Filmy Features

‘നോ ഗുഡ് തിങ്ങ് എവര്‍ ഡൈസ്’; ഷോഷാങ്ക് റിഡംപ്ഷന്‍ @25

THE CUE

സ്റ്റീഫന്‍ കിങ്ങിന്റെ നോവലിനെ അടിസ്ഥാനപ്പെടുത്തി ഫ്രാങ്ക് ഡറാബോണ്ട് സംവിധാനം ചെയ്ത 'ദ ഷോഷാങ്ക് റിഡംപ്ഷന്‍' റിലീസ് ചെയ്തിട്ട് 25 വര്‍ഷം പൂര്‍ത്തിയാകുന്നു. റിലീസ് ചെയ്ത സമയം തിയ്യേറ്ററുകളില്‍ ശ്രദ്ധിക്കപ്പെടാതെ പോയ ചിത്രം വര്‍ഷങ്ങള്‍ക്കിപ്പുറം ചരിത്രത്തിലെ തന്നെ മികച്ച സിനിമകളിലൊന്നായിട്ടാണ് പ്രേക്ഷകര്‍ സ്വീകരിച്ചിരിക്കുന്നത്. വര്‍ഷങ്ങളായി ഐഎംഡിബി റേറ്റിങില്‍ ഒന്നാം സ്ഥാനത്ത് ചിത്രം തുടരുന്നതിന് കാരണവും അതുതന്നെ.

സ്റ്റീഫന്‍ കിങ്ങിന്റെ നോവലുകളോടുള്ള ഇഷ്ടമായിരുന്നു സംവിധായകനെ ഈ ചിത്രത്തിലേക്കെത്തിച്ചത്. 21-ാം വയസ്സില്‍ കിങ്ങിന്റെ ‘ദ വുമന്‍ ഇന്‍ ദ റൂം’ എന്ന കഥ ആസ്പദമാക്കി ഡറാബോണ്ട് ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്തിരുന്നു. പിന്നീട് ആദ്യം തിരക്കഥ രചിച്ച ചിത്രമായ ‘എ നൈറ്റ്‌മെയര്‍ ഓണ്‍ എല്‍ം സ്ട്രീറ്റ 3 : ഡ്രീം വാരിയേഴ്‌സ്’ പൂര്‍ത്തിയായതിന് ശേഷം വീണ്ടും സ്റ്റീഫന്‍ കിങ്ങിനെ സമീപിക്കുകയായിരുന്നു. ‘മിസ്റ്റ്’ എന്ന കിങ്ങിന്റെ മറ്റൊരു നോവലായിരുന്നു ആദ്യം ഡറാബോണ്ടിന്റെ മനസിലെങ്കിലും ആദ്യ ചിത്രം പോലെ അതും ഒരു ഹൊറര്‍ ഴോണറായതിനാല്‍ ‘റിത ഹേയ്വോര്‍ത്ത് ആന്‍ഡ് ദ ഷോഷാങ്ക് റിഡംപ്ഷന്‍’ എന്ന നോവല്‍ സിനിമയാക്കാന്‍ തീരുമാനിക്കുകയായിരുന്നു. നിക്ക് മാര്‍വിനായിരുന്നു ചിത്രത്തിന്റെ നിര്‍മാതാവായെത്തിയത്. ആദ്യം ടോം ക്രൂയിസിനെ ചിത്രത്തിലെ ആന്‍ഡി എന്ന കഥാപാത്രമായി പരിഗണിച്ചിരുന്നുവെങ്കിലും പിന്നീട് ഡറാബോണ്ട് തന്നെ സംവിധായകനായതോടെ താരം പിന്മാറുകയായിരുന്നു.

ടിം റോബിന്‍സും മോര്‍ഗന്‍ ഫ്രീമാനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം റിലീസിന് മുന്‍പ് നിരൂപകരില്‍ നിന്നും വിതരണക്കാരില്‍ നിന്നുമെല്ലാം മികച്ച പ്രതികരണമായിരുന്നു നേടിയത്. ആദ്യം 33 തിയ്യേറ്ററുകളിലായിരുന്നു ചിത്രം റിലീസ് ചെയ്തത്. പിന്നീട് ഒക്ടോബര്‍ 14നാണ് വൈഡ് റിലീസ് ചെയ്തത്. പക്ഷേ തണുത്ത പ്രതികരണമായിരുന്നു ലഭിച്ചത്. 25 മില്ല്യണ്‍ ഡോളര്‍ ബജറ്റില്‍ നിര്‍മിച്ച ചിത്രം തിയ്യേറ്ററുകളില്‍ നിന്ന് പോയപ്പോഴേക്കും ആകെ നേടിയത് 16 മില്ല്യണ്‍ ഡോളര്‍ മാത്രമായിരുന്നു.

ഒക്ടോബറില്‍ ചിത്രം റിലീസ് ചെയ്തപ്പോള്‍ പ്രധാനമായും തിയ്യേറ്ററില്‍ ഉണ്ടായിരുന്നത് രണ്ട് ചിത്രങ്ങളായിരുന്നു വിജയക്കുതിപ്പ് തുടര്‍ന്നുകൊണ്ടിരുന്ന റോബര്‍ട്ട് സെമിക്‌സിന്റെ ഫോറസ്റ്റ് ഗംപും, ക്വന്റിന്‍ ടറന്റിനോയുടെ പുതിയ ചിത്രം പള്‍പ്പ് ഫിക്ഷനും. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രീമിയര്‍ ചെയ്ത പള്‍പ്പ് ഫിക്ഷന്‍ ബോക്‌സ് ഓഫീസിലും പ്രേക്ഷക മനസിലും ഇടം നേടിയതോടെ ഷോഷാങ്ക് റിഡംപ്ഷനെക്കുറിച്ച് ആളുകള്‍ അറിഞ്ഞതുപോലുമില്ല. പിന്നീട് ഏഴ് ഓസ്‌കര്‍ നോമിനേഷനുകള്‍ ചിത്രത്തിന് ലഭിച്ചപ്പോഴായിരുന്നു പലരും സിനിമയെക്കുറിച്ച് അറിയുന്നത്. ഓസ്‌കര്‍ പുരസ്‌കാരം ലഭിച്ചില്ലെങ്കിലും സിനിമയെക്കുറിച്ച് ഓസ്‌കര്‍ വേദിയിലടക്കം പരാമര്‍ശങ്ങളുണ്ടായി.

അതിന് ശേഷം ചിത്രം വീണ്ടും റിലീസ് ചെയ്തപ്പോള്‍ 12 മില്യണ്‍ ഡോളറായിരുന്നു ചിത്രം കളക്ട് ചെയ്തത്. തുടര്‍ന്ന് 1995ല്‍ 320000 വിഎച്ച്എസ് കോപ്പികള്‍ പുറത്തിറക്കി. തിയ്യേറ്ററില്‍ പരാജയപ്പെട്ട ചിത്രത്തെ സംബന്ധിച്ച് അതൊരു സാഹസമായിരുന്നുവെങ്കിലും ഇത്തവണ ചിത്രം നേട്ടം കൊയ്തു. ഫോറസ്റ്റ് ഗംപിനൊപ്പം തന്നെ ചിത്രം റീട്ടയില്‍ മാര്‍ക്കറ്റില്‍ നേട്ടമുണ്ടാക്കി. പിന്നീട് 1997ല്‍ ടിഎന്‍ടി ചിത്രം സംപ്രേഷണം ചെയ്യാന്‍ ആരംഭിച്ചതോടെ ഷോഷാങ്ക് പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നായി.

സിനിമ ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതായി തുടരുന്നതിന് പല കാരണങ്ങളുണ്ട്. അതില്‍ പ്രധാനപ്പെട്ടത് ചിത്രത്തിലെ സംഭാഷണങ്ങളാണ്. ജയിലിനകത്ത് പുറം ലോകവുമായി ബന്ധമില്ലാതെ കഴിയുന്ന ആന്‍ഡിയുടെയും റെഡിന്റെയും സംഭാഷണങ്ങള്‍. ജീവിതത്തെക്കുറിച്ചുള്ള ഒറ്റപ്പെട്ടവരുടെ കാഴ്ചപ്പാടുകളും, പ്രതീക്ഷ നഷ്ടപ്പെട്ട കഥാപാത്രങ്ങളും, പിന്നീടുള്ള തിരിച്ചറിവുകളുമെല്ലാമാണ് സംഭാഷണങ്ങളുടെ കരുത്ത്. പതിയെ തുടങ്ങുകയും പിന്നീട് പ്രേക്ഷകരെ അകത്തേക്ക് വലിച്ചിടുകയും ചെയ്യുന്ന ചിത്രത്തിന്റെ അവതരണത്തിന് കരുത്തു പകരുന്നതും ഇത് സംഭാഷണങ്ങള്‍ തന്നൊയാണ്.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സിനിമ അവതരിപ്പിക്കുന്നത് റെഡ് എന്ന കഥാപാത്രത്തിന്റെ നരേഷനിലൂടെയാണ്. റെഡ് ആയി വേഷമിട്ടത് മോര്‍ഗന്‍ ഫ്രീമാനും. സംവിധായകന്റെ ആദ്യത്തെ തെരഞ്ഞെടുപ്പ് മോര്‍ഗന്‍ ഫ്രീമാന്‍ തന്നെയായിരുന്നു. മോര്‍ഗന്‍ ഫ്രീമാന്റെ ശബ്ദത്തിലൂടെ നരേഷനിലൂടെ പിന്നീട് സിനിമകള്‍ വന്നിട്ടുണ്ടെങ്കിലും പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ടത് ഷോഷാങ്ക് റിഡംപ്ഷന്‍ തന്നെയായിരിക്കും. പല സംഭാഷണങ്ങളും വീണ്ടും വായിക്കുമ്പോള്‍ പോലും പ്രേക്ഷകര്‍ക്ക് ആ ശബ്ദം അനുഭവിക്കാന്‍ കഴിയും, അതിന് പകരം മറ്റൊന്ന് ആലോചിക്കാനാകാത്ത തരത്തില്‍ അദ്ദേഹം അത് മനോഹരമാക്കിയിരുന്നു. ചിത്രത്തിലെ അഭിനയത്തിന് ഓസ്‌കര്‍ നോമിനേഷനും താരത്തിന് ലഭിച്ചു.

ജയില്‍ ജീവിതം പ്രമേയമായ ചിത്രത്തിലെ തടവുകാരായെത്തുന്ന പല കഥാപാത്രങ്ങളും പ്രേക്ഷകരുടെ ഉള്ളില്‍ തൊടുന്നതാണ്. അതിലൊന്നാണ് ജെയിംസ് വൈറ്റ്‌മോറിന്റെ ബ്രൂക്‌സ്. ആന്‍ഡിയും റെഡും കഴിഞ്ഞാല്‍ ഒരുപക്ഷേ പ്രേക്ഷകര്‍ തെരഞ്ഞെടുക്കുക ഈ കഥാപാത്രത്തെ ആയിരിക്കും. ജീവിതം മുഴുവനെടുക്കാനാണ് തങ്ങളെ ജയിലിലേക്ക് അയക്കുന്നതെന്നും അത് തന്നെയാണ് അവര്‍ എടുക്കുന്നതെന്നും ചിത്രത്തില്‍ ഒരു സംഭാഷണമുണ്ട്. ബ്രൂക്കിന്റെ കഥാപാത്രത്തിലൂടെ അത് പ്രേക്ഷകരെ കാണിച്ചു നല്‍കുന്നുമുണ്ട്. ആയുഷ്‌കാലം മുഴുവന്‍ ജയിലിനകത്ത് കഴിഞ്ഞ ബ്രൂക്കിന്റെ പുറത്തെത്തിയതിന് ശേഷമുള്ള ജീവിതം സിനിമ കണ്ട ഓരോര്‍ത്തര്‍ക്കും മറക്കാനാവാത്തത്. പിന്നാലെ റെഡ് പുറത്തിറങ്ങിക്കഴിയുമ്പോഴേക്കും ജീവിതം എങ്ങനെ ജയില്‍ കവര്‍ന്നെടുത്തു കഴിഞ്ഞുവെന്ന് പ്രേക്ഷകര്‍ തിരിച്ചറിഞ്ഞു കഴിഞ്ഞിട്ടുണ്ടാകും.

ചിത്രത്തെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാക്കുന്ന മറ്റ് രണ്ട് കാര്യങ്ങള്‍ ആന്‍ഡിയുടെ ജയില്‍ചാട്ടവും ചിത്രത്തിന്റെ ക്ലൈമാക്‌സുമാണ്. ജീവിതം മുഴുവന്‍ തടവറയില്‍ അവസാനിക്കുമെന്ന് കരുതിന്നിടത്താണ് ആന്‍ഡി പുറത്ത് ചാടുന്നത്. അതിനെക്കുറിച്ച് റെഡ് പറയുന്ന രണ്ട് സംഭാഷണങ്ങളും മഴയില്‍ നനഞ്ഞുകൊണ്ട് ആന്‍ഡി ആകാശത്തേക്ക് നോക്കുന്ന ഷോട്ടും എന്നും പ്രേക്ഷകരുടെ ഓര്‍മയിലുണ്ടാകും. റെഡ് പുറത്തിറങ്ങിയതിന് ശേഷം ബ്രൂക്കിന്റെ അതേ പാതയിലൂടെ തന്നെ കടന്നു പോകുമ്പോള്‍ ജീവിതം അവസാനിക്കുന്നില്ലെന്നും പ്രത്യാശ കൊണ്ട് പോകുന്നത് മുന്നോട്ടാണെന്നും തെളിയിക്കുന്ന ക്ലൈമാക്‌സും ചിത്രത്തെ മികച്ചതാക്കുന്നു. റോജര്‍ ഡീക്കിങ്ങ്‌സ് എന്ന ഛായാഗ്രഹകനും തോമസ് ന്യൂമാന്‍ എന്ന സംഗീത സംവിധായകനും ഇതിന് കരുത്തു പകര്‍ന്നു.

ചിത്രത്തിലെ പ്രധാനപ്പെട്ട ശ്രദ്ധിക്കപ്പെട്ട സംഭാഷണങ്ങളിലൊന്ന് പ്രത്യാശയെക്കുറിച്ചാണ്. സിനിമയുടെ ബോക്‌സ് ഓഫീസിലെയും ചരിത്രത്തിലെയും നേട്ടവും പ്രത്യാശയുമായി തന്നെ ബന്ധപ്പട്ടതുമാണ്. പരാജയപ്പെട്ടുവെന്ന് വിചാരിച്ച, അവസാനിച്ചുവെന്ന് വിചാരിച്ച ഇടത്തു നിന്നായിരുന്നു ചിത്രം നേട്ടം കൈവരിച്ചത്. സിനിമ ഷൂട്ട് ചെയ്ത ഓഹിയോ സ്‌റ്റേറ്റ് റിഫോര്‍മേറ്ററിയില്‍ ലൊക്കേഷനുകള്‍ പുനസൃഷ്ടിച്ചതിനെ തുടര്‍ന്ന് ഈ വര്‍ഷം ആഗസ്റ്റില്‍ അവിടം സന്ദര്‍ശിച്ചത് 30000 പേരാണ്. റിലീസ് ചെയ്ത ആദ്യ ആഴ്ചയില്‍ ഒരു മില്യണ്‍ ഡോളര്‍ പോലും നേടാന്‍ കഴിയാതിരുന്ന ചിത്രം ഇന്ന് ടൂറിസത്തിലൂടെ പ്രതിവര്‍ഷം ശരാശരി 15 മില്യണ്‍ നേട്ടമുണ്ടാക്കുന്നു.

ജയില്‍ ചാട്ടവും അതിനു ശേഷമുള്ള അതിജീവനവും പ്രമേയമാക്കി ഷോഷാങ്ക് റിഡംപ്ഷന് മുന്‍പും ശേഷവും ചിത്രങ്ങള്‍ വന്നിട്ടുണ്ട്. എന്നാല്‍ ചരിത്രത്തില്‍ ഈ പ്രമേയമായി വരുന്ന സിനിമകളില്‍ ചിത്രം അതിന്റെ പേര് അടയാളപ്പെടുത്തിക്കഴിഞ്ഞു. ഏത് ഭാഷയിലായാലും ഏത് രാജ്യത്തായാലും ഇനി സമാന പ്രമേയത്തില്‍ നിര്‍മിക്കപ്പെടുന്ന ചിത്രം താരതമ്യം ചെയ്യപ്പെടുക ഷോഷാങ്ക് റിഡംപ്ഷനുമായിട്ടായിരിക്കാം. സാങ്കേതിക മുന്നേറ്റങ്ങള്‍ കൊണ്ട് നൂതന ദൃശ്യാനുഭവങ്ങളില്‍ പുതുമ നല്‍കാന്‍ വരുന്ന ചിത്രങ്ങള്‍ക്ക് കഴിഞ്ഞേക്കാമെങ്കിലും 1994ല്‍ സ്റ്റീഫന്‍ കിങ്ങ് നോവല്‍ അഡാപ്‌റ്റേഷനിലൂടെ ഫ്രാങ്ക് ഡറാബോണ്ട് എന്ന സംവിധായകന്‍ പറഞ്ഞു വച്ചതിനപ്പുറത്തേക്ക് പറയുക എന്നത് എന്നും വലിയ വെല്ലുവിളിയായിരിക്കും.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT