മരംമുറിയിൽ ചാനൽ പോരിന് റിപ്പോർട്ടർ
മുട്ടിൽ മരംമുറിക്കേസിലെ പ്രതി റോജി അഗസ്റ്റിനെതിരായ പുതിയ വെളിപ്പെടുത്തലിന് പിന്നാലെ മാതൃഭൂമിയുമായി തുറന്ന പോരിന് റിപ്പോർട്ടർ ചാനൽ. വയനാട്ടിൽ മാതൃഭൂമി ഗ്രൂപ്പ് എംഡിയും എൽജെഡി നേതാവുമായ എം വി ശ്രേയാംസ് കുമാറിന്റെ നേതൃത്വത്തിൽ മരംകൊള്ള നടക്കുന്നുണ്ടെന്നും ഇതിൽ അന്വേഷണം നടത്താൻ സർക്കാർ എജൻസികൾ തയ്യാറാകുന്നില്ലെന്നും മുട്ടിൽ മരംമുറി കേസിലെ പ്രതിയും റിപ്പോർട്ടർ ചാനൽ മാനേജിംഗ് എഡിറ്ററുമായ ആന്റോ അഗസ്റ്റിൻ ആരോപിച്ചു. ജൂലൈ 26ന് ചാനൽ എഡിറ്റർ ഇൻ ചീഫ് എം വി നികേഷ് കുമാർ നടത്തിയ ലൈവ് ചർച്ചക്കിടെയാണ് ആന്റോ അഗസ്റ്റിന്റെ ആരോപണം.
ആന്റോ അഗസ്റ്റിന്റേത് വെറും ജല്പനങ്ങൾ മാത്രമാണെന്നാണ് എം.വി ശ്രേയാംസ്കുമാർ ദ ക്യുവിനോട് പ്രതികരിച്ചത്. അവരത് നടത്തിക്കോട്ടെ. അത് അവരുടെ രീതികളാണ്. ആരോപണങ്ങൾ ഉന്നയിച്ചവർ അത് തെളിയിക്കട്ടെ. എന്റെ തോട്ടത്തിൽ മരം മുറിച്ചോ എന്ന് ഉറപ്പുണ്ടോ? കണ്ടവരുടെ തോട്ടത്തിൽ കണ്ടവർ മുറിച്ച മരങ്ങളുടെ കുറ്റം എനിക്കെങ്ങനെ വരും?
ഞങ്ങൾക്കിത് ചാനൽ ഫൈറ്റ് അല്ല. എന്നെ ലക്‌ഷ്യം വെച്ച് മാതൃഭൂമിയെ തകർക്കാൻ കഴിയും എന്ന് ഞാൻ കരുതുന്നുമില്ല. നൂറ് കൊല്ലത്തെ പാരമ്പര്യമുള്ള സ്ഥാപനമാണത്.എം.വി.ശ്രേയാംസ്കുമാർ, ദ ക്യുവിനോട്
വയനാട്ടിൽ വിവിധ ഭാഗങ്ങളിലായി മരംമുറി നടന്നിട്ടും മുട്ടിലിൽ തങ്ങൾ നടത്തിയ മരംമുറി കേന്ദ്രീകരിച്ച് മാത്രമാണ് അന്വേഷണം നടക്കുന്നതെന്നും ആന്റോ അഗസ്റ്റിൻ ആരോപിക്കുന്നു. ആന്റോ അഗസ്റ്റിന്റെ സഹോദരനും മുട്ടിൽ മരം മുറി കേസിലെ പ്രതിയുമായ റോജി അഗസ്റ്റിൻ തങ്ങളുടെ പേരിൽ വ്യാജ അപേക്ഷ മരംമുറി അനുമതിക്ക് തയ്യാറാക്കിയെന്ന് ആരോപിച്ച് ആദിവാസി കർഷകർ ഇന്നലെ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിരോധവുമായി സ്വന്തം ചാനലിലൂടെ ഉടമകൾ രംഗത്ത് വന്നത്.
മാതൃഭൂമി ന്യൂസും മീഡിയ വൺ ചാനലും ഇന്നലെ മരംമുറിയിലെ പുതിയ വെളിപ്പെടുത്തലും റോജി അഗസ്റ്റിനെതിരായ ആരോപണങ്ങളും പ്രൈം ടൈം ചർച്ചയാക്കിയപ്പോൾ മരംമുറി കേസിലെ പ്രതികളായ ചാനൽ ഉടമകളെ പ്രതിരോധിച്ച് റിപ്പോർട്ടർ ചാനൽ ഡിബേറ്റ് വിത്ത് നികേഷ്കുമാറുമായി രംഗത്തെത്തി. ചാനൽ മാനേജിംഗ് എഡിറ്റർ കൂടിയായ ആന്റോ അഗസ്റ്റിന്റെ ദീർഘ വിശദീകരണത്തിനും ആരോപണങ്ങൾക്കുമായി സമയം മാറ്റിവച്ചായിരുന്നു എം.വി നികേഷ് കുമാറിന്റെ ചർച്ച.
ഉമ്മൻചാണ്ടിയുടെ മരണാനന്തര ചടങ്ങുകളും വിലാപ യാത്രയും റിപ്പോർട്ട് ചെയ്ത റിപ്പോർട്ടർ ചാനലിന്റെ മുന്നേറ്റത്തിൽ അസൂയ പൂണ്ട് തന്നെ ജയിലിൽ അടക്കാനും ചാനൽ നിർത്തിക്കാനുമുള്ള ശ്രമമാണ് നടക്കുന്നതെന്നും ആന്റോ അഗസ്റ്റിൻ ചർച്ചക്കിടെ ആരോപിക്കുന്നുണ്ടായിരുന്നു.
ആന്റോ അഗസ്റ്റിന്റെ ആരോപണങ്ങൾ
മുട്ടിൽ മരംമുറി കേസിൽ തങ്ങൾക്കെതിരെ കുറ്റപത്രം സമർപ്പിക്കാത്തത് ദുരൂഹമാണെന്ന് ആന്റോ അഗസ്റ്റിൻ. മുട്ടിലിന്റെ മറവിൽ എം.വി ശ്രേയാംസ് അനധികൃത മരംമുറി തുടരുകയാണെന്ന് ആന്റോ അഗസ്റ്റിൻ. രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് അന്വേഷണം ഒഴിവാക്കിപ്പിച്ചുവെന്നും ആന്‍റോ അഗസ്റ്റിൻ ആരോപിക്കുന്നു. വനം, ആദിവാസി ഭൂമി എം വി ശ്രേയാംസ് കുമാർ കയ്യേറിയെന്നും ആന്റോ.
റോജി അഗസ്റ്റിൻ വ്യാജരേഖ ചമച്ചെന്ന് പ്രചരിപ്പിക്കുന്നതിന് പിന്നിൽ ഉദ്യോഗസ്ഥ-മാധ്യമ മാഫിയക്ക് പങ്കുണ്ടെന്നും ആന്റോ അഗസ്റ്റിൻ. വയനാട്ടിലെ മറ്റ് ബിസിനസുകാരെ ഇല്ലാതാക്കാൻ ശ്രേയാംസ് കുമാർ ശ്രമിക്കുന്നതിന്‍റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങളെന്നും ആന്റോ ആഗസ്റ്റിൻ. മരം മുറികേസ് ശ്രേയാംസ് കുമാറിൻ്റെ ഗൂഢാലോചനയെന്നാണ് ആന്റോയുടെ ആരോപണം.
എം.വി. ശ്രേയാംസ്കുമാർ ദ ക്യുവിനോട്
ആന്റോ അഗസ്റ്റിന്റേത് വെറും ജല്പനങ്ങൾ മാത്രമാണ്. അവരത് നടത്തിക്കോട്ടെ. അത് അവരുടെ രീതികളാണ്. ആരോപണങ്ങൾ ഉന്നയിച്ചവർ അത് തെളിയിക്കട്ടെ. എന്റെ തോട്ടത്തിൽ മരം മുറിച്ചോ എന്ന് ഉറപ്പുണ്ടോ? കണ്ടവരുടെ തോട്ടത്തിൽ കണ്ടവർ മുറിച്ച മരങ്ങളുടെ കുറ്റം എനിക്കെങ്ങനെ വരും?
ഒരു കാലത്ത് ആ തോട്ടങ്ങളൊക്കെ ഞങ്ങളുടേതായിരിക്കാം. ഞങ്ങൾ ജന്മികളായിരുന്നു. ഏതോ കാലത്ത് കൈമാറിയ ആ തോട്ടങ്ങളിലെ മരങ്ങൾ മുറിച്ചതിനെ കുറിച്ച് ആര് എന്ത് പറഞ്ഞാലും ഞാനതിൽ മറുപടി പറയാൻ ബാധ്യസ്ഥനല്ല. ഞങ്ങൾ ആരോടെങ്കിലുമുള്ള വിരോധത്തിന്റെ പുറത്തല്ല വാർത്തകൾ ചെയ്യുന്നത്. റിപ്പോർട്ടറിന്റെ മുതലാളിക്കെതിരെ ഒരു വാർത്ത റിപ്പോർട്ട് ചെയ്യുകയുമല്ല ഉണ്ടായത്. മുട്ടിൽ മരം മുറി കേസ് ഉള്ളതല്ലേ? അത് റിപ്പോർട്ട് ചെയ്തുകൂടെ?
ഞങ്ങൾക്കിത് ചാനൽ ഫൈറ്റ് അല്ല. എന്നെ ലക്‌ഷ്യം വെച്ച് മാതൃഭൂമിയെ തകർക്കാൻ കഴിയും എന്ന് ഞാൻ കരുതുന്നുമില്ല. നൂറ് കൊല്ലത്തെ പാരമ്പര്യമുള്ള സ്ഥാപനമാണത്.
പിന്നാലെ ചാനലിന്റെ ഇൻവെസ്റ്റിഗേറ്റിവ് റിപ്പോർട്ട്
ഭൂമിയില്‍ നിന്ന് പ്രത്യേക മരങ്ങള്‍ മുറിക്കാം എന്ന സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിച്ചതിന് ശേഷവും എം വി ശ്രേയാംസ് കുമാറിന്റെ കുടുംബം കൈമാറ്റം ചെയ്ത ഭൂമിയില്‍ വ്യാപക മരംമുറി നടന്നതായി കാണിച്ച് ജൂലൈ 26ന് റിപ്പോർട്ടർ ചാനൽ എക്സ്ക്ലൂസിവ് റിപ്പോർട്ട് പുറത്തുവിട്ടു.
കൈമാറ്റം ചെയ്യപ്പെട്ട ഈ ഭൂമി സര്‍ക്കാര്‍ ഭൂമിയാണെന്ന് ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ടിലുണ്ടെന്നും ചാനലിന്റെ ഇൻവെസ്റ്റിഗേറ്റിവ് ടീമിന്റെ റിപ്പോർട്ടിലുണ്ട്.
കൃഷ്ണഗിരിയില്‍ ഏക്കര്‍ കണക്കിന് ഭൂമി എംവി ശ്രേയാംസ് കുമാറിന്റെ കുടുംബം അനധികൃതമായി കൈക്കലാക്കിയിരുന്നുവെന്നും ഇതില്‍ അമ്പത് ഏക്കറിലേറെ ഭൂമി അനധികൃതമായി കൈമാറ്റം ചെയ്തുവെന്നും റവന്യൂ വകുപ്പ് കണ്ടെത്തിയിരുന്നതായും റിപ്പോർട്ടർ ചാനൽ വാർത്ത നൽകിയിട്ടുണ്ട്.
പ്രതിയെന്നോ, എഡിറ്ററെന്നോ പരാമർശിക്കാതെ വാർത്തകൾ
ഡിബേറ്റ് വിത്ത് നികേഷ് കുമാർ എന്ന ചർച്ചയിലും പിന്നീട് ന്യൂസ് ഹെഡ്ലൈനിലും വാർത്തയിലെ വാസ്തവം എന്ന മാതൃഭൂമി ചാനൽ ടാഗ് ലൈനിലെ ട്രോൾ ചെയ്ത് കൊണ്ട് വാർത്തയിലെ വാസ്തവമെന്ത് എന്ന തലക്കെട്ടാണ് റിപ്പോർട്ടർ നൽകിയത്. ചാനൽ ചർച്ചയിലുടനീളം എല്ലാ പാനലിസ്റ്റുകളെയും വിശേഷണത്തോടെ അവതരിപ്പിച്ചപ്പോൾ ആന്റോ അഗസ്റ്റിനെ മാത്രം ആന്റോ അഗസ്റ്റിൻ എന്ന് മാത്രമാണ് ചർച്ചയിലും ഗ്രാഫിക്സും വിശേഷിപ്പിച്ചത്. പിന്നീട് ആന്റോ അഗസ്റ്റിൻ ശ്രേയാംസിനെതിരെ ഉയർത്തിയ ആരോപണങ്ങൾ വാർത്തയാക്കിയപ്പോഴും മുട്ടിൽ മരംമുറി കേസ് പ്രതിയെന്നോ, റിപ്പോർട്ടർ ചാനൽ മാനേജിംഗ് എഡിറ്ററെന്നോ പരാമർശിക്കാതെയാണ് വാർത്തകളെല്ലാം.
റിപ്പോർട്ടർ ചാനലിന്റെ ഉടമസ്ഥരായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് നെറ്റ് വർക്ക് പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ കൂടിയായ റോജി അഗസ്റ്റിനാണ് മുട്ടിൽ മരംമുറി കേസിലെ മറ്റൊരു പ്രതി. റോജി അഗസ്റ്റിന്റെ പ്രതികരണം ചാനൽ ഇതുവരെ നൽകിയിട്ടില്ല. മറ്റൊരു പ്രതിയും റോജിയുടെ സഹോദരനുമായ ജോസുകുട്ടി അഗസ്റ്റിനാണ് ചാനൽ വൈസ് ചെയർമാൻ. എം.വി നികേഷ് കുമാറിന്റെ ഉടമസ്ഥതയിലുള്ള ഇൻഡോ ഏഷ്യൻ ന്യൂസ് ചാനൽ പ്രൈവറ്റ് ലിമിറ്റഡിൽ നിന്ന് അടുത്തിടെയാണ് അഗസ്റ്റിൻ സഹോദരങ്ങൾ ചാനൽ സ്വന്തമാക്കിയത്.