Filmy Features

എന്താണ് RDX സക്സസ് ഫാക്റ്റർ ?

രാഹുല്‍ ബാബു

ഓരോ ആക്ഷനും ഒരു സ്റ്റൈൽ ഉണ്ട് ഇമോഷൻ ഉണ്ട് പ്രതികാരത്തിന്റെയോ വൈരാഗ്യത്തിന്റെയോ ദേഷ്യത്തിന്റെയോ പിൻബലമുണ്ട്. ഇടിക്കുന്ന ഓരോ പഞ്ചിലും കാണുന്ന പ്രേക്ഷകനിൽ ആവേശം ഉളവാക്കാൻ അവക്ക് സാധിക്കണം. അവിടെയാണ് നഹാസ് ഹിദായത്തിന്റെ ആർ ഡി എക്സ് ഫുൾ മാർക്ക് നേടുന്നത്. കൊമേർഷ്യൽ സാധ്യതകളെ അതിനെ പരമാവധി ഉപയോഗിച്ച് ഒരു ലാർജർ താൻ ലൈഫ് വേൾഡ് നിര്മിക്കുമ്പോഴും അതിൽ കാഴ്ചക്കാരെ പിടിച്ചിരുത്തും വണ്ണം ഇമോഷണൽ ബാക് അപ്പ് നഹാസ് കൃത്യമായി ഉപയോഗിക്കുന്നുണ്ട്. ആ ഇമോഷണൽ ബാക്ക് അപ്പ് തന്നെയാണ് സിനിമയെ വിജയത്തിലേക്ക് നയിച്ചതും ബോക്സ് ഓഫീസിൽ 80 കോടിയോളം നേടി ഓണം വിന്നർ ആകാൻ സിനിമയെ സഹായിച്ചതും.

ആക്ഷൻ സിനിമകൾക്ക് എന്നും പ്രേക്ഷകരുണ്ട്. അതിൽ തന്നെ രണ്ട് തരം സിനിമകളുണ്ട്. ഒന്നിൽ നായകന്റെ ഉയർത്തെഴുന്നേൽപ്പും തിരിച്ചുവരവും അയാളുടെ പ്രതികാരവുമെല്ലാം കാണികൾക്ക് എന്നും ആവേശമാണ്. എന്നാൽ രണ്ടാമത്തേതിൽ നായകന്റെ അടിയാണ് ഹൈലൈറ്റ്. ആദ്യത്തെ കാറ്റ​ഗറി സിനിമകൾ എല്ലാ ഇടവേളകളിലും തിയറ്ററിലെത്തിയിരുന്നു. സൂപ്പർതാരങ്ങൾ ജനിച്ചതും തിയറ്ററുകൾ ഇളക്കി മറിക്കപ്പെട്ടതുമെല്ലാം ആ സിനിമകളിൽ തന്നെയായിരുന്നു. സമീപ കാലത്ത് തന്നെ നോക്കിയാൽ കേരളത്തിലെ തിയറ്ററുകളിൽ ഹിറ്റായ വിക്രമും, ജയിലറുമെല്ലാം വർക്ക് ആയതും ഇതൊക്കെ കൊണ്ടുതന്നെയാണ്. തന്റെ മകനെ കൊന്നവർക്കെതിരെ പ്രതികാരത്തിനാണ് വിക്രത്തിലെ ഏജന്റ് വിക്രവും ജയിലറിലെ മുത്തുവേൽ പാണ്ഡ്യനും കളത്തിലിറങ്ങിയതെങ്കിൽ തന്റെ കുടുംബത്തെ ഉപദ്രവിച്ചവരെയാണ് റോബെർട്ടും ഡോണിയും സേവ്യറും തേടിയിറങ്ങുന്നത്. ഈ മൂന്ന് സിനിമകളെയും ഒരുമിപ്പിക്കുന്നതും കുടുംബത്തിനോടുള്ള ഇമോഷൻസ് ആണ്. അതും ചെറിയ നിമിഷം കൊണ്ട്, പ്രേക്ഷകരെ ഫീൽ ചെയ്യിക്കാൻ സിനിമയ്ക്ക് കഴിഞ്ഞു. അതിനൊപ്പം കൂട്ടത്തിലൊരുത്തനെ തൊട്ടതിന് കൊച്ചിൻ കാർണിവൽ നിർത്തിച്ച ടീമാണെന്ന് നായകന്മാരെ ക്കുറിച്ച് പറയുമ്പോൾ വെറുമൊരു ബിൾഡപ്പിനപ്പുറം അവർക്കതിന് സാധിക്കുമെന്ന് നമുക്കറിയാം.

എന്നാൽ ആർഡിഎക്സ് രണ്ടാമത് പറഞ്ഞ അടിപ്പടം എന്ന കാറ്റ​ഗറിയിലാണ് പ്രേക്ഷകരെ സർപ്രൈസ് ചെയ്യിച്ചത്, ഒരു ഫുൾ ആക്ഷൻ സിനിമയ്ക്ക് ടിക്കറ്റെടുക്കുമ്പോഴും ഇത്രയും വ്യത്യസ്തമായ ഫൈറ്റുകൾ, അതിന്റെ സ്റ്റൈലൈസ്ഡ് ഫോർമാറ്റ് എന്നിവ പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ അതിന് ടിക്കറ്റെടുത്ത ഓരോരുത്തർക്കും പണ്ട് ഒരുപാട് സിനിമകളിൽ കണ്ട ഒരു ബാബു ആന്റണി കിക്കും, കരാട്ടേ മൂവ്മെന്റും വീണ്ടും ഒരിക്കൽ കൂടിയെന്നൊരു സ്വപ്നമുണ്ടായിരുന്നു. അത് ചിത്രം പൂർണമായും സാധിച്ചുകൊടുക്കുന്നു.

ആർ ഡി എക്സിന്റെ വിജയത്തിൽ ഒഴിച്ചുകൂടാനാകാത്ത പങ്കുള്ള ഒരാളുണ്ട്. സൊഫീയ പോൾ എന്ന നിർമാതാവ്. ടൈറ്റിലിൽ വീക്കെൻഡ് ബ്ലോക്കബ്സ്റേഴ്സ് എന്ന് തെളിയുമ്പോൾ പ്രേക്ഷകർക്ക് ലഭിക്കുന്നത് ഇതൊരു നല്ല ചിത്രമാണ് എന്ന ഗ്യാരന്റിറ്റിയാണ്. ആ പ്രതീക്ഷതന്നെയാണ് പ്രേക്ഷകർക്ക് ആർ ഡി എക്സിൽ ഉണ്ടായിരുന്നതും. ആ പ്രതീക്ഷകൾക്ക് ഒട്ടും മങ്ങൽ ഏൽക്കാതെ സിനിമ അവസാനിക്കുകയും ചെയ്തു.

അൻബറിവ്‌ ഇല്ലാതെ ആർ ഡി എക്സ് പൂര്ണമാകില്ല. കാരണം തൊട്ടാൽ പറക്കുന്ന ഇടികൾക്കപ്പുറം ആക്ഷന് ഒരു സ്റ്റൈൽ അൻബറിവ്‌ ആർ ഡി എക്സിലെ ഫൈറ്റുകൾക്ക് നൽകിയിട്ടുണ്ട്. മാർഷ്യൽ ആർട്സിന്റെ പിൻബലത്തിൽ നീരജിന് നഞ്ചക്കും പെപ്പെക്ക് ബോക്സിങ്ങും ഷൈനിന് കരാട്ടെയിലൂടെയും ഓരോ ഫൈറ്റുകളും ഒന്നിൽ നിന്ന് വ്യത്യസ്തമാകാൻ ശ്രദ്ധിച്ചിട്ടുണ്ട്. നായകന്മാർ അഞ്ച് പേരെ ഒറ്റക്കടിച്ചിടുമ്പോൾ കാണുന്നവർക്ക് അതൊരു അസാധ്യമല്ലെന്ന് തോന്നിക്കാൻ ഫൈറ്റിന് സാധിച്ചു എന്നിടത്താണ് ഒരു ആക്ഷൻ സിനിമയുടെ വിജയം. അതിൽ ആവർത്തനങ്ങളില്ലാതെ, എല്ലായിപ്പോഴും അവരെ അമാനുഷികർ മാത്രമാക്കി നിർത്താതെ അടിയും തിരിച്ചടിയും അൻപറിവ് കംപോസ് ചെയ്തിരിക്കുന്നു. പൊടിപറക്കലോ, സ്ലോ മോഷൻ വീഴ്ചയോ മാത്രമല്ല അതിനപ്പുറത്തേക്ക് ഫെെറ്റിന്റെ സാധ്യതകൾ അവർ ഉപയോ​ഗിച്ചിട്ടുണ്ട്.

ആന്റണി വർ​ഗീസ് എന്ന നായകന്റെ ആദ്യ ഇടിമുതൽ , ആ ഇടിക്കു ഒരു കിൻറ്റൽ വെയ്റ്റ് ആണെന്ന് പ്രേക്ഷകർക്ക് തോന്നും, ഷൈന്റെ ഓരോ കിക്കുകൾക്കും നീരജിന്റെ നഞ്ചക്കിന്റെ പ്രയോ​ഗത്തിനുമെല്ലാം പരമാവധി സ്റ്റൈലും ആക്ഷനും പ്രേക്ഷകർക്ക് മുന്നിലുണ്ട്. എന്നാൽ അതിനൊപ്പം നായകനെ മാസ്സാക്കുന്ന, നായകന്റെ അടിയ്ക്ക് കനം തോന്നിപ്പിക്കുന്ന വില്ലന്മാരുടെ കരുത്ത് തന്നെയാണ് സിനിമയുടെ മറ്റൊരു കരുത്ത്. അടിക്കെടാ എന്ന് പ്രേക്ഷകന് വിളിച്ച് പറയാൻ തോന്നണമെങ്കിൽ , അടിക്കാൻ തോന്നുന്നൊരാളെ സ്ക്രീനിൽ കാണാണം. അതുണ്ടാക്കിയെടുക്കാൻ സിനിമയ്ക്ക് തുടക്കനേരം കൊണ്ട് തന്നെ കഴിയുന്നു എന്നതാണ് സിനിമയുടെ വിജയത്തിന്റെ പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന്. വില്ലൻ ​ഗാങ്ങിൽ ഓരോരുത്തരും അത്രമേൽ പവർഫുള്ളാണ്. അതിൽ പലരെയും സ്ക്രീനിൽ കണ്ടത്ര പരിചയം പ്രേക്ഷകർക്ക് തോന്നുന്നില്ലെങ്കിലും മറന്ന് പോകാത്ത വിധത്തിൽ, അടിക്ക് വെയ്റ്റ് ചെയ്യേണ്ട വിധത്തിൽ കാത്തിരിക്കാൻ സിനിമ പ്രേക്ഷകനെ ഓർമിപ്പിക്കുന്നു.

ഇതിന്റെയെല്ലാം ഒപ്പം സാം സി എസ് എന്ന സംഗീത സംവിധായകന്റെ ബാക്ക്ഗ്രൗണ്ട് സ്കോർ. തന്റെ കുടുംബത്തിനായി വർഷങ്ങൾക്ക് ശേഷം തിരിച്ചുവരുന്ന ഷൈനിന്റെ റോബർട്ട് ബസ്സിൽ നിന്നിറങ്ങുന്ന സീനിലാകട്ടെ കോളനിയിൽ പെട്ടുപോകുന്ന സുഹൃത്തുക്കളെ രക്ഷിക്കാനെത്തുന്ന സേവിയർ ആകട്ടെ, ഇവരുടെ വരവിനെ പൂർണമാകുന്നത് സാം സി എസ്സിന്റെ പ്രേക്ഷകർക്ക് ഹൈ നൽകുന്ന സ്കോറാണ്.

90 കളിലേക്ക് ഒരു മടങ്ങി പോക്കാണ് ആർ ഡി എക്സ്. കാലഘട്ട നിർമിതിയിലും വസ്ത്ര ധാരണത്തിലും, ഹെയർ സ്റ്റൈലിലും 90 കളെ അനുസ്മരിപ്പിക്കാൻ ആർ ഡി എക്സിന് ആകുന്നുണ്ട്. അന്നത്തെ ഏതൊരു ഡാൻസ് പ്രോഗ്രാമിന്റെയും ഭാഗമായ ശശികല ചാർത്തിയ ദീപവലയവും യോദ്ധായിലെ കുനു കുനെയുമെല്ലാം ആർ ഡി എക്സിന്റെ കഥാഗതിയിൽ ഭാഗമാകുന്നുണ്ട്. എന്നാൽ ആ തിരിച്ചു പോക്കിൽ പൂർണത കൈവരുന്നത് കാത്തിരുന്ന ക്ലൈമാക്സ് ഫൈറ്റിലാണ്. എതിരാളിയുടെ ചവിട്ടേറ്റ് നീരജിന്റെ നഞ്ചക് ആകാശത്തിൽ ഉയർന്ന പൊങ്ങി ബാബു ആന്റണിയുടെ കൈകളിൽ വന്ന് വീഴുമ്പോൾ ഒരു കാലഘട്ടത്തിന്റെ മുഴുവൻ ഓര്മയിലേക്കാണ് നഹാസ് കൊണ്ടെത്തിച്ചത്. നിമിഷ നേരം മാത്രമായിരുന്നുവെങ്കിലും ബാബു ആന്റണി എതിരാളികളെ നഞ്ചക്കിനാൽ അടിച്ച് വീഴ്‌ത്തുന്ന സീനിൽ ഏതൊരു 80 സ് 90 സ് കിഡ്സിനും രോമാഞ്ചം ഉണ്ടായിട്ടുണ്ടാകും. അത്രയും നേരം നായകന്മാർക്ക് കിട്ടിയ കൈയ്യടിയുടെ പതിന്മടങ്ങ് അയാൾ ക്ലൈമാക്സിൽ നേടിയെടുത്തു. ബാബു ആന്റണി നായകന്മാരുടെ കൂടായാണെങ്കിൽ സമാധാനമാണ് എന്ന് പറഞ്ഞിരുന്ന ജനറേഷനെ ആ നിമിഷത്തിൽ അക്ഷരംപ്രതി ശരിവച്ചുപോകും.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT