Filmy Features

'തുടരും' മോഹൻലാൽ- സത്യൻ അന്തിക്കാട് ആരാധകർക്കുള്ള ട്രിബ്യൂട്ട് - തരു‌‍ൺ മൂർത്തി അഭിമുഖം

മോഹൻലാൽ - തരുൺ മൂർത്തി ചിത്രത്തിന്റെ ടൈറ്റിൽ പുറത്തു വിട്ടതിന് പിന്നാലെ ടൈറ്റിലിലെ ബ്രില്യൻസ് കണ്ടു പിടിക്കാൻ ഇറങ്ങിയിരിക്കുകയാണ് സോഷ്യൽ മീഡിയ മുഴുവൻ. വലിയ ഉരുണ്ട ഫോണ്ടിൽ 'തുടരും' എന്നെഴുതിയ അക്ഷരത്തിലെ തുന്നിക്കെട്ടലുകളെന്തായിരിക്കുമെന്നാണ് ചർച്ചകൾ‌ മുഴുവൻ. ഏറെ കാലത്തിന് ശേഷം മോഹൻലാൽ ഒരു സാധാരണക്കാരന്റെ കുപ്പായത്തിലേക്ക് ചേക്കേറുന്ന 'തുടരും' എന്ന തരുൺ മൂർത്തി ചിത്രത്തെക്കുറിച്ച് വലിയ പ്രതീക്ഷകളാണ് ആരാധകർക്കുള്ളത്. ഒരു കുട്ടിയെ കയ്യിൽ തൂക്കിയെടുത്ത് സ്കൂൾ ബാ​ഗുമായി ചിരിയോടെ നടന്നു പോകുന്ന മോഹൻലാലാണ് 'തുടരും' ന്റെ ടൈറ്റിലിൽ. എന്താണ് തുടരുന്നതെന്ന് ചോദിച്ചാൽ അതൊരാളുടെ ജീവിതമാണെന്നാണ് തരുൺ മൂർത്തി മറുപടി പറയുന്നത്. ലാലേട്ടനെയും സത്യൻ അന്തിക്കാടിന്റെയും സിനിമകൾ കാണാനെത്തുന്ന പ്രേക്ഷകനുള്ള ഒരു ട്രിബ്യൂട്ടാണ് തരുണിന്റെ 'തുടരും' എന്ന ചിത്രം. സത്യൻ അന്തിക്കാട് വൈബിൽ മോഹൻലാൽ‌- ശോഭന കോമ്പോയുടെ ഒരു കുടുംബ ചിത്രം. 'തുടരും' എന്ന ചിത്രത്തെക്കുറിച്ചും അതിന്റെ ടൈറ്റിലിനെക്കുറിച്ചും തരുൺ മൂർത്തി ക്യു സ്റ്റുഡിയോയോട് സംസാരിച്ചത്.

എന്താണ് 'തുടരും'?

ഞങ്ങൾ വർക്ക് ചെയ്യാൻ തുടങ്ങുന്ന സമയം മുതൽ ആ സ്ക്രിപ്റ്റിനുണ്ടായിരുന്ന പേരാണ് 'തുടരും' എന്നത്. ഷൂട്ടിന്റെ ഇടയിലോ അവസാന നിമിഷങ്ങളിലോ വന്നൊരു പേരല്ല അത്. ഈ പേരിൽ തന്നെയാണ് ലാൽ സാറിന് മുന്നിൽ ഈ സിനിമ പ്രസന്റ് ചെയ്തത്. വളരെ സിംപിളായിട്ടുള്ള ഒരു പേരാണ് 'തുടരും'. അതുകൊണ്ട് തന്നെ ഇതെങ്ങനെ പ്രസന്റ് ചെയ്യും എന്നുള്ളതായിരുന്നു പിന്നീട് സിനിമയുടെ ഷെഡ്യൂൾ ബ്രേക്ക് സമയത്തെല്ലാം ഞങ്ങൾ യെല്ലോ ടൂത്തുമായി ചർച്ച ചെയ്തത്. കഥയുടെ കുറച്ച് എലമെന്റുകൾ ഞാൻ അവർക്ക് പറഞ്ഞു കൊടുക്കുകയും കുറച്ച് കാര്യങ്ങൾ അതിൽ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. കുറെ തിരിത്തുലുകളും കുറെ ഫോണ്ടുകൾ മാറ്റുകയും ഒക്കെ ചെയ്തിരുന്നു ഞങ്ങൾ. ഫോണ്ടിൽ ഇത്രയും തിരുത്തലുകളും മാറ്റങ്ങളും എന്റെ മറ്റൊരു സിനിമയ്ക്ക് വേണ്ടിയും ഞാൻ എടുത്തിട്ടില്ല. ഞാൻ വിചാരിച്ചതിനെക്കാൾ കഠിനമായിരുന്നു ഈ പ്രൊസസ്സ്. പതിനെഴോ പതിനെട്ടോ തവണ മാറ്റി മാറ്റിയാണ് ഈ കാണുന്ന ടൈറ്റിലിലേക്ക് എത്തിയത്. ഇപ്പോൾ അതിനെക്കുറിച്ച് നടക്കുന്ന ചർച്ചകളും പുതിയ ലിപിയും പഴയ ലിപിയും തമ്മിലുള്ള കോമ്പിനേഷൻസ് എന്താണെന്നും തുടങ്ങിയ ചർച്ചകളൊക്കെ ഞങ്ങൾ പ്രതീക്ഷിച്ചത് തന്നെയാണ്. അതും നമ്മൾ കാണാൻ ഇഷ്ടപ്പെടുന്ന ലാലേട്ടന്റെ ഒരു ലെയറും പിന്നെ പോസ്റ്ററിന്റെ പേരും കളറും അതിന്റെ കോമ്പിനേഷനുമെല്ലാം കൂടുമ്പോഴാണ് നമ്മൾ ഉദ്ദേശിച്ച ഫ്രഷ്നെസ്സ് സിനിമയ്ക്ക് കിട്ടുന്നത്.

അപ്പോൾ സ്റ്റിച്ച് എന്താണെന്ന് പറയില്ലേ?

സ്റ്റിച്ചും പുതിയ ലിപിയും പഴയ ലിപിയും ഒക്കെ തന്നെയാണ് സിനിമ അതെന്താണെന്ന് ഇപ്പോൾ പറയാൻ പറ്റില്ല.

'തുടരും' മോഹൻലാൽ- സത്യൻ അന്തിക്കാട് ചിത്രം ഇഷ്ടപ്പെടുന്ന പ്രേക്ഷകനുള്ള ട്രിബ്യൂട്ട്

അതിന്റെ ഒരു ക്രെഡിറ്റ് സുനിലേട്ടന് ഉള്ളതാണ്. ഞാൻ ഓപ്പറേഷൻ ജാവയും സൗദിവെള്ളയ്ക്കയും ചെയ്യുന്ന സമയത്ത് എന്റെ പോസ്റ്ററുകളിലെല്ലാം ത്രില്ലർ സ്വാഭവമുള്ള എഴുത്തുകളാണ് ഉണ്ടായിട്ടുള്ളത്. സുനിലേട്ടൻ എന്നോട് ഇടയ്ക്കിടെ പറയുമായിരുന്നു മാസ്സ് എലമെന്റായി പോകരുത് ഇതെന്ന്. ലാലേട്ടന്റെ പ്രേക്ഷകരെല്ലാം ഇതൊരു മാസ്സ് പടമാണെന്ന് തെ​റ്റിദ്ധരിക്കരുത് വളരെ ലളിതമായി നമ്മൾ പറയുന്നൊരു സബ്ജക്ടാണ് ഇതെന്നു തന്നെ തോന്നണം അതുപോലെ ലളിതമായിരിക്കണം ഈയൊരു ഫീഡിം​ഗ് ആദ്യം മുതൽക്കേ എനിക്ക് തന്നു കൊണ്ടിരുന്നത് സഹ എഴുത്തുകരാനായ സുനിലേട്ടനാണ്. പുള്ളി എപ്പോഴും പറയും നമ്മൾ സത്യൻ അന്തിക്കാട് ചെയ്യുന്ന പോലെയൊരു സിനിമയാണെല്ലോ ചെയ്യുന്നത് അതുകൊണ്ട് അതുപോലെയൊരു വിസിബിളിറ്റിയാണ് നമ്മൾ ഉണ്ടാക്കേണ്ടതെന്ന്. അത് തന്നെയാണ് നമ്മൾ യെല്ലോടൂത്തിനോടും പറഞ്ഞിരുന്നത്. സത്യൻ സാറിന്റെ പടം കാണാൻ വരുന്നൊരു പ്രേക്ഷകനുണ്ടല്ലോ ഒപ്പം ലാലേട്ടനെ ഇഷ്ടപ്പെടുന്നൊരു ജനറേഷൻ ഉണ്ടല്ലോ എന്ത് സംഭവിച്ചാലും അദ്ദേഹത്തിനെ മകനെപ്പോലെ ഇഷ്ടപ്പെടുന്ന ഒരു കൂട്ടം പ്രേക്ഷകർ, അവരെ തിയറ്ററിലേക്ക് കൊണ്ടു വരണം. അവർക്കൊരു ട്രിബ്യൂട്ടായിട്ട് ഈ സിനിമ മാറണം. അതായിരുന്നു തുടക്കത്തിലെയുണ്ടായിരുന്ന ചർച്ച.

തുടരും ഒരു സത്യൻ അന്തിക്കാട് വൈബ് സിനിമ

ഫീൽ​ഗുഡ് എന്നതിനെക്കാൾ ഒ​രാളുടെ ജീവിതമാണ് 'തുടരും' എന്ന സിനിമ. ലാൽ സാറിന്റെയും ശോഭന മാമിന്റെയും കഥാപാത്രങ്ങളുടെ ജീവിത യാത്രയാണ് ഇത്. അതിൽ ക്ലാസ്സ് മാസ്സ് എന്നു വേർതിരിക്കാനായി ഒന്നുമില്ല. എനിക്ക് അങ്ങനെ ഡിസൈൻ ചെയ്ത് അവതരിപ്പിക്കാനും അറിയില്ല. എന്നെ സംബന്ധിച്ചിടത്തോളം ചെറുപ്പം മുതൽക്കേ തന്നെ ഞാൻ സിനിമകളിൽ കാണുന്നൊരു ലാലേട്ടനുണ്ട്. അദ്ദേഹത്തിന്റെ കുസൃതികൾ നമുക്ക് ഇഷ്ടമാണ്. അദ്ദേഹത്തിന്റെ വൈകാരിത, പരാധീനതകൾ, ഇവയൊക്കെ നമുക്ക് ഇഷ്ടമാണ്. ഈ സിനിമയുടെ 80 ശതമാനത്തോളം ഇതെല്ലാമാണ്. ഇതിലൂടെയാണ് ഈ സിനിമ സഞ്ചരിക്കുന്നതും. മുണ്ട് മടക്കി കുത്തി മീശ പിരിച്ച് ഇടിക്കുന്നതാണ് മാസ് എന്ന വിശ്വാസം എനിക്കില്ല. ഒരാളുടെ യാത്രയിൽ അയാൾക്ക് ചെയ്യാൻ സാധിക്കുന്നത്, അയാൾ ചെയ്യുന്ന കാര്യങ്ങക്കൊക്കെ മാസ് എന്നു വിളിക്കാൻ സാധിക്കുമെങ്കിൽ അങ്ങനെയായിരിക്കും. ഇതിനെല്ലാമുപരി ഒരു മോഹൻലാൽ ട്രിബ്യൂട്ട് എന്നു പറയാം. എപ്പോഴോക്കെയോ നമ്മളിൽ നിന്ന് മാറി മറ്റൊരു സ്റ്റാർഡത്തിൽ ആഘോഷിച്ചൊരു മനുഷ്യനെ കുറച്ചു കൂടി ​ഗ്രൗണ്ടഡായിട്ട് കാണിക്കാൻ പറ്റുന്നു എന്നുള്ളതാണ് ഞങ്ങളുടെ എക്സൈറ്റ്മെന്റ്. ഫസ്റ്റ് ഹാഫ് ഫീൽ ​ഗുഡായിരിക്കുമെന്നും സെക്കന്റ് ഹാഫ് വെറെലെവൽ ആയിരിക്കുമെന്നും ഒന്നും പറയാനേ പറ്റില്ല. ഞങ്ങൾ ഈ സിനിമയെ മാർക്കറ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നതും ഈ സിനിമയെ കാണാൻ ഉദ്ദേശിക്കുന്നതും ഒരു സാധാരണ മോഹൻലാൽ സിനിമ അല്ലെങ്കിൽ മോഹൻലാൽ ശോഭന മാം ഒന്നിക്കുന്ന ഒരു സത്യൻ അന്തിക്കാട് വൈബിലുള്ള സിനിമ എന്നാണ്. കുടുംബത്തിനൊപ്പവും അച്ഛനും അമ്മയ്ക്കും അമ്മുമ്മയ്ക്കും എല്ലാവർക്കുമൊപ്പവും ഒരുമിച്ചിരുന്ന് ഒരു ഫാമിലി ആയി നല്ലൊരു മോഹൻലാൽ ശോഭന പടം കണ്ട് തിരിച്ചു പോരാം എന്നു പറയുന്നൊരു വ്യഖ്യാനമാണ് ഞാൻ വ്യക്തിപരമായി ഈ സിനിമയ്ക്ക് കൊടുക്കാൻ ആ​ഗ്രഹിക്കുന്നത്. അതിനപ്പുറത്തേക്ക് ഇത് ദൃശ്യം പോലെ സെക്കന്റ് ഹാഫ് കംപ്ലീറ്റ്ലി ത്രില്ലർ ആകുമെന്നോ അല്ലെങ്കിൽ സെക്കന്റ് ഹാഫ് മാസ് ആണെന്നോ തുടങ്ങി അങ്ങനെ ഒരു എലമെന്റും നമ്മൾ വർക്ക് ചെയ്തിട്ടില്ല.

ഫാൻ ബോയ് മൊമെന്റ്

ലാൽ സാറിനൊപ്പം വ്യക്തിപരമായ അടുപ്പത്തിൽ നിൽക്കാൻ ഞാൻ ശ്രമിച്ചിട്ടില്ല. കുറച്ചു കൂടി പ്രൊഫഷണലായിട്ടാണ് ഞാൻ അദ്ദേ​ഹത്തെ അപ്രോച്ച് ചെയ്തത്. അദ്ദേഹവുമായി വ്യക്തിപരമായി അടുപ്പം വെച്ച് വർക്ക് ചെയ്താൽ അയ്യോ ഇതു പറഞ്ഞാൽ സാറിന് ഫീൽ ആകുമോ എന്നൊക്കെ തോന്നുന്ന ഒരു ഘട്ടത്തിലേക്ക് പോകുമോ എന്നു കരുതുന്നതുകൊണ്ടാണ് അത്. ഒരു സംഭവം ഞാൻ ഉദ്ദേശിച്ച തരത്തിൽ വന്നിട്ടില്ലെങ്കിൽ എനിക്ക് ഇതാണ് വേണ്ടതെന്ന് പറയാനുള്ള ബന്ധം മതിയെന്നത് തുടക്കം മുതൽ ഞാൻ തന്നെ ഉണ്ടാക്കിയെടുത്തൊരു കാര്യമാണ്. നമ്മൾ ആരാധിച്ചിരുന്നൊരു മനുഷ്യനാണ് എന്നുള്ളതിൽ ഭ്രമിച്ച് പോകാതെ ഒരു ഡയറക്ഷൻ പാറ്റേണിൽ പോകണമെന്നാണ് ഞാൻ ആ​ഗ്രഹിച്ചത്. അതുകൊണ്ട് തന്നെ രണ്ട് മൂന്ന് സ്ഥലങ്ങളിൽ ഞാൻ അദ്ദേഹത്തോട് കുറച്ചു കൂടി തോള് ചരിക്കാമോ എന്ന് ചോദിച്ചിട്ടുണ്ട്. അപ്പോൾ അദ്ദേഹം ഇത്രയും മതിയോ എന്നൊക്കെ ചോദിക്കും. അത്തരത്തിലുള്ള എലമെന്റുകളൊക്കെയുണ്ടായിട്ടുണ്ട്. പിന്നെ അദ്ദേഹത്തിന്റെ പ്രകടനത്തിലും എനിക്ക് എക്സൈറ്റ്മെന്റുണ്ടാക്കിയ ചില സ്ഥലങ്ങളുണ്ട്. അതൊന്നും ഇപ്പോൾ എനിക്ക് പറയാൻ പറ്റുന്നതല്ല. പക്ഷേ ഒരു നടൻ എന്ന തരത്തിൽ അദ്ദേഹം നമ്മളെ ഒരോ ദിവസവും എന്തെങ്കിലുമൊക്കെ കാര്യങ്ങളിൽ എക്സൈറ്റ് ചെയ്യിക്കും. ചിലപ്പോൾ ഒരു നോട്ടം കൊണ്ടായിരിക്കാം. അല്ലെങ്കിൽ ഒരു ഡയലോ​ഗിന്റെ ഇടെയിൽ ഒരു പോസ് കൊടുത്തുകൊണ്ടായിരിക്കാം അല്ലെങ്കിൽ കയ്യുടെ ചില മൂവ്മെന്റുകളായിരിക്കാം. അതിലൊക്കെ ഷൂട്ടിം​ഗ് സമയത്ത് നമുക്ക് കിട്ടുന്നൊരു ഇംപാക്ട് ഉണ്ട്. ഇതാണ് ലാൽ സാർ എന്ന് നമുക്ക് തോന്നുന്നത്. ഇതെല്ലാം സ്പോട്ട് എഡിൽ കാണുമ്പോൾ അതിന് മറ്റൊരു ഡയമെൻഷനാണ് വരുന്നത്. ഇതിന് ഇങ്ങനെയൊരു വ്യഖ്യാനമുണ്ടായിരുന്നോ എന്ന് തോന്നിപ്പോകും. ഒരോ ഡിപ്പാർമെന്റിലേക്ക് എത്തുമ്പോഴും ഒരോ മാറ്റങ്ങളാണ് അതിൽ നമുക്ക് തോന്നുക. ഞാൻ ഫസ്റ്റ് കട്ട് കാണുന്ന സമയത്ത് ഷൂട്ടിൽ ലാൽ സാർ തന്ന പല പരിപാടികൾക്കും വേറെ പല അർത്ഥങ്ങളും എഡിറ്റ് ചെയ്യുമ്പോൾ കൈവരുന്നതായി തോന്നാറുണ്ട്. ചിലപ്പോൾ ഒരു മോഹൻലാൽ ഫാൻ ആയത് കൊണ്ട് എനിക്ക് തോന്നുന്നതാവാം ഇത്. പക്ഷേ ഷൂട്ട് ചെയ്ത് കഴിഞ്ഞ ശേഷവും എനിക്ക് ആ എക്സൈറ്റ്മെന്റ് നിലനിൽക്കുന്നുണ്ട്. ഇനി ഡബ്ബിം​ഗിനും ജേയ്ക്സിന്റെ മ്യൂസിക്കിനും ശേഷം അതിന് മറ്റൊരു അർത്ഥം കൂടി വരുമെന്നാണ് എനിക്ക് തോന്നുന്നത്. അതിനെക്കാൾ തിയറ്ററിൽ ഇത് എത്തുമ്പോൾ അതിൽ നമ്മളൊന്നും കാണാത്ത മറ്റൊരു മാനം ആളുകൾക്ക് കാണാനാവുമെന്ന പ്രതീക്ഷ ലാൽ സാർ തരുന്നുണ്ട്. അതാണ് എന്റെ ഫാൻ ബോയ് മൊമെന്റ്.

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

ഭർത്താവാണ് ഡ്രൈവിങ് പഠിപ്പിച്ചത്, ഇപ്പൊ 12 വാഹനങ്ങളുടെ ലൈസൻസുണ്ട്, കൂടുതൽ ലൈസൻസുള്ള മലയാളി വനിതയായി മണിയമ്മ | Maniyamma Interview

'ഞങ്ങളോട് സംസാരിക്കാം', യാത്രാക്കാരില്‍ നിന്ന് അഭിപ്രായം തേടി ദുബായ് ആർടിഎ

പ്രായമായവരില്‍ കണ്ടിരുന്ന വയര്‍ രോഗങ്ങള്‍ യുവാക്കളില്‍ സാധാരണമാകുന്നു, കാരണമെന്ത്?

SCROLL FOR NEXT