Filmy Features

സംഗീത തന്നെയായിരുന്നു ആദ്യ ചോയ്സ്, ആനന്ദ് ശ്രീബാല ഒരു പരീക്ഷണചിത്രമല്ല; വിഷ്ണു വിനയ് അഭിമുഖം

വിഷ്ണു വിനയ് സംവിധാനം ചെയ്യുന്ന 'ആനന്ദ് ശ്രീബാല' നവംബർ 15 ന് തിയറ്ററുകളിലേക്കെത്തുന്നു. നേരത്തെ അഭിനയം കൊണ്ട് സിനിമകളുടെ ഭാഗമായ വിഷ്ണുവിന്റെ ആദ്യ സംവിധാന സംരംഭമാണ് അർജുൻ അശോകൻ നായകനായി എത്തുന്ന 'ആനന്ദ് ശ്രീബാല'. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയിരുന്ന ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് അർജുൻ അശോകൻ, അപർണ ദാസ്, മാളവിക മനോജ്, സംഗീത എന്നിവരാണ്. ഒരു കാലയളവിന് ശേഷം സംഗീത തിരിച്ചു വരുന്നു എന്ന പ്രത്യകത കൂടെ ചിത്രത്തിനുണ്ട്. തന്റെ ആദ്യ ചിത്രത്തിലേക്കും, സംഗീതയിലേക്കും എത്തിയ നാൾവഴികൾ വിഷ്ണു ക്യു സ്റ്റുഡിയോയോട് സംസാരിക്കുന്നു.

ആദ്യം തന്നെ ത്രില്ലർ എന്ന സാഹസം

ഞാൻ കഴിഞ്ഞ ദിവസം ഏതോ സിനിമ ഗ്രൂപ്പിൽ ആരോ ഇടുന്നത് കണ്ടു പുതുമുഖ സംവിധായകർ കൂടുതൽ ത്രില്ലേഴ്സ് തിരഞ്ഞെടുക്കുന്നു എന്ന്. പുതുമുഖ സംവിധായകർ എന്താണ് തിരഞ്ഞെടുക്കേണ്ടത് എന്നെനിക്കറിയില്ല. ഒരു പ്രത്യേക ഴോണറിൽ ഉള്ള സിനിമ ചെയ്യണമെന്നും ഞാൻ ചിന്തിച്ചിട്ടില്ല. ഞാനും അഭിലാഷ് പിള്ളയും കഥകൾ ഡിസ്കസ് ചെയ്യുന്നത്, ഇതിന്റെ നിർമ്മാതാക്കളിൽ ഒരാളായ ആന്റോ ജോസഫ് പറഞ്ഞിട്ടാണ്. ഞാനും അഭിലാഷും തമ്മിൽ പരിചയം ഉണ്ടെങ്കിലും ഞങ്ങൾ സിനിമ ചെയ്യണമെന്ന് വിചാരിച്ചിരുന്നില്ല. ആന്റോ ചേട്ടൻ ഞങ്ങളോട് ഇഷ്ടമുള്ള ഒരു കഥയായിട്ട് വരൂ എന്ന് പറഞ്ഞപ്പോൾ അഭിലാഷ് എന്റെയടുത്ത് ഒരുപാട് കഥകൾ പറഞ്ഞു. ആ കേട്ട കഥകളിൽ എനിക്കിഷ്ടപ്പെട്ടത് ആനന്ദ് ശ്രീബാലയുടെ കഥയാണ്. അതൊരു ത്രില്ലർ ആണ്. അങ്ങനെ സംഭവിച്ചതാണ്. അത് മനഃപൂർവ്വം എടുത്തൊരു തീരുമാനം ആയിരുന്നില്ല. ആനന്ദ് ശ്രീബാലയുടെ കഥ എനിക്ക് കൃത്യമായി കമ്മ്യൂണികേറ്റ് ചെയ്യാൻ പറ്റും, അത് ഇന്ററസ്റ്റിംഗ് ആയിരിക്കും എന്നെനിക്ക് തോന്നി.

സംഗീതയുടെ തിരിച്ചുവരവ്

ഈ ചിത്രത്തിന്റെ അന്വേഷണാത്മക സ്വഭാവത്തിലേക്ക് കടക്കുന്നതിന് മുൻപേ അഭിലാഷ് എന്നോട് പറയുന്നത് ആനന്ദ് ശ്രീബാല എന്ന ടൈറ്റിൽ കഥാപാത്രത്തെ കുറിച്ചാണ്. അയാളുടെ അമ്മയാണ് ശ്രീബാല. അമ്മയുടെ സർ നെയിമാണ് അയാൾ വയ്ക്കുന്നത്. അപ്പോൾ അമ്മയുടെ കഥാപാത്രത്തെ കുറിച്ച് പറഞ്ഞു, അങ്ങനെ ഞങ്ങളുടെ ആദ്യ സംസാരത്തിൽ വന്ന ഒരു പേരാണ് സംഗീത. ഒരു പൊലീസ് ഉദ്യോഗസ്ഥയെ ആണ് അവർ അവതരിപ്പിക്കുന്നത്. റിട്ടയർമെന്റിലേക്ക് എത്തിയിട്ടുള്ള ഒരു ഉദ്യോഗസ്ഥ. ആ പ്രായത്തിൽ വരുന്ന, പക്ഷെ ഫിറ്റ് ആയ, മുഖത്ത് ഒരു ഷാർപ്പ് ലൂക്ക് ഉള്ള ഒരാൾ എന്ന നിലക്ക് ഞങ്ങൾ സംസാരിച്ചപ്പോൾ ഞങ്ങളുടെ മനസ്സിൽ വന്ന ഒരു മുഖമാണ്. ഞങ്ങൾ അത് ചർച്ച ചെയ്യുമ്പോൾ അവർ ചാവേർ എന്ന സിനിമയിൽ ഒരു കാമിയോ വേഷം ചെയ്തിരുന്നു. തിരിച്ചു വരാനും, അഭിനയിക്കാനും താത്പര്യമുണ്ട് എന്ന് ഞങ്ങൾക്ക് തോന്നി, അങ്ങനെ പെട്ടന്ന് തന്നെ ഞങ്ങൾ എത്തിപ്പെട്ട കാസ്റ്റിംഗ് ആയിരുന്നു അത്.

മറ്റു കഥാപാത്രങ്ങളിലേക്ക്

അർജുൻ അശോകൻ ആണ് ആനന്ദ് ശ്രീബാലയായി എത്തുന്നത്. അർജുനായി ഞങ്ങൾ മറ്റൊരു കഥ ചർച്ച ചെയ്തിരുന്നു. ഞങ്ങൾ കോൺസ്റ്റന്റ് കമ്മ്യൂണിക്കേഷനിൽ ഉണ്ടായിരുന്നു. ഈ കഥാപാത്രത്തിലേക്ക് വന്നപ്പോൾ അർജുൻ ഞങ്ങൾക്ക് വളരെ സ്വാഭാവികമായി വന്ന ഒരു ഓപ്ഷൻ ആണ്. മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സൈജു കുറുപ്പ് ആണ്, പിന്നെ ധ്യാൻ ശ്രീനിവാസൻ, അജു വർഗ്ഗീസ്, സിദ്ദിഖ്, ശിവദ, അസീസ് നെടുമങ്ങാട്, കോട്ടയം നസീർ, ഇന്ദ്രൻസ്, മാളവിക മനോജ് തുടങ്ങി ഒരു പറ്റം അഭിനേതാക്കളുണ്ട്. ഇത്തരം കുറ്റാന്വേഷണചിത്രങ്ങളിൽ ഒരുപാട് കാമിയോ അപ്പിയറൻസുകൾക്ക് പോസിബിളിറ്റിയുണ്ട്. ഇങ്ങനെ അന്വേഷിച്ചു കൊണ്ടുള്ള ഒരു സഞ്ചാരത്തിൽ കുറെ കഥാപാത്രങ്ങൾ വന്നു പോകുന്നുണ്ട്. അപർണ ദാസ് ആണ് അർജുൻ അശോകന് പെയർ ആയി വരുന്നത്.

നെപോ കിഡ് എന്ന പേര് വരും എന്ന പേടിയുണ്ടോ?

ഞാൻ അങ്ങനെ ചിന്തിച്ചിട്ടില്ല. കാരണം ഞാൻ പഠിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് അച്ഛന് ഇവിടെ പ്രശ്നങ്ങൾ ഒക്കെ ഉണ്ടാകുന്നത്. അതുകൊണ്ട് അകൽച്ച വല്ലാതെ ബാധിച്ചിരുന്നു. ഞങ്ങൾ തമ്മിൽ സിനിമകൾ ഒക്കെ ചർച്ച ചെയ്യാറുണ്ടായിരുന്നു. അപ്പോൾ എനിക്ക് അച്ഛന്റെ കൂടെ നിൽക്കണം എന്നൊരു തോന്നൽ ഇമോഷണലി ഉണ്ടായിരുന്നു. അതിന് ശേഷം ഞാൻ തിരിച്ചു വന്ന് അച്ഛന്റെ ഡിസ്ട്രിബ്യൂഷൻ കമ്പനിയിൽ ഒക്കെ ആയിരുന്നു. കാരണം ആ സമയത്ത് ആൾക്കാരെ കിട്ടാതെ അച്ഛൻ അത് സ്വയം ചെയ്യേണ്ട സമയം ആയിരുന്നു. അങ്ങനെ ഞാൻ ആ ഓഫീസിലും, പിന്നെ അച്ഛന്റെ കൂടെ ഡയറക്ഷൻ സൈഡിലും ഒക്കെ ജോലി ചെയ്‌തു. മറ്റു സിനിമകളിൽ ആണ് അഭിനയിച്ചു തുടങ്ങുന്നത് എങ്കിലും അച്ഛന്റെ സിനിമകളിലും അഭിനയിച്ചു.അതുകൊണ്ട് ഒരു എട്ടു പത്തു കൊല്ലം ഇവിടെ കൂടെ നിൽക്കുന്നതിന്റെ ഇമോഷൻ ഉണ്ട്. ഞാനതിനെ ഒരു നാച്ചുറൽ പ്രോഗ്രഷൻ ആയെ കണ്ടിട്ടുള്ളു. അച്ഛന്റെ ലെഗസിയെ പറ്റി ആക്റ്റീവ് ആയി ചിന്തിച്ചിരുന്നില്ല. മറ്റൊരു കാഴ്ചപ്പാടിൽ നോക്കുമ്പോൾ ഈ സിനിമ സംവിധാനം ചെയ്യാൻ അവസരം കിട്ടിയത് ആന്റോ ജോസഫ് എന്നെ ഇങ്ങോട്ട് വിളിച്ച് പറഞ്ഞിട്ടാണ്. ഞാൻ അദ്ദേഹത്തോട് അഭിനയിക്കാൻ ചാൻസ് ചോദിച്ചിരുന്നു. പക്ഷെ സംവിധാനം അദ്ദേഹം ഇങ്ങോട്ട് വച്ച സജഷൻ ആണ്. ഞാൻ പത്തൊൻപതാം നൂറ്റാണ്ടിൽ തുടക്കം മുതൽ അവസാനം വരെ ഉണ്ടായിരുന്നു. അപ്പോൾ അദ്ദേഹം എന്നെ പറ്റി അന്വേഷിച്ചു. ആന്റോ ജോസഫ് എന്റെ അച്ഛന്റെ പടങ്ങളുടെ പ്രൊഡക്ഷൻ കൺട്രോളർ ആയിരുന്നു, ഈ അവസരം എനിക്ക് വരുന്നത് ആ ഒരു ബന്ധം ഉള്ളതുകൊണ്ട് തന്നെയാണ് എന്നാണ് ഞാൻ തിരിച്ചറിയുന്നത്. സംവിധാനം എന്റെ സ്വപ്നമായിരുന്നു എങ്കിലും ചോദിക്കാതെ എനിക്ക് കിട്ടിയതിൽ ഞാൻ സർപ്രൈസ്ഡ് ആയിരുന്നു.

ആനന്ദ് ശ്രീബാലയിൽ നിന്ന് പ്രേക്ഷകർ പ്രതീക്ഷിക്കേണ്ടത്...

ഒരുപാട് ത്രില്ലറുകൾ ഇപ്പോൾ വരുന്നുണ്ട്. ആനന്ദ് ശ്രീബാലയിൽ നടന്ന കുറച്ച് സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ചെയ്ത കുറച്ചു കാര്യങ്ങളുണ്ട്. അഭിലാഷ് പറഞ്ഞ ആ കഥ എനിക്ക് ആളുകളുടെയടുത്ത് കമ്മ്യൂണിക്കേറ്റ് ചെയ്യണം എന്ന് തോന്നി. അതിലെ കൊണ്ടെന്റിന് ഒരു പ്രത്യേകതയുണ്ടാകും. നമുക്ക് ചുറ്റും നടന്ന കാര്യങ്ങളുടെ സ്ഫോടനാത്മകമായ വിവരങ്ങൾ ഞങ്ങൾക്ക് കാണിക്കാൻ പറ്റിയിട്ടുണ്ട്. ഇതിന്റെ സ്റ്റൈലിലൊ സ്ട്രക്ച്ചറിലോ ഞങ്ങൾ ഒരുപാട് പരീക്ഷണങ്ങൾ ഒന്നും ചെയ്തിട്ടില്ല. എന്റെ ഭാഗത്ത് നിന്ന് ശ്രമിച്ചിട്ടുള്ളത് ആ കഥ കൃത്യമായി പറയുക എന്ന് മാത്രമേയുള്ളൂ.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT