നവാഗതനായ സൂരജ് വര്‍മ്മയുടെ സംവിധാനത്തില്‍ ജൂണ്‍ ഒമ്പതിന് തിയറ്ററുകളിലെത്തിയ ചിത്രമാണ് 'കൊള്ള'. ബോബി സഞ്ജയ് കൂട്ടുകെട്ടിന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് ഡോക്ടര്‍മാരായ ജാസിം ജലാലും നെല്‍സന്‍ ജോസഫും ചേര്‍ന്നാണ്. രജിഷ വിജയനും പ്രിയ പ്രകാശ് വാര്യരും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ പ്രമേയം ബാങ്ക് മോഷണവും അതുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണവുമാണ്. സ്ഥിരം ഹൈയ്‌സ്റ്റ് സിനിമകളുടെ സ്വഭാവത്തെ ബ്രേക്ക് ചെയ്യാന്‍ ഈ സിനിമയില്‍ ശ്രമിച്ചിരുന്നു എന്നും ലീഡ് കഥാപാത്രങ്ങളായ ആനിയുടെയും ശില്പയുടെയും കഥാപാത്ര രൂപീകരണത്തില്‍ ഒരുപാട് വര്‍ക്ക് ചെയ്തിട്ടുണ്ടെന്നും 'കൊള്ള' യുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ നെല്‍സണ്‍ ജോസഫ് പറയുന്നു. നെല്‍സണ്‍ ജോസഫ് ദ ക്യു സ്റ്റുഡിയോയോട് സംസാരിക്കുന്നു.
ബോബി സഞ്ജയ്യുടെ കഥയില്‍ നിന്ന് സ്‌ക്രീന്‍പ്ലേയിലേക്ക്
2003 ല്‍ എന്റെ വീട് അപ്പുവിന്റെയും എന്ന സിനിമയില്‍ തുടങ്ങി എക്കാലത്തും വിജയങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാക്കാന്‍ സാധിച്ച ജോഡിയാണ് ബോബി സഞ്ജയ്. അവരുടെ ഒരു കഥയില്‍ ഞങ്ങളെ വര്‍ക്ക് ചെയ്യാന്‍ വിളിക്കുക എന്നത് തീര്‍ത്തും ഭാഗ്യമാണ്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ബോബി ചേട്ടന്‍ ജാസിമിനെ വിളിച്ചു ഇങ്ങനൊരു കഥയുണ്ട് സ്‌ക്രീന്‍പ്ലേ ചെയ്യാന്‍ താല്പര്യമുണ്ടോ എന്ന് ചോദിക്കുന്നത്. ഞങ്ങള്‍ക്ക് പിന്നെ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നിട്ടില്ല.
ഇരട്ട തിരക്കഥാകൃത്തുക്കള്‍ വരുമ്പോഴുള്ള കോണ്‍ഫ്‌ലിക്ട്
എന്റെ പോയിന്റ് ഓഫ് വ്യൂവില്‍ കോണ്‍ഫ്‌ലിക്ട് വരണം. കൊള്ളയുടെ ഒരു തിരക്കഥ രചനയില്‍ ഞാന്‍ അതിലെ കഥാപാത്രങ്ങളെ കാണുന്നത് എന്റെ പോയിന്റ് ഓഫ് വ്യൂവിലാണ്. ജാസിം ആയാലും സൂരജ് ഏട്ടന്‍ ആയാലും അവര്‍ കൂടെ വരുമ്പോള്‍ മറ്റൊരു പെര്‍സ്‌പെക്റ്റീവാണ് കിട്ടുന്നത്. ശരിക്കും തല്ലുണ്ടാക്കി തന്നെയാണ് മുമ്പോട്ട് പോകേണ്ടത്. അഭിപ്രായ വ്യത്യാസങ്ങള്‍ സിനിമയെ നന്നാക്കാന്‍ കാരണമാകുന്നുണ്ടെങ്കില്‍ അത് എന്തുകൊണ്ടും നല്ലതാണ്.
'കൊള്ള' എന്ന ഹെയ്സ്റ്റ് മൂവിയിലേക്കുള്ള റഫറന്‍സ് പോയിന്റ്
ഒരു നിശ്ചിത റഫറന്‍സ് പോയിന്റ് ഈ സിനിമക്ക് ഇല്ല. ഹൈസ്റ്റ് ഴോണറിലുള്ള സിനിമകള്‍ എല്ലാം കാണാന്‍ നോക്കിയിരുന്നു. അതില്‍ സ്ഥിരമായി വരുന്ന എലമെന്റ്‌സ് എന്നത് തിരിച്ചറിയുകയും സാധിക്കുമെങ്കില്‍ അത് ബ്രേക്ക് ചെയ്യാനുള്ള ശ്രമവും ഉണ്ടായിരുന്നു. കൊള്ളയിലെ ലീഡ് കഥാപാത്രങ്ങളായ ആനിയുടെയും ശില്പയുടെയും കഥാപാത്ര രൂപീകരണത്തില്‍ ഒരുപാട് വര്‍ക്ക് ചെയ്തിട്ടുണ്ട്. അവരുടെ ബാക്‌സ്റ്റോറിയില്‍ ഞങ്ങള്‍ക്ക് വ്യക്തത ഉണ്ടായിരുന്നു, അത് സിനിമയില്‍ പൂര്‍ണമായും കാണിച്ചിട്ടില്ലെങ്കിലും. അതല്ലാതെ, കേരളത്തിലും പുറത്തുമായി നടന്ന ഇത്തരം കേസുകളെ കുറിച്ച് അറിയാനും അതിനെ പഠിക്കാനുമുള്ള ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്.
കൊള്ള എന്ന സിനിമയില്‍ ക്രൈമിനെ സെലിബ്രേറ്റ് ചെയ്യുന്നു എന്ന തരത്തിലുള്ള വായനകള്‍
സിനിമാറ്റിക് ആയിട്ടുള്ള അവതരണം എന്നതായിരുന്നു ഞങ്ങളുടെ ഉദ്ദേശ്യം. കൊള്ള പൂര്‍ണ്ണമായും ഒരു കമേര്‍ഷ്യല്‍ ചിത്രം ആണ്. ഒരു റിയലിസ്റ്റിക് സമീപനമല്ല ഞങ്ങള്‍ ഇതില്‍ നടത്തിയിരിക്കുന്നത്. ഒരു എഴുത്തുകാരന്റെ പോയിന്റ് ഓഫ് വ്യൂവില്‍ ഞാന്‍ ഉദ്ദേശിച്ചത് ആ രണ്ട് കഥാപാത്രങ്ങളും ഇത്തരത്തില്‍ ഒരു സിറ്റുവേഷനില്‍ എങ്ങനെ പെരുമാറും എന്ന പെര്‍സ്‌പെക്റ്റീവ് മാത്രമാണ്. പക്ഷെ അത്തരം വായനകള്‍ക്കുള്ള സ്വാതന്ത്ര്യവും എല്ലാവര്‍ക്കുമുണ്ട്. ഞങ്ങടെ തന്നെ പോയിന്റ് ഓഫ് വ്യൂവില്‍ എല്ലാവരും സിനിമ കാണണം എന്ന് വാശി പിടിക്കാന്‍ ഞങ്ങള്‍ക്ക് പറ്റില്ല. ഏത് രീതിയില്‍ ഈ സിനിമയെ ചര്‍ച്ച ചെയ്താലും, ആത്യന്തികമായി സിനിമ കണ്ടിട്ടാണ് ആ ചര്‍ച്ചക്ക് അവിടെ സ്ഥാനം ഉണ്ടാവുന്നത്. അത് തന്നെയാണ് വലിയ കാര്യം.
ഡോക്ടര്‍ പ്രൊഫഷനില്‍ നിന്ന് എഴുത്തുകാരനിലേക്ക്
സിനിമ ബാക്ക്ഗ്രൗണ്ട് ഇല്ലാത്തൊരു വീട്ടില്‍ നിന്നാണ് ഞാന്‍ വരുന്നത്. എന്റെ അമ്മ ഗോഡ്ഫാദര്‍ സിനിമക്ക് ശേഷം പിന്നെ എന്റെ സിനിമയാണ് തിയറ്ററില്‍ നിന്ന് കാണുന്നത്. എഴുത്തിലാണെങ്കിലും പരീക്ഷ എഴുതുന്നതിനപ്പുറം ഒരു എഴുത്ത് എന്റെ ലൈഫില്‍ മുന്‍പ് സംഭവിച്ചിട്ടില്ല.
വീട്ടിലെ സാഹചര്യം ആണെങ്കിലും ഒരു സാധാരണ കുടുംബം ആണ്, അച്ഛന്‍ ഡ്രൈവര്‍ ആണ്, അമ്മ വീട്ടമ്മയും. വീട്ടില്‍ നിന്നും അല്ലെങ്കില്‍ നമ്മടെ ടീച്ചര്‍മാരും എല്ലാം നമ്മളോട് ചെറുപ്പം മുതല്‍ പറയുന്നത് പഠിക്കണം, എങ്ങനെയെങ്കിലും പഠിച്ച് രക്ഷപ്പെടണം, ഈ സാഹചര്യത്തില്‍ നിന്ന് രക്ഷപ്പെടണം എന്നൊക്കെയാണ്. അതായിരുന്നു എന്റെയും ആഗ്രഹം. അതുകൊണ്ടാണ് പഠിച്ച് എംബിബിഎസിന് ചേരുന്നത്. എംബിബിഎസിന് ചേര്‍ന്ന് അവിടുത്തെ ഞങ്ങളുടെ ഫൈനല്‍ ഇയര്‍ യൂണിവേഴ്‌സിറ്റി എക്സാമിന് ഞാന്‍ ഒരു മാര്‍ക്കിന് തോറ്റു. അടുത്ത പരീക്ഷ ആറ് മാസത്തിന് ശേഷമാണ്. ഈ സമയം മുഴുവന്‍ വീട്ടിലും. അപ്പോഴാണ് സിനിമകള്‍ ഒരുപാട് കണ്ടു തുടങ്ങുന്നത്. ഇതേ സമയം എന്റെ അനിയന്‍ പറഞ്ഞ് ഫേസ്ബുക്കില്‍ ചില സിനിമ ഗ്രൂപ്പുകളിലും ചേര്‍ന്നു. അവിടെ ഉണ്ടാവുന്ന സിനിമ ചര്‍ച്ചകളാണ് ശരിക്കും എന്നെ മുന്നോട്ട് നയിച്ചത്.
സിനിമ പാരഡിസോ ക്ലബ്ബിലെ പഠനം
ലോക സിനിമയൊക്കെ ചര്‍ച്ച ചെയ്യുന്നത് ഞാന്‍ എന്റെ ലൈഫില്‍ തന്നെ ആദ്യമായാണ് കാണുന്നത്. 'Schindlers List' ആദ്യം ഞാന്‍ കാണുമ്പോള്‍ അത് ബ്ലാക്ക് ആന്‍ഡ് വൈറ്റ് ആകുമ്പോള്‍, ബോര്‍ അടിക്കുന്ന ഒരു പടം എന്നാണ് ഞാന്‍ ആദ്യം കരുതിയത്. പക്ഷെ പിന്നീട് 'സിനിമ പാരഡിസോ ക്ലബ്ബില്‍' അതിന്റെ ചര്‍ച്ചകള്‍ നടക്കുമ്പോഴാണ് ഇത് ഇത്രയും മഹത്വമുള്ള ഒരു സിനിമയാണെന്ന് മനസ്സിലാക്കുന്നത്. നമ്മള്‍ കാണുന്ന ചിത്രത്തിന് ഇങ്ങനൊരു ആംഗിള്‍ ഉണ്ടെന്ന് മനസ്സിലാകുമ്പോള്‍ നമ്മുക്ക് നമ്മളോട് തന്നെ പുച്ഛം തോന്നും. ഇപ്പോഴുള്ള റിവ്യൂകളില്‍ മിസ് ആയി പോകുന്നത് അത്തരം കാര്യങ്ങള്‍ ആണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. പൊളിറ്റിക്കല്‍ കറക്ട്‌നെസ്സും അതിനോട് അനുബന്ധിച്ച കാര്യങ്ങളൊക്കെ വേണം. പക്ഷെ അതിന്റെ കൂട്ടത്തില്‍ ഒരു സിനിമയില്‍ എന്തുകൊണ്ട് ഈ ഷോട്ട് പ്ലേസ് ചെയ്തു എന്ന തരത്തിലുള്ള വായനകള്‍ ഇപ്പോള്‍ ഉണ്ടാകുന്നില്ല.
ഷോര്‍ട്ട് ഫിലിം പ്ലാനില്‍ നിന്ന് സിനിമയിലേക്ക്
ഞാന്‍ ആദ്യമായി എഴുതാന്‍ തുടങ്ങുന്നത് എന്റെ ഫേസ്ബുക് വാളില്‍ ആണ്. ആദ്യമൊക്കെ സ്വന്തം പേരില്‍ പോലും ആയിരുന്നില്ല, മറ്റൊരു തൂലിക നാമത്തില്‍ ആയിരുന്നു എഴുതാന്‍ തുടങ്ങുന്നത്. പിജി ചെയ്യുമ്പോഴാണ് ജാസിമിനെ കാണുന്നത്. ജാസിമിനും ആ സമയം സമാന താല്പര്യം ഉണ്ടെന്ന് ഞാന്‍ അറിഞ്ഞു. ഞങ്ങള്‍ അങ്ങനെ പെട്ടെന്ന് കണക്ട് ആയി. ആ സമയം ഷോര്‍ട് ഫിലിം ചെയ്യാനായിരുന്നു ഞങ്ങളുടെ പ്ലാന്‍. ആ പ്ലാന്‍ പതിയെ ഫീച്ചറിലേക്ക് എത്തുകയായിരുന്നു.
അടുത്ത പ്രൊജക്റ്റ്
സംസാരങ്ങളിലും ചര്‍ച്ചകളിലും കുറച്ച് കഥകളുണ്ട്. സംവിധാനം ഇപ്പോള്‍ ഉടനെ ഉണ്ടാവില്ല. കൊള്ളയില്‍ വര്‍ക്ക് ചെയ്തപ്പോള്‍ എനിക്ക് കിട്ടിയ കുറച്ച് ആള്‍ക്കാരുണ്ട്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ രവി ചേട്ടന്‍, സംവിധായകന്‍ സൂരജ് ഏട്ടന്‍. ഇവരോടൊക്കെ എനിക്ക് എന്തും പറയാന്‍ പറ്റാവുന്ന തരത്തിലുള്ള സ്‌പേസ് ഉണ്ട്. ഇനിയും അങ്ങനയൊരു ടീമിന്റെ ഭാഗം ആകാന്‍ കഴിഞ്ഞാല്‍ വളരെ അധികം സന്തോഷം. സംവിധാനം അടുത്ത് ഇല്ലെന്ന് പറയാന്‍ കാരണവും കൊള്ളയില്‍ ഞാന്‍ കണ്ടതാണ് അവര്‍ ഓരോരുത്തരും എടുക്കുന്ന വലിയ പ്രയത്നം.