Entertainment

കവിയൂര്‍ പൊന്നമ്മയുടെ കാക്കി വേഷം, ട്രോൾ ചെയ്യപ്പെടുന്ന ആ ഫോട്ടോയുടെ സത്യമെന്ത് ?   

വി എസ് ജിനേഷ്‌

കവിയൂര്‍ പൊന്നമ്മ കാക്കി വേഷത്തില്‍ നില്‍ക്കുന്ന ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ പലതവണ പ്രചരിക്കപ്പെട്ടിട്ടുണ്ട്. പൊലീസ് എന്നുറപ്പിച്ചു പറയാനാവാത്ത ആരോടോ ചൂടാകുന്ന കവിയൂര്‍ പൊന്നമ്മയുടെ ചിത്രം കഴിഞ്ഞ ദിവസം സിനിമാ പ്രേമികളുടെ പൊതു ഇടങ്ങളിലൊന്നായ ‘സിനിമാ പാരഡൈസോ’ ഗ്രൂപ്പിലും വന്നിരുന്നു. മലയാള സിനിമയിലെ മോശം കാസ്റ്റിങ്ങുകള്‍ പങ്കുവെയ്ക്കാനായിട്ടായിരുന്നു ഒരു വ്യക്തി ആ ചിത്രം പങ്കു വെച്ചത്. കവിയൂര്‍ പൊന്നമ്മയെ പൊലീസ് വേഷത്തില്‍ സങ്കല്‍പ്പിക്കുക എന്നത് മലയാളി പ്രേക്ഷകര്‍ക്ക് അത്ര എളുപ്പമല്ലാത്തത് കൊണ്ട് തന്നെ ആ ഫോട്ടോയെ ട്രോളുന്ന തരത്തിലുള്ള കമന്റുകളായിരുന്നു അതിനു കീഴില്‍ ലഭിച്ചത്.

മോശം കാസ്റ്റിങ്ങുകള്‍ക്കുദാഹരണായിട്ടും പലരും ആ ചിത്രത്തെ ചൂണ്ടിക്കാട്ടി. ചിലര്‍ എഡിറ്റിങ്ങ് ആണെന്ന് കമന്റ് ചെയ്തു. എന്നാല്‍ എഡിറ്റഡ് അല്ല മറിച്ച് അത് ‘ഓര്‍ക്കുട്ട് ഒരു ഓര്‍മക്കൂട്ട്’ എന്ന ചിത്രത്തിലെ രംഗമാണെന്ന് മറ്റ് ചിലരും ചൂണ്ടിക്കാട്ടി. എന്നാല്‍ പൂര്‍ണ്ണമായ സത്യാവസ്ഥ ആര്‍ക്കും പറയാനായില്ല.

എന്താണ് യഥാര്‍ഥത്തില്‍ കവിയൂര്‍ പൊന്നമ്മയുടെ കാക്കി വേഷം ?

നാടക പ്രവര്‍ത്തകരായ മനോജ്-വിനോദ് സംവിധാനം ചെയ്ത് 2012ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘ഓര്‍ക്കുട്ട് ഒരു ഓര്‍മകൂട്ട്’. ജോണി സാഗരിക നിര്‍മിച്ച ചിത്രത്തില്‍ പുതുമഖങ്ങളായിരുന്നു പ്രധാന വേഷങ്ങളിലെത്തിയത്. റിമ കല്ലിങ്കലായിരുന്നു നായിക. എട്ടു വര്‍ഷത്തോളം ലോഹിതദാസിന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ച വ്യക്തിയാണ് മനോജ് കുമാര്‍. സഹോദരന്‍ വിനോദ് കുമാര്‍ ഡബ്ബിങ്ങ് ആര്‍ടിസ്റ്റുമാണ്. നിരവധി ഹിറ്റ് ആല്‍ബങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള ഇരുവരുടെയും ആദ്യ ചിത്രമായിരുന്നു ‘ഓര്‍കുട്ട് ഒരു ഓര്‍മക്കൂട്ട്’. 

നഗരത്തില്‍ താമസിക്കുന്ന നാല് ചെറുപ്പക്കാരുടെ കഥയായിരുന്നു ചിത്രം പറഞ്ഞത്. അവര്‍ക്കിടയിലേക്ക് സ്വന്തം അമ്മയെ തേടി വിദേശത്തു നിന്നെത്തുന്ന പെണ്‍കുട്ടി എത്തുകയും അവരൊന്നിച്ച് ഒരു ഗ്രാമത്തിലേക്ക് യാത്രയാവുകയും ചെയ്യുന്നു. ആ യാത്ര നാല് ചെറുപ്പക്കാരുടെയും ജീവിതത്തില്‍ ചില തിരിച്ചറിവുകളുണ്ടാക്കുന്നതായിരുന്നു ചിത്രത്തിന്റെ ഇതിവൃത്തം.

ചിത്രത്തില്‍ നാല് ചെറുപ്പക്കാരുടെയും ജീവിതത്തിലേക്ക് കടന്നു വരുന്ന ഒരു മുത്തശ്ശിയുടെ വേഷമായിരുന്നു കവിയൂര്‍ പൊന്നമ്മ കൈകാര്യം ചെയ്തതെന്ന് സംവിധായകരിലൊരാളായ മനോജ് കുമാര്‍ ‘ദ ക്യൂ’വിനോട് പ്രതികരിച്ചു. അതിലെ ഒരു രംഗത്തില്‍ എന്‍സിസി വേഷത്തിലെത്തുന്നുണ്ടെന്ന് മാത്രം. അതിന് അതിന്റേതായ കാരണങ്ങളുണ്ട്.

നാല് ചെറുപ്പക്കാരും അവര്‍ നഗരത്തില്‍ ആസ്വദിച്ചിട്ടുള്ളതു മാത്രമല്ല ജീവിതമെന്നും സ്‌നേഹമെന്നും എല്ലാം തിരിച്ചറിയുന്നതായിരുന്നു ചിത്രത്തിന്റെ ഇതിവൃത്തം. അത് അവര്‍ തിരിച്ചറിയുന്നതില്‍ കവിയൂര്‍ പൊന്നമ്മ വേഷമിട്ട മുത്തശ്ശിയുടെ കഥാപാത്രത്തിന് പ്രാധാന്യമുണ്ട്. ഈ മുത്തശിയെ നാലു പേരില്‍ നാല് പേരും നാല് കാഴ്ചപ്പാടിലാണ് കണ്ടിരുന്നത്. അതില്‍ കൂട്ടത്തില്‍ വികൃതിയായ ഒരു കഥാപാത്രത്തിന് ചില സമയത്ത് മുത്തശ്ശിയെ തനിക്ക് പരിചിതമായ മറ്റ് കഥാപാത്രമാണെന്ന ചില തോന്നലുകളുണ്ടാകാറുണ്ട്. ഒരു അവ്യക്തമായ സ്വപ്‌നം പോലെ. അതിലൊന്നാണ് ആ ചിത്രത്തില്‍ കാണുന്ന ദൃശ്യം. മുത്തശി ദേഷ്യപ്പെടുമ്പോള്‍ അവന് തന്റെ സ്‌കൂളിലെ എന്‍സിസി അധ്യാപികയായി മുത്തശിയെ തോന്നുന്നു. ഇതുപോലെ രണ്ട് മൂന്ന് കഥാപാത്രങ്ങളില്‍ കവിയൂര്‍ പൊന്നമ്മ എത്തുന്നുണ്ട്.
മനോജ് കുമാര്‍

കവിയൂര്‍ പൊന്നമ്മയുടേത് സ്‌നേഹനിഥിയായ ഒരു മുത്തശ്ശിയുടെ വേഷമായിരുന്നുവെന്ന് മനോജ് സാക്ഷ്യപ്പെടുത്തുന്നു. ആ കഥാപാത്രത്തിന്റെ സ്‌നേഹവും വാത്സല്യവും തന്നെയാണ് നാല് ചെറുപ്പക്കാരുടെ തിരിച്ചരിവിന് കാരണമാകുന്നത്. കവിയൂര്‍ പൊന്നമ്മ ആ വേഷം ചെയ്തതുകൊണ്ടാണ് അത് സാധ്യമായത്. എന്‍സിസി വേഷത്തിലെത്തുന്നതിനെക്കുറിച്ച് ആദ്യം പറഞ്ഞപ്പോള്‍ കവിയൂര്‍ പൊന്നമ്മയ്ക്കും ആശങ്കകളുണ്ടായിരുന്നുവെന്ന് മനോജ് പറഞ്ഞു. അത് ഇഷ്ടപ്പെടുമോ എന്നായിരുന്നു സംശയം. പിന്നീട് അതിന്റെ ആവശ്യകത ബോധ്യപ്പെടുത്തിയതിന് ശേഷമായിരുന്നു കവിയൂര്‍ പൊന്നമ്മ വേഷം ചെയ്തതെന്നും മനോജ് വ്യക്തമാക്കി.

മനോജ് കുമാര്‍ 

സിനിമ കാണാന്‍ കഴിയാത്തത് കൊണ്ടാണ് പ്രേക്ഷകര്‍ ആ ഫോട്ടോ വെച്ച് മോശം കാസ്റ്റിങ്ങ് എന്ന് വിലയിരുത്തുന്നതെന്ന് മനോജ് പറയുന്നു. പെട്ടെന്ന് കാണുമ്പോള്‍ അത്തരം ഒരു സംശയമുണര്‍ത്തുന്നതില്‍ അവരെ കുറ്റം പറയാന്‍ കഴിയില്ല. ആ ചിത്രം ട്രോളു ചെയ്യപ്പെടുന്നതിലും തെറ്റില്ല. പക്ഷേ യഥാര്‍ഥത്തില്‍ സത്യമെന്താണെന്ന് അറിയാനുംശ്രമിക്കണമെന്നും മനോജ് കൂട്ടിച്ചേര്‍ത്തു.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT