Filmy Features

നെപ്പോട്ടിസം, പുതുനിരക്കൊപ്പമുള്ള സിനിമ, 12 പാട്ടുകളുടെ ഹൃദയം: വിനീത് ശ്രീനിവാസന്‍ അഭിമുഖം

കോവിഡ് ഇല്ലായിരുന്നെങ്കില്‍ ഒരുപക്ഷെ 'ഹൃദയ'ത്തിന്റെ ഷൂട്ടിംഗിലായിരിക്കും ഈ സമയം'മലര്‍വാടി ആര്‍ട്‌സ് ക്ലബ് പത്താം വര്‍ഷം സെെൈലബ്രേഷന്‍ നടക്കേണ്ടിയിരുന്നത്. അത്തരത്തില്‍ ഒരു ഒരു ആഘോഷം പ്ലാന്‍ ചെയ്തിരുന്നോ?

'ഹൃദയ'ത്തിന്റെ ഷൂട്ട് കഴിഞ്ഞിരുന്നെങ്കില്‍ എല്ലാവരും കൂടെ എന്തെങ്കിലുമൊരു പരിപാടി പ്ലാന്‍ ചെയ്‌തേനെ. കഴിഞ്ഞ ദിവസം ഞാനും നിവിനും കൂടി സംസാരിച്ചപ്പോള്‍ ഞങ്ങളിങ്ങനെ പറഞ്ഞു, നമുക്ക് മലര്‍വാടി പത്താം വര്‍ഷം ആഘോഷിക്കുന്നത് മിസ്സായി. തട്ടത്തിന്‍ മറയത്ത് പത്ത് വര്‍ഷം തികയുമ്പോള്‍ ബിഗ്‌സ്‌ക്രീനില്‍ എവിടെയെങ്കിലും നമ്മള്‍ തന്നെ കാശ് മുടക്കി നമുക്ക് തന്നെ കാണാനുള്ള അവസരമുണ്ടാക്കണം. താല്‍പര്യമുളള ആളുകള്‍ക്കൊക്കെ വന്നു കാണാന്‍ പറ്റുന്ന രീതിയില്‍. അതൊരു സന്തോഷമാണല്ലോ. 'മലര്‍വാടി'ക്കും അത് ചെയ്യാമായിരുന്നു. പക്ഷെ നമ്മളാരും അങ്ങനൊരു അവസ്ഥയിലല്ലല്ലോ.

മലയാളത്തില്‍ കൊവിഡിന് ശേഷം റിലീസ് ചെയ്യാനിരിക്കുന്ന സിനിമകളിലൊന്നാണ് 'ഹൃദയ'വും. കൊവിഡിന് ശേഷമുളള സിനിമ എന്നതിനേക്കാളും കൊവിഡിനൊപ്പം സാഹചര്യങ്ങളുമായി ഇണങ്ങിച്ചേര്‍ന്നുകൊണ്ട് എങ്ങനെ സിനിമ ചെയ്യാമെന്ന രീതിയിലൊക്കെ ആളുകള്‍ അവരുടെ ശീലങ്ങള്‍ അടക്കം മാറ്റുകയാമല്ലോ. 'ഹൃദയ'ത്തിന്റെ സ്‌ക്രിപ്റ്റിലോ തുടര്‍ന്നുളള ഷൂട്ടിലോ അത്തരത്തില്‍ എന്തെങ്കിലും മാറ്റം വരാന്‍ പോകുന്നുണ്ടോ? അടുത്ത ഷെഡ്യൂള്‍ എങ്ങനെയാണ് ആലോചിക്കുന്നത്?

ഞാന്‍ അറിഞ്ഞിടത്തോളം ചെറിയ സ്‌പേയ്‌സില്‍ കുറഞ്ഞ ബജറ്റില്‍ ചെയ്തു തീര്‍ക്കാവുന്ന ഇന്‍ഡോര്‍ സ്വഭാവത്തിലുളള സിനിമകളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. പ്രേക്ഷകരാണെങ്കിലും അവര്‍ സേഫ് ആണെന്ന് തോന്നുന്ന സമയത്ത് മാത്രം തീയറ്ററിലേയ്ക്ക് വരാന്‍ ആഗ്രഹിക്കുന്നുണ്ടാകൂ. വൈഡായിട്ടുളള ഫ്രെയിംസും എക്സ്റ്റീരിയറുമൊക്കെ ഒരുപാടുളളതുമായ സിനിമകള്‍ കാണണമെന്ന് ഇപ്പോള്‍ എനിക്ക് വല്ലാതെ ആഗ്രഹമുണ്ട്.

നമുക്ക് തീയറ്ററില്‍ ചിരിച്ചുമറിയാന്‍ പറ്റുന്ന സിനിമകളില്ലേ അത്തരം സിനിമകള്‍. കാരണം നെറ്റ്ഫ്‌ലിക്‌സിലും ആമസോണിലും നമ്മള്‍ കാണുന്നതൊക്കെ ഭയങ്കര ഡാര്‍ക്കായിട്ടുളള ത്രില്ലേഴ്‌സ് ഒക്കെയാണ്. നെഗറ്റിവിറ്റി മാത്രമാണ് നമ്മുടെ ചുറ്റുമുള്ളത്. ആളുകളുടെ ചിന്താഗതിയെ അത് വല്ലാതെ ബാധിക്കുന്നുണ്ട്. എല്ലാവര്‍ക്കും ഡാര്‍ക്ക് ആയിട്ടുളള സിനിമകള്‍ ചെയ്യാനുമാണ് ആഗ്രഹം.

നമ്മുടെ ചുറ്റുമുളള സമൂഹത്തിന്റെ സ്വാധീനവുമാകാം. 'ഹൃദയം' പ്ലാന്‍ ചെയ്യുമ്പോള്‍ അതിന്റെ സെക്കന്റ് ഹാഫില്‍ നിറയെ ആള്‍ക്കൂട്ടങ്ങള്‍ ആവശ്യമുളള ഇടങ്ങളുണ്ട്. അതെല്ലാം അങ്ങനെതന്നെ ചെയ്യണം. എത്ര സമയം എടുത്താലും നമ്മള്‍ വിചാരിച്ചിരുന്നതുപോലെ തന്നെ ചെയ്യാമെന്നാണ് കരുതുന്നത്. പ്രൊഡ്യൂസേഴ്‌സും അതുതന്നെയാണ് പറയുന്നത്. കുറച്ചു കല്ല്യാണങ്ങളൊക്കെയുണ്ട് സെക്കന്റ് ഹാഫില്‍. അതെല്ലാം ആഗ്രഹിച്ചപോലെതന്നെ ഷൂട്ട് ചെയ്യാനാകുമെന്ന പ്രതീക്ഷയിലാണ് കാത്തിരിക്കുന്നത്.

പ്രണവും കല്യാണിയും അഭിനയിച്ച സിനിമ കൂടിയാണല്ലോ 'ഹൃദയം'. ശ്രീനിവാസന്‍, മോഹന്‍ലാല്‍, പ്രിയദര്‍ശന്‍ എന്നത് പോലെ വിനീത്, പ്രണവ്, കല്യാണി എന്ന അടുത്ത ജനറേഷന്‍ നിലയില്‍ കൂടിയാണ് പ്രേക്ഷകര്‍ സിനിമയെ കാണുന്നത്. സിനിമയ്ക്ക് പുറത്ത് നിങ്ങള്‍ തമ്മില്‍ ഒരു സൗഹൃദമൊക്കെ ഉണ്ടായിരുന്നോ?

പ്രണവിനെ എനിക്ക് മുമ്പ് വലിയ പരിചയം ഇല്ലായിരുന്നു. വല്ലപ്പോഴും ഏതെങ്കിലും ചടങ്ങുകള്‍ക്കൊക്കെ കണ്ടിട്ടുണ്ടെന്നേ ഉളളു. കല്യാണിയെ ചെറുപ്പം മുതലേ ചെന്നൈയില്‍ വെച്ച് കാണുമായിരുന്നു. ആ സമയത്ത് അവിടെ ഒരുപാട് ഷൂട്ടുകള്‍ നടക്കുമായിരുന്നല്ലോ, അന്ന് വെക്കേഷന്‍ സമയത്ത് അച്ഛനെവിടെയാണോ ഷൂട്ട് അവിടെച്ചെന്ന് ഞങ്ങള്‍ താമസിക്കാറുണ്ടായിരുന്നു. ആ സമയത്ത് ചെന്നൈയില്‍ വരുമ്പോഴൊക്കെ കല്യാണിയെ ഞാന്‍ കണ്ടിട്ടുണ്ട്. ഞാന്‍ എടുത്ത് നടന്നിട്ടൊക്കെയുണ്ട്.

ആദ്യമായിട്ടായിട്ടാണല്ലോ അഭിനേതാവെന്ന നിലയില്‍ കാമറയ്ക്ക് പിന്നില്‍ നിന്ന് പ്രണവിനെ കാണുന്നത്. ഇതുവരെ ഷൂട്ട് ചെയ്ത അനുഭവത്തില്‍ നിന്ന് പ്രേക്ഷകരോട് പറയാന്‍ പറ്റുന്നത് എന്താണ്?

എനിക്ക് ഭയങ്കര സന്തോഷമാണ്. ഭയങ്കര കമ്മിറ്റ്‌മെന്റുളള ആര്‍ട്ടിസ്റ്റാണ് പ്രണവ്. ഏഴുമണിക്ക് ഷൂട്ട് പ്ലാന്‍ ചെയ്താല്‍ ആള് ആറേമുക്കാലിന് ലൊക്കേഷനിലെത്തും. ഫസ്റ്റ് വന്ന് മേക്കപ് ചെയ്യും. പ്രണവ് ലൊക്കേഷനില്‍ ഇരുന്ന് സ്‌ക്രിപ്റ്റ് വായിക്കുന്നത് ഞാന്‍ കണ്ടിട്ടേ ഇല്ല. ചിലപ്പോള്‍ നമ്മള്‍ അന്നത്തേക്ക് പ്ലാന്‍ ചെയ്യാത്ത സീനുകളൊക്കെ ഷൂട്ട് ചെയ്യുന്ന സാഹചര്യമുണ്ടാകും. ബാക്കി ആക്ടേഴ്‌സിനൊക്കെ അപ്പോള്‍ ഡയലോഗ്‌സ് പഠിക്കണം, കൂടുതല്‍ തയ്യാറെടുപ്പ് ആവശ്യം വരും. പക്ഷെ പ്രണവിന് ഫുള്‍ സ്‌ക്രിപ്റ്റും ഡയലോഗ്‌സും കാണാപാഠമാണ്. ഏത് സീന്‍ പറഞ്ഞാലും ആള് വന്ന് സിമ്പിളായിട്ട് ചെയ്തിട്ട് പോകും.

'മലര്‍വാടി'യിലാണെങ്കിലും തട്ടത്തിന്‍ മറയത്തിലാണെങ്കിലും പുതിയ ആളുകളുമായാണ് വന്നത്. അത് രണ്ടും വലിയ രീതിയില്‍ സക്‌സസ്ഫുള്‍ ആയിരുന്നു. 24ാം വയസ്സില്‍ വിനീതിനെ പോലെ ഒരാള്‍ എടുത്ത റിസ്‌ക് വലിയ ചലഞ്ച് ആയിട്ടാണ് കാണുന്നത്. പിന്നീട് എന്തുകൊണ്ട് പുതുനിരക്കൊപ്പം സിനിമ ചെയ്തില്ല?

മലര്‍വാടിയും തട്ടവും കഴിഞ്ഞ് 'ആനന്ദം' പ്രൊഡ്യൂസ് ചെയ്തു. ആ സിനിമയില്‍ ഫുള്‍ പുതിയ ആള്‍ക്കാരാണ്. 'ഹെലന്‍' ആണെങ്കിലും അതേ. അന്നയും ഒറ്റ സിനിമയുടെ മാത്രം എക്‌സ്പീരിയന്‍സ് അല്ലേ ഉള്ളൂ. നോബിളും പുതിയ ആളാണ്. അതിലെ മറ്റ് കുഞ്ഞ് കുഞ്ഞ് ആക്ടേഴ്‌സൊക്കെ പുതിയ ആള്‍ക്കാരാണ്. 'ഹൃദയ'ത്തില്‍ ശരിക്കും, പ്രണവ്, കല്യാണി, ദര്‍ശന അങ്ങനെ ലീഡ് റോള്‍ ചെയ്യുന്ന കുറച്ച് ആളുകള്‍ ഒഴിച്ചാല്‍ തീയറ്റര്‍ സര്‍ക്യൂട്ടില്‍ നിന്ന് നമ്മള്‍ കാസ്റ്റ് ചെയ്തിട്ടുളള ഒരുപാട് ആക്ടേഴ്‌സുണ്ട്. ഒന്നു രണ്ടു സിനിമകള്‍ ചെയ്തിട്ടുളളവരുണ്ട്, ഫസ്റ്റ് സിനിമ ചെയ്യുന്നവരുണ്ട്, ഷോര്‍ട് ഫിലിംസൊക്കെ ചെയ്ത് അത് കണ്ടിട്ട് നമുക്ക് ഇഷ്ടപ്പെട്ടിട്ടുളള ചില പിള്ളേരെയൊക്കെ നമ്മളിങ്ങനെ വിളിച്ചിട്ടുണ്ട്. 'ഹൃദയ'ത്തില്‍ ഒരുപാട് പുതിയ ആളുകളുടെ കാസ്റ്റിങ് ഉണ്ട്. നമ്മളതിന്റെ ഡീറ്റെയ്ല്‍ ഒന്നും പുറത്തുവിട്ടിട്ടില്ലെന്നേ ഉള്ളു. 'തട്ടത്തിന്‍ മറയത്തി'ന്റെ അന്തരീക്ഷം വീണ്ടും വന്നതുപോലെയാണ് എന്റെ അനുഭവം. ഞാന്‍ പഠിച്ച കോളേജില്‍ തന്നെയാണ് ഹൃദയം ഷൂട്ട് ചെയ്തത്. രാവിലെ ആറേമുക്കാലിന് ലൊക്കേഷനില്‍ ചെല്ലുമ്പോഴേയ്ക്കും അവിടെ ഇഷ്ടം പോലെ പിള്ളേരുണ്ടാവും. ഇവരെവെച്ച് നമ്മളങ്ങ് തുടങ്ങുവാണ്. തട്ടം കഴിഞ്ഞിട്ട് ഞാന്‍ അതേ ഒരു എനര്‍ജിയോടെ വര്‍ക്ക് ചെയ്യുന്ന പടം 'ഹൃദയ'മാണ്. ഒരു സീനില് വന്നുപോകുന്ന ആളുകള്‍ അടക്കം പുതിയ ആള്‍ക്കാരാണ്. കാമറമാന്‍ വിശ്വജിത്തിന്റെ ആദ്യ പടമാണ്. കോസ്റ്റ്യൂം ഡയറക്ടറുടെ സെക്കന്റ് ഫിലിമാണ്. ആര്‍ട് ഡയറക്ടറുടെ ഫസ്റ്റ്ഫിലിമാണ്. മ്യൂസിക് ഡയറക്ടറുടേതും. നമുക്കൊരുപാട് പ്രിവിലജസ് കിട്ടുന്നുണ്ടല്ലോ, അപ്പോള്‍ അത് ബാലന്‍സ് ചെയ്യേണ്ട ഉത്തരവാദിത്വം എല്ലാ ഡയറക്ടേഴ്‌സിനുമുണ്ട്. ഞാനത് ബോധപൂര്‍വ്വം ആലോചിക്കാറുമുണ്ട്.

ഇരുപത്തിനാലാമത്തെ വയസ്സില്‍ പുതിയൊരു നിരയുമായി 'മലര്‍വാടി' ചെയ്തു. ആ സമയത്ത് മലയാളത്തില്‍ ഏതൊരു തട്ടിലുമുളള ആക്ടേഴ്‌സിനെ സമീപിക്കാനും അവരോട് കഥ പറയാനുമുളള സാധ്യതകള്‍ വിനീതിന് മുന്നിലുണ്ടായിരുന്നു. സുഷാന്ത് സിങിന്റെ മരണവുമായി ബന്ധപ്പെട്ട് മലയാളത്തിലും നെപ്പോട്ടിസം ചര്‍ച്ചയായി. വിനീത് ഇതിനെ എങ്ങനെയാണ് കാണുന്നത്

ഇതെല്ലാം ഇവിടെ ഉണ്ട്, അല്ലെങ്കില്‍ ഇല്ല എന്നൊന്നും നമുക്ക് പറയാന്‍ പറ്റില്ല. നെപ്പോട്ടിസം ഉണ്ടാകും. അതിനേക്കാളും 'ഫേവറേറ്റിസം', ഗ്രൂപ്പിസം' ഇങ്ങനത്തെ സംഗതികള്‍ ഉണ്ടല്ലോ. അത് ഓട്ടോമാറ്റിക്കലി വരും. നമ്മള്‍ കംഫര്‍ട്ടബിള്‍ ആകുന്ന ആളുകളുടെ കൂടെ തുടര്‍ച്ചയായി വര്‍ക്ക് ചെയ്യുന്ന ശീലം മെല്ലെ മെല്ലെ വരും. നമ്മുടെ ആക്ടേഴ്‌സിനെ നമ്മള്‍ റിപ്പീറ്റ് ചെയ്യാന്‍ തുടങ്ങും. ഒരാളുമായി താളത്തിലായിക്കഴിഞ്ഞാല്‍ അയാളുമായി കൂടുതല്‍ വര്‍ക്ക് ചെയ്യാനൊക്കെ നമുക്ക് തോന്നും. എനിക്ക് തോന്നുന്നു, അതെല്ലാ ആര്‍ട്ടിസ്റ്റ്‌സിനും ഉണ്ടായി വരുന്ന ഒരു കാര്യമാണ്. നമ്മള്‍ തന്നെ അത് ബ്രേക്ക് ചെയ്യുക എന്നതും ചില സമയത്ത് ബുദ്ധിമുട്ടുളള കാര്യമാണ്.

ചിലപ്പോഴൊക്കെ ചിലരെ കാസ്റ്റ് ചെയ്യുന്ന സമയത്ത് സാമ്പത്തികമായി അവരെങ്ങനെയാണ് എന്നുള്ള കാര്യം കൂടി നമ്മള്‍ ആലോചിക്കും. നമുക്ക് എന്തെങ്കിലും രീതിയില്‍ ഉള്‍പ്പെടുത്താന്‍ പറ്റുന്ന ആളാണെങ്കില്‍ ഉള്‍പ്പെടുത്തണം എന്ന് തോന്നും. അതുപോലെ കുറേ കാര്യങ്ങളുണ്ട്. ശരിക്കും പറഞ്ഞാല്‍ ഇന്ന് ഇന്ത്യന്‍ സിനിമാ ഇന്റസ്ട്രിയില്‍ ഏറ്റവും നന്നായിട്ട് പുറത്തുനിന്നുള്ളവര്‍ക്ക് വന്ന് വര്‍ക്ക് ചെയ്യാന്‍ പറ്റുന്നത് മലയാളം തന്നെ ആയിരിക്കുമെന്നാണ് എനിക്ക് തോന്നുന്നത്. പിന്നെ ആളുകള്‍ പറയുമല്ലോ, 'ഔട്ട്‌സൈഡര്‍', 'ഇന്‍സൈഡര്‍' എന്നത്. ഇപ്പോള്‍ നിങ്ങള്‍ ഇവിടെ ഇരുന്ന് മൂന്ന് കൂട്ടുകാരുടെ കൂടെ ഒരു നല്ല സ്‌ക്രിപ്റ്റ് എഴുതി, നിങ്ങടെ കയ്യില്‍ ഒരു അമ്പത് ലക്ഷം രൂപയുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഇവിടെയൊരു സിനിമ ചെയ്യാം. അത് നമുക്ക് ആരുടേയും പിന്തുണ ഇല്ലാതെ ചെയ്യാന്‍ പറ്റും. നമുക്കൊരു ഡിസ്ട്രിബ്യൂട്ടറെ വേണ്ടിവരും. സിനിമ ഇന്ററസ്റ്റിംഗ് ആണെങ്കില്‍ അങ്ങനെ ഒരു ഡിസ്ട്രിബ്യൂട്ടറെ കിട്ടിയെന്നും വരും. ഇതെപ്പോഴും നടക്കുമെന്നല്ല പറയുന്നത്. ഇങ്ങനെ ഒരു സാധ്യത ഇവിടെ നമുക്കുണ്ട്.

വര്‍ക്ക് ചെയ്തുകൊണ്ടിരിക്കുക എന്നത് മാത്രമാണ് ചെയ്യാനുള്ളത്. ചിലര്‍ക്ക് കൃത്യമായ പ്ലാനുകള്‍ ഉണ്ടാകും. ചിലര്‍ കറക്ട് ആയ ആളുകളുടെ അടുത്ത് കൃത്യമായി എത്തിപ്പെടും. അങ്ങനെയുളളവര്‍ക്ക് കാര്യങ്ങള്‍ ഈസിയാകും, ഈസിയാകുമെന്ന് പറയാനും പറ്റില്ല. ബുദ്ധിമുട്ട് കുറയും. പിന്നൊരു പ്രധാനപ്പെട്ട കാര്യം, പ്രേക്ഷകര്‍ക്ക് ഭയങ്കര പവര്‍ ഉണ്ട്. നാളെ വിനായകന്റെയും ജോജു ജോര്‍ജിന്റെയും അല്ലെങ്കില്‍ സൗബിന്റെയുമൊക്കെ പടം റിലീസാകുമ്പോള്‍ കേരളം മൊത്തമുളള പ്രേക്ഷകര്‍ തീരുമാനിക്കുകയാണ് ഫസ്റ്റ് ഡേ തന്നെ തീയറ്ററില്‍ ഇടിച്ചുകേറി കാണുമെന്ന്, അടുത്ത സെക്കന്റ് തൊട്ട് അവര്‍ ഇവിടെ സൂപ്പര്‍ സ്റ്റാര്‍സ് ആണ്.

ഒടിടി പ്ലാറ്റ്‌ഫോമുകളിലടക്കം സാധ്യതകള്‍ ഉള്ള സമയമാണ് ലോക്ഡൗണ്‍. ഫാമിലിയോടൊപ്പം നില്‍ക്കുക എന്നതിലുപരി അത്തരത്തില്‍ എഴുത്തിലേയ്‌ക്കോ മറ്റു ചര്‍ച്ചകളിലേയ്‌ക്കോ പോയിരുന്നോ?

ഇല്ല. ഈ 'ഹൃദയം' മനസ്സിലിങ്ങനെ കിടക്കുന്നതുകൊണ്ട് അത് കഴിയുന്നതുവരെ എനിക്ക് മറ്റൊരു സംഗതിയിലേയ്ക്ക് ഡൈവേര്‍ട്ട് ചെയ്യാന്‍ വല്യ പാടാണ്. അതൊരു കമ്മിറ്റ്‌മെന്റ് പോലെയാണ്. ഒരാളവിടെ കിടക്കുവല്ലെ സൈഡില്‍. ഇപ്പോഴും ഞാന്‍ 'ഹൃദയ'ത്തിന്റെ പ്രൊസസ്സില്‍ തന്നെയാണ്. 50% ഷൂട്ട് ചെയ്യാനുണ്ട്. ഇഷ്ടം പോലെ പാട്ടുകളുണ്ട്. എന്റെ സിനിമകളില്‍ ഏറ്റവും കൂടുതല്‍ പാട്ടുകളുളളത് ഇതിലായിരിക്കും. പാട്ടുകളുടെ എണ്ണം ഇപ്പോഴും കൂടിക്കൊണ്ടിരിക്കുകയാണ്. ഇഷ്ടം പോലെ മൊണ്ടാഷ് സീക്വന്‍സുകളുണ്ട്. നിലവില്‍ 12 പാട്ടുകളുണ്ട്. ഒരു മിനിട്ട് ഒന്നര മിനിട്ടുളള കുഞ്ഞു കുഞ്ഞു പാട്ടുകള്‍ ചിലപ്പോള്‍ ഇനിയും കയറി വരാം.

അജു കാര്‍ത്തിക്കുമായി ഒരു വര്‍ഷം മുന്നേ സംസാരിച്ചു തുടങ്ങിയിരുന്നു. അങ്ങനെയുള്ള ആളുകളെ കണ്ടെത്താന്‍ വളരെ മിടുക്കനാണ് അജു വര്‍ഗീസ്.

ലോക്ഡൗണില്‍ വിനീത് കാണാനിടയായ, ശ്രദ്ധിച്ച ഷോര്‍ട്ഫിലിമുകളോ വെബ് സീരീസുകളോ ഉണ്ടോ?

ഞാനിപ്പോള്‍ കൂടുതല്‍ കാണുന്നത് കുക്കറിഷോകളാണ്. ചിക്കന്‍ ബിരിയാണി എങ്ങനെ വെക്കാം അങ്ങനെയുള്ള യൂ ട്യൂബ് ടൂട്ടോറിയലാണ്. ബിരിയാണിയില്‍ പി എച്ച് ഡി എടുത്തുകൊണ്ടിരിക്കുകയാണ് (ചിരിക്കുന്നുഎ). പല പല ടൈപ് ബിരിയാണി ഉണ്ടാക്കാന്‍ പഠിച്ചുകൊണ്ടിരിക്കുവാണ്. അതല്ലാതെ കണ്ടത് കാര്‍ത്തിക് ശങ്കര്‍ എന്നൊരു യൂ ട്യൂബറുടേതാണ്. അജു കാര്‍ത്തിക്കുമായി ഒരു വര്‍ഷം മുന്നേ സംസാരിച്ചു തുടങ്ങിയിരുന്നു. അങ്ങനെയുള്ള ആളുകളെ കണ്ടെത്താന്‍ വളരെ മിടുക്കനാണ് അജു വര്‍ഗീസ്.

ബഡ്ഡിങ് ടാലന്റ്‌സിനെ ആര്‍ക്കെങ്കിലും പരിചയപ്പെടുത്താനൊക്കെ സന്തോഷം ഉള്ള ആളുമാണ് അജു. മിഥുന്‍ മാനുവലിനേയും ബേസിലിനേയും എനിക്ക് പരിചയപ്പെടുത്തിത്തന്നത് അജുവാണ്. കാര്‍ത്തിക്കിന്റെ കാര്യവും എന്നോട് പറഞ്ഞത് അജു തന്നെയാണ്. വേറൊന്നും അങ്ങനെ കണ്ടിട്ടില്ല.

തീയറ്ററിനെ തല്‍ക്കാലം മറന്നുകൊണ്ട് ഒടിടി പ്ലാറ്റ്‌ഫോമുകളിലേയ്ക്ക് മാറുന്ന ഒരു സ്ഥിതി വന്നിട്ടുണ്ട്. തീയറ്ററിന്റേയും സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളുടേയുമൊക്കെ ഭാവിയെ കുറിച്ച് എന്ത് തോന്നുന്നു?

തീയറ്റര്‍ ഇപ്പോള്‍ തുറന്നു കഴിഞ്ഞാലും സേഫ് ആണെന്ന് തോന്നുന്നതുവരെ ആളുകള്‍ വരാന്‍ ഉറപ്പായും ഒരു മടി കാണിക്കും. അത് തീയറ്റര്‍ നടത്തുന്നവര്‍ക്കും അറിയാവുന്ന കാര്യമാണ്. സ്ഥിരമായി ഞാന്‍ ഒടിടിയില്‍ സിനിമകള്‍ കാണുന്നുണ്ട്. ഒടിടിയുടെ എക്‌സ്പീരിയന്‍സ് എന്നു പറയുന്നത് അത്രയ്‌ക്കേ ഉള്ളു. തീയറ്ററിന്റെ ഒരു മാജിക് അവിടെ നമുക്ക് കിട്ടില്ല. നമ്മള്‍ വീട്ടില്‍ ഫാമിലിക്കൊപ്പം ഇരുന്ന് ടിവിയില്‍ സിനിമ കാണുന്ന അതേ എക്‌സ്പീരിയന്‍സ് ആണല്ലോ. വേറൊന്നും കൂടുതലായി നമുക്ക് തരുന്നില്ല. ഫിലിം ഫെസ്റ്റിവലിന് അങ്ങനെയുളള സിനിമകള്‍ കാണുമ്പോള്‍ ഉണ്ടാകുന്ന ആ എക്‌സ്പീരിയന്‍സിന് തന്നെ വലിയ വ്യത്യാസമില്ലേ. കണ്ടന്റ് ഡ്രിവണ്‍ ആയിട്ടുളള ഇന്റര്‍നാഷണല്‍ സിനിമകള്‍ ആണെങ്കില്‍ കൂടി അതിനടക്കം കയ്യടിയും ചിരിയുമൊക്കെ തിയറ്ററില്‍ ഉണ്ടാവാറില്ലേ.

മ്യൂസികുമായി ബന്ധപ്പെട്ട ഒരു സിനിമ കുറേ കാലമായി എന്റെ മനസിലുണ്ട്. അതൊരിക്കലും തീയറ്ററിന് വേണ്ടി ചെയ്യാന്‍ താല്‍പര്യമില്ല

ഒടിടിക്ക് പറ്റാവുന്ന രീതിയില്‍ പുതിയ ഫിലിം മേക്കഴ്‌സിന് കൂടുതല്‍ അവസരങ്ങള്‍ മലയാളത്തില്‍ ഉണ്ടാകുമെന്ന് കരുതുന്നുണ്ടോ? ഒരുപാട് പേര് ആ തരത്തില്‍ പ്രതീക്ഷിക്കുന്നുണ്ടല്ലോ.

ഒടിടി തീര്‍ച്ചയായിട്ടും നമുക്ക് ഒരു പ്ലാറ്റ്‌ഫോം തന്നെയാണ്. നമുക്ക് ചെറിയ ബജറ്റില്‍ ചെയ്യാവുന്ന എന്ത് പരീക്ഷണവും ഒടിടിയില്‍ പോസിബിള്‍ ആണ്. തീയറ്ററിന് വേണ്ടി ആലോചിക്കുമ്പോള്‍ നമുക്ക് ചെയ്യാന്‍ പറ്റാത്ത പല സിനിമകളും ഒടിടിയില്‍ ചെയ്യാന്‍ പറ്റും. നമ്മള്‍ ശ്രദ്ധിച്ച് ബജറ്റ് ഒക്കെ നിശ്ചയിക്കേണ്ടി വരും എന്ന് മാത്രം.

തീയറ്ററാകുമ്പോള്‍ അതിലൊക്കെ നമുക്ക് കുറച്ചൂടെ ഫ്‌ലെക്‌സിബിലിറ്റിയും എളുപ്പവും ഉണ്ട്. ഒടിടി ആകുമ്പോള്‍ നമ്മളെല്ലാം ഒന്ന് നിയന്ത്രിച്ച് ചെയ്യേണ്ടിവരും. ഞാന്‍ ആള്‍ക്കൂട്ടം ഭയങ്കരമായി ഇഷ്ടപ്പെടുന്ന ഒരാളാണ്. സിനിമയില്‍ എവിടെയെങ്കിലുമൊക്കെ ആള്‍ക്കൂട്ടം ഉണ്ടാകുന്നത് ഇഷ്ടമാണ്. ആ പരിപാടി നടക്കില്ല ഒടിടിയില്‍.

മ്യൂസികുമായി ബന്ധപ്പെട്ട ഒരു സിനിമ കുറേ കാലമായി എന്റെ മനസിലുണ്ട്. അതൊരിക്കലും തീയറ്ററിന് വേണ്ടി ചെയ്യാന്‍ താല്‍പര്യമില്ല. കാരണം അത് തീയറ്റര്‍ ഓഡിയന്‍സിനുളള സിനിമയേ അല്ല. അതൊക്കെ എനിക്ക് വേണമെങ്കില്‍ ഒടിടിക്ക് വേണ്ടി ആലോചിക്കാം. അങ്ങനെ തീയറ്ററില്‍ വന്നാല്‍ വിജയിക്കാന്‍ സാധ്യതയില്ലെന്ന് കരുതി മാറ്റിവെച്ച കഥകള്‍ ഒടിടിയില്‍ നമുക്ക് ചെയ്യാവുന്നതാണ്.

ചെരുപ്പൂരി അടിക്കുമെന്ന് അന്ന് ഞാൻ ആ നടനോട് പറഞ്ഞു: ഖുശ്ബു

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

SCROLL FOR NEXT