ജാതീയത നിര്‍മ്മാര്‍ജ്ജനം ചെയ്യേണ്ട കാലം കഴിഞ്ഞുവെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് ബോളിവുഡ് താരം ആയുഷ്മാന്‍ ഖുറാന. 2014ല്‍ ഉത്തര്‍പ്രദേശിലെ ബദൗനില്‍ രണ്ട് ദളിത് സ്ത്രീകളെ കൂട്ട ബലാത്സംഗം ചെയ്ത സംഭവം അടക്കം രാജ്യത്തെ ഞെട്ടിപ്പിക്കുന്ന ജാതി വ്യവസ്ഥയെ കുറിച്ചുള്ള തന്റെ ചിത്രം ആര്‍ട്ടിക്കിള്‍ 15നെ കുറിച്ച് വിവരിക്കവെയാണ് ആയുഷ്മാന്‍ ഖുറാന ജാതീയതയെ കുറിച്ച് പ്രതികരിച്ചത്. തുല്യതയെപ്പറ്റി പറയുന്ന ഭരണഘടനാ അനുച്ഛേദം 15 ആണ് സിനിമയുടെ പേരിനായി തെരഞ്ഞെടുത്തത്.
ജാതിവ്യവസ്ഥയെ കുറിച്ച് താന്‍ കാര്യമായി ശ്രദ്ധിക്കാന്‍ തുടങ്ങിയത് ‘ഇന്ത്യ അണ്‍ടച്ച്ഡ്’ എന്ന ഡോക്യുമെന്ററി കണ്ടിട്ടാണെന്ന് ആയുഷ്മാന്‍ പറയുന്നു. തമിഴ്‌നാട്ടിലെ ഒരു ബ്രാഹ്മണ ഗ്രാമത്തിലെത്തുന്ന ദളിത് ചെരുപ്പൂരി സൈക്കിളില്‍ വെച്ചിട്ടാണ് ഗ്രാമത്തിലേക്ക് പ്രവേശിക്കുന്നതും ഗ്രാമം കടക്കുന്നതും. ആ കഥയാണ് ആ ഡോക്യൂമെന്ററി പറയുന്നത്. 2019ല്‍ അതില്‍ കാണിച്ചിരിക്കുന്നത് രാജ്യത്തെ ആകെമാനം ബാധിച്ചിരിക്കുന്നുവെന്നും ആയുഷ്മാന്‍ ഖുറാന നിരീക്ഷിക്കുന്നു. ഗുജറാത്തില്‍ ദളിതര്‍ക്കും ബ്രാഹ്മിണര്‍ക്കും കുടിവെള്ളത്തിനായി പ്രത്യേക കിണറുള്ളത് ചൂണ്ടിക്കാണിക്കുന്ന ആയുഷ്മാന്‍ ലോകത്ത് മറ്റൊരിടത്തും ഈ അടിസ്ഥാന മനുഷ്യാവകാശ പ്രശ്‌നമില്ലെന്നും പറയുന്നു.
ഇത് നമ്മുടെ രാജ്യത്ത് മാത്രമാണ് ഉണ്ടാവുന്നത്. ലോകത്ത് മറ്റൊരിടത്തും ഈ വിവേചനം കാണാന്‍ കഴിയില്ല. നമ്മുടെ വീട്ടിലെ ജോലിക്കാരിക്ക് പോലും പ്രത്യേക പാത്രമാണ് നല്‍കുക. യുഎസിലെല്ലാം ഡ്രൈവര്‍മാര്‍ക്ക് ഒപ്പമിരുന്ന് ഭക്ഷണം പങ്കുവെച്ച് ആളുകള്‍ കഴിക്കും.പക്ഷേ നമ്മുടെ നാട്ടിലത് സംഭവിക്കില്ല. ഇത് മാറണമെന്നാണ് ഞാന്‍ കരുതുന്നത്.ആയുഷ്മാന്‍ ഖുറാന
ചരിത്ര പുസ്തകങ്ങളിലാണ് നാം ഈ ജാതി സമ്പ്രദായത്തെ കുറിച്ച് വായിച്ചു പഠിക്കുന്നതെന്നും ഈ വേര്‍തിരിക്കല്‍ അറിഞ്ഞിരിക്കേണ്ട ആവശ്യകത എന്താണെന്നും താരം ചോദിക്കുന്നു. ഭാവിതലമുറയോട് ഇതേ കുറിച്ച് പറയേണ്ട കാര്യമേ ഇല്ലെന്നാണ് ആയുഷ്മാന്‍ ഖുറാനയുടെ പക്ഷം. എന്നാല്‍ മാത്രമേ ഇതിന് മാറ്റമുണ്ടാവൂ എന്നാണ് ആയുഷ്മാന്‍ പറയുന്നത്.
തെരുവ് നാടകവുമായി ബന്ധപ്പെട്ട് രാജ്യത്താകമാനം സഞ്ചരിക്കവെ പലതരത്തിലുള്ള ജീതി വിവേചനം മുന്നില്‍ കണ്ടിട്ടുണ്ടെന്നും ക്വിന്റിന് നല്‍കിയ അഭിമുഖത്തില്‍ ആയുഷ്മാന്‍ ഖുറാന പറയുന്നു. രാജസ്ഥാനില്‍ സഞ്ചരിക്കവെ അവര്‍ സംസാരിച്ചു തുടങ്ങുന്നതിന് മുമ്പായി ജാതിയാണ് ചോദിക്കുന്നതെന്നും പിന്നീടുള്ള സംഭാഷണം നമ്മുടെ ജാതി അറിഞ്ഞ ശേഷം മാത്രമാണെന്നും ഖുറാന പറയുന്നു. എങ്ങനെ നമ്മോട് സംസാരിക്കണമെന്നും പെരുമാറണമെന്നും ആ ചോദ്യത്തിന് ശേഷമാണ് ആളുകള്‍ തീരുമാനിക്കുന്നതെന്നും അല്ലാതെ താനെന്ന വ്യക്തിയെ അടിസ്ഥാനമാക്കിയല്ലെന്നും ആയുഷ്മാന്‍ പറയുന്നു. കുലമഹിമയും സാമൂഹ്യ സ്റ്റാറ്റസുമാണ് നമ്മളോടുള്ള പെരുമാറ്റം നിശ്ചയിക്കുന്നത്.
അത്തരത്തിലെന്തെങ്കിലും സംഭവം നേരിട്ട് അനുഭവിക്കേണ്ടി വന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് താന്‍ സവര്‍ണ ജാതിയില്‍പ്പെട്ട ആളായതിനാല്‍ തീര്‍ച്ചയായും അത്തരത്തിലൊരു വിവേചനം അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ലെന്നും ആയുഷ്മാന്‍ ഖുറാന പറയുന്നു.
ജാതീയതയെ കുറിച്ച് പറയുന്ന ആര്‍ട്ടിക്കിള്‍ 15ന്റെ ട്രെയിലര്‍ രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ദിവസമാണ് പുറത്തിറങ്ങിയത് എന്നതും ശ്രദ്ധേയമാണ്. ഇസ്ലാമോഫോബിയ പ്രമേയമാക്കി ഒരുക്കിയ 'മുല്‍ക്ക്' എന്ന സിനിമയ്ക്കു ശേഷം അനുഭവ് സിന്‍ഹ സംവിധാനം ചെയ്യുന്ന സിനിമായാണിത്.