എം.ജി രാധാകൃഷ്ണന്‍ വീണ്ടും ഏഷ്യാനെറ്റ് ന്യൂസ് തലപ്പത്തേക്ക്. ഏഷ്യാനെറ്റ് ന്യൂസ് ഗ്രൂപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങളുടെ എഡിറ്റോറിയല്‍ അഡൈ്വസറായാണ് നിയമനം. സെപ്തംബര്‍ ഒന്ന് മുതല്‍ പുതിയ ദൗത്യത്തിന്റെ ഭാഗമാകും. ഏഷ്യാനെറ്റ് ന്യൂസ് നെറ്റ് വര്‍ക്ക് പ്രൈവറ്റ് ലിമിറ്റഡിന് കീഴിലാണ് ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍, ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍, ഏഷ്യാനെറ്റ് ന്യൂസബിള്‍, കന്നഡ, തെലുങ്ക്, ബംഗ്‌ള ഹിന്ദി ചാനലുകള്‍.
മാതൃഭൂമി ദിനപത്രത്തിന്റെ എഡിറ്റര്‍ സ്ഥാനത്ത് നിന്ന് രാജി വച്ച മനോജ് കെ.ദാസ് ഏഷ്യാനെറ്റ് ന്യൂസ് മാനേജിംഗ് എഡിറ്ററായി ചുമതലയേറ്റതിന് പിന്നാലെയാണ് എം.ജി രാധാകൃഷ്ണന്‍ ഏഷ്യാനെറ്റ് ന്യൂസ് വിടുന്നത്. ചാനലിന്റെ എഡിറ്റര്‍ പദവിയില്‍ 2014 ജൂലൈയില്‍ ജോയിന്‍ ചെയ്ത എം.ജി രാധാകൃഷ്ണനോട് കരാര്‍ കാലാവധി അവസാനിച്ച ശേഷം ചാനലില്‍ മൂന്ന് വര്‍ഷം കൂടി തുടരാന്‍ മാനേജ്‌മെന്റ് ആവശ്യപ്പെട്ടിരുന്നു.
ടൈംസ് ഓഫ് ഇന്ത്യയുടെ കേരളത്തിലെ റെസിഡന്റ് എഡിറ്ററായി പ്രവര്‍ത്തിച്ചു വരുന്നതിനിടെയാണ് മനോജ് കെ.ദാസ് മാതൃഭൂമിയിലെത്തുന്നത്. മനോജ് കോട്ടയം ജില്ലയിലെ കങ്ങഴ ഇടയിരിക്കപ്പുഴ സ്വദേശിയാണ്. 1994ല്‍ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിലാണ് ജോലിയില്‍ പ്രവേശിച്ചത്. പിന്നീട് കൊച്ചി ബ്യൂറോ ചീഫായി. ഏഷ്യാനെറ്റ് ന്യൂസ്, ഡെക്കാന്‍ ക്രോണിക്കിള്‍, ടൈംസ് ഓഫ് ഇന്ത്യ എന്നീ സ്ഥാപനങ്ങളുടെ റെസിഡന്റ് എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ഉള്‍പ്പെടെ ജൂപ്പിറ്റര്‍ ക്യാപിറ്റല്‍ ഗ്രൂപ്പിന് കീഴിലുള്ള വാര്‍ത്താ ചാനലുകളുടെ ചുമതല മനോജ് കെ ദാസിനാണ്. ടൈംസ് ഗ്രൂപ്പില്‍ നിന്നെത്തിയ രാജേഷ് കല്‍റക്ക് കീഴിലാണ് നിലവില്‍ ഏഷ്യാനെറ്റ് ന്യൂസ് മീഡിയ ആന്റ് എന്റര്‍ടെയിന്‍മെന്റ്. 2020 സെപ്തംബറിലാണ് രാജേഷ് കല്‍റയെ ഏഷ്യാനെറ്റ് ന്യൂസ് മീഡിയ ആന്റ് എന്റര്‍ടെയിന്‍മെന്റ് എക്സിക്യുട്ടീവ് ചെയര്‍മാനായി ബോര്‍ഡ് നിയമിച്ചത്. ടൈംസ് ഇന്റര്‍നെറ്റ് ചീഫ് എഡിറ്റര്‍ പദവി വിട്ടാണ് രാജേഷ് കല്‍റ ഏഷ്യാനെറ്റിലെത്തിയത്.
ഏഷ്യാനെറ്റ് ഉടമയും വ്യവസായിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖര്‍ കേന്ദ്രമന്ത്രിയായതിന് പിന്നാലെയാണ് വാര്‍ത്താ ചാനല്‍ തലപ്പത്ത് അഴിച്ചുപണി നടന്നത്. ബിജെപിക്കെതിരെ തെരഞ്ഞെടുപ്പ് ഘട്ടം മുതല്‍ ആസൂത്രിത പ്രചരണം നടത്തുന്നുവെന്ന് ആരോപിച്ച് പാര്‍ട്ടി കേരളഘടകം ഏഷ്യാനെറ്റ് ന്യൂസ് ബഹിഷ്‌കരിച്ചിരിക്കുകയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ വാര്‍ത്തകള്‍ മെനയാന്‍ ചാനല്‍ പദ്ധതിയിട്ടെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും ആരോപിച്ചിരുന്നു. എം.ജി രാധാകൃഷ്ണനെയും സിന്ധു സൂര്യകുമാറിനെയും ലക്ഷ്യമിട്ടായിരുന്നു കെ.സുരേന്ദ്രന്റെ ആരോപണം.