Filmy Features

ഷീന ബോറ കൊലപാതകം

അമീന എ

2012 മെയ് ഇരുപത്തി മൂന്ന്, മഹാരാഷ്ട്രയിലെ റായ്​ഗഡ് എന്ന സ്ഥലത്തെ വനാന്തർഭാ​ഗത്ത് നിന്നും ഒരു അഞ്ജാത മൃത ശരീരം കണ്ടു കിട്ടുന്നു. കത്തിക്കരിഞ്ഞ മാംസം എല്ലിൽ ഒട്ടിപ്പിടിച്ച അവസ്ഥയിൽ കണ്ടെത്തുന്ന ആ ശരീരത്തിൽ കത്താതെ അവശേഷിക്കുന്ന വിരലുകളിലെ നെയിൽ പെയിന്റിൽ നിന്നും അതൊരു സ്ത്രീ ശരീരമാണെന്ന് തിരിച്ചറിയുന്നു. ഉൾക്കാടുകളിൽ നിന്ന് സാധരണയായി ഡെഡ്ബോഡികൾ ലഭിക്കുന്ന പതിവുള്ളതിനാൽ ഒരു ആക്സിഡന്റൽ ഡെത്ത് റിപ്പോർട്ട് പോലും ഫയൽ ചെയ്യപ്പെടാതെ കാടിനുള്ളിൽ കിടന്നു മരിക്കുന്ന ഐഡന്റിയില്ലാത്ത അനേകം മൃത ശരീരങ്ങളോടൊപ്പം എവിടെയോ ആ ശരീരവും മറവ് ചെയ്യപ്പെടുന്നു. എന്നാൽ മൂന്ന് വർഷങ്ങൾക്കിപ്പുറം മറവ് ചെയ്യപ്പെട്ട ആ ശരീരം തേടി മുംബെെ പോലീസിൽ നിന്നും വിളി വരുന്നു. കുഴിമാന്തിയെടുക്കപ്പെട്ട ആ ശരീരത്തോടൊപ്പം അന്ന് പുറത്തു വരുന്നത് ഇന്ത്യയെ ഏറെ പിടിച്ചു കുലുക്കിയ വിവാദപരമായ ഒരു കൊലപാതക കേസായിരുന്നു. കൊലചെയ്യപ്പട്ടത് മാധ്യമ രാജാവായ പീറ്റർ മുഖർജിയുടെ ഭാര്യ ഇന്ദ്രാണി മുഖർജിയുടെ സഹോദരി ഷീന ബോറ. കൊല ചെയ്തതോ പീറ്ററിന്റെ ഭാര്യയും ഷീനയുടെ സഹോദരിയുമായ ഇന്ദ്രാണി മുഖർജിയും.

സഹോദരിയെ കൊലപ്പെടുത്തി എന്ന കേസിൽ ഇന്ദ്രാണി അറസ്റ്റ് ചെയ്യപ്പെട്ടതിന്റെ പിറകേയാണ് രാജ്യത്തെ നടുക്കുന്ന ആ സത്യം പുറത്തു വരുന്നത്. ഇന്ദ്രാണി മുഖർജിയുടെ അതേ മുഖഛായയുള്ള 25 കാരിയായ ആ പെൺകുട്ടി ഇന്ദ്രാണിയുടെ സഹോദരിയല്ല, മകളാണ്. ഷിലോങ്ങിലെ പഠനകാലത്ത് ഇന്ദ്രാണി മുഖർജി എന്ന പോരി ബോറയ്ക്ക് സിദ്ധാർത്ഥ് ദാസ് എന്ന കാമുകനിൽ ജനിച്ച രണ്ട് മക്കളിൽ ആദ്യത്തെ കുഞ്ഞ്, ഷീന ബോറ.

സ്വന്തം മകളെ കഴുത്ത് ഞെരിച്ച് കൊല്ലാനും ജീവനില്ലാത്ത ആ ശരീരത്തെ അണിയിച്ചൊരുക്കി പെട്രോളൊഴിച്ച് കത്തിക്കാനും ഇന്ദ്രാണിയെ പ്രേരിപ്പിച്ച ഘടകം എന്തായിരുന്നു?

ട്രൂ ക്രെെം ഇൻസിഡന്റുകൾ നെറ്റ്ഫ്ലിക്സ് ഡ‍ോക്യുമെന്റ് ചെയ്യുക എന്നത് സാധാരണമാണ്. ഹൗസ് ഓഫ് സീക്രട്ട് ദ ബുരാരി ഡെത്ത്സ്,

Indian Predator: The Diary of a Serial Killer, Curry & Cyanide - The Jolly Joseph Case, The Hunt for Veerappan തുടങ്ങി നിരവധി ഡോക്യുമെന്ററികൾ ഇന്ത്യയിൽ നടന്ന സംഭവങ്ങളെ ആസ്പദമാക്കി നെറ്റ്ഫ്ലിക്സ് തയ്യാറാക്കിയിട്ടുണ്ട്. ആ ലിസ്റ്റിലേക്ക് ഏറ്റവും പുതുതായി നെറ്റ്ഫ്ലിക്സ് പരിചയപ്പെടുത്തുന്ന ഡോക്യുമെന്ററിയാണ് The Indrani Mukerjea Story: Buried Truth. പത്ര മാധ്യമങ്ങളിലെ ആദ്യ പേജുകളിലെ ഹെഡ്ലെെൻ ആയിരുന്ന ഷീന ബോറയുടെ കൊലപാതകക്കേസും അതിന്റെ ഇന്ദ്രാണി മുഖർജിയുടെ വേർഷനുമാണ് ഇന്ദ്രാണി മുഖർജി സ്റ്റോറി ബറീഡ് ട്രൂത്ത്.

മുൻ ബ്രീട്ടിഷ് ടെലിവിഷൻ എക്സിക്യൂട്ടീവും സ്റ്റാർ ഇന്ത്യ സി.ഇ.ഒയുമായിരുന്ന പീറ്റർ മുഖർജിയുടെ രണ്ടാമത്തെ ഭാര്യ, ഐഎൻഎക്സ് മീഡിയയുടെ കോഫൗണ്ടറും മീഡിയ എക്സിക്യൂട്ടീവും, - ഷീന ബോറ കൊലക്കേസിന് മുമ്പ് ഇന്ദ്രാണി മുഖർജി അറിയപ്പെട്ടിരുന്നത് ഇങ്ങനെയെല്ലാമാണ്. മുംബെെ ന​ഗരത്തിലെ സമ്പൽ സമൃദ്ധിയിൽ ഹെെപ്രൊഫെെൽ ജീവിതം നയിച്ച, ഒരു ബിസിനസ്സ് ടെെക്കൂൺ. എന്നാൽ ആസ്സാമിലെ ​ഗുഹാവത്തിയിൽ ഉപേന്ദ്ര കുമാർ ബോറയുടെയും ദുർ​ഗ ബോറയുടെയും ഏക മകളായി ജനിച്ച പോരി ബോറ എന്ന ഇന്ദ്രാണി മുഖർജിയുടെ ഭൂതകാലം കുറച്ച് കോംപ്ലീക്കേറ്റഡാണ്. ഏഴ് വർഷത്തോളം നീണ്ട ബെെക്കുള ജയിലിൽ വിചാരണ തടവിൽ കഴിഞ്ഞിരുന്ന ഇന്ദ്രാണിക്ക് 2022 ലാണ് ഷീന ബോറക്കേസിൽ ജാമ്യം ലഭിക്കുന്നത്. അനിശ്ചിത കാലത്തേക്ക് കേസിന്റെ ട്രയൽ നീളാൻ സാധ്യതയുള്ളതുകൊണ്ട് ആരോപിതയ്ക്ക് ജാമ്യം അനുവദിക്കുന്നു എന്നായിരുന്നു ഇന്ദ്രാണിക്ക് ജാമ്യം അനുവദിച്ചു കൊണ്ടുള്ള കോടതിയുടെ ഉത്തരവ്.

എന്തിനായിരുന്നു ഇന്ദ്രാണി ഷീന ബോറയെ കൊന്നത്. പോലീസ് റിപ്പോർട്ട് പ്രകാരം ആസ്സാമിലെ ​ഗുഹാവത്തിയിൽ നിന്ന് കൗമാരക്കാരിയായ ഷീന ബോറ ഉപരി പഠനത്തിനായി മുംബെെയിലെ ഇന്ദ്രാണിയുടെ വീട്ടിലേക്ക് എത്തുന്നതാണ് എല്ലാത്തിന്റെയും തുടക്കം. സഹോദരി എന്ന പേരിലാണ് ഷീനയെ ഇന്ദ്രാണി തന്റെ കുടുംബത്തിന് പരിചയപ്പെടുത്തിക്കൊടുക്കുന്നത്. ഇന്ദ്രാണിയുടെ കെയർ ഓഫിൽ മുംബെെയിലെ സെൻ്റ് സേവ്യേഴ്സ് കോളേജിൽ ഉന്നത പഠനം ആരംഭിക്കുന്ന ഷീന പീറ്ററിന്റെ ആദ്യ ബന്ധത്തിലെ മകൻ രാഹുൽ മുഖർജിയുമായി അടുക്കുന്നു. ഇന്ദ്രാണിയുടെ എതിർപ്പിനെ മറികടന്ന് ലിവിം​ഗ് റിലേഷൻ ആരംഭിക്കുന്ന ഇവർ വെെകാതെ വിവാഹിതരാവാനും തീരുമാനിക്കുന്നുണ്ട്. എന്നാൽ 2012 ൽ ഏപ്രിൽ ഇരുപത്തിനാലിന് ഷീന ജോലി ചെയ്യുന്ന മുംബെെ മെട്രോ വൺ എന്ന സ്ഥാപനത്തിലേക്ക് അപ്രതീക്ഷിതമായി ഷീനയുടെ റെസി​ഗ്നേഷൻ ഇമെയിൽ എത്തുന്നു. അതേ ദിവസം തന്നെ രാഹുലിന്റെ ഫോണിലേക്ക് ഷീനയുടെ ഒരു ബ്രേക്ക് അപ് മെസേജും. ഷീന എവിടെയന്നറിയാതെ അലയുന്ന രാഹുലിന് ലഭിക്കുന്ന ഉത്തരം മുംബെെയിൽ നിന്നും അമ്പത് കിലോമീറ്ററോളം അകലെയുള്ള റായ്​ഗ‍ഡിൽ നിന്നും പിന്നീട് കണ്ടെടുക്കുന്ന കത്തിക്കരിഞ്ഞ ആ മൃത ശരീരമാണ്. അനധികൃതമായി ആയുധം കൈവശം വെച്ചതിന് പിടിയിലായ ഇന്ദ്രാണി മുഖര്‍ജിയുടെ മുൻ ഡ്രെെവർ ശ്യാംവർണ്ണ റോയുടെ മൊഴിയില്‍ നിന്നാണ് 2012 ല്‍ നടന്ന ക്രൂരമായ ആ കൊലപാതകത്തെക്കുറിച്ചുള്ള സത്യങ്ങൾ പുറം ലോകം അറിയുന്നത്.

അൺബ്രോക്കൺ എന്ന തന്റെ ഓർമ്മക്കുറിപ്പിലും നെറ്റ്ഫ്ലിക്സിന്റെ ഡോക്യുമെന്ററിയിലും ഇന്ദ്രാണി മുഖർജി ഷീനയെക്കുറിച്ച് വെളിപ്പെടുത്തുന്ന ഒരു സത്യം ഷീന തന്റെ കാമുകൻ സിദ്ധാർഥ് ദാസിൽ തനിക്ക് പിറന്ന കുട്ടിയല്ല എന്നതാണ്. 16-ാം വയസ്സിൽ സ്വന്തം അച്ഛനാൽ റേപ്പ് ചെയ്യപ്പെടേണ്ടി വന്ന തന്റെ കൗമാര കാലത്തെക്കുറിച്ചും ​ഗർഭിണിയാവേണ്ടി വന്ന അവസ്ഥയെക്കുറിച്ചും ഇന്ദ്രാണി ഈ നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയിലും ആവർത്തിക്കുന്നുണ്ട്. എലീറ്റ് അപ്പർ ക്ലാസ് ജീവിതങ്ങളും അവരുടെ ജീവിത രീതികളും എന്നും സാധരണക്കാരന് കൗതുകമാണ്. ഫെബ്രുവരി ഇരുപത്തിയാറിന് നെറ്റ്ഫ്ലിക്സിൽ പ്രീമിയർ ചെയ്യപ്പെട്ട ഇന്ദ്രാണി മുഖർജി ദ ബറീഡ് ട്രൂത്ത് എന്ന ഡോക്യൂമെന്ററി ലക്ഷ്യം വയ്ക്കുന്നതും ഒരു ഹെെ പ്രൊഫെെൽ കേസിനോട് ജനങ്ങൾക്ക് സ്വഭാവികമായി തോന്നുന്ന ഈ ആകാംഷയെയും ജിജ്ഞാസയെയുമാണ്. ഉറാസ് ബഹലും ഷാന ലെവിയും ചേർന്ന് സംവിധാനം ഈ ഡോക്യുമെന്ററി സീരീസ് പറഞ്ഞു കേട്ടതും കേട്ട് പഴകിയതുമായ അതേ കഥ തന്നെയാണ് വീണ്ടും ആവർത്തിക്കുന്നത്. കേസിൽ പ്രതി ചേർക്കപ്പെട്ട ഇന്ദ്രാണി മുഖർജിയുടെ അഭിമുഖവും ഷീനയുടെ കാമുകൻ രാഹുലിന്റെ ഫോൺ റെക്കോഡുകളുമാണ് ഡോക്യുമെന്ററിയുടെ ശ്രദ്ധേയ ഭാ​ഗങ്ങൾ. 4 ഭാഗങ്ങളുള്ള ഡോക്യുമെന്ററിയിൽ പലയിടങ്ങളിലായി ഈ ഫോൺ റെക്കോഡുകളും ഇന്ദ്രാണി മുഖർജിയുടെ അഭിമുഖവും വന്നു പോകുന്നുണ്ട്.

എന്നാൽ ഇന്ദ്രാണി മുഖർജി മുഖർജി നൽകുന്ന നരേറ്റീവിലുള്ള ക്യാരക്ടർ പിക്ചറാണ് ഡോക്യുമെന്ററിയിൽ നേരിട്ട് പ്രത്യക്ഷപ്പെടാത്ത രാഹുൽ മുഖർജിക്ക് The Indrani Mukerjea Story: Buried Truth നൽകുന്നത് എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഷീന ബോറ കൊലക്കേസിലെ പ്രോസിക്യൂഷന്റെ ഏറ്റവും വലിയ സാക്ഷിയായ രാഹുലിനെ, അദ്ദേഹത്തിന്റെ ഫോൺ കോളുകൾ പ്ലേ ചെയ്യുന്ന അവസരങ്ങളിലെല്ലാം മദ്യക്കുപ്പികളും വലിച്ചെറിഞ്ഞ സിഗരറ്റുകളും നിറഞ്ഞുനിൽക്കുന്ന ഫ്രെയിമിലാണ് അവതരിപ്പിക്കുന്നത്. ഇന്ദ്രാണിയാണ് ഷീനയെകൊന്നത് എന്ന് ഉറച്ച് വിശ്വസിക്കുന്ന മകൻ മിഖേലിനും അമ്മയോട് ചേർന്ന് നിൽക്കാൻ ഡോക്യുമെന്ററിയുടെ അന്ത്യത്തിൽ തീരുമാനിക്കുന്ന മകൾ വിഥിക്കും തീർത്തും വ്യത്യസ്തമായ ട്രീറ്റ്മെന്റാണ് ഡോക്യുമെന്ററി നൽകുന്നത്.

പ്രേക്ഷകന് വിഥിയോട് ഒരു തരം അനുകമ്പ സൃഷ്ടിച്ചെടുക്കുന്ന അണിയറ പ്രവർത്തകർ. അതേ സമയം തന്നെ കൊല്ലാനുള്ള അമ്മയുടെ ശ്രമങ്ങളെക്കുറിച്ച് പറയുന്ന മിഖേലിനോട് അവൻ വാങ്ങിയ പുതിയ വണ്ടിയെക്കുറിച്ച് എടുത്ത് ചോദിക്കുന്നത് അയാളുടെ പ്രസ്താവനകളെ സംശയ ദൃഷ്ടിയോടെ നോക്കാൻ പ്രേക്ഷകരെ പ്രേരിപ്പിക്കുന്നുണ്ട്.

ഇന്ത്യൻ കോടതികളിൽ, സംശയാതീതമായി തെളിയിക്കപ്പെടുന്നതുവരെ കുറ്റാരോപിതനായ ഒരാളെ കുറ്റക്കാരനായി കോടതിയോ സമൂഹമോ കണക്കാക്കാൻ പാടില്ല എന്നാണ്. അതുകൊണ്ട് തന്നെ ഒരു സാധരണ പൗരന് ഇന്ത്യ ഭരണഘടന ഉറപ്പ് നൽകുന്ന എല്ലാ തരത്തിലുമുള്ള ആനുകൂല്യങ്ങൾ ലഭിക്കാൻ അവർക്ക് അർഹതയുമുണ്ട്. സ്വന്തം നിരപരാധിത്വം തെളിയിക്കാനുള്ള ശ്രമങ്ങളെയും ഇതിൽ ഉൾപ്പെടുത്താം. ഇന്ത്യ മുഴുവൻ ഉറ്റു നോക്കിയ ഒരു കേസിൽ പ്രതി ചേർക്കപ്പെട്ട ഒരാൾക്ക് എന്താണ് ജനങ്ങളോട് അവരുടെ ജീവിതത്തെക്കുറിച്ച് പറയാനുള്ളത് എന്ന ആകാംഷ നിങ്ങൾക്കുണ്ടെങ്കിൽ The Indrani Mukerjea Story: Buried Truth നിങ്ങൾക്ക് കാണാവുന്നതാണ്. ഇന്റർനെറ്റ് അടക്കമുള്ള മാധ്യമങ്ങളിൽ ലഭിക്കുന്ന ധാരളം കുക്ക്ഡ് അപ് സ്റ്റോറികൾക്കിടയിൽ ഷീന ബോറ കേസിനെക്കുറിച്ചുള്ള ക്ലാരിറ്റി വേർഷന് വേണ്ടി സമീപിക്കാവുന്ന ഒരു ഓപ്ഷനായും ഈ ഡോക്യുമെന്ററിയെ അതുകൊണ്ടു തന്നെ പരി​ഗണിക്കാം.

മികച്ച ഫ്രെയിമി​ഗും പശ്ചാത്തല സം​ഗീതവും സ്റ്റെെെലിഷായ അവതരണവും ഒക്കെ നൽകി പ്രേക്ഷകരിലേക്ക് കടന്നു ചെല്ലാൻ ഇന്ദ്രാണി മുഖർജിക്ക് ഒരു അവസരവും ഡോക്യുമെന്ററി സൃഷ്ടിക്കുന്നു. ഷീന ബോറ ജീവിച്ചിരിക്കുന്നുണ്ടെന്നും കൊല്ലപ്പെട്ടിട്ടില്ലെന്നും പ്രേക്ഷകരോട് ഇന്ദ്രാണി മുഖർജി ആവർത്തിക്കുന്നു. ആദ്യ ഭർത്താവ് സഞ്ജീവ് ഖന്നയും ഡ്രെെവർ ശ്യാം വർണ്ണ റോയും മുൻ ഭർത്താവ് പീറ്റർ മുഖർജിയും പ്രതി ചേർക്കപ്പെട്ട സിബിഐ കുറ്റ പത്രത്തിലെ ഒന്നാം പ്രതി മാത്രമാണ് ഇന്ദ്രാണി. ബാക്കി മൂന്നു പേരെ ഡോക്യുമെന്ററിയിലേക്ക് കൊണ്ടു വരാൻ അണിയറ പ്രവർത്തകർക്ക് കഴിഞ്ഞിട്ടില്ല എന്നതുകൊണ്ട് തന്നെ എത്രത്തോളം ഡോക്യുമെന്ററി ആധികാരികമാവുന്നുണ്ട് എന്നത് സംശയകരമാണ്. എന്നാൽ കൊല ചെയ്യപ്പെട്ട ഷീന എന്ന പെൺകുട്ടിയോട് ഡോക്യുമെന്ററിക്ക് നീതി പുലർത്താൻ കഴിഞ്ഞിട്ടുണ്ടോ എന്ന ചോദ്യം ഇതിനെല്ലാം അപ്പുറം ബാക്കിയാവുന്നുണ്ട്. ഒരുപക്ഷേ ഇല്ലാ എന്ന് തന്നെ നമുക്ക് പറയേണ്ടി വരും.

Nayanthara Faces Cyber Backlash Over Dhanush Dispute

ബെൽറ്റും ചെരുപ്പും ഉപയോ​ഗിച്ചാണ് അച്ഛൻ അടിച്ചിരുന്നത്, എന്റെ ചൈൽഡ്ഹുഡ് ട്രോമയായിരുന്നു അത്: ആയുഷ്മാൻ ഖുറാന

ഗ്രൂപ്പ് പോരാട്ടം ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഏറ്റെടുക്കുമ്പോള്‍; കോണ്‍ഗ്രസ് ഗ്രൂപ്പുകളുടെ ചരിത്രം | Watch

ആഫ്രിക്കയിലെ ഗ്രാമങ്ങളിൽ 13 കിണറുകൾ നിർമ്മിച്ച് നൽകി, ശുദ്ധജലം കണ്ടപ്പോൾ അവരുടെ കണ്ണ് നിറഞ്ഞു, Dilshad YathraToday Interview

മരണത്തിന്റെ വക്കില്‍ നിന്ന് റിംഗിലേക്ക് മടങ്ങിയെത്തിയ മൈക്ക് ടൈസണ്‍! എന്താണ് ടൈസണ് സംഭവിച്ചത്?

SCROLL FOR NEXT