ഭാവനയെ കേന്ദ്ര കഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹണ്ട് ഒരു പാരനോമല്‍ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണെന്ന് തിരക്കഥാകൃത്ത് നിഖില്‍ ആനന്ദ്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥയില്‍ ഭാവന പി.ജി ഫോറന്‍സിക് റെസിഡന്റായാണ് എത്തുന്നത്. ചിത്രത്തിന്റെ കഥ കേട്ടപ്പോള്‍ തന്നെ ഭാവന കഥാപാത്രം ചെയ്യാമെന്ന് പറയുകയായിരുന്നു എന്നും നിഖില്‍ ദ ക്യുവിനോട് പറഞ്ഞു.
ഹണ്ട് ഹൊറര്‍ സിനിമയല്ല, ത്രില്ലര്‍
ഹണ്ട് ഒരു പാരനോമല്‍ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണ്. ഒരിക്കലും ഈ സിനിമയെ ഹൊറര്‍ എന്ന് വിളിക്കരുത്. സമൂഹമാധ്യമങ്ങളില്‍ ചില പേജുകളിലെല്ലാം ഇത് ഹൊറര്‍ സിനിമയാണെന്ന് കണ്ടിരുന്നു. എനിക്ക് ഹണ്ടിനെ ഹൊറര്‍ സിനിമ എന്ന് വിളിക്കാന്‍ താത്പര്യം ഇല്ല. ഇതൊരു സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നടക്കുന്ന കഥയാണ്. മെഡിക്കല്‍ കോളേജിലെ ഒരു ഫോറന്‍സിക് പിജി റെസിഡന്റാണ് ഭാവനയുടെ കഥാപാത്രം.
കഥ കേട്ടപ്പോള്‍ തന്നെ ഭാവന ചെയ്യാമെന്ന് പറഞ്ഞു
സിനിമയില്‍ ഭാവന കേന്ദ്ര കഥാപാത്രമാണ്. ഭാവനയെ പോലെ തന്നെ പ്രാധാന്യമുള്ള കഥാപാത്രമാണ് ചന്ദു നാഥ്, അനു മോഹന്‍, അദിതി രവി, അജ്മല്‍, രഞ്ജി പണിക്കര്‍ എന്നിവരും സിനിമയില്‍ ചെയ്യുന്നത്. കഥ എഴുതുന്ന സമയത്ത് ഭാവനയെ കുറിച്ചോ മറ്റ് അഭിനേതാക്കളെ കുറിച്ചോ ചിന്തിച്ചിരുന്നില്ല. എഴുതി കഴിഞ്ഞിട്ട് ഭാവനയോട് കഥാപാത്രത്തെ കുറിച്ച് പറയുകയായിരുന്നു. കഥ കേട്ടപ്പോള്‍ ഭാവന ചെയ്യാമെന്ന് ഉടന്‍ തന്നെ പറയുകയായിരുന്നു.
ഹണ്ട് ഒരു വ്യത്യസ്ത ഷാജി കൈലാസ് സിനിമയായിരിക്കും
നിര്‍മ്മാതാവാണ് എന്നെ ഷാജി കൈലാസ് സാറിനെ കാണാന്‍ കൊണ്ടുപോകുന്നത്. കടുവയ്ക്ക് മുന്നെ തന്നെ ഞാന്‍ സാറിനോട് കഥ പറഞ്ഞിരുന്നു. കഥ കേട്ടപ്പോള്‍ സാറിന് ഇഷ്ടമായി. പിന്നീട് ഞാന്‍ തിരക്കഥ പൂര്‍ത്തിയാക്കിയിട്ട് ചെന്നു. അവിടെ നിന്നാണ് സിനിമ തുടങ്ങുന്നത്. അപ്പഴേയ്ക്കും പിന്നെ കടുവ വന്നു, കാപ്പ വന്നു. അങ്ങനെ അത് രണ്ടും കഴിഞ്ഞിട്ട് ഹണ്ട് തുടങ്ങാം എന്ന് പറഞ്ഞു. ഹണ്ട് പൂര്‍ണ്ണമായും ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണ്. അതിന്റെ ട്രീറ്റ്‌മെന്റും അങ്ങനെ തന്നെയായിരിക്കും. തീര്‍ച്ചയായും ഷാജി കൈലാസ് ആക്ഷന്‍-മാസ് സിനിമകളുടെ ഫോര്‍മുലയായിരിക്കില്ല ഹണ്ടിന്റേത്. അതില്‍ നിന്നെല്ലാം പൂര്‍ണ്ണമായും വ്യത്യസ്തമായിരിക്കും.
ഡിസംബര്‍ 28നാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. ഫെബ്രുവരി 10 വരെ ചിത്രീകരണം ഉണ്ടാകും. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയത്. ഒരിടവേളയ്ക്ക് ശേഷം ഭാവന ചെയ്യുന്ന രണ്ടാമത്തെ മലയാള ചിത്രം കൂടിയാണിത്. കെ.രാധാകൃഷ്ണനാണ് ഹണ്ടിന്റെ നിര്‍മ്മാതാവ്.