Mammootty@70

എന്റെ പ്രിയപ്പെട്ട മമ്മൂട്ടി കഥാപാത്രങ്ങള്‍: വൈശാഖ്‌

മമ്മൂട്ടിയോടുള്ള ഇഷ്ടത്തിനും ആരാധനയ്ക്കും എന്റെ തന്നെ പ്രായത്തിന്റെയത്ര ആഴവും ദൂരവുമുണ്ട്‌. ചെറുപ്രായത്തില്‍ തുടങ്ങിയ അദ്ദേഹത്തിനൊപ്പമുള്ള യാത്രയ്ക്ക് ഓര്‍ത്തെടുത്തുപറയാന്‍ എണ്ണിയാല്‍ തീരാത്തത്ര ഓര്‍മ്മകളും അനുഭവങ്ങളുമുണ്ട്.

എന്നും ആരാധാനാപാത്രമായ താരാദാസ്

മമ്മൂക്കയെക്കുറിച്ചുള്ള സിനിമ ഓര്‍മ്മകള്‍ ആരംഭിക്കുന്നത് 5-ാം വയസില്‍ കണ്ട യവനികയില്‍ നിന്നുമാണ്, ആ ചിത്രം കണ്ടതായിട്ട് ഓര്‍മയുണ്ടെങ്കിലും മറ്റൊന്നും മനസ്സിലില്ല. 1982 ല്‍ പുറത്തിറങ്ങിയ യവനിക മൂന്നുവര്‍ഷങ്ങള്‍ക്കുശേഷം 85 ലാണ് ഞങ്ങളുടെ നാട്ടിലെത്തുന്നത്. കാസര്‍ഗോട്ടെ ഒരു ചെറിയ ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന തനിക്ക് ബാല്യകാലത്തെ സിനിമ ഓര്‍മ്മ എന്നുപറയുന്നത് പള്ളി-അമ്പലം വകയായി 35 എംഎം സിനിമ സ്‌ക്രീന്‍ കെട്ടി സ്‌കൂളില്‍ കാണിക്കുന്നതാണ്, അതും വര്‍ഷത്തില്‍ ഒരിക്കല്‍ അവധിക്കാലത്ത്. ഏതാണ്ട് 1995 വരെ എന്റെ സിനിമകാഴ്ച്ച ഇങ്ങനെയായിരുന്നു. ആകെ മൂന്നോ നാലോ ചിത്രങ്ങളായിരിക്കും ഇങ്ങനെ ഒരു വര്‍ഷത്തില്‍ കാണുക. അതുകൊണ്ട് തന്നെ കാണുന്ന എല്ലാ സിനിമകളും ഓര്‍മ്മയില്‍ ശക്തമായിതന്നെ തങ്ങിനില്‍ക്കും.

മമ്മൂട്ടിയും വൈശാഖും

അങ്ങനെ നോക്കുമ്പോള്‍ തീരെ ചെറുപ്പത്തില്‍ കണ്ട അതിരാത്രവും അതിലെ നായകനായ താരാദാസുമായിരിക്കും മമ്മൂക്കയുടെ കണ്ട ആദ്യചിത്രം. 1984 ല്‍ ഇറങ്ങിയ ഐവി ശശി ചിത്രമായ അതിരാത്രത്തിലെ കള്ളകടത്തുകാരനായ നായകനെ ഇന്നും മാറ്റൊട്ടും കുറയാതെ ഓര്‍ക്കുന്നുണ്ട്, ഐവി ശശി എന്ന സംവിധായകന്റെ പേര് ആദ്യമായി കേള്‍ക്കുന്നതും അന്നാണ്. കള്ളകടത്തുകാരനെങ്കിലും സൂപ്പര്‍ ഹീറോയിക് പരിവേഷമുള്ള മമ്മൂക്കയുടെ ഒരു പക്ഷേ ആദ്യത്തെ കഥാപാത്രവും താരാദാസായിരിക്കാം. മമ്മൂക്കയെന്ന സൂപ്പര്‍ താരമുണ്ടായത് താരാദാസിലൂടെയാണെന്ന് ഞാന്‍ പിന്നീട് കേട്ടിട്ടുണ്ട്. ഇന്നത്തെ കാരവന്‍ എന്നൊക്കെ പറയാവുന്ന ഒരു വാനില്‍ വളരെ രാജകീയമായി വരുന്ന ഇന്‍ട്രോയായിരുന്നു മമ്മൂട്ടിയുടേത്. അത് വ്യക്തമായി ഇപ്പോഴും എന്റെ ഓര്‍മ്മയിലുണ്ട്. വാനിന്റെ ഡോര്‍ തുറക്കുമ്പോള്‍ ബെഡില്‍ കിടക്കുന്ന താരാദാസ്, ഒരു പക്ഷേ എന്റെ മനസ്സില്‍ ഹീറോയിസത്തിന്റെ ആദ്യ പുളകം സൃഷ്ടിച്ച കഥാപാത്രം താരാദാസ് ആണ് എന്നുപറയാം.

ഓര്‍മ്മകളില്‍ എന്നും വേട്ടയാടുന്ന ബാലന്‍ മാഷും അച്ചൂട്ടിയും

പീന്നീട് ഗ്രാമത്തിലെ അതേ സ്‌ക്രീനില്‍ നിറക്കൂട്ടും യാത്രയും ഒക്കെ കണ്ടിട്ടുണ്ടെങ്കിലും ആഴത്തില്‍ പതിഞ്ഞ ചിത്രമെന്ന് പറയാവുന്നത് 87 ല്‍ ഇറങ്ങിയ തനിയാവര്‍ത്തനമാണ്. ലോഹിതദാസിന്റെ രചനയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രത്തിലെ ബാലന്‍ മാഷ് എന്നെ വല്ലാതെ വേട്ടയാടിയ ഒരു കഥാപാത്രമാണ്. ഒരു പക്ഷേ അന്ന് കുറേ ദിവസങ്ങളില്‍ എന്റെ ഉറക്കം കളഞ്ഞൊരു ചിത്രംകൂടിയായിരുന്നു അത്. വളരെ ട്രാജിക് ആയിട്ടുള്ള ക്ലൈമാക്‌സും സാഹചര്യവും ചുറ്റുമാടുമെല്ലാം ചേര്‍ന്ന് ഭ്രാന്തന്റെ പരിവേഷം നല്‍കിയ ബാലന്‍ മാഷിന്റെ കഥാപാത്രവും അതുണ്ടാക്കിയ ഇമോഷന്‍സും ഇംപാക്റ്റും ഏറെക്കാലം ഉള്ളില്‍ നില്‍ക്കുകയും ഉറക്കം കളയുകയും ചെയ്തിട്ടുണ്ട്. പിന്നീട് പല മമ്മൂക്ക പടങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലും തനിയാവര്‍ത്തനം പോലെ തന്നെ വല്ലാതെ സ്വാധിനിച്ച ചിത്രം അമരമാണ്,

1991 ല്‍ ഇറങ്ങിയ അമരവും അതിലെ മമ്മൂക്കയുടെ അച്ചൂട്ടി എന്ന കഥാപാത്രവും തന്നെ ആഴത്തില്‍ മുറിവേല്‍പ്പിച്ചവയാണ്. സ്‌കൂള്‍ കുട്ടിയായിരിക്കെ കണ്ട ആ കഥാപാതം വല്ലാതെ ആഴത്തില്‍ പതിഞ്ഞുപോയ ഒന്നാണ്. കാരണം മമ്മൂക്കയെന്ന നടനിലെ വൈകാരിക പൂര്‍ണത ഒരുപക്ഷേ ഞാന്‍ ആദ്യമായി കണ്ടത് അച്ചൂട്ടിയിലാണെന്ന് പറയാം. പ്രേക്ഷകനും കഥാപാത്രവും തമ്മിലുള്ള ദൂരം ഇല്ലാതാവുകയും പ്രേക്ഷകന്‍ കഥാപാത്രം തന്നെയായി മാറുകയും കഥാപാത്രത്തിന്റെ എല്ലാ വികാരങ്ങളും പ്രേക്ഷകന്റേതായി മാറുകയും ചെയ്യുന്നൊരു അവസ്ഥ താന്‍ ആദ്യമായി അനുഭവിച്ചത് അമരത്തിലെ അച്ചൂട്ടിയിലൂടെയാണ്. അതുകൊണ്ട് തന്നെ ആദ്യകാഴ്ച്ചയിലെ ആ വൈകാരിക അനുഭവം ഇപ്പോഴും ഓര്‍മ്മയിലുണ്ട്. മമ്മൂക്കയെന്ന നടനെ അല്ലെങ്കില്‍ അദ്ദേഹത്തിന്റെ അഭിനയ പാടവത്തെ ആരാധിച്ചു തുടങ്ങുന്നതിലെ പ്രധാന കഥാപാത്രങ്ങമായി അമരവും അച്ചൂട്ടിയും മാറുകയും ചെയ്തു.

പെര്‍ഫോമന്‍സ് കൊണ്ട് ഞെട്ടിച്ചുകളഞ്ഞ ഭാസ്‌കര പട്ടേലര്‍

ഏറെക്കുറെ അതേകാലയളവില്‍ ഭയങ്കര ഇംപാക്റ്റ് സൃഷ്ടിച്ച മറ്റൊരു ചിത്രമാണ് കൗരവര്‍. ലോഹിതദാസ് എഴുതി സംവിധാനം ചെയ്ത ചിത്രത്തിലെ മമ്മൂക്കയുടെ ആന്റണി മലയാള സിനിമയില്‍ വളരെ അപൂര്‍വമായി ഇറങ്ങിയിട്ടുള്ള ഇമോഷണല്‍ മാസ് സിനിമ വിഭാഗത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ്. വൈകാരികതയും ഹിറോയിസവും ക്ലബ് ചെയ്ത് ഒരു പ്രത്യേക രീതിയില്‍ സങ്കലനം ചെയ്തിട്ടുള്ള ചിത്രമാണ് കൗരവര്‍. ജോഷിസാറിന്റെ ക്രാഫ്റ്റില്‍ എനിക്കേഷ്ടവും ഇഷ്ടപ്പെട്ട ചിത്രങ്ങളാണ് ന്യൂഡല്‍ഹിയും കൗരവരും. കഥാപാത്രത്തിന്റെ പൂര്‍ണതകൊണ്ട് നമ്മുടെ ഹരമായി മാറിയ കാലത്താണ് ന്യൂഡല്‍ഹിയും കൗരവരും ധ്രുവവും പാഥേയവുമൊക്കെ കാണുന്നത്. ഹൈസ്‌കൂള്‍ കാലഘട്ടത്തിലേയ്ക്ക് പ്രവേശിക്കുകയും സിനിമയ്ക്കായി കൂടുതല്‍ സമയം ലഭിക്കുകയും ചര്‍ച്ചചെയ്യുകയുമൊക്കെ ചെയ്തിട്ടുള്ള സമയത്താണ് ഈ സിനിമകളൊക്കെ ഇറങ്ങുന്നത്. സിനിമയോടുള്ള ഇഷ്ടം കൂടിക്കൂടിവന്ന കാലമായിരുന്നു അത്.

എന്നാല്‍ ആ കൂട്ടത്തില്‍ കഥാപാത്രത്തിന്റെ പ്രത്യേകത കൊണ്ട് പെര്‍ഫോമന്‍സിന്റെ ആഴംകൊണ്ടും ഞെട്ടിച്ചുകളഞ്ഞ മമ്മൂക്ക ചിത്രമേതെന്ന് ചോദിച്ചാല്‍ 1994 ലെ വിധേയന്‍ എന്ന് നിസംശയം പറയാം. സാധാരണ ഒരു സിനമ കാണുമ്പോള്‍ നമുക്ക് ഒരു നായകനോടു തോന്നുന്ന ഇഷ്ടമല്ല ,മറിച്ച് ഭയത്തോടുകൂടിയ ആരാധനയും അതിലൂടെ ഇഷ്ടവും തോന്നിച്ച കഥാപാത്രമായിരുന്നു ഭാസ്‌കര പട്ടേലര്‍. നോക്കിലും വാക്കിലുമെല്ലാം ഭയം നിറച്ച ആ കഥാപാത്രത്തോട് ഇഷ്ടം തോന്നിയത് മമ്മുട്ടിയെന്ന നടന്റെ അഭിനയപാടവം കൊണ്ടായിരുന്നു.

മാസ് ഡയലോഗുകളുടെ കിംഗ്

ഹൈസ്‌കൂള്‍ കാലം കഴിഞ്ഞ് ഞാന്‍ കാഞ്ഞങ്ങാട് നഗരത്തില്‍ പ്രീഡിഗ്രിയ്ക്ക് പഠിക്കാന്‍ വരുന്ന വര്‍ഷം കണ്ട സിനിമയാണത്. അതായത് തീയറ്ററില്‍ പോയി സ്വതന്ത്രമായി സിനിമ കാണാനുള്ള അവസരം വന്ന കാലം. അങ്ങനെ ആദ്യസ്വാതന്ത്ര്യാനുഭവത്തോടെ തിയേറ്ററില്‍ റിലീസ് ദിവസത്തെ ഉത്സവാന്തരീക്ഷത്തില്‍ കണ്ട സിനിമയാണ് ദി കിംഗ്. തിയേറ്റര്‍ ഇളക്കിമറിച്ച, പ്രകമ്പനം കൊള്ളിച്ച ,മാസിന്റെ അതിപ്രസരമുള്ള, ത്രസിപ്പിക്കുന്ന ആരവത്തോടെ ഞാന്‍ കണ്ട ആദ്യത്തെ ചിത്രമായിരിക്കും ദി കിംഗ്. തേവള്ളിപ്പറമ്പില്‍ ജോസഫ് അലക്‌സ് പറയുന്ന ഓരോ ഡയലോഗും അന്ന് കാണാപാഠമായിരുന്നു, അത് ആ കഥാപാതം നമ്മില്‍ ചെലുത്തുന്ന സ്വാധീനമാണ്. അവിടുന്നിങ്ങോട്ട് മമ്മൂക്കയുടെ എല്ലാ ചിത്രങ്ങളും കണ്ടിട്ടുണ്ട്, അതില്‍ ഭൂരിഭാഗവും തിയ്യേറ്ററില്‍ പോയി തന്നെയാണ്..

കലയോടും സിനിമയോടും ഉള്ള ഇഷ്ടവും ആഗ്രവുമെല്ലാം പിറക്കുന്നതും വളര്‍ന്നതുമെല്ലാം മമ്മൂക്ക ചിത്രങ്ങളുടെയും കൂടെയായിരുന്നു. പ്രായത്തിന്റെ ഓരോ ഘട്ടങ്ങളിലും മമ്മൂക്കയുടെ കഥാപാത്രങ്ങള്‍ തന്നെ സ്വാധിച്ചിട്ടുണ്ട്. സ്‌ക്രീനില്‍ മാത്രം കണ്ട് പരിചയിച്ച സൂപ്പര്‍ താരത്തെ പീന്നിട് സിനിമയില്‍ എത്തിയ കാലത്ത് അടുത്തറിയാനും ആ വ്യക്തിത്വത്തെ മനസ്സിലാക്കാനും സാധിച്ചത് ലഭിച്ച ഭാഗ്യമായിട്ടാണ് കാണുന്നത്. മമ്മൂട്ടിയെന്ന താരത്തേക്കാള്‍ ആ വ്യക്തിയെ മനസ്സിലാക്കാനും അദ്ദേഹത്തോടൊപ്പം ചേര്‍ന്നുനില്‍ക്കാനും സാധിക്കുക എന്നത് വലിയൊരു കാര്യം തന്നെയാണ്. ഒരു മനുഷ്യന്‍ എന്ന നിലയില്‍ മമ്മൂക്ക തന്നെ അത്രത്തോളം എന്നെ സ്വാധിനിച്ചിട്ടുണ്ട്.

മമ്മൂട്ടിയും വൈശാഖും

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT