Filmy Features

ഒരേ പ്രതികാരം, രണ്ട് മഹേഷുമാർ

അശോകന്‍ എന്ന ടോപ്പ്-ഡോഗിന് മുന്നില്‍ തോറ്റ് തോറ്റ് നില്‍ക്കുന്ന അപ്പുക്കുട്ടന്‍ അസാധ്യമായ നിശ്ചയദാര്‍ഢ്യമുള്ള ഒരു കഥാപാത്രമാണ്. അശോകനെതിരെ അയാള്‍ തന്റെ ആയുധങ്ങളും അടവുകളും പുതുതാക്കികൊണ്ടേ ഇരിക്കുന്നു. നിര്‍ഭാഗ്യവശാല്‍ യോദ്ധാ പ്രഥമികമായും അപ്പുകുട്ടന്റെ കഥ അല്ലാതെ ആയി പോയി. അയാളുടെ ആത്യന്തിക വിജയം ആഘോഷിക്കാന്‍ സിനിമ അവസരം തരുന്നില്ല.

ബൈബിള്‍ പഴയ നിയമത്തിലെ ഏറ്റവും പ്രശസ്തമായ കഥകളിലൊന്ന് ബാലനായ ദാവീദ് ഭീമന്‍ ഗോലിയാത്തിനെ വീഴ്ത്തുന്നതാണ്. അവന്റെ കവണയിലെ കല്ല് ഗോലിയാത്തിന്റെ തിരുനെറ്റിയില്‍ പതിക്കുമ്പോള്‍ ജനങ്ങള്‍ അവന് വേണ്ടി ഹര്‍ഷാരവം മുഴക്കുന്നു. അസാധ്യമെന്ന് കരുതിയിരുന്ന ഒരു വിജയം അവന്‍ നേടി എടുക്കുന്നു. സാഹിത്യത്തിലും, മതത്തിലും, സ്‌പോര്‍ട്‌സിലും, സിനിമയിലുമൊക്കെ നിറയെ ഇത്തരം underdog ആഖ്യാനങ്ങള്‍ നമുക്ക് കാണാന്‍ സാധിക്കും. Underdog കള്‍ നായകന്മാര്‍/നായികമാര്‍ തന്നെ. പക്ഷെ കഥയുടെ ആരംഭംമുതലെ അവര്‍ക്ക് ജയിച്ചു നില്‍ക്കാന്‍ ഉള്ള വഴിയില്ല. തോല്‍വിയുടെ കയ്പ്പുമായി അവര്‍ നീറി നില്‍ക്കുന്നിടത്താണ് പ്രേക്ഷകന്‍, അല്ലെങ്കില്‍ വായനക്കാരന്‍ അവര്‍ക്ക് വേണ്ടി പക്ഷം പിടിച്ചു തുടങ്ങുക. മലയാള സിനിമയിലും ഒട്ടേറെ underdogs നെ നമുക്കു കാണാന്‍ സാധിക്കും.

രണ്ടു underdog ആഖ്യാനങ്ങള്‍ കാണാന്‍ (സിനിമയുടെ രണ്ടു ഘട്ടങ്ങളില്‍ ആയി) സാധിക്കുന്ന ഒരു സിനിമയാണ് യോദ്ധാ. ദുര്‍മന്ത്രവാദിയുടെ പൊടിവിദ്യയില്‍ പെട്ട് കണ്ണടിച്ചു പോകുന്നയിടം മുതല്‍ അശോകന്‍(മോഹന്‍ലാല്‍) ഒരു underdog ആകുകയാണ്. റിമ്പോച്ചയെ നഷ്ടപ്പെട്ട, അശ്വതിയെ നഷ്ടപ്പെട്ട, കാഴ്ച ഇല്ലാത്ത ഒരു നിസാരനായി മാറുന്നുണ്ട് അശോകന്‍. എന്നാല്‍ നേടിയെടുക്കാന്‍ ഒരു ലക്ഷ്യം ഉണ്ടാകുമ്പോള്‍, അതിനായി അയാള്‍ പരിശ്രമിച്ചു തുടങ്ങുമ്പോള്‍ അയാളുടെ underdog ഹീറോ ആഖ്യാനം തുടങ്ങുന്നു. അയാള്‍ റിമ്പോച്ചയെ മോചിപ്പിക്കുന്നു, അശ്വതിയെ വീണ്ടും കാണുന്നു, സന്തോഷമടയുന്നു. അതാണല്ലോ കഥാന്ത്യം.

എന്നാല്‍ ഈ സിനിമയില്‍ തുടക്കം മുതല്‍ ഉള്ള മറ്റൊരു underdog ആയി പ്രേക്ഷകന് തോന്നാവുന്ന ഒരു കഥാപാത്രമാണ് അരിശുംമൂട്ടില്‍ അപ്പുക്കുട്ടന്‍.

അശോകന്‍ എന്ന ടോപ്പ്-ഡോഗിന് മുന്നില്‍ തോറ്റ് തോറ്റ് നില്‍ക്കുന്ന അപ്പുക്കുട്ടന്‍ അസാധ്യമായ നിശ്ചയദാര്‍ഢ്യമുള്ള ഒരു കഥാപാത്രമാണ്. അശോകനെതിരെ അയാള്‍ തന്റെ ആയുധങ്ങളും അടവുകളും പുതുതാക്കികൊണ്ടേ ഇരിക്കുന്നു. നിര്‍ഭാഗ്യവശാല്‍ യോദ്ധാ പ്രഥമികമായും അപ്പുകുട്ടന്റെ കഥ അല്ലാതെ ആയി പോയി. അയാളുടെ ആത്യന്തിക വിജയം ആഘോഷിക്കാന്‍ സിനിമ അവസരം തരുന്നില്ല.

എന്ത്‌കൊണ്ട് പ്രേക്ഷകര്‍ ഒരു underdog ന് ഒപ്പം നില്‍ക്കുന്നു എന്ന് ആലോചിച്ചാല്‍ വളരെ ലളിതമായ ഒരു ഉത്തരം സഹാനുഭൂതി എന്ന വാക്കാണ്. കഥാപാത്രത്തിന്റെ പരാജയാവസ്ഥകള്‍ കണ്ട് അയാളോട് പ്രേക്ഷകന് തോന്നുന്ന സഹാനുഭൂതിയുടെ അളവ് എത്ര കൂടുന്നോ അതിന് ഒപ്പിച്ചുള്ള ഒരു

ജയം ഒടുവില്‍ അയാള്‍ക്ക് കൊടുക്കാന്‍ ഉള്ള ഒരു ബാധ്യത സിനിമയ്ക്ക് ഉണ്ട്. . നായക കഥാപാത്രത്തിന്റെ ദുരവസ്ഥകളോട് പ്രേക്ഷകന്‍ താദാമ്യം പ്രാപിക്കുന്നു. ഈ ദുരവസ്ഥയില്‍ നിന്നു നായകന്‍ കരകയറുമ്പോള്‍, പ്രേക്ഷകന് സ്വയം ഒരു ദുരിതാവസ്ഥയില്‍ നിന്ന് കരകയറിയ വിധത്തില്‍ ആശ്വാസവും സമാധാനവും കിട്ടുന്നു.

വലിയ പരാജയങ്ങളുടെയും ചെറിയ വിജയങ്ങളുടെയും ഒരു നീണ്ട നിരയാണ് മനുഷ്യന്റെ ജീവിതമെന്ന ഒരു നിരീക്ഷണം ഉണ്ട്.

എല്ലാ മനുഷ്യനും ഏതെങ്കിലും ഒക്കെ തരത്തില്‍ ഉള്ള കഷ്ടതയോ അപമാനമോ ഒക്കെ അനുഭവിക്കുന്നുണ്ട്. അത് കൊണ്ട് തന്നെ, ആ കഷ്ടതകളെ മറികടക്കുന്ന, അഭിമാനത്തെ വീണ്ടെടുക്കുന്ന ഒരു കഥയ്ക്ക് മനുഷ്യമനസിനെ സന്തോഷിപ്പിക്കാന്‍ ഉള്ള കഴിവ് അപാരമാണ്.

ദിലീഷ് പോത്തന്റെ മഹേഷിന്റെ പ്രതികാരം ഒരു underdog ന്റെ കഥയാണ്. തനിക്ക് നേരിട്ട വലിയ അപമാനത്തെ മറികടക്കുന്ന മഹേഷ്. ഈ സിനിമ തന്നെ പിന്നീട് തമിഴില്‍ നിമിര്‍ എന്ന പേരിലും, ഇപ്പോള്‍ തെലുഗില്‍ ഉമാ മഹേശ്വര ഉഗ്ര രൂപസ്യ (UMUR) എന്ന പേരിലും പുനര്‍നിര്‍മ്മിക്കപ്പെട്ടു. നിമിര്‍ ഒരു വികലമായ പുനര്‍നിര്‍മിതിയായിരുന്നു എന്നാണ് വ്യക്തിപരമായ അഭിപ്രായം. എന്നാല്‍ UMUR മഹേഷുമായി ഒരു താരതമ്യ പഠനം തീര്‍ച്ചയായും അര്‍ഹിക്കുന്ന ഒരു മികച്ച സൃഷ്ടിയാണ്.

ഒരെ കഥതന്തു ഉള്ള, എന്നാല്‍ രണ്ടു വ്യത്യസ്ത ട്രീറ്റ്‌മെന്റ് ഉള്ള സിനിമകള്‍ ആയി മഹേഷിന്റെ പ്രതികാരത്തെയും UMUR നേയും കാണാന്‍ ഉള്ള വകുപ്പുമുണ്ട്. രണ്ട് മഹേഷുമാരും underdogs ആണെങ്കില്‍ തന്നെയും

മലയാളത്തിലെ മഹേഷിനെക്കാള്‍ പാവത്താന്‍ ആയി തെലുഗിലെ മഹേഷിനെ എസ്റ്റാബ്ലിഷ് ചെയ്യുന്നത് നമുക്കു കാണാം. അത് UMUR ന്റെ ആദ്യ അഞ്ചു മിനിറ്റില്‍ തന്നെ സംഭവിക്കുന്നുണ്ട്.

സത്യദേവിന്റെ മഹേശ്വര ഫഹദിന്റെ മഹേഷിനെക്കാള്‍ ഭയവും അരക്ഷിതാവസ്ഥകളും ഉള്ളവനാണ്. തന്റെ സുഹൃത്ത്, ബാബ്ജി, ഒരുത്തന്റെ കൈ പിടിച്ചിടുന്നത് കാണുമ്പോള്‍ അസ്വസ്ഥന്‍ ആകുന്നവന്‍ ആണ് മഹേശ്വര. ആളുകള്‍ക്ക് നന്മ ചെയുന്നവനാണ്. പ്രേക്ഷകനെ മഹേശ്വരയ്ക്ക് ഒപ്പം കൂട്ടുക എന്ന വ്യക്തമായ അജണ്ട UMURന്റെ സംവിധായകന്‍ മഹാ വെങ്കിടേഷിന് ഉണ്ടെന്ന് രണ്ടും സിനിമയും കണ്ട പ്രേക്ഷകന് തോന്നാം. അതേസമയം പോത്തന്‍ മഹേഷിന്റെ നന്മയൊക്കെ underplay ചെയ്തിരിക്കുന്നതും കാണാം. നാട്ടുകാരുടെ മുന്നില്‍ വെച്ചു തല്ല് വാങ്ങിച്ച ശേഷം ഉള്ള ഒരു ഡയലോഗില്‍ മാത്രമാണ് മഹേഷ് ഒരു വഴക്കിനും പോകാത്ത ഒരു പാവത്താന്‍ ആണെന്ന കാര്യം പോലും പോത്തന്‍ പറഞ്ഞു വെക്കുക. പ്രേക്ഷകനെ കൈയില്‍ എടുക്കേണ്ട കാര്യം പരിഗണിക്കുമ്പോള്‍ കൂടുതല്‍ സുരക്ഷിതമായ ഒരു ഫോര്‍മുല മഹാ യുടേത് ആണ്. അവിടെ യാതൊരു വിധത്തിലും ഉള്ള സംശയമില്ല പ്രേക്ഷകന്‍ ഏത് വിധത്തില്‍ protagonist ന് സംഭവിക്കാന്‍ പോകുന്ന കാര്യങ്ങള്‍ കാണണം എന്നത്. എന്നാല്‍ പോത്തന്റെ നായകന്റെ പ്രതികാരം കണ്ടിട്ട് ആളുകള്‍ക്ക് പ്രത്യേകിച്ചു വികാരം ഒന്നും തോന്നാതെ ഇരിക്കാന്‍ ഉള്ള ഒരു റിസ്‌ക് ഉണ്ടായിരുന്നു. കഥപറച്ചിലിലെ ക്രാഫ്റ്റ് കൊണ്ടും, ഫഹദ് എന്ന നടന്റെ അഭിനയത്തിന്റെ മികവ് കൊണ്ടും മഹേഷിന്റെ പ്രതികാരം ആ വെല്ലുവിളിയെ മറികടന്നു.

ഉമാ മഹേശ്വരയില്‍ മഹാ തന്റെ നായകന് കൊടുത്തിരിക്കുന്ന വ്യാഖ്യാനത്തിന്റെ വ്യത്യാസം നമുക്ക് എടുത്ത് കാണാവുന്ന ഒരു സീനാണ് മഹേഷ്വരയുടെ ആദ്യ കാമുകിയുടെ ബ്രെയ്ക് ആപ്പ് കോളിനെ ചിത്രീകരിച്ചിരിക്കുന്ന രംഗം. മഹേഷിന്റെ പ്രതികാരത്തില്‍ മഹേഷ് അവളോട് പറയുന്ന വരികള്‍ ഇപ്രകാരമാണ്: 'നൈസായിട്ട് അങ് ഒഴിവാക്കി അല്ലെ.' ഫഹദിന്റെ മഹേഷ് ആ രംഗത്തില്‍ രോഷാകുലനാണ്. ഉമാ മഹേശ്വരയിലേക്ക് വരുമ്പോള്‍ അവളെ ആശ്വസിപ്പിക്കുന്ന, വളരെ graceful ആയിട്ടു ഒരു റിജക്ഷനെ സ്വീകരിക്കുന്ന ഒരു മഹേശ്വരയെ ആണ് കാണുക. ഫഹദിന്റെ മഹേഷ് ഒരു 'സാധാരണകാരന്‍' ആയിനില്‍ക്കുമ്പോള്‍, സത്യദേവിന്റെ മഹേഷ് ഒരു നന്മയുടെ demigod ആയി മാറുന്നു ( Demigod നായകന്മാരെ കണ്ടു ശീലിച്ച ഒരു പ്രേക്ഷകസമൂഹത്തെ ആണ് പ്രഥമികമായും UMUR ലക്ഷ്യം വെക്കുന്നത് എന്നു ഓര്‍ക്കണം.)

എന്നാല്‍ അതേ സമയം തന്നെ സോ കോള്‍ഡ് 'ആണത്തം' ഒട്ടും അവകാശപ്പെടാന്‍ ഇല്ലാത്ത ഒരു കഥാപാത്രം ആണ് മഹേശ്വര. ഒട്ടും machoistic അല്ലാത്ത ഒരു നായകനെ തെലുഗു സിനിമാ പ്രേക്ഷകന് മുന്നില്‍ മഹാ വെച്ചു കൊടുക്കുന്നു. ആ വിധത്തില്‍ അവിടുത്തെ മെയിന്‍സ്ട്രീം സിനിമകളിലെ ആണത്തത്തിന്റെ ആഘോഷങ്ങള്‍ക്ക് കൊടുക്കുന്ന ഒരു ആന്റിഡോട്ട് ആണ് UMUR എന്നു വേണമെങ്കില്‍ പറയാം.

രണ്ടു സിനിമകളിലെയും ട്രീറ്റ്മെന്റിന്റെ വ്യത്യാസം കാണിക്കാന്‍ പോന്ന മറ്റൊരു സംഗതി സിനിമകളുടെ ടൈറ്റില്‍ സോങ്ങുകള്‍ ആണ്.

മഹേഷിന്റെ പ്രതികാരത്തിലെ മലമേലെ എന്ന ഗാനം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് മഹേഷ് എന്ന വ്യക്തിയില്‍ അല്ല. ഇടുക്കി എന്ന ഇടത്തിലാണ്. ഒരു മലയോര ഗ്രാമവും അവിടെ ഉള്ള മനുഷ്യരുടെ 'സാധാരണ' ജീവിതങ്ങളും ആണ് പാട്ടില്‍ തെളിയുക. ഒന്ന് ശ്രദ്ധിച്ചു നോക്കുക, 'സാധാരണ' ജീവിതങ്ങള്‍ ബോറിങ് ആണ് monotonous ആണ്. പക്ഷെ അത്തരം 'അതിസാധാരണ'മായ കാര്യങ്ങളെ കൂട്ടി വെച്ചു കാട്ടി ഒരു സിനിമ തുടങ്ങാന്‍ ഒരു സംവിധായകന്‍ ധൈര്യം കാട്ടുക ആണ്. ഇടുക്കി എന്ന ഭൂപ്രദേശത്തിന്റെ കഥയാണ് ഇത് എന്ന് വരികള്‍ പ്രഖ്യാപിക്കുന്നു. അത് തന്നെ വിഷ്വല്‍സിലും വരുന്നു (പി.ജെ. ജോസഫ് വരെ ആ പാട്ടില്‍ വന്ന് പോകുന്നത് ഒന്ന് ആലോചിക്കുക). മഹേഷിനെ ഒരു 'പാവത്താന്‍' ആയി എടുത്തു കാണിക്കേണ്ട ബാധ്യത പോത്തന്‍ ഏല്‍ക്കുന്നില്ല. പകരം അയാളെ ആ നാട്ടിലെ ഒരു സാധാരണക്കാരില്‍ സാധാരണകാരന്‍ ആയി അവതരിപ്പിക്കാന്‍ മാത്രം ശ്രദ്ധിക്കുന്നു. എന്നാല്‍ ഉമാ മഹേശ്വരയില്‍ ഫോക്കസ് ആ നാടില്‍ നിന്ന് മഹേശ്വരയിലേക്ക് ഷിഫ്റ്റ് ആകുന്നുണ്ട്. നാടും ആയാളുടെ കൂടെ ഉള്ളവരും ബാക്ഡ്രോപിലേക്ക് മാറുന്നു.

അയാളെ വ്യക്തമായി ഫോക്കസ് ചെയ്തുകൊണ്ട് തന്നെ പാട്ട് തുടക്കം മുതല്‍ അവസാനം വരെ പോകുന്നു. മഹേശ്വര എന്താണ് എന്ന് പ്രേക്ഷകന് കൂടുതല്‍ ധാരണ സ്പൂണ് ഫീഡ് ചെയ്യപ്പെടുന്നു. പക്ഷെ അത് underdog ആഖ്യാനം ഒരുക്കാന്‍ ഉള്ള ഒരു ഫോര്‍മുലയുടെ ഭാഗമായി പരിഗണിക്കുമ്പോള്‍ വളരെ നല്ല ഒരു തീരുമാനം ആയിരുന്നു എന്നു കാണാം!

ലോകത്ത് എല്ലായിടത്തും മനുഷ്യന്റെ അടിസ്ഥാനപരമായ അവസ്ഥകള്‍ ഒരുപോലെ ആണെന്ന് പറയാറുണ്ട്. അവന്റെ കഷ്ടതകള്‍ക്കും കണ്ണീരിനും ഒരേ നന്നാവാണെന്ന്! അതുകൊണ്ട് മഹേഷ് എന്ന underdog ന്റെ പ്രതികാരകഥയ്ക്ക് ഒരു universal appeal ഉണ്ട്. ഒരേ കഥ, പല ആഖ്യാനം!

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT