ഒടിയൻ സംവിധാനം ചെയ്ത വി.എ ശ്രീകുമാറും മോഹൻലാലും പുതിയ ചിത്രത്തിനായി കൈകോർക്കുന്നുവെന്ന അഭ്യൂഹം കുറേ ദിവസങ്ങളായി സോഷ്യൽ മീഡിയയിലുണ്ടായിരുന്നു. നെക്സ്റ്റ് ഫിലിം വിത് മോഹൻലാൽ എന്ന ശ്രീകുമാറിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ നിന്നാണ് ഒടിയൻ ടീം വീണ്ടുമൊന്നിക്കുന്നുവെന്ന അഭ്യൂഹത്തിന്റെ തുടക്കം. എന്നാൽ ഇതൊരു പരസ്യചിത്രമാണെന്ന് പിന്നാലെ സ്ഥിരീകരണമുണ്ടായി. ശ്രീകുമാർ തന്റെ സോഷ്യൽ മീഡിയ പ്രൊഫൈലിലൂടെ മോഹൻലാൽ അഭിനയിച്ച ആഡ് ഫിലിം ടീസറും മേക്കിംഗ് വീഡിയോയും പുറത്തുവിട്ടു. ട്രോളുകളോ വിമർശനങ്ങളോ കാര്യമാക്കുന്നില്ലെന്നും മോഹൻലാലിനൊപ്പമുള്ള പരസ്യചിത്രം ഉടനെ പുറത്തിറങ്ങുമെന്നും വി. എ ശ്രീകുമാർ ക്യു സ്റ്റുഡിയോയോട് പ്രതികരിച്ചു.
സിനിമാറ്റിക്കായി ഒരു പരസ്യം
ഒരോ പരസ്യങ്ങളും നമ്മൾ ചിത്രീകരിക്കുന്നത് ആ ബ്രാൻഡിന്റെ ആവശ്യത്തിനെ അടിസ്ഥാനപ്പെടുത്തിയാണ്. ആ ബ്രാൻഡുമായി നമ്മൾ സംസാരിച്ചതിന് ശേഷം ആ ബ്രാൻഡിന്റെ കോംമ്പറ്റീറ്റേഴ്സ് ആരാണ്, അവർ കൊടുക്കുന്ന മെസേജ് എന്താണ് അതിനെയെല്ലാം അടിസ്ഥാനപ്പെടുത്തിയിട്ടാണ് അതിന്റെ ഒരു തീം തീരുമാനിക്കപ്പെടുക. അങ്ങനെയാണ് പരസ്യത്തിന്റെ കോൺസെപ്റ്റ് തീരുമാനിക്കപ്പെടുന്നത്. ഈ പരസ്യം അത്തരത്തിൽ സിനിമാറ്റിക്ക് ആയിട്ടുള്ള ഒരു എക്സ്പീരിയൻസ് കൊടുക്കേണ്ട ഒരു കോൺസെപ്റ്റാണ്. ഈ ബ്രാന്റ് അത്തരത്തിലുള്ള ഒരു ട്രീറ്റ്മെന്റ് അർഹിക്കുന്നുണ്ട് എന്നത് കൊണ്ട് ഇങ്ങനെയൊരു പരസ്യം ചെയ്തു എന്ന് മാത്രം. മധു നീലകണ്ഠനുമായി ഞാൻ ഒരുപാട് പരസ്യങ്ങളിൽ വർക്ക് ചെയ്തിട്ടുണ്ട്. ഏകദേശം ഒരു അമ്പത് പരസ്യത്തിന് മേലെയുണ്ടാവും അത്. ഒരോ പ്രൊജക്ടിലും നമ്മൾ ക്യാമറമാൻമാരെ നിശ്ചയിക്കുന്നത് ആ പടം അർഹിക്കുന്ന വിഷ്വൽ ക്വാളിറ്റി തരാൻ റേഞ്ചുള്ള ക്യാമറമാൻമാരെയാണെല്ലോ? അതുകൊണ്ടു തന്നെ മധുവായിരുന്നു മോഹൻലാലിനൊപ്പമുള്ള പരസ്യചിത്രത്തിനായി എന്റെ ആദ്യത്തെ ചോയിസ്.
ട്രോളുകളെ അതേ സ്പിരിറ്റിൽ എടുക്കുന്നു
നല്ലത് പറയുമ്പോൾ സന്തോഷിക്കുന്നത് പോലെ തന്നെ നമ്മളെക്കുറിച്ച് വിമർശനം വരുമ്പോഴും അതിനെ അതിന്റേതായ സ്പിരിറ്റിൽ എടുക്കാനും വിമർശനങ്ങൾ വരുമ്പോൾ അതിനെ തിരുത്താനും നമ്മൾ തയ്യാറാവണമല്ലോ? അല്ലാതെ അഭിനന്ദിക്കപ്പെടുമ്പോൾ ആഹ്ലാദിക്കുകയും വിമർശനം വരുമ്പോൾ ദേഷ്യപ്പെടുകയും ചെയ്യുന്നതിൽ അർഥം ഇല്ല. ഞാൻ അതിനെ അങ്ങനെ എടുക്കുന്ന ആളാണ്. ഇത് നമ്മളെ ബാധിക്കുന്നതല്ല എന്ന് തോന്നുമ്പോൾ, അതിനെ അതിന്റേതായ ലാഘവത്തോടെ വിടാൻ സാധിക്കുമ്പോഴാണെല്ലോ ജീവിതത്തിലും കരിയറിലും സമാധാനം ഉണ്ടാവു. നമ്മൾ ചെയ്യുന്ന ജോലിയിലും നമുക്ക് അപ്പോൾ മാത്രമേ ശ്രദ്ധ കൊടുക്കാൻ കഴിയുള്ളൂ. പിന്നെ ട്രോളുകളൊന്നും തന്നെ എന്നെ ബാധിച്ചിട്ടുമില്ല, ഞാൻ ഒരു പത്ത് മുപ്പത് വർഷമായി ഈ ക്രിയേറ്റീവ് ഫീൽഡിൽ വർക്ക് ചെയ്യാൻ തുടങ്ങിയിട്ട്. ഇതൊന്നും ഒരിക്കലും അങ്ങനെ ബാധിക്കാനും പാടില്ല എന്നാണ് ഞാൻ കരുതുന്നത്. പിന്നെ എല്ലാത്തിനും മറുപടി കൊടുക്കേണ്ട കാര്യമില്ലല്ലോ? നമുക്ക് മറുപടി കൊടുക്കണം എന്ന് തോന്നുന്നതിന് മാത്രം മറുപടി കൊടുക്കുക. എന്തെങ്കിലും തിരുത്തണമെങ്കിൽ തിരുത്തുക, അല്ലെങ്കിൽ അതിനെ അതിന്റേതായ അർഹിക്കുന്ന അവജ്ഞയോടെ തള്ളുക. അത് മാത്രമേ നമുക്ക് ചെയ്യാൻ പറ്റുള്ളൂ.
അഞ്ജന വാർസ് നിർമ്മിക്കുന്ന സിനിമകൾ ഉടൻ
അഞ്ജന- വാര്‍സ് എന്ന പ്രൊഡക്ഷൻ കമ്പനിയുടെ ആദ്യത്തെ പ്രൊജക്ട് എസ് ഹരീഷിന്റെ തിരക്കഥയെ ആസ്പദമാക്കിയിട്ടാണ്. അത് ഫെബ്രുവരി മാസം അവസാനത്തോടെ പാലക്കാട് ചിത്രീകരണം ആരംഭിക്കും. പരസ്യ സംവിധായകനും, രണ്ടു പേർ എന്ന സിനിമയുടെ സംവിധായകനുമായ പ്രേം ശങ്കറാണ് അഞ്ജന വാർസിന്റെ ആദ്യ സിനിമ ഒരുക്കുന്നത്. എന്റെ നിർമാണ പങ്കാളി എന്ന് പറയുന്നത് അഞ്ജന ഫിലിപ്പും അവരുടെ ഭർത്താവുമാണ്. ഞങ്ങളുടെ സിനിമാ നിർമാണം എന്നത് ഒരു തുടർ പ്രക്രിയയാണ്. ഒരു സിനിമയോടു കൂടി അത് നിർത്താനോ അല്ലെങ്കിൽ ഒരു സിനിമയുടെ ജയപരാജയത്തെ ആസ്പദമാക്കിയോ ആയിരിക്കില്ല അത്. ഞങ്ങൾ മലയാളത്തിലെ എഴുത്തുകാരിൽ കുറേ പേരുടെ കഥകൾ സിനിമയാക്കുന്ന രീതിയിലാണ് നിലവിൽ പ്രൊജക്ട് ഡിസൈൻ ചെയ്തിരിക്കുന്നത്. 2024ൽ തന്നെ ഒന്നിലധികം പ്രോജക്ടുകൾ ഉണ്ടാവും.കാസ്റ്റിംഗ് ഒക്കെ നടക്കുന്നതേയുള്ളൂ. സൗത്ത് ഇന്ത്യയിലെ മുൻനിര ആർട്ടിസ്റ്റുകൾ ഈ സിനിമകളിൽ ഭാഗമാകും.