ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ തുടര്‍ച്ചയായി രണ്ടാം തവണയും മികച്ച സംവിധായകനുള്ള പുരസ്‌കാരം ലിജോ ജോസ് പെല്ലിശേരിക്ക്. ജല്ലിക്കെട്ടിന്റെ സംവിധാനത്തിനാണ് പുരസ്‌കാരം. ഗോവാ രാജ്യാന്തര ചലച്ചിത്ര മേളയില്‍ മത്സരവിഭാഗത്തിലാണ് ജല്ലിക്കട്ട് പ്രദര്‍ശിപ്പിച്ചത്. മികച്ച ചിത്രത്തിനുള്ള സുവര്‍ണ മയൂരം ബ്ലെയിസ് ഹാരിസണ്‍ സംവിധാനം ചെയ്ത പാര്‍ട്ടിക്കിള്‍സ് നേടി. മികച്ച നടനുള്ള പുരസ്‌കാരം സെയു യോര്‍ഗെയ്ക്കാണ്. മറിഗല്ലയാണ് സിനിമ. മായ് ഘട്ട് ക്രൈം നമ്പര്‍ 103/2005യിലെ അഭിനയത്തിന്‍ ഉഷാ ജാദവ് മികച്ച നടിയായി തെരഞ്ഞടുക്കപ്പെട്ടു. ആനന്ദ് മഹാദേവന്‍ നാരായണനാണ് ഈ സിനിമ സംവിധാനം ചെയ്തത്. നവാഗത സംവിധായകരുടെ ചിത്രത്തിനുള്ള പുരസ്‌കാരം മോണ്‍സ്‌റ്റേഴ്‌സ്, അബൗട്ട് ഇലിയ എന്നീ സിനിമകള്‍ സ്വന്തമാക്കി.
കഴിഞ്ഞ തവണ ഈ മ യൗവിനായിരുന്നു ഗോവാ രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച സംവിധായകനുള്ള അവാര്‍ഡ് നേടിയത്. ലിജോയ്‌ക്കൊപ്പം ഇ മ യൗവിലെ അഭിനയത്തിന് ചെമ്പന്‍ വിനോദ് ജോസ് മികച്ച നടനുള്ള അവാര്‍ഡ് സ്വന്തമാക്കി.
കേരളത്തില്‍ ഉരുട്ടിക്കൊലയ്ക്ക് ഇരയായ ഉദയകുമാറിന്റെ അമ്മയുടെ ജീവിതം പറഞ്ഞ സിനിമയാണ് മലയാളിയായ ആനന്ദ് മഹാദേവന്‍ സംവിധാനം ചെയ്ത മായ് ഘട്ട് ക്രൈം നമ്പര്‍ 103/2005.