Filmy Features

ബ്രോ ഡാഡിയിലെ സീന്‍ എനിക്ക് വേണ്ടി എഴുതിയതാണ്: തുമ്പൂര്‍ ഷിബു അഭിമുഖം

പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡിയിലെ പനിനീര്‍ തളിക്കുന്ന പൊക്കക്കാരനാണ് ഇപ്പോള്‍ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചാ വിഷയം. അത്ഭുതദ്വീപില്‍ നരഭോജിയായി എത്തിയ തുമ്പൂര്‍ ഷിബുവാണ് ബ്രോ ഡാഡിയില്‍ സല്യൂട്ട് അടിച്ച് മോഹന്‍ലാലിനെയും ലാലു അലക്‌സിനെയും ഞെട്ടിക്കുന്നത്. അത്ഭുതദ്വീപിലെ നരഭോജിയില്‍ നിന്ന് ബ്രോ ഡാഡിയിലേക്കുള്ള തന്റെ യാത്ര എങ്ങിനെയായിരുന്നു എന്ന് ഷിബു ദ ക്യുവിനോട് പങ്കുവെച്ചു.

അത്ഭുതദ്വീപില്‍ നിന്നാണ് പൃഥ്വിരാജിനെ ആദ്യമായി പരിചയപ്പെടുന്നത്. ബ്രോ ഡാഡിയിലെ സീന്‍ തനിക്ക് വേണ്ടി എഴുതിയതാണെന്നും ഷിബു പറയുന്നു.

ഏഷ്യാനെറ്റിലെ നമ്മള്‍ തമ്മിലില്‍ നിന്ന് അത്ഭുത ദ്വീപിലേക്ക്

സീരിയലിലൂടെയാണ് ഞാന്‍ അഭിനയ രംഗത്തേക്ക് എത്തുന്നത്. കായംകുളം കൊച്ചുണ്ണി, പറയി പെറ്റ പന്തീരുകുലം എന്നീ സീരിയലുകളിലൂടെയാണ് തുടക്കം. പിന്നീട് ആറ് അടി പൊക്കമുള്ള ആളുകള്‍ക്കായി ടാള്‍ മെന്‍സ് ഫോഴ്‌സ് എന്നൊരു സംഘന രൂപീകരിച്ചിരുന്നു. ആ സമയത്ത് ഏഷ്യാനെറ്റിലെ നമ്മള്‍ തമ്മില്‍ എന്ന പരിപാടിയില്‍ പൊക്കം കൂടിയ ആളുകളെയും പൊക്കം കുറഞ്ഞ ആളുകളെയും വെച്ച് ഒരു എപ്പിസോഡ് ചെയ്തിരുന്നു. അതില്‍ ഞങ്ങളുടെ സംഘടനയിലെ ആളുകളും പങ്കെടുത്തിരുന്നു. ആ പരിപാടി കണ്ടതിന് ശേഷമാണ് വിനയന്‍ സര്‍ അത്ഭുത ദ്വീപല്‍ നരഭോജികളുടെ റോള്‍ ചെയ്യാനായി വിളിക്കുന്നത്. ഞങ്ങളുടെ ടാള്‍ മെന്‍സ് ഫോഴ്‌സ് എന്ന സംഘടനയില്‍ നിന്നും പുറത്തുനിന്നുമായി 20 ഓളം പേരാണ് അത്ഭുത ദ്വീപില്‍ അഭിനയിച്ചത്.

ബ്രോ ഡാഡിയിലെ സീന്‍ എനിക്ക് വേണ്ടി എഴുതിയത്

അത്ഭുത ദ്വീപിലാണ് ഞാന്‍ ആദ്യമയായി പൃഥ്വിരാജിനെ പരിചയപ്പെടുന്നത്. എന്നെ കുന്തം എറിഞ്ഞ് കൊല്ലുന്നതും പൃഥ്വിരാജാണ്. അതിന് ശേഷം രണ്ട് മൂന്ന് പരിപാടികള്‍ക്കൊക്കെ കണ്ടിട്ടുണ്ട്. ബ്രോ ഡാഡിയില്‍ അത്തരമൊരു സീന്‍ എനിക്ക് വേണ്ടി തന്നെ എഴുതിയതാണ്. പൃഥ്വിരാജ് എന്നെ നേരിട്ട് വിളിച്ച് ഹൈദരാബാദിലേക്ക് വരാന്‍ പറയുകയായിരുന്നു. ഞങ്ങള്‍ അവിടെ എത്തി അന്ന് തന്നെ നാല് പേര്‍ക്കുമുള്ള കോസ്റ്റിയൂം ഉണ്ടാക്കിച്ചു. ഞങ്ങള്‍ അവിടെ ചെന്നതിന് ശേഷം ആദ്യം ഷൂട്ട് ചെയ്യുന്നത് പനിനീര്‍ തളിക്കുന്ന സീനാണ്. അതില്‍ ചെയ്യേണ്ട കാര്യങ്ങളെല്ലാം പൃഥ്വരാജ് വ്യക്തമായി പറഞ്ഞു തന്നിരുന്നു. പിന്നെ സല്യൂട്ടിന്റെ സീനാണ്. അത് ലാലേട്ടനൊക്കെയുള്ള രസകരമായൊരു സീനായിരുന്നു. അവിടെയും പൃഥ്വിരാജ് അദ്ദേഹത്തിന് വേണ്ടതെന്താണെന്ന് കൃത്യമായി തന്നെ പറഞ്ഞു തന്നു.

'കബഡി കബഡി'യിലേക്ക് മണിച്ചേട്ടന്‍ നേരിട്ട് വിളിച്ചു

അത്ഭുത ദ്വീപിന് ശേഷം ക്രേസി ഗോപാലനിലാണ് അഭിനയിക്കുന്നത്. അതില്‍ ചെറിയൊരു വേഷമായിരുന്നു ചെയ്തത്. പിന്നീടാണ് കബഡി കബഡി ചെയ്യുന്നത്. ആ സിനിമയിലേക്കാണ് എന്നെ മണി ചേട്ടന്‍(കലാഭവന്‍ മണി) നേരിട്ട് വിളിക്കുന്നത്. അക്കര തിയേറ്ററില്‍ ജോലി ചെയ്യുന്ന സമയം മുതലെ മണിച്ചേട്ടനെ അറിയാമായിരുന്നു. ആ ബന്ധത്തിന്റെ തുടര്‍ച്ചയായാണ് അദ്ദേഹത്തിന്റെ സിനിമയില്‍ എനിക്ക് വേഷം തരുന്നത്. കബഡി കബഡിക്ക് ശേഷം ഗുലുമാല്‍, ക്ലൈമാക്‌സ്, 3ഡി ചിത്രമായ മായാപുരി എന്നീ സിനിമകളിലും അഭിനയിച്ചു. അതിന് ശേഷമാണ് ഇപ്പോള്‍ വീണ്ടും ബ്രോ ഡാഡിയില്‍ അഭിനയിക്കുന്നത്.

1999ല്‍ തുടങ്ങിയ ടാള്‍ മെന്‍സ് ഫോഴ്‌സ്

ഞാന്‍ ചെന്നൈയിലേക്ക് നാട് വിട്ടുപോയെന്നാണ് പല മാധ്യമങ്ങളും എഴുതിയിരിക്കുന്നത്. അത് തെറ്റാണ്. ചാലക്കുടിയില്‍ അക്കര തിയേറ്ററില്‍ സെക്യൂരിറ്റിയായി ജോലി ചെയ്യുകയായിരുന്നു. ആ സമയത്താണ് ജുറാസിക് പാര്‍ക്ക് സിനിമ റിലീസ് ചെയ്യുന്നത്. സിനിമയുടെ കേരളത്തിലെ വിതരണാവകാശം അക്കര തിയേറ്ററിന്റെ ഉടമക്കായിരുന്നു. അദ്ദേഹവുമായുള്ള പരിചയത്തിന്റെ പുറത്താണ് ചെന്നൈയിലേക്ക് ജോലിക്കായി പോകുന്നത്. അതിന് ശേഷം 1999ലാണ് ടാള്‍ മെന്‍സ് ഫോഴ്‌സ് എന്ന കൂട്ടായ്മ രൂപംകൊള്ളുന്നത്. കുന്നംകുളത്ത് വെച്ചാണ് ആദ്യമായി സംഘടന രൂപീകരിച്ചത്. അതിന് ശേഷം ചാലക്കുടിയില്‍ ഞാന്‍ അതിന്റെ യൂണിറ്റ് ആരംഭിച്ചു. ചെന്നൈയില്‍ ജോലി ചെയ്യുമ്പോള്‍ ഞാന്‍ രാമര്‍ പിള്ളയുടെ വീടിന് ഗാര്‍ഡായി നിന്നിരുന്നു. ആ സമയത്ത് എനിക്ക് രാത്രി ഡ്യൂട്ടി ഇല്ലായിരുന്നു. അന്ന് ഞാന്‍ രാത്രി കാലങ്ങളില്‍ ഫങ്ങ്ഷന്‍ ഡ്യൂട്ടികള്‍ ചെയ്യുകയായിരുന്നു. അങ്ങനെയാണ് ഞാന്‍ കേരളത്തില്‍ അത്തരമൊരു ഇവെന്റ് മാനേജ്‌മെന്റ് സംരംഭം തുടങ്ങിയത്. ഇപ്പോള്‍ 22 വര്‍ഷമായി ഈ സംഭരംഭം ആരംഭിച്ചിട്ട്. കേരളത്തില്‍ മാത്രമല്ല തമിഴ്‌നാട്ടിലും കര്‍ണ്ണാടകയിലും ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഉയരം എനിക്ക് ദൈവം തന്ന വരദാനം

ഉയരവും ഭാരവും കൂടുതലായതിനാല്‍ സ്‌കൂളില്‍ പഠിക്കുന്ന കാലത്തെല്ലാം നല്ല അപകര്‍ഷതാബോധം ഉണ്ടായിരുന്നു. കാരണം നമ്മുടെ കൂട്ടുകാരാണെങ്കിലും അധ്യാപകരാണെങ്കിലും എന്തെങ്കിലും ഒക്കെ പറഞ്ഞ് എപ്പോഴും കളിയാക്കല്‍ തന്നെയായിരുന്നു. അങ്ങനയൊരു കാലഘട്ടം ഉണ്ടായിരുന്നു. പക്ഷെ ഇപ്പോള്‍ അതെല്ലാം മാറി. ഞങ്ങളുടെ ടാള്‍ മെന്‍സ് ഫോഴ്‌സ് എന്ന കൂട്ടായ്മ വന്നതിന് ശേഷം അത്തരം പ്രശ്‌നങ്ങളെല്ലാം മാറി. 'ഉയരം ഞങ്ങള്‍ക്ക് അഭിമാനം, ദൈവം തന്നൊരു വരദാനം' എന്നാണ് ഞങ്ങളുടെ സംഘടനയുടെ ആപ്തവാക്യം. ഉയരം എന്നത് എനിക്ക് ദൈവം തന്ന വരദാനമായാണ് ഞാന്‍ കാണുന്നത്. അതിനെ മോശമായി കാണേണ്ട ആവശ്യമില്ല. അതിനെ ഉള്‍ക്കൊണ്ട് സന്തോഷമായി ജീവിക്കുകയാണ് വേണ്ടത്.

വോട്ടെണ്ണല്‍; വയനാട്ടില്‍ മുന്നേറി പ്രിയങ്ക, പാലക്കാട് ലീഡ് തിരികെപ്പിടിച്ച് രാഹുല്‍, ചേലക്കരയില്‍ പ്രദീപ്- LIVE

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

SCROLL FOR NEXT