Filmy Features

തോമയുടെ കണ്ണ് കണ്ടാലറിയാം അവിടെ തിലകനില്ല

വീണ്ടും ചില വീട്ടുകാര്യങ്ങൾ ഒന്നൂടെ ഒന്ന് കണ്ടു.

അതിൽ അവസാനം, റോയ് ഇപ്പോഴാണ് ഒരു നായകനായതെന്നും പക്ഷെ നല്ല നടൻ ഇപ്പോഴും അപ്പൻ കൊച്ചു തോമ തന്നെയാണ് എന്നും പറയുന്നുണ്ട്.

പക്ഷെ അല്ല !

അതിലെ നല്ല നടൻ മാത്രമല്ല നായകനും ശരിക്കും തിലകന്റെ തിരുമുറ്റത്ത് കൊച്ചുതോമാ തന്നെയാണ്. ആ സിനിമയുടെ ഒന്നാം കാഴ്ച്ചയിൽ മാത്രമാണ് റോയ് നായകൻ. പക്ഷെ രണ്ടാം കാഴ്ചയിലും പിന്നെത്ര തവണ കണ്ടാലും കൊച്ചു തോമ തന്നെയാണ് നായകൻ.

അയാളാണ് കഥ നിയന്ത്രിക്കുന്നത്. അയാളുടെ ചുറ്റുമാണ് കഥ നടക്കുന്നതും. കഥയുടെ മർമ്മ സ്പർശിയായ ഒരു വിവരം കൈവശം വെച്ചിരിക്കുന്നതും അയാളാണ്. ഒരു മകൻ മാറുന്ന കഥയല്ല അത്, ഒരു മകനെ അച്ഛനെങ്ങനെ മാറ്റുന്നു എന്ന കഥയാണ്.

തിലകൻ !! എന്ത് പറഞ്ഞാലാണ് അദ്ദേഹത്തിലെ അഭിനേതാവിനെ ഒന്ന് എത്തിപ്പിടിക്കാൻ പറ്റുന്നത് ?!!

തോമയ്ക്ക് രണ്ടു ലെയറുകളുണ്ട്. പുറമെ കാണുന്ന ഒന്നും. അകമേ, സിനിമയുടെ അവസാനം വരെ വെളിപ്പെടാത്ത, തോമയ്ക്ക് മാത്രം അറിയാവുന്ന മറ്റൊന്നും.

ഉള്ളു പിടഞ്ഞാണ് തോമ, റോയിയെ ഇറക്കി വിടുന്നതെന്ന് നമുക്ക് ആദ്യം കാണുമ്പോൾ അത്ര രെജിസ്റ്റർ ആവില്ല. ആയാൽ തന്നെ അതിലെ കോൺഫ്ലിക്റ്റ് മനസ്സിലാവില്ല. ആദ്യം കാണുമ്പോൾ തോമ, മോൻ പ്രേമിച്ചു കെട്ടിയപ്പോൾ തറവാടിന്റെ മാനം കാക്കാൻ നോക്കിയ ഒരു വരട്ട് തന്ത മാത്രമാണ്.

കഥയറിഞ്ഞു രണ്ടാം വട്ടം കാണുമ്പോ നമുക്കറിയാം, തിലകൻ തോമയായി അഭിനയിക്കുന്നു, തോമ, ഇല്ലാത്ത ദേഷ്യവും ഗൗരവവും ഉള്ളതായി അതിനകത്തു അഭിനയിക്കുന്നു എന്ന്. അഭിനയത്തിനകത്തെ അഭിനയം ! തിലകൻ അതിൽ കൊണ്ട് വന്നിട്ടുള്ള ആഴം ഭീകരമാണ്.

ഇറക്കി വിടുന്ന രംഗത്തിൽ ഭാവന, റോയിയോട് ചോദിക്കുന്നുണ്ട്, ഞാൻ ഒറ്റയ്ക്ക് ഇറങ്ങണോ എന്ന്. അന്നേരം റോയ് അപ്പനെയൊന്ന് നോക്കും. ഇതാണോ എന്റെ കൂടെ കളിച്ചു ചിരിച്ചു നടന്ന എന്റെ കൂട്ടുകാരനായ അപ്പനെന്ന അർത്ഥത്തിൽ. അന്നേരം തോമയുടെ "അഭിനയം" ഒരു നിമിഷത്തേക്ക് പാളുന്നത് നമുക്ക് കാണാം. അയാൾ റോയിയുടെ മുഖത്ത് നോക്കാൻ പറ്റാതെ, കണ്ണ് താഴ്ത്തിക്കളയും. ഒരു സ്‌പ്ലിറ്റ് സെക്കൻഡ് നേരമേയുള്ളൂ അത്.

ഇറക്കി വിട്ട് അവർ ഗേറ്റിലേക്ക് നടക്കുമ്പോ പൂമുഖത്തു നിന്ന് തോമ അവരെഉറക്കെ വിളിച്ചു പറയും, ഇനി ഞാനുമെന്റെ ഭാര്യയും മരിച്ചെന്നറിഞ്ഞാലും ഈ പടി കേറരുതെന്ന്. അത് കേട്ട് തരിച്ചു നിൽക്കുന്ന റോയിയുടെ മുൻപിൽ അയാളുടെ എല്ലാ പ്രതിരോധവും ഒരു രണ്ടു നിമിഷത്തേക്ക് ആവിയായിപ്പോവുന്നുണ്ട്.

പെട്ടെന്ന് കണ്ണ് നിറഞ്ഞ, തളർന്ന തോമയെ കാണാം അവിടെ. അടുത്ത നിമിഷം അത് ആരെങ്കിലും കാണുന്നുണ്ടോ എന്ന് പാളി നോക്കുന്നുണ്ട് സൈഡിലേക്ക്. ആരുമില്ല എന്നുറപ്പ് വരുത്തി തോമ ഒന്ന് ശ്വാസം വിട്ട്, ഇങ്ങനെ തളർന്നാൽ പറ്റില്ല എന്ന് സ്വയം ഓർമ്മപ്പെടുത്തി, നിറഞ്ഞു വന്നു കണ്ണുകളെ വീണ്ടും അടക്കി നിയന്ത്രിച്ചു പിന്നെയും അയാൾ മുഖം വലിച്ചു മുറുക്കുന്നു.

വെറും രണ്ടേ രണ്ടു സെക്കൻഡ് !

പിന്നീട് റോയിയെ കാണേണ്ടി വരുമ്പോഴൊക്കെ തോമ ഇങ്ങനെ കണ്ണ് കൊടുക്കാനാവാതെ മുഖം വെട്ടിക്കുന്നത് കാണാം. കാരണം തോമയുടെ കണ്ണിലുണ്ട് അയാളുടെ ദൈന്യം. ഇതുപോലെ സിനിമയിൽ ഉടനീളം തിലകൻ തോമയുടെ വാസ്തവത്തിലെ മാനസികാവസ്ഥ നമ്മുടെ കണ്മുന്നിൽ തന്നെ ഒളിച്ചു വെച്ചിട്ടുണ്ട്. അതിനുവേണ്ടി നോക്കിയാലല്ലാതെ അത് കാണാനാവാത്ത അവസ്ഥയിൽ. Literally hidden in the plain sight !

തോമയുടെ കണ്ണ് കണ്ടാലറിയാം അവിടെ തിലകനില്ല. മകനെ നേർവഴിക്ക് നടത്താൻ പാട് പെടുന്ന തോമ മാത്രമാണിവിടെ. തിലകന്റെ ശരീരത്തിലേക്ക് തിലകന്റെതായെല്ലാം എടുത്തു കളഞ്ഞു അവിടെ കഥാപാത്രത്തിനെ മാത്രം നിറച്ചു വെയ്ക്കും. അടിമുടി അഭിനയമായിരുന്നു തിലകൻ.

പകരക്കാരില്ലാത്ത ആരുമില്ല എന്നാണ് പറയാറ്. പക്ഷെ ചിലരുടെ കാര്യത്തിൽ അത് തെറ്റാണു എന്ന് തോന്നുന്നു !

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT