Filmy Features

തിയേറ്റര്‍ അടക്കില്ലെന്ന വിശ്വാസത്തിലാണ് ഹൃദയം റിലീസ് ചെയ്തത്, തിരുവനന്തപുരം മാത്രം എന്തിന് അടക്കുന്നു: വിശാഖ് സുബ്രഹ്‌മണ്യം

സിനിമ തിയേറ്ററുകള്‍ അടക്കില്ലെന്ന വിശ്വാസത്തിലാണ് കൊവിഡ് പ്രതിസന്ധിയിലും ഹൃദയം റിലീസ് ചെയ്തതെന്ന് നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്‌മണ്യം. ഞായറാഴ്ച്ച ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടും റിലീസ് തീരുമാനത്തില്‍ മുന്നോട്ട് പോയത് ഈ വിശ്വാസത്തിലാണ്. എന്നാല്‍ അപ്രതീക്ഷിതമായി തിരുവനന്തപുരത്ത് തിയേറ്ററുകള്‍ അടക്കുന്ന സര്‍ക്കാര്‍ തീരുമാനം പ്രതിസന്ധിയിലാക്കിയെന്നാണ് വിശാഖ് ദ ക്യു അഭിമുഖത്തില്‍ പറഞ്ഞത്.

തിരുവനന്തപുരത്ത് തിയേറ്റര്‍ മാത്രം അടക്കുന്നത് എന്തുകൊണ്ടാണ്. ഏറ്റവും അധികം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കുന്ന വ്യവസായമാണ് തിയേറ്റര്‍. ഈ അനിശ്ചിതത്വം തുടര്‍ന്നാണ് തിയേറ്ററില്‍ സിനിമ റിലീസ് ചെയ്യാന്‍ നിര്‍മ്മാതാക്കള്‍ക്ക് ധൈര്യം ഉണ്ടാകില്ലെന്നും വിശാഖ് വ്യക്തമാക്കി.

ഹൃദയം റിലീസ് ചെയ്തത് തിയേറ്റര്‍ അടക്കില്ലെന്ന വിശ്വാസത്തില്‍

സര്‍ക്കാര്‍ രണ്ട് ഞായറാഴ്ച്ച ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ട് പോലും ഞങ്ങള്‍ ഹൃദയം റിലീസ് ചെയ്തത് ലോകമെമ്പാടും തിയേറ്റര്‍ അടക്കില്ലെന്ന ഒറ്റ വിശ്വാസത്തിലായിരുന്നു. കാരണം കളക്ഷന് ലഭിക്കുന്നതിനെ കുറിച്ച് ചിന്തിച്ചാല്‍ ഏറ്റവും കൂടുതല്‍ റെവന്യു വരുന്നത് ഞായറാഴ്ച്ചകളിലാണ്. ഞായറാഴ്ച്ചയുടെ റെവന്യു ബാക്കിയുള്ള ദിവസങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലായിരിക്കും. ഒരു 30-40 ശതമാനമായിരിക്കും റവന്യുവില്‍ വ്യത്യാസം ഉണ്ടാവുക. പക്ഷെ ദൈവം സഹായിച്ച് ഞങ്ങള്‍ക്ക് ഈ തിങ്കളാഴ്ച്ച ഒരു ഞായാറാഴ്്ച്ചയുടെ 75 ശതമാനം കളക്ഷന്‍ ഉണ്ടായിരുന്നു. കളക്ഷന്‍ എന്നതിലുപരി ഞങ്ങള്‍ക്ക് ഈ സിനിമ തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യണമെന്ന ആഗ്രഹമുണ്ടായിരുന്നു. തിയേറ്റര്‍ അടക്കില്ലെന്ന വിശ്വാസത്തിന്‍ പുറത്താണ് ഞങ്ങള്‍ ആ തീരുമാനവുമായി മുന്നോട്ട് പോയത്. തിയേറ്ററില്‍ ആളുകള്‍ വരുന്നത് എല്ലാ കൊവിഡ് മാനദണ്ഡളും കൃത്യമായി പാലിച്ചാണ്. അത് പോലെ അമ്പത് ശതമാനം കപ്പാസിറ്റിയിലാണ് തിയേറ്ററുകള്‍ പ്രവര്‍ത്തിക്കുന്നത്. പക്ഷെ എനിക്ക് ഇപ്പോഴും മനസിലാവാത്തത് തിരുവനന്തപുരത്തെ തിയേറ്ററുകള്‍ മാത്രമെന്താണ് അടക്കുന്നത് എന്നാണ്. അത് എന്റെ മാത്രം ചോദ്യമല്ല, തിയേറ്റര്‍ ഉടമകളുടെയും സിനിമ മേഖലയില്‍ ഉള്ളവരുടെയും എല്ലാം ചോദ്യമാണ്. ലുലു മാളിനും, ഹോട്ടലുകള്‍ക്കും ബാറുകള്‍ക്കും ഒന്നും ഈ അടച്ചുപൂട്ടല്‍ ഇല്ല. ഇതുവരെ ഒരു തിയേറ്ററില്‍ പോലും കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ തിയേറ്ററിന് മാത്രം കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ട് വന്നതുകൊണ്ട് എന്ത് മാറ്റമുണ്ടാകാനാണ്. ആ ലോജിക്ക് എനിക്ക് മനസിലാകുന്നില്ല. തിരുവനന്തപുരം മൊത്തം ലോക്ക്ഡൗണ്‍ ആണെന്ന് പറഞ്ഞിരുന്നെങ്കില്‍ നമുക്ക് മനസിലാക്കാമിയിരുന്നു.

ഈ അനിശ്ചിതത്വം തുടര്‍ന്നാല്‍ ആരും തിയേറ്ററില്‍ സിനിമ റിലീസ് ചെയ്യില്ല

സിനിമ റിലീസ് ചെയ്തതിന് ശേഷം ഇങ്ങനെയൊരു അവസ്ഥയുണ്ടായത് പ്രതിസന്ധിയാണ്. പക്ഷെ പേടിക്കേണ്ടത് തിയേറ്റര്‍ ഉടമകളുടെ അവസ്ഥയെ കുറിച്ച് ആലോചിച്ചാണ്. ഞാന്‍ ഇങ്ങനെയൊരു ധൈര്യം കാണിച്ച് സിനിമ റിലീസ് ചെയ്യാന്‍ തയ്യാറായി. പക്ഷെ ഇതാണ് അവസ്ഥയെങ്കില്‍ എത്ര പേര്‍ ഇനി തിയേറ്ററില്‍ സിനിമ റിലീസ് ചെയ്യും? കാരണം നിര്‍മ്മാതാക്കള്‍ക്കെല്ലാം അനിശ്ചിതാവസ്ഥയിലാകുമല്ലോ. ഓരോ ദിവസം കൂടും തോറും സിനിമ റിലീസിന് നമുക്ക് ഒരു ഗ്യാരണ്ടിയും കൊടുക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ഈ അവസ്ഥയില്‍ ആര് തിയേറ്ററില്‍ സിനിമ റിലീസ് ചെയ്യും. അപ്പോള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും പിന്തുണയില്ലെങ്കില്‍ തിയേറ്ററുകള്‍ എങ്ങനെയാണ് നിലനിന്ന് പോവുന്നത്. ഈ സാഹചര്യമാണെങ്കില്‍ ഒടിടിയില്‍ സിനിമ കൊടുക്കുന്നവരെ നമുക്ക് കുറ്റം പറയാനും കഴിയില്ല.

ഒടിടി ഓഫര്‍ വന്നിട്ടും കൊടുക്കാതിരുന്നത് ഹൃദയം തിയേറ്ററില്‍ എത്തിക്കാന്‍

രണ്ട് വര്‍ഷമായി ഹൃദയം ഷൂട്ട് ചെയ്തിട്ട്. എനിക്ക് വലിയ ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് നല്ല ഓഫറുകള്‍ വന്നിരുന്നു. ഞാന്‍ അത് ചെയ്തിരുന്നെങ്കില്‍ തീര്‍ച്ചയായും ഈ സിനിമ സുരക്ഷിതമാവുകയും എനിക്ക് നല്ലൊരു തുക കയ്യില്‍ കിട്ടുകയും ചെയ്‌തേനെ. പക്ഷെ വിനീത് രണ്ട് വര്‍ഷമാണ് ഈ സിനിമ ചിത്രീകരിക്കാനായി എടുത്തത്. ഈ സിനിമ തുടങ്ങിയിട്ട് വിനീത് വേറൊരു സിനിമയില്‍ അഭിനയിക്കാനോ, സംവിധാനം ചെയ്യാനോ, സ്‌ക്രിപ്പ്റ്റ് എഴുതാനോ പോയിട്ടില്ല. വിനീത് മനസും സമയവും മുഴുവനായും ഹൃദയത്തിന് വേണ്ടി മാറ്റിവെക്കുകയായിരുന്നു. പ്രണവും ഹൃദയം റിലീസ് ചെയ്തിട്ടേ വേറെ സിനിമ ചെയ്യുകയുള്ളു എന്ന തീരുമാനം എടുക്കുകയായിരുന്നു. ഈ രീതിയില്‍ സംവിധായകനും നായകനും എന്റെ ഒപ്പം നിന്നത് കൊണ്ട് കൂടിയാണ് ഹൃദയം തിയേറ്ററില്‍ എത്തിക്കാനായത്. അവരും സിനിമ റിലീസ് ചെയ്ത് പ്രോഫിറ്റ് ലഭിക്കുന്നത് വരെ പൈസ വേണ്ടെന്ന് പറയുകയായിരുന്നു. പക്ഷെ ഈ രീതിയിലുള്ള ഒരു പിന്തുണ സര്‍ക്കാരും തന്നാല്‍ മാത്രമെ തിയേറ്ററുകള്‍ നിലനിന്ന് പോവുകയുള്ളു. തിയേറ്ററില്‍ നിന്നുള്ള നികുതി സര്‍ക്കാരിലേക്ക് തന്നെയാണ് പോകുന്നത്. തിയേറ്റര്‍ അടഞ്ഞ് കിടക്കുമ്പോള്‍ അത് സര്‍ക്കാരിനെയും ബാധിക്കില്ലേ. സിനിമ റിലീസ് ചെയ്ത് മൂന്ന് നാല് ദിവസത്തിനുള്ളില്‍ അപ്രതീക്ഷിതമായി തിയേറ്ററുകള്‍ അടക്കുകയാണെങ്കില്‍ സിനിമ തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ കുറച്ച് ധൈര്യം ഉള്ള ആളുകള്‍ പോലും തയ്യാറാവില്ല.

പ്രേക്ഷകര്‍ക്ക് അറിയാം തിയേറ്ററില്‍ വന്നത് കൊണ്ട് മാത്രം കൊവിഡ് വരില്ലെന്ന്

ഹൃദയം എന്ന സിനിമയില്‍ ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും വിശ്വാസമുണ്ടായിരുന്നു. പിന്നെ ജനങ്ങള്‍ എല്ലാവരും മാനസികമായി ഫ്രസ്‌ട്രേറ്റഡാണ്. എല്ലാവരും രണ്ട് വര്‍ഷമായി വീട്ടിലിരിക്കുന്നു. പിന്നെ ആരും ഇപ്പോള്‍ സുരക്ഷിതമല്ലാത്തെ സ്ഥലത്ത് പോകില്ല. അത് തിയേറ്ററാണെങ്കിലും എവിടെയാണെങ്കിലും. ലോകത്ത് എല്ലാം തുറന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങി, ആളുകള്‍ യാത്ര ചെയ്യാന്‍ തുടങ്ങി. പിന്നെ ജനങ്ങള്‍ വിദ്യാഭ്യാസമുള്ളവരാണല്ലോ. അവര്‍ക്ക് അറിയാം തിയേറ്ററില്‍ പോയത് കൊണ്ട് മാത്രം അസുഖം വരില്ലെന്ന്. ഇപ്പോഴത്തെ യുവാക്കളാണെങ്കിലും ഇതേ കുറിച്ചെല്ലാം കൃത്യമായ ധാരണ ഉള്ളവരാണല്ലോ. അവര്‍ ഈ സാഹചര്യത്ത് വേണ്ട രീതിയില്‍ തന്നെയാണ് കൈകാര്യം ചെയ്യുന്നത്. അവര്‍ക്ക് സുരക്ഷിതമാണെന്ന തോന്നല്‍ ഉള്ളത് കൊണ്ടാണല്ലോ തിയേറ്ററിലേക്ക് എത്തുന്നത്. അതുകൊണ്ട് തന്നെയാണ് കുറുപ്പ് സിനിമ മുതല്‍ ഓരോ സിനിമയ്ക്കും തിയേറ്ററില്‍ ആളുകള്‍ എത്തുന്നത്. ഞാന്‍ ഒരു തിയേറ്റര്‍ ഓണറാണ്. അപ്പോള്‍ ഞാന്‍ എന്റെ തിയേറ്ററില്‍ എന്തൊക്കെ മുന്‍കരുതലുകള്‍ എടുക്കുന്നുണ്ടെന്ന് എനിക്ക് അറിയാം.

ഹൃദയത്തിന്റെ വിജയം പ്രണവിന് അവകാശപ്പെട്ടത്

ഹൃദയം പ്രണവിന്റെ സോളോ ഹിറ്റായി കണക്കാക്കാവുന്ന സിനിമ തന്നെയാണ്. കാരണം പ്രണവ് എന്ന നടനെ ഈ സിനിമയില്‍ മുഴുവനായും ഉപയോഗിച്ചിട്ടുണ്ട്. പ്രണവ് അല്ലാതെ എനിക്കും വിനീതിനും ഈ സിനിമയില്‍ ഇപ്പോള്‍ മറ്റാരെയും സങ്കല്‍പ്പിക്കാന്‍ പോലും കഴിയുന്നില്ല. കാരണം പ്രണവ് അവന്റെ നൂറ് ശതമാനം ഹൃദയത്തിനായി കൊടുത്തിട്ടുണ്ട്. സിനിമയില്‍ സണ്‍റൈസ് ഷോട്ടുകളും പുലര്‍ച്ചെയുള്ള ഷോട്ടുകളെല്ലാം ഉണ്ട്. അപ്പോള്‍ 6.30 ലൊക്കേഷനില്‍ വരാന്‍ പറഞ്ഞാല്‍ പ്രണവ് 6 മണിക്ക് എത്തും. അതുകൊണ്ട് തന്നെ ഈ വിജയം പ്രണവിന് അവകാശപ്പെട്ടത് തന്നെയാണ്. കാരണം അത്ര എളുപ്പത്തില്‍ പ്രണവ് ചെയ്‌തൊരു സിനിമയല്ല ഹൃദയം. ഒരു നടന്‍ എന്ന നിലയില്‍ വലിയൊരു വ്യത്യാസമാണ് പ്രണവില്‍ വന്നിട്ടുള്ളത്. ഒരുപാട് പേര്‍ പ്രണവിന്റെ ഡയലോഗ് ഡെലിവറിയെ കുറിച്ചും സംസാരിക്കുന്നുണ്ട്. പ്രണവ് അത്രയും ഈ സിനിമയ്ക്ക് വേണ്ടി പ്രയത്‌നിച്ചത് കൊണ്ട് തന്നെയാണ് സ്‌ക്രീനില്‍ ഈ റിസള്‍ട്ട് കാണുന്നത്. നല്ല സ്‌കൃപ്പ്റ്റും നല്ല ഡയറക്ടറുമാണെങ്കില്‍ പ്രണവ് ഇനിയും ഉയരങ്ങിലെത്തുമെന്നത് എനിക്കും വിനീതിനും ഉറപ്പുള്ള കാര്യമാണ്. ഞാന്‍ സിനിമയുടെ ചിത്രീകരണത്തില്‍ ഒപ്പം തന്നെ ഉണ്ടായിരുന്നു. വിനീത് ഒരിക്കല്‍ പോലും എന്താണ് വേണ്ടതെന്ന് പ്രണവിനോട് അഭിനയിച്ച് കാണിച്ചിട്ടൊന്നുമില്ല. വളരെ ചുരുക്കം ചില സീനുകള്‍ മാത്രമാണ് വിനീത് ഇങ്ങനെ അഭിനയിക്കണം എന്ന് പറഞ്ഞത്. ബാക്കിയെല്ലാം പ്രണവ് തന്നെ സീന്‍ മനസിലാക്കി അഭിനയിച്ചതാണ്. വിനീത് എന്താണോ മനസില്‍ ആഗ്രഹിച്ചത് അത് പ്രണവ് കൊടുക്കുകയായിരുന്നു. ഓരോ സീനിലും വിനീതിന് എന്താണോ വേണ്ടത് അതിന്റെ മുകളില്‍ കൊടുക്കാന്‍ പ്രണവിന് കഴിഞ്ഞിട്ടുണ്ട്. അതിനാല്‍ തന്നെ അവര്‍ തമ്മില്‍ നല്ലൊരു കെമിസ്്ട്രി ഉണ്ടായിരുന്നു. അത് സിനിമയിലും കാണാന്‍ സാധിക്കുന്നുണ്ട്.

വീണ്ടും പ്രണവിനും വിനീതിനും ഒപ്പം സിനിമ

ഞങ്ങള്‍ മൂന്ന് പേരും ഹൃദയത്തിന്റെ ഷൂട്ടിങ്ങ് അവസാനമായി ഊട്ടിയില്‍ വെച്ച് കഴിഞ്ഞപ്പോള്‍ ഭയങ്ക ഇമോഷണലായിരുന്നു. കാരണം രണ്ട് വര്‍ഷമായി ചിത്രീകരണം നടന്ന ഒരു സിനിമയായിരുന്നല്ലോ ഹൃദയം. ഞാനും വിനീതും അപ്പുവും ഒരുമിച്ചായിരുന്നു. അപ്പോള്‍ ഞാന്‍ വിനീതിനോട് പറഞ്ഞു നമുക്ക് ഇത് പോലെ ഒരു സിനിമ കൂടി ചെയ്യാമെന്ന്. അതിന് വിനീതും അപ്പും ഉടനെ തന്നെ ഓക്കെ പറയുകയായിരുന്നു. സാധാരണ ഒരു സിനിമ കഴിഞ്ഞാല്‍ എല്ലാവര്‍ക്കും പോണം എന്നായിരിക്കും. പക്ഷെ നമ്മുടെ സിനിമ കഴിഞ്ഞപ്പോള്‍, അയ്യോ തീര്‍ന്ന് പോയല്ലോ എന്നായിരുന്നു ഉണ്ടായത്. അപ്പോള്‍ തീര്‍ച്ചയായും അടുത്തത് ഞാനും വിനീതും പ്രണവും ഒരുമിച്ചുള്ള സിനിമ തന്നെയാണ് വരാന്‍ പോകുന്നത്.

നിര്‍മ്മാതാവെന്ന നിലയില്‍ കളക്ഷന്റെ കാര്യത്തില്‍ നഷ്ടം വന്നില്ല

ഹൃദയം നമ്മള്‍ കളക്ഷന്‍ മുന്നില്‍ കണ്ട് ചെയ്ത സിനിമയല്ല. അത് ഞങ്ങളുടെ ഹൃദയത്തിനോട് ചേര്‍ന്ന് നില്‍ക്കുന്ന ഒരു സിനിമയാണ്. ദൈവം സഹായിച്ച് നല്ല രീതിയില്‍ തന്നെയാണ് കളക്ഷന്‍ വന്നുകൊണ്ടിരിക്കുന്നത്. എത്രയായി കളക്ഷന്‍ എന്നത് ഞങ്ങള്‍ ചിന്തിക്കുന്നില്ല. പ്രേക്ഷകരെല്ലാവരും തിയേറ്ററില്‍ വന്ന് സിനിമ കാണണം എന്ന ആഗ്രഹം മാത്രമാണുള്ളത്. അതിന് വേണ്ടിയാണ് ഇത്രയും കഷ്ടപ്പെട്ട് ഞങ്ങള്‍ സിനിമ തിയേറ്ററില്‍ എത്തിച്ചത്. പക്ഷെ ഒരു നിര്‍മ്മാതാവ് എന്ന നിലയില്‍ കളക്ഷന്റെ കാര്യത്തിലും സിനിമയെ കുറിച്ച് വരുന്ന റിപ്പോര്‍ട്ടുകളുടെ കാര്യത്തിലും ഒരുപാട് സന്തോഷമുണ്ട്. വളരെ മികച്ച റിസള്‍ട്ട് തന്നെയാണ്. കൊവിഡ് സമയത്ത് റിലീസ് ചെയ്തതില്‍ എനിക്ക് ഒട്ടും നഷ്ടം തോന്നുന്നില്ല. കാരണം തിയേറ്ററില്‍ പ്രേക്ഷകരുണ്ട്.

പ്രതിസന്ധി ഘട്ടത്തില്‍ ഫിയോക്കും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഒപ്പമുണ്ട്

അപ്രതീക്ഷിതമായാണ് തിരുവനന്തപുരത്ത് തിയേറ്ററുകള്‍ അടക്കുന്നു എന്ന വാര്‍ത്ത വന്നത്. തീര്‍ച്ചയായും ഹൗസ് ഫുള്‍ ആയി പോകുന്ന സിനിമയുടെ കളക്ഷനെ അത് ബാധിക്കും. നഷ്ടം വരും. ഇത് തുടര്‍ന്നാല്‍ ഇനി തിയേറ്ററില്‍ സിനിമ റിലീസ് ചെയ്യാന്‍ ആളുകള്‍ മടിക്കും. പിന്നെ തിയേറ്റര്‍ വ്യവസായം തിരിച്ച് കൊണ്ടുവരുന്നത് വലിയ പാടായിരിക്കും. എത്രയും പെട്ടന്ന് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപ്പെട്ട് ഒരു പോംവഴി കണ്ടെത്തേണ്ടതുണ്ട്. കാരണം ഒരിക്കല്‍ ഒരു കുറുപ്പ് വന്നു. ഇപ്പോള്‍ എല്ലാം അടക്കും എന്ന ഘട്ടത്തില്‍ ഞങ്ങള്‍ സിനിമ റിലീസ് ചെയ്തു. ഈ രീതിയില്‍ തിയേറ്റര്‍ വ്യവസായത്തെ ഉയര്‍ത്തി കൊണ്ടുവരാന്‍ കഴിയുന്ന കുറച്ച് സിനിമകള്‍ കൂടിയേ ഇനി റിലീസിന് ബാക്കിയുള്ളു. പക്ഷെ അപ്പോഴും ഈ രീതിയിലാണ് കാര്യങ്ങളുടെ പോക്കെങ്കില്‍ വലിയ ബുദ്ധിമുട്ടായിരിക്കും. ഈ ഒരു പ്രതിസന്ധി സമയത്ത് ഫിയോക്ക് പ്രസിഡന്റ് വിജയകുമാര്‍ സാര്‍ ഞങ്ങളെ സ്ഥിരം വിളിക്കാറുണ്ട്. അതുപോലെ ബി ഉണ്ണികൃഷ്ണന്‍, ആന്റണി പെരുമ്പാവൂര്‍ ഇവരെല്ലാം നിരന്തരമായി എന്നെ വിളിച്ചുകൊണ്ടിരിക്കുകയാണ്. ഫിയോക്കാണെങ്കിലും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനാണെങ്കിലും നല്ല പിന്തുണയാണ്. അവരെല്ലാം ഈ അവസ്ഥയില്‍ പ്രശ്‌നത്തിലാണ്. കാരണം തിയേറ്റര്‍ മുന്നോട്ട് പോകേണ്ടത് അവരുടെ കൂടി ആവശ്യമാണല്ലോ.

ഹൃദയം എന്തായാലും ഒടിടിയില്‍ എത്തും

സിനിമയുടെ തിയേറ്റര്‍ റിലീസിന് ശേഷം ഒടിടിയില്‍ കൊടുക്കാന്‍ ഇരിക്കുകയാണ്. പക്ഷെ തിയേറ്ററില്‍ എത്ര ദിവസം കളിക്കാന്‍ പറ്റും എന്നാണ് ഞങ്ങള്‍ നോക്കുന്നത്. കാരണം കുറച്ച് ദൂരം കൂടി ഹൃദയം തിയേറ്ററില്‍ പോയിട്ട് ഒടിടി റിലീസ് എന്നതാണ് ഞങ്ങളുടെ ആഗ്രഹം. പക്ഷെ ഈ രീതിലുള്ള അനിശ്ചിതത്വമാണെങ്കില്‍ ഒന്നും ചെയ്യാന്‍ കഴിയില്ല.

'അഭിനയമല്ല, ഇനി സംവിധാനം'; ആനന്ദ് ശ്രീബാലയുമായി വിഷ്ണു വിനയ്

വഖഫ് ബോര്‍ഡും 600 കുടുംബങ്ങളും; മുനമ്പം ഭൂമി വിഷയത്തില്‍ സംഭവിക്കുന്നതെന്ത്?

സാന്ദ്രാ തോമസിനെ പുറത്താക്കി നിർമ്മാതാക്കളുടെ സംഘടന, നടപടി അച്ചടക്ക ലംഘനം ആരോപിച്ച്

മല്ലിക സുകുമാരന്റെ പിറന്നാളാഘോഷിച്ച് ഇന്ദ്രജിത്തും പൃഥ്വിരാജും

ഓഹരികള്‍ക്ക് ആവശ്യക്കാരേറെ, ലുലു ഐപിഒ ഓഹരി ലിസ്റ്റിങ്ങ് 30 ശതമാനം ആയി വർധിപ്പിച്ചു

SCROLL FOR NEXT