Filmy Features

'അജഗജാന്തരം പെപ്പെ കൊണ്ടുവന്ന കഥ'; ടിനു പാപ്പച്ചന്‍ അഭിമുഖം

ടിനു പാപ്പച്ചന്‍-ആന്റണി വര്‍ഗീസ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന 'അജഗജാന്തരം' ഡിസംബര്‍ 23ന് തിയേറ്റര്‍ റിലീസിന് ഒരുങ്ങുകയാണ്. 'സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍' എന്ന ചിത്രത്തിന് ശേഷം ടിനു പാപ്പച്ചനും ആന്റണിയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഒരു ഗ്രാമത്തിലെ ഉത്സവത്തിനോട് അനുബന്ധിച്ച് നടക്കുന്ന സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആന്റണി വര്‍ഗീസാണ് അജഗജാന്തരത്തിന്റെ കഥ കൊണ്ടുവന്നതെന്ന് സംവിധായകന്‍ ടിനു പാപ്പച്ചന്‍ ദ ക്യുവിനോട് പറഞ്ഞു.

യാഥാര്‍ത്ഥത്തില്‍ നടന്ന സംഭവത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. കിച്ചു ടെല്ലസ്, വിനീത് വിശ്വം എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ നടക്കുന്ന സംഭവ വികാസങ്ങളാണ് സിനിമയിലുള്ളതെന്നും ടിനു പാപ്പച്ചന്‍ പറയുന്നു.

അജഗജാന്തരത്തിന്റെ കഥ കൊണ്ടുവന്നത് പെപ്പെയാണ്

ഞാനും പെപ്പെയും സുഹൃത്തുക്കളായതുകൊണ്ട് കാര്യങ്ങള്‍ ചെയ്യാന്‍ കുറച്ചുകൂടി എളുപ്പമാണ്. പിന്നെ അജഗജാന്തരത്തിന്റെ കഥ കൊണ്ടുവന്നത് പെപ്പെയാണ്. ഞാനല്ല കണ്ടുപിടിച്ചത്. ഞങ്ങളുടെ തന്നെ സുഹൃത്തുക്കളുടെ കഥയാണ്. വിനീതിന്റെയും കിച്ചുവിന്റെയും കഥയാണ്. അവര്‍ കഥ പറയുന്നത് പെപ്പെയോടാണ്. എനിക്കും കഥ കേട്ടപ്പോള്‍ ഇഷ്ടപ്പെട്ടു. പിന്നീട് സ്‌ക്രിപ്പിറ്റിങ്ങിലോട്ട് കടക്കുകയായിരുന്നു.

24 മണിക്കൂറിനുള്ളില്‍ നടക്കുന്ന കഥ

'രാവിലെ ഒരു രണ്ട് മണിക്ക് തുടങ്ങി പിറ്റേ ദിവസം രാവിലെ മൂന്ന് മണിവരെ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. 24 മണിക്കൂറിനുള്ളിലാണ് എല്ലാം നടക്കുന്നത്. വളരെ ചെറിയൊരു നാട്ടിന്‍പുറത്തെ അമ്പലത്തിലെ ഉത്സവം. ആ ഉത്സവത്തിന് ആനയുമായി രണ്ട് പാപ്പാന്‍മാര്‍ വരുന്നു. അതേ തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളാണ് സിനിമ. പക്ഷെ ഒരുപാട് സബ് ട്രാക്കുകളിലൂടെ സിനിമ സഞ്ചരിക്കുന്നുണ്ട്. ഒരുപാട് കഥാപാത്രങ്ങളുമുണ്ട്. ഒരു പൂരപ്പറമ്പാണല്ലോ. അപ്പോള്‍ ആളുകള്‍ ഒരുപാട് ഉണ്ടാവും. നാട്ടുകാര്‍, ആനാക്കാര്‍, കമ്മിറ്റിക്കാര്‍, നാടകക്കാര്‍ അങ്ങനെ ഒരുപാട് കഥാപാത്രങ്ങളുടെ ഒരുപാട് തലങ്ങളുണ്ട്.

49 ദിവസത്തില്‍ 30 ദിവസവും ഫൈറ്റ് സീന്‍

കൂടുതലും ചിത്രീകരണം നടന്നത് രാത്രിയാണ്. പിന്നെ ആന വലിയൊരു ഘടകമാണ്. ആനയെ കണ്ട്രോള്‍ ചെയ്യുക എന്നത് ഒട്ടും എളുപ്പമല്ല. സിനിമ ഷൂട്ട് ചെയ്തത് 49 ദിവസം കൊണ്ടാണ്. അതില്‍ മുപ്പത് ദിവസത്തോളം ഫൈറ്റ് സീനുകളായിരുന്നു ചിത്രീകരിച്ചത്. കാരണം ക്ലൈമാക്‌സ് ഒരു വലിയ ഇവെന്റാണ്. പൂരം നടക്കുന്നതിനിടയില്‍ അത്രയും ആളുകള്‍ക്കിടയില്‍ നടക്കുന്ന ഒരു ഇവന്റ്ഫുള്‍ ക്ലൈമാക്‌സാണ്. കുറച്ച് വലിയൊരു ആക്ഷന്‍ പ്രൊസസായിരുന്നു. അത് മുഴുവന്‍ രാത്രിയാണ് ചിത്രീകരിച്ചത്. അതുകൊണ്ടാണ് അത്രയും സമയം ഫൈറ്റ് സീനുകള്‍ ഷൂട്ട് ചെയ്യാന്‍ എടുക്കേണ്ടി വന്നത്.

ഇനി എന്താണ് നടക്കുക എന്ന ആകാംഷ പ്രേക്ഷകനുണ്ടാവും

ഒരു പ്ലോട്ടിലൂടെ തന്നെയാണ് സിനിമ സഞ്ചരിക്കുന്നത്. അതേസമയം സര്‍പ്രസിങ്ങായ എലമെന്റുകളും സിനിമയിലുണ്ട്. പിന്നെ അടുത്തത് എന്താണ് നടക്കാന്‍ പോകുന്നത് എന്ന ആകാംഷ തീര്‍ച്ചയായും പ്രേക്ഷകന് ലഭിക്കും. സിനിമയുടെ അവസാന ഭാഗത്ത് ചെറിയൊരു സര്‍പ്രൈസ് എലമെന്റൊക്കെയുണ്ട്. അതെല്ലാം തന്നെ സിനിമയുടെ കഥാഗതിയുമായി ചേര്‍ന്ന് സഞ്ചരിക്കുന്ന കാര്യങ്ങള്‍ തന്നെയാണ്. അതേസമയം ട്വിസ്റ്റുകള്‍ ഒന്നുമില്ല. കാരണം സിനിമ സസ്‌പെന്‍സ് ത്രില്ലറല്ല. ആക്ഷന്‍ ത്രില്ലറാണ്.

അര്‍ജുന്‍ അശോകനും ലുക്മാനും സിനിമയുടെ മറുവശത്തുള്ള കഥാപാത്രങ്ങള്‍

സിനിമയുടെ തിരക്കഥ ഞാന്‍ കേള്‍ക്കുന്ന സമയത്ത് തന്നെ അങ്കമാലി ഡയറീസില്‍ അഭിനയിച്ച ചില താരങ്ങള്‍ ഇന്ന കഥാപാത്രങ്ങള്‍ ചെയ്താല്‍ നന്നാകുമെന്ന് പറഞ്ഞിരുന്നു. കാരണം അവരുടെ സംസാര രീതിയെല്ലാം തന്നെ ആ കഥാപാത്രങ്ങളുമായി വളരെ അധികം യോജിച്ച് പോകും. പിന്നെ അര്‍ജുന്‍ അശോകന്‍, ലുക്മാന്‍, സുധി കോപ്പ എന്നിവരൊക്കെ കഥയുടെ മറുഭാഗത്ത് നില്‍ക്കുന്ന ആള്‍ക്കാരാണ്. അവരെയെല്ലാം ഞാന്‍ തന്നെ കാസ്റ്റ് ചെയ്തതാണ്. അര്‍ജുന്‍ എനിക്ക് വളരെ ഇഷ്ടപ്പെട്ട നടനാണ്. ലുക്മാനും ജാഫര്‍ ഇക്കയുമെല്ലാം അങ്ങനെ തന്നെ. പിന്നെ അവര്‍ ആ കഥാപാത്രങ്ങള്‍ വളരെ അനുയോജ്യരായിരിക്കുമെന്ന് തോന്നി.

സിനിമയില്‍ ഉത്സവം നടത്തുന്നത് ജാഫര്‍ ഇക്കയാണ്

ജാഫര്‍ ഇക്ക സിനിമയില്‍ ഒരു കമ്മിറ്റി പ്രസിഡന്റാണ്. ഉത്സവം നടത്തുന്നത് ശരിക്കും ജാഫര്‍ ഇക്കയാണ്. പുള്ളിയുടെ കഥപാത്രം ഒരു ഫണ്‍ ട്രാക്കാണ്. ഞാന്‍ താമസിച്ചിരുന്നത് കൊട്ടാരക്കരയാണ്. അവിടെ എന്റെ ചുറ്റിലും ഒരുപാട് അമ്പലങ്ങളുണ്ടായിരുന്നു. എന്റെ ജീവിതത്തിന്റെ നല്ലൊരു കാലയളവ് നാട്ടില്‍ തന്നെയായിരുന്നു. അന്ന് ഈ അമ്പലങ്ങളാണ് ആ സമയത്തെ കള്‍ഫുള്ളാക്കിയത്. അവിടുത്തെ ഉത്സവങ്ങളായിരുന്നു നമുക്ക് ആകെയുള്ള എന്റര്‍ട്ടെയിന്‍മെന്റ്. അപ്പോള്‍ എന്നോട് അജഗജാന്തരത്തിന്റെ കഥ പറഞ്ഞപ്പോള്‍ എനിക്കത് ഭയങ്കരമായ റിലേറ്റ് ചെയ്യാന്‍ കഴിഞ്ഞു. അപ്പോള്‍ ജാഫറിക്കയുടെ കഥാപാത്രവും നമ്മള്‍ നാട്ടിന്‍പുറത്തെ കണ്ടിട്ടുള്ള പോലെ ഒരു കമ്മിറ്റി പ്രസിഡന്റ്. പിന്നെ ആ ഉത്സവ പറമ്പിലൂടെ ഉള്ള അയാളുടെ ഒരു യാത്ര. അതൊരു ഫണ്‍ റൈഡുപോലെയാണ് ഞങ്ങള്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചിട്ടുള്ളത്.

ആന എന്താണോ ചെയ്യുന്നത് അത് നമ്മള്‍ ഷൂട്ട് ചെയ്യണം

ആനയുമായുള്ള ഷൂട്ട് വലിയൊരു ടാസ്‌കായിരുന്നു. എന്തൊക്കെ പറഞ്ഞാലും ആന ഒരു വന്യജീവി തന്നെയാണ്. ഷൂട്ടിങ്ങിന് മുമ്പ് ആന വലിയൊരു പ്രശ്‌നമായി തോന്നിയില്ല. പക്ഷെ ലൊക്കേഷനില്‍ ആന എത്തിയപ്പോഴാണ് അതിന്റെ ബുദ്ധിമുട്ട് മനസിലായത്. കാരണം നമ്മള്‍ ഇതിന് മുമ്പ് ആനയെ വെച്ച് ഷൂട്ടിങ്ങ് ഒന്നു ചെയ്തിട്ടില്ല. ആനയെ കണ്ടപ്പോള്‍ ദൈവമെ ഇതിനെ ഇനി എങ്ങനെ പറഞ്ഞ് മനസിലാക്കുമെന്നാണ് ഞാന്‍ ചിന്തിച്ചത്. പക്ഷെ ആനയുടെ പാപ്പന്‍ വളരെ സൗഹൃദത്തോടെയാണ് നമ്മുടെ അടുത്ത് നിന്നത്. അതുകൊണ്ട് തന്നെ സിനിമയില്‍ ഇതുവരെ കാണിക്കാത്ത സീക്വന്‍സുകളെല്ലാം ഉള്‍പ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. ആന ഫൈറ്റിലൊക്കെയുണ്ട്. ട്രയ്‌ലറില്‍ ആനയുടെ മുഴുവന്‍ കാര്യങ്ങളും നമ്മള്‍ കാണിച്ചിട്ടില്ല. ഇതെല്ലാം കൊണ്ട് കൂടിയാണ് ചിത്രീകരണം സമയം കൂടിയത്. കാരണം ആന നമ്മള്‍ പറയുമ്പോലെ ചെയ്യുന്നില്ല. നമ്മള്‍ ആനക്ക് വേണ്ടി കാത്തിരിക്കണം. ആന എന്താണോ ചെയ്യുന്നത് അത് നമ്മള്‍ ഷൂട്ട് ചെയ്യുക എന്നേ ചെയ്യാന്‍ പറ്റു. പെപ്പയും ആനയുമായുള്ള സീനുകളില്‍ ആദ്യം അവന് കുറച്ച് പേടിയൊക്കെ ഉണ്ടായിരുന്നു. പിന്നെ അത് ശരിയായി. പിന്നെ കിച്ചുവാണ് മറ്റൊരു പാപ്പാന്‍. ആള്‍ക്ക് സ്വന്തമായി ആനയൊക്കെ ഉണ്ടായിരുന്നു. അതുകൊണ്ട് ആള്‍ക്ക് വലിയ ബുദ്ധമുട്ട് ഉണ്ടായിരുന്നില്ല.

സിനിമയില്‍ കൂടുതലും ജിമ്പല്‍ ഹാന്റ് ഹെല്‍ഡ് ഷോട്ടുകളുമാണ്

ജിന്റോയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ജിന്റോ ഗിരീഷ് ഗംഗാധരന്റെ അസോസിയേറ്റായിരുന്നു. ജിന്റോ ഒരു മ്യൂസിക് വീഡിയോ ഷൂട്ട് ചെയ്തിട്ടുണ്ടായിരുന്നു. അത് കണ്ടപ്പോള്‍ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. പിന്നെ ഗിരീഷിന് മറ്റ് ഷൂട്ടിങ്ങ് തിരക്കുകളുമായി. അങ്ങനെയാണ് ജിന്റോയെ വിളിക്കുന്നത്. പിന്നെ സിനിമയുടെ മേക്കിങ്ങ് സ്റ്റൈലൊക്കെ ആദ്യം തന്നെ ഞാന്‍ ഏറെക്കുറെ ഡിസൈന്‍ ചെയ്തിട്ടുണ്ടായിരുന്നു. സിനിമയില്‍ കൂടുതലും ജിമ്പല്‍ ഷോട്ടുകളും ഹാന്റ് ഹെല്‍ഡ് ഷോട്ടുകളും തന്നെയാണ് ചെയ്തിരിക്കുന്നത്.

അജഗജാന്തരം എന്ന പേരിട്ടത് ലിജോ ചേട്ടന്‍

എനിക്ക് മുമ്പേ കഥ ലിജോ ചേട്ടനാണ് കേട്ടത്. ലിജോ ചേട്ടന് ഈ സിനിമ ഒരു സമയത്ത് ചെയ്യാനുള്ള ചിന്തയുണ്ടായിരുന്നു. പക്ഷെ ജെല്ലിക്കെട്ട് കഴിഞ്ഞ് നില്‍ക്കുന്ന സമയമായിരുന്നു. അപ്പോള്‍ വീണ്ടും ഒരു അനിമല്‍ പടം ആകുമല്ലോ എന്ന് കരുതിയാണ് ആള് അത് വേണ്ടെന്ന് വെച്ചത്. അങ്ങനെയാണ് ആ കഥ എന്റെ അടുത്തേക്ക് എത്തുന്നത്. അങ്ങനെ ലിജോ ചേട്ടന്‍ ഇട്ട പേരാണ് അജഗജാന്തരം. അതെനിക്കും ഇഷ്ടപ്പെട്ടു. കാരണം ആ സിനിമയ്ക്ക് അത്രയും യോജിച്ച മറ്റൊരു പേര് ഉണ്ടെന്ന് തോന്നുന്നില്ല.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT