിലേക്ക് ചേക്കേറി. ഒരു കഥപറച്ചിലുകാരന്റെ കൗശലത്തോടെയുള്ള അവതരണ രീതിയും സങ്കീർണമായ വിഷയങ്ങൾ ലളിതമായി അവതരിപ്പിക്കാനുള്ള കഴിവും സാധാരണക്കാരനെ പോലും ആകർഷിപ്പിക്കുന്നതായിരുന്നു. രാഷ്ട്രീയ-സാമൂഹ്യ വിഷയങ്ങളിൽ സ്വീകരിച്ച ഉറച്ച നിലപാട് പലപ്പോഴും വധഭീഷണികളിൽ വരെ എത്തിച്ചു. ബീഹാറിലെ ഈസ്റ്റ് ചമ്പാരനിൽ 1974 ഡിസംബർ അഞ്ചിനാണ് രവിഷ് കുമാർ ജനിക്കുന്നത്. ഡൽഹി സർവ്വകലാശാലക്ക് കീഴിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷനിൽ നിന്നാണ് ജേണലിസം പഠിച്ചിറങ്ങിയത്. തുടർന്നാണ് ന്യൂ ഡൽഹി ടെലിവിഷൻ നെറ്റ്വർക്കിൽ (എൻഡിടിവി) പ്രവർത്തനം ആരംഭിക്കുന്നത്.

Ravish Kumar

സ്വാധീനമുള്ള 100 ഇന്ത്യക്കാരുടെ പട്ടികയിലും

ഏഷ്യയുടെ നോബൽ സമ്മാനമെന്ന് അറിയപ്പെടുന്ന മാഗ്‌സസെ അവാർഡ് 2019ൽ രവിഷ് കുമാറിനെ തേടിയെത്തിയിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് മാഗ്‌സസെ ലഭിക്കുന്ന അഞ്ചാമത്തെ മാത്രം മാധ്യമപ്രവർത്തകൻ. ശബ്ദമില്ലാത്തവരുടെ ശബ്ദമാകാൻ മാധ്യമപ്രവർത്തനത്തെ ഉപയോഗപ്പെടുത്തി എന്നാണ് അന്ന് അവാർഡ് നിർണയ സമിതി നിരീക്ഷിച്ചത്. മാധ്യമമേഖലയിലാകെ വലിയ വ്യതിയാനം സംഭവിച്ച 2019ൽ ലഭിച്ച അവാർഡിന് ആ അർത്ഥത്തിൽ പകിട്ട് ഏറെയാണ്. മികച്ച മാധ്യമപ്രവർത്തകനുള്ള രാംനാഥ് ഗോയങ്കെ പുരസ്‌കാരത്തിന് 2013ലും 2017ലും അർഹനായിട്ടുണ്ട്‌. ഇതിനുപുറമെ മാധ്യമപ്രവർത്തനത്തിനുള്ള ഗൗരി ലങ്കേഷ് അവാർഡ്, പ്രഥമ കുൽദീപ് നായർ ജേണലിസം അവാർഡ്, ഹിന്ദി ജേണലിസത്തിനുള്ള ഗണേഷ് ശങ്കർ വിദ്യാർത്ഥി അവാർഡ് എന്നിവക്കും അർഹനായി. ഇന്ത്യൻ എക്‌സ്പ്രസ്സ് 2016ൽ പ്രസിദ്ധീകരിച്ച ഏറ്റവും സ്വാധീനമുള്ള 100 ഇന്ത്യക്കാരുടെ പട്ടികയിലും രവിഷ് കുമാർ ഇടം പിടിച്ചിരുന്നു.

ഭയം! നാമെല്ലാവരും ഭയം അനുഭവിക്കുന്നു

സമകാലീന ഇന്ത്യയെ വരച്ചുകാട്ടുന്ന പുസ്തകമാണ് രവിഷ് എഴുതിയ ദ ഫ്രീ വോയിസ്: ഓൺ ഡെമോക്രസി, കൾച്ചർ ആൻഡ് ദി നേഷൻ. 2014ന് ശേഷം രാജ്യത്ത് പൊതുവിലും മാധ്യമങ്ങൾക്ക് വിശേഷിച്ചുമുണ്ടായ മാറ്റങ്ങളെ കുറിച്ച് പുസ്തകം തുറന്ന ചർച്ച നടത്തുന്നു. 'വാഗ്ദാനം ചെയ്യപ്പെട്ട ഹൈവേകൾക്കും തൊഴിലവസരങ്ങൾക്കും മുമ്പ്, എല്ലാവർക്കും ഒരു കാര്യം ലഭിച്ചിരിക്കുന്നു. ഭയം! നാമെല്ലാവരും ഭയം അനുഭവിക്കുന്നു. അത് പല രൂപത്തിൽ നമ്മിലേക്ക് വരുന്നു. വീട്ടിൽ നിന്ന് ഇറങ്ങുന്ന നിമിഷം മുതൽ, നിരവധി മുന്നറിയിപ്പുകളാണ് കാതുകളിൽ മുഴങ്ങുന്നത്. ഇന്ന് ഇന്ത്യയിൽ സുരക്ഷിതമായിരിക്കുന്നത് ഗോഡീ മീഡിയ മാത്രമാണ്. കഴിയുമെങ്കിൽ നിങ്ങളും അധികാരത്തിന്റെ മടിത്തട്ടിലേക്ക് ചാടി ഒതുങ്ങിക്കൂടുക. ആരും നിങ്ങളോട് ഒന്നും പറയാൻ ധൈര്യപ്പെടില്ല.'

ജസ്റ്റിസ് ലോയയുടെ മരണം റിപ്പോർട്ട് ചെയ്യുമ്പോൾ താൻ ഭയന്നിരുന്നതായി പുസ്തകത്തിൽ പറയുന്നുണ്ട്. അദ്ദേഹം എഴുതുന്നു,

'രണ്ടു ദിവസമായി എന്നെ ശ്വാസംമുട്ടിച്ച ഭയത്തിന്റെ പിടിയിൽ നിന്ന് ഞാൻ മോചനം കണ്ടെത്തിയിരിക്കുന്നു. ഷോ പുരോഗമിക്കുന്ന സമയത്തെല്ലാം ഓരോ വാക്കും എന്നെ പിന്തിരിപ്പിക്കുന്നതായി എനിക്ക് തോന്നി. എനിക്ക് മുന്നറിയിപ്പ് നൽകുന്നതുപോലെ: 'മതി, ഇനി പോകരുത്. എല്ലാം പറഞ്ഞുകഴിഞ്ഞാൽ ഭയം തീരുമെന്നാണ് നിങ്ങൾ കരുതുന്നത്. നിങ്ങൾ സംസാരിച്ചതിന് ശേഷവും ഭയം അവസാനിക്കുന്നില്ല. അത് അതിന്റെ വലകളും കെണികളുമായി നിങ്ങളെ കാത്തിരിക്കുന്നു.' പക്ഷേ ഞാൻ സംസാരിച്ചു, ഞാൻ സ്വതന്ത്രനായി.'

കറുപ്പണിഞ്ഞ നിലപാട്

ഡൽഹി ജെ.എൻ.യുവിലെ വിദ്യാർത്ഥികൾക്കെതിരെ കെട്ടിച്ചമച്ച വാർത്തകളും ദൃശ്യങ്ങളും ഒരു വിഭാഗം മാധ്യമങ്ങൾ പ്രചരിപ്പിച്ചപ്പോൾ ഇതിനെതിരെ പ്രതിഷേധിച്ച് രവിഷ് കുമാറിന്റെ ഹിന്ദിയിലുള്ള ഒമ്പതു മണി വാർത്ത ദൃശ്യങ്ങളില്ലാതെ കറുത്ത സ്‌ക്രീനിൽ സംപ്രേഷണം ചെയ്തത് ഇന്ത്യൻ മാധ്യമ ചരിത്രത്തിലെ മറക്കാനാവാത്ത ഒരേടാണ്. ആരെയും വിചാരണ ചെയ്യാനും വിധിയെഴുതാനും അധികാരമുണ്ടെന്ന മാധ്യമങ്ങളുടെ ഹുങ്കിന് സ്വയം വിമർശനാത്മകമായ തിരുത്ത് കൂടിയായിരുന്നു ടെലിവിഷൻ സ്‌ക്രീനിനെ കറുപ്പണിയിച്ചു കൊണ്ടുള്ള രവിഷ് കുമാറിന്റെ ഇടപെടൽ.

ഹിന്ദുത്വയോടും നരേന്ദ്രമോദി സർക്കാരിന്റെ ധ്രുവീകരണ നിലപാടുകളോടും നിരന്തരം വിയോജിപ്പും വിമർശനവും പ്രകടിപ്പിച്ച മാധ്യമ സ്ഥാപനമായിരുന്നു എൻഡിടിവി. ഭരണകൂട വിധേയത്വവും കോർപറേറ്റ് ഭക്തിയും പുലർത്തുന്ന മുഖ്യധാരാ മാധ്യമങ്ങളിൽ നിന്ന് വേറിട്ട് നീങ്ങി നിരന്തരം ഭരണകൂട വിയോജിപ്പുകളും ജനകീയ പ്രശ്നങ്ങളും അവതരിപ്പിച്ച വാർത്താ ചാനൽ. എൻഡിടിവിയെ അദാനി വിഴുങ്ങുമ്പോൾ രവിഷ് കുമാറിനെ ജനം കേൾക്കുന്നത് സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന്റെ സമാന്തര സാധ്യതയായ ഡിജിറ്റൽ സ്പേസിലൂടെയായിരിക്കും. തന്റെ പ്രൈം ടൈം ഡിബേറ്റിലൂടെ രവിഷ് കുമാർ നിർവഹിച്ച ജനാധിപത്യ സംവാദങ്ങളും വിദ്വേഷപ്രചാരകർക്കെതിരെയുള്ള വിമർശനങ്ങളും ഇനി ആ യൂ ട്യൂബ് ചാനലിലൂടെ തുടർന്നും കാണാം.

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

ചെരുപ്പൂരി അടിക്കുമെന്ന് അന്ന് ഞാൻ ആ നടനോട് പറഞ്ഞു: ഖുശ്ബു

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

SCROLL FOR NEXT