തമിഴ് സിനിമ കണ്ട ഏറ്റവും വലിയ വിജയത്തിന് ശേഷം തുടർച്ചയായുള്ള പരാജയങ്ങൾ. 2007 മുതൽ 2011 വരെയുള്ള കാലഘട്ടം ഏതൊരു വിജയ് ആരാധകനും മറക്കാനാഗ്രഹിക്കുന്ന സമയം. മോശം സിനിമകളും പഴകിദ്രവിച്ച കഥകളുമായി വിജയ് എന്ന താരം ഭൂമിയിലേക്ക് പതിച്ച സമയം. 'വാഴ്ക്കൈ ഒരു വട്ടം ഇങ്കെ ജയിക്കിറവൻ തോപ്പാൻ തോക്കിറവൻ ജയ്പ്പാം' എന്ന തിരുമലയിലിലെ വിജയ്‌യുടെ തന്നെ ഡയലോഗിന് വച്ച് അയാളുടെ തിരിച്ചുവരവിനെ വിശേഷിപ്പിക്കുമ്പോൾ കരിയറിന്റെ രണ്ടാം ഇന്നിംഗ്സ് റീ ഇൻട്രൊഡ്യൂസിങ് വിജയ് ആയിരുന്നു. രക്ഷകൻ എന്ന വിമർശനം കൂടെയുള്ളപ്പോഴും സുറ വരെയുണ്ടായിരുന്ന വിജയ്‌യിൽ നിന്ന് കഥാപാത്രങ്ങളുടെ വേഷത്തിലും ശരീര ഭാഷയിലും തന്റെ 51-ാം ചിത്രം മുതൽ വിജയ് സ്വയം പൊളിച്ചെഴുതി.
ചീകിയൊതുക്കാതെ പാറിപ്പറന്ന ഹെയർ സ്റ്റൈലും, ഷർട്ടിന് മേൽ ഷർട്ട് ഇട്ട്, പഞ്ച് ഡയലോഗുകൾ പറയുകയും ചെയ്യുന്ന വിജയ്‌യെ അല്ല സിദ്ദിക്ക് കാവലനിൽ പരീക്ഷിച്ചത്. മലയാളത്തിൽ നിന്ന് വ്യത്യസ്തമായി കൊമേർഷ്യൽ എലെമെന്റുകൾ ഉൾപ്പെടുത്തിയപ്പോഴും സിനിമയുടെ ഭൂരിഭാഗത്തിലും വിജയയിലെ അഭിനേതാവിനെ ഉപയോഗിക്കാൻ സിദ്ധിഖിനായി. വളരെ കാലത്തിന് ശേഷം വിജയ്‌യിലെ പ്രണയനായകനെ തിരിച്ചെത്തിച്ച സിനിമയായിരുന്നു കാവലൻ. വേലായുധത്തിലൂടെ പഴയ കൊമേർഷ്യൽ നായകനിലേക്ക് മടങ്ങി പോക്ക് നടത്തിയപ്പോഴും തൊട്ടടുത്ത വർഷം നൻപനിലൂടെ എല്ലാ തരത്തിലുമുള്ള പ്രേക്ഷകരെ തിരിച്ചു പിടിച്ചുകൊണ്ട് പഴയ വിജയ് ആയി മാറി. ശങ്കറിന്റെ സംവിധാനത്തിൽ 3 ഇഡിയറ്റ്സിന്റെ റീമേക്ക് ആയ നൻപൻ അതുവരെ കണ്ട വിജയിയെ ആയിരുന്നില്ല പ്രേക്ഷകർക്ക് നൽകിയത്. വർഷങ്ങളുടെ ഇടവേളയിൽ ഒരു ഫൈറ്റൊ പഞ്ച് സംഭാഷണങ്ങളോ ഇല്ലാതെയുള്ള ഒരു വിജയ് ചിത്രം. ഓടിടി അത്ര പ്രാബല്യത്തിൽ വരാത്ത കാലത്ത്, ഹിന്ദി ഒറിജിനൽ തമിഴ് പ്രേക്ഷകരിൽ ഭൂരിഭാഗവും കാണാത്തതിനാലും നൻപൻ തമിഴിൽ വിജയം കൊയ്തു. അവിടെയും 3 മണിക്കൂർ നേരം അതും ഒരു വിജയ് എലെമെന്റുകളും ഇല്ലാതെ അയാളെ സ്‌ക്രീനിൽ കൊണ്ടുവരാൻ കാണിച്ച ധൈര്യം അസാധ്യമാണ്.
വിജയ് 2.0 അതായിരുന്നു എ ആർ മുരുഗദോസിന്റെ തുപ്പാക്കി. അതുവരെയുള്ള വിജയ് സിനിമകളെടുത്താൽ ഒരു ഗ്രാമത്തിൽ കഥ സെറ്റ് ചെയ്തു, കൂട്ടിന് നായകനെ പൊക്കിയടിക്കാനും കോമെഡിക്കുമായി സഹനടന്മാരും ഒപ്പം റൊമാൻസും ഫൈറ്റ് ഒക്കെയായി കടന്നു പോകുകയായിരുന്നു പതിവ്. എന്നാൽ തുപ്പാക്കിയിൽ മറ്റൊരു ഭാഷ സംസാരിക്കുന്ന മുംബൈ പോലൊരു മെട്രോ നഗരത്തിലേക്ക് കഥയെ പറിച്ചു നട്ട് അതുവരെ കാണാത്ത ഒരു പശ്ചാത്തലത്തിലേക്ക് വിജയ്‌യെ മുരുകദാസ് എത്തിച്ചു. തമാശക്കായി മാത്രമുള്ള കോമേഡിയന്മാരോ പാസത്തിനായി മാത്രം വരുന്ന തങ്കച്ചിയോ ഒന്നുമില്ലാതെ വിജയ്യെ മാത്രം ഫോക്കസ് ചെയ്ത പോയ ചിത്രം. രക്ഷിക്കുന്നതിന് പകരം അവിടെ വില്ലന്മാരെ കുടുക്കാൻ ഉപയോഗിച്ചത് പോലും സ്വന്തം അനിയത്തി ആയിരുന്നു. ഹെയർസ്റ്റൈലിൽ തുടങ്ങി വസ്ത്രധാരണത്തിലും സ്ലോ മോഷൻ നടത്തത്തിൽ വരെ കൊമേർഷ്യൽ സിനിമയുടെ പുതുഫോർമുല തുപ്പാക്കി രചിച്ചു. സ്ലീപ്പർ സെൽസും, പാരലൽ അറ്റാക്കുമെല്ലാം വിജയ് സിനിമകളുടെ വിഷ്വൽ ഗ്രാമറിലെ തന്നെ പുതിയ അധ്യായങ്ങളായി മാറി. അന്ന് വരെ കണ്ട ലൗഡ് വിജയ്‌യിൽ നിന്നും വളരെ ശാന്തമായി പെരുമാറുന്ന ക്യാപ്റ്റൻ ജഗദീഷ് എന്ന പട്ടാളക്കാരൻ. പുകമറക്കുള്ളിൽ നിന്നും ഹാരിസ് ജയരാജിന്റെ പശ്ചാത്തലസംഗീതത്തിലൂടെ തെളിഞ്ഞുവരുന്ന വിജയ് അന്നുവരെ കണ്ടിട്ടില്ലാത്ത പുതിയൊയൊരു ഇളയതലപതിയിലേക്കുള്ള പ്രയാണത്തിന്റെ തുടക്കമായിരുന്നു. തൊട്ടടുത്തെത്തിയ കത്തിയും സൂപ്പർതാര ഇമേജിനൊപ്പം വിജയയിലെ അഭിനേതാവിനെയും ചൂഷണം ചെയ്യുകയായിരുന്നു. ചിത്രത്തിന്റെ ഫ്ലാഷ് ബാക്കിൽ പോലീസ് സ്റ്റേഷനിൽ വിവസ്ത്രനാക്കിയിരുത്തുന്ന ജീവനന്ദത്തെ വിജയ് അവതരിച്ചപ്പോൾ സൂപ്പർതാര ഇമേജ് അവിടെ പൊളിഞ്ഞു വീഴുകയായിരുന്നു. കതിരേശൻ പഞ്ച് ഡയലോഗും ആക്ഷനുമൊക്കെയായി കൊമേർഷ്യൽ സ്വഭാവം നിലനിർത്തിയപ്പോഴും ജീവാനന്ദം അതിൽ നിന്ന് വിഭിന്നമായൊരു നായകനായി. വിജയ്‌യിൽ മാത്രം ഒതുങ്ങാതെ മറ്റു കഥാപാത്രങ്ങളിലൂടെയും കത്തി സഞ്ചരിച്ചതും ഒരു ചേഞ്ച് ആയിരുന്നു.
വിജയ് എന്ന കൊമേർഷ്യൽ നായകന്റെ മാർക്കറ്റ് വാല്യൂവിനെ ഉപയോഗിച്ച് ചെയ്യുന്ന സിനിമകൾ അക്കാലയളവിൽ ഇറങ്ങുന്നുണ്ടായിരുന്നു എങ്കിലും സുറക്ക് മുൻപ് വരെയുള്ള രീതികൾ വിജയ് സിനിമകളിൽ അപ്രത്യക്ഷമായികൊണ്ടിരുന്നു. പാട്ടുകളിലെ അമിത ഗ്ലാമറും, ഡബിൾ മീനിങ് സംഭാഷങ്ങളും, അവിശ്വസിനീയമായ സ്റ്റണ്ട് എല്ലാം വിജയ് സിനിമകളിൽ നിന്ന് പതിയെ പതിയെ കാണാതെയായി. ശിവകാശിയിൽ അസിന്റെ വസ്ത്രത്തെ ആക്ഷേപിക്കുന്ന സീനിൽ നിന്ന് മാസ്റ്ററിൽ വസ്ത്രമല്ല ഒരു സ്ത്രീ വയലേറ്റഡ് ആകാനുള്ള കാരണമെന്ന് നീണ്ട മോണോലോഗ് പറയുന്ന സീനിലേക്ക് വിജയ് ഒരുപാട് ദൂരം സഞ്ചരിച്ചിട്ടുണ്ട്. തന്നെ തിരുത്തിപ്പറയുന്ന ഒരു മാസ്സ് ഹീറോയ്ക്ക് ചെയ്യാനൊരുപാടുണ്ട് എന്ന് വിജയ് തെളിയിക്കുന്നു.
ആരെയും ഭയാകാത്ത, രക്ഷകനാകുന്ന, ഒരു നായകന്റെ സർവ ഗുണ സ്വഭാവങ്ങളും ഉണ്ടാകുന്ന വിജയ് കഥാപാത്രങ്ങളിൽ നിന്ന് സദാസമയം മദ്യത്തിന് അടിമയായ, ചുറ്റും എന്ത് നടക്കുന്നു എന്നറിയാത്ത ജെഡി എന്ന കഥാപാത്രത്തിലേക്ക് വിജയ് മാറി. ഹീറോയിക് ആയ നായകന് പകരം വളരെ flawed, vulnerable ആയ മാസ്റ്ററിലെ ജെഡി ഒരു ടിപ്പിക്കൽ വിജയ് നായകനല്ല. അയാളുടെ അശ്രദ്ധ മൂലം രണ്ട് കുട്ടികൾ മരണപ്പെടുന്നുണ്ട്. എന്തിനും ഏതിനും പൊടുന്നനെ റിയാക്റ്റ് ചെയ്യുന്ന നായകനിൽ നിന്ന് എല്ലാത്തിനോടും മടുപ്പുള്ള നായകനായി അയാൾ മാറി. ഒരുപക്ഷെ വിജയ് നായകന്മാരിൽ കൃത്യമായ ഒരു ക്യാരക്ടർ ആർക്ക് ഉള്ളത് ജെഡിക്ക് ആകും. ആദ്യ പകുതിയിലെ അയാളുടെ വീഴ്ചയാണ് രണ്ടാം പകുതിയിലെ അയാളുടെ മാറ്റത്തിലേക്ക് വഴിവക്കുന്നത്.
ലോകേഷ് കനകരാജ്, നെൽസൺ, ആറ്റ്ലീ തുടങ്ങിയ തമിഴിലെ പുതുനിര സംവിധായകർക്കൊപ്പം വിജയ് കൈകോർക്കാൻ ആരംഭിച്ചതോടെ മാറ്റത്തിനൊപ്പം സഞ്ചരിക്കാൻ വിജയ്‌യ്ക്കായി. ആക്ഷൻ സീനുകൾ ചെയ്യുമ്പോഴും വളരെ ഫാമിലി ഫ്രണ്ട്ലി ആയി അവയെ കൊണ്ടുപോകാൻ വിജയ് ശ്രമിച്ചിരുന്നു. തനിക്കുള്ള ഫാമിലി പ്രേക്ഷകരുടെയും കുട്ടികളുടെയും ഫാൻ ബേസ് ആയിരുന്നു അതിന് കാരണം. എന്നാൽ ലിയോയിൽ രക്തം ചൊരിയുന്ന ആക്ഷൻ സീനുകളാൽ സമ്പന്നമായിരുന്നു. പതിവ് രീതിയിൽ നിന്ന് മാറി വളരെ വയലന്റ്റ് ആയ നായകനായി വിജയ്. സോൾട്ട് ആൻഡ് പേപ്പർ ലുക്കിൽ അവതരിക്കപ്പെടുമ്പോഴും ശരീരം മുഴുവൻ രക്തവുമായി നിൽക്കുന്ന വിജയ്‌യെ അതുവരെ കണ്ടതിൽ നിന്നയു ഏറെ വ്യത്യസ്തനായിരുന്നു. തുപ്പാക്കി മുതൽ ലിയോ വരെയുള്ള സിനിമകളിൽ വില്ലന്മാർക്കും നായകനൊപ്പം അതെ സ്ഥാനം നല്കിത്തുടങ്ങിയതും വിജയ് സിനിമകളിലെ മാറ്റമാണ്. ഭവാനിയും, തുപ്പാക്കിയിലെ വിദ്യുത് ജംവാലും, കത്തിയിലെ ചിരാഗും, മെർസലിലെ ഡാനിയൽ ആരോഗ്യരാജുമെല്ലാം വിജയ്ക്ക് ഒപ്പം കട്ടക്ക് നിന്ന വില്ലന്മാരാണ്. പലപ്പോഴും സിനിമയിൽ സ്കോറും ചെയ്തതും പോലും ഇവരാണ്.
ആദ്യ ദിന ആഘോഷങ്ങളോ ടീസറിനും ഫസ്റ്റ് ലൂക്കിനുമായുള്ള കാത്തിരിപ്പുകളും ഇനി അധികനാളില്ല. രാഷ്ട്രീയ ജീവത്തിലേക്ക് പുതിയ കാൽവെപ്പ് വിജയ് നടത്തുമ്പോൾ അവിടെയും സിനിമയിലെന്നപോലെ മാറ്റങ്ങൾ കൊണ്ടുവരാൻ വിജയ്കാക്കട്ടെ. ദി ഗ്രെറ്റസ്റ്റ് ഓഫ് ഓൾ ടൈമിനും, ദളപതി 69 എല്ലാം ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്നതും അതുകൊണ്ട് തന്നെയാണ്