Filmy Features

‘മുട്ടനാടിന്റെ ചങ്കിലെ ചോര ജീവന്‍ടോണ്‍’, കാല്‍നൂറ്റാണ്ടിലേക്ക് ചാടിയിറങ്ങുന്ന ആട് തോമ 

മനീഷ് നാരായണന്‍
ചാക്കോമാഷിനെ ജീവിതത്തിന്റെ ഗണിതം പഠിപ്പിച്ച ഓട്ടക്കാലണയുടെ വിലയുള്ള ഊരുതെണ്ടി 

നാടിന് മുട്ടനാടിന്റെ ചങ്കിലെ ചോര കുടിക്കുന്ന ആട് തോമ, ചങ്ങാതികള്‍ക്ക് ചങ്ക് കൊടുക്കുന്നവന്‍, മകളെ ചോര കൊടുത്ത് ജീവിതത്തിലേക്ക് തിരികെയെത്തിച്ച ദൈവം. അച്ഛന്‍ ചാക്കോ മാഷിന് കണക്കിലും കണക്കുകൂട്ടലിലും ഒരു പോലെ പിഴച്ച ഊരുതെണ്ടിയായ ഓട്ടക്കാലണ. ഭൂഗോളത്തിന്റെ സ്പന്ദനമാണ് മാത്തമാറ്റിക്‌സ് എന്ന് വിശ്വസിക്കുകയും അത് തല്ലിപ്പഠിപ്പിക്കുയും ചെയ്ത ചാക്കോ മാഷിനെ ഒടുവില്‍ ജീവിതത്തിന്റെ ഗണിതശാസ്ത്രം പഠിപ്പിച്ചെടുക്കാന്‍ ആ ഒന്നരച്ചക്രത്തിന്റെ ഗുണ്ട വേണ്ടിവന്നു. മീശ പിരിച്ചും മുണ്ട് മടക്കിക്കുത്തിയും ആഘോഷിക്കപ്പെട്ട പല മോഹന്‍ലാല്‍ കഥാപാത്രങ്ങളിലുമുള്ള അതിഭാവുകത്വവും അതിനായകത്വവും അകലെ നില്‍ക്കുന്ന കഥാപാത്രസൃഷ്ടിയാണ് തോമസ് ചാക്കോ എന്ന ആട് തോമ. അവതരണത്തിലും കഥാപാത്രസൃഷ്ടിയിലുമെല്ലാം റിയലിസ്റ്റിക് ഫീല്‍ സമ്മാനിച്ച സിനിമ.

ആട് തോമയാകാന്‍ സ്‌കൂള്‍ കുട്ടികള്‍ വീട്ടുകാരറിയാതെ ട്രെയിന്‍ കയറിയെന്ന വിവാദം അന്ന് കേട്ടിരുന്നു. ചാക്കോ മാഷിനുള്ള തിരുത്തല്‍ മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും മാതൃകയാകേണ്ടിടത്ത് ആട് തോമയിലെ ഹീറോയിസം കുട്ടികളുടെ ആകര്‍ഷണമായി മാറിയെന്നതാവാം. കവലച്ചട്ടമ്പിയുടെ മാനസാന്തരമല്ല, മകനിലെ സവിശേഷമായ കഴിവുകളെ മനസിലാക്കാതെ സ്വന്തം ആഗ്രഹത്തിന്റെയും ശാഠ്യത്തിന്റെ വഴിയെ അവനെ നടത്താന്‍ ശ്രമിച്ച് ഒടുക്കം റൗഡിയാക്കി മാറ്റിയ പ്രസിഡന്റ് മെഡല്‍ നേടിയ മാതൃകാധ്യാപകന്റെ പരിവര്‍ത്തനമാണ് സഫടികം എന്ന് ഭദ്രന്‍ തന്നെ പറഞ്ഞിട്ടുണ്ട്. വെടിവച്ചാല്‍ പൊട്ടാത്ത കരിമ്പാറയെന്ന് സ്വയം വിശേപ്പിക്കുന്ന തോമാ ഉള്ളില്‍ തെളിനീരൊഴുകുന്ന സാധുമനുഷ്യനാണെന്ന് പൊന്നമ്മയായ മേരിക്ക് മുന്നിലും, ഉപ്പുകല്ലില്‍ കരഞ്ഞ കൂട്ടുകാരന് വെള്ളം നല്‍കിയ തുളസിക്ക് മുന്നിലും, ഫാദര്‍ ഒറ്റപ്ലാക്കന് മുന്നിലും എത്തുമ്പോള്‍ വെളിപ്പെടുന്നുണ്ട്. ആട് തോമയുടെ ഇടവും, ബലവും, ദൗര്‍ബല്യവും ഗംഭീരമായി ക്യാമറയില്‍ പകര്‍ത്തിയ ജെ വില്ല്യംസും എസ് കുമാറും, തോമയുടെ എവര്‍ഗ്രീന്‍ പഞ്ച് ഡയലോഗുകള്‍ക്ക് കരുത്തായും, സിനിമയുടെ ഭാവത്തോട് ലയിച്ചും പശ്ചാത്തലമൊരുക്കിയ എസ് പി വെങ്കിടേഷും ഈ സിനിമ എക്കാലവും സ്വീകാര്യമായതില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്.

സ്ഫടികത്തെക്കുറിച്ചും, മനോഹരമായ സംഭാഷണങ്ങളെക്കുറിച്ച് അതെഴുതിയ ഡോ രാജേന്ദ്രബാബുവിനോട് ആറ് വര്‍ഷം മുമ്പ് കുറേ നേരം സംസാരിച്ചിരുന്നു. ഭദ്രന് അത്രമാത്രം അടുപ്പമുള്ള, ആഴത്തില്‍ അറിയാം ആട് തോമയെ അത് എഴുത്തില്‍ സഹായിച്ചെന്നാണ് അന്ന് ബാബു സാര്‍ പറഞ്ഞത്. ഒരു കല്‍പ്പിത കഥാപാത്രമാണെന്ന് വിശ്വസിക്കാത്തതിനാല്‍, കേവലം പഞ്ച് ഡയലോഗ് ആവരുതെന്നും തോമയുടെ ഉള്ളറിയുന്ന സംഭാഷണങ്ങളാവണെന്നും നിര്‍ബന്ധമായിരുന്നുവെന്നും അന്ന് പറഞ്ഞിരുന്നു. മിനിമല്‍ സംഭാഷണങ്ങളായിരുന്നില്ല സ്ഫടികത്തിലേത്, കൂടുതലും മെറ്റഫര്‍ സ്വഭാവത്തില്‍ വായിച്ചെടുക്കാന്‍ വേണ്ടി സൃഷ്ടിച്ചതാണെന്നും തോന്നിയിട്ടുണ്ട്. ഒരിക്കലും ഒരു രണ്ടാം ഭാഗം ഉണ്ടാവരുതെന്ന് ആഗ്രഹിക്കുന്ന സിനിമയുമാണ് സ്ഫടികം.

മോഹന്‍ലാല്‍ എന്ന നടന്റെ ക്രൗഡ് പുള്ളര്‍ സ്‌ക്രീന്‍ പ്രസന്‍സിനെ ഏറ്റവും നന്നായി മുതലെടുത്ത ചിത്രവുമാണ് സ്ഫടികം. മറ്റൊരു മാസ് സിനിമയിലും അഭിനേതാവ് എന്ന നിലയില്‍ മോഹന്‍ലാല്‍ ആട് തോമയോട് മുട്ടാനാകുന്ന പ്രകടനം കാഴ്ച വച്ചിട്ടില്ല. അവഗണയുടെയും തിരസ്‌കാരത്തിന്റെ വേദനയെ ഉള്‍പ്പേറുന്ന ശരീരഭാഷയിലും കരുത്തിനെ ആവാഹിക്കുന്ന ഭാവപ്പകര്‍ച്ചകളിലും ആക്ഷന്‍ സീക്വന്‍സുകളിലെല്ലാം തകര്‍ത്തഭിനയിച്ചിരുന്നു മോഹന്‍ലാല്‍. തിലകന്‍ എന്ന നടന്‍ മോഹന്‍ലാലിനൊപ്പം പ്രകടനത്തില്‍ മത്സരിച്ച സിനിമയുമാണ് സ്ഫടികം.

സ്ഫടികത്തിന് രണ്ടാം ഭാഗം ആലോചിക്കില്ലെന്ന് ആവര്‍ത്തിച്ചിരുന്നു സംവിധായകന്‍ ഭദ്രന്‍. നിര്‍മ്മല്‍ സുധാകരനോടുള്ള സംഭാഷണത്തില്‍ ഭദ്രന്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു. ”’സ്ഫടികം’ ഇറങ്ങി ഏതാണ്ട് രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ നിര്‍മ്മാതാവ് ഗുഡിനൈറ്റ് മോഹന്‍ ഒരു ഓഫറുമായി വന്നു. എനിക്ക് ഒരു മെര്‍സിഡിസ് ബെന്‍സ് നല്‍കാന്‍ പോവുകയാണെന്ന് അദ്ദേഹം പറഞ്ഞു. വെറും ബെന്‍സല്ല, ഇന്ത്യാ മഹാരാജ്യത്ത് ആദ്യമായി നിര്‍മ്മിച്ച ബെന്‍സ്.. അദ്ദേഹം ആറ് മാസം ഉപയോഗിച്ചിട്ടുണ്ട്. അത് എനിക്ക് തരാന്‍ പോവുകയാണെന്ന് പറഞ്ഞു. നല്ല കാര്യമെന്ന് ഞാനും പറഞ്ഞു. എന്നിട്ടദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘നിങ്ങള്‍ സ്ഫടികം രണ്ടാം ഭാഗം എടുക്കുന്നു’ എന്ന്. അദ്ദേഹത്തിന് രണ്ട് ആവശ്യങ്ങളേ ഉണ്ടായിരുന്നുള്ളൂ. ഒന്ന് മോഹന്‍ലാലിനെ റെയ്ബാന്‍ ഗ്ലാസ് വെപ്പിക്കണം. ചുവപ്പും കറുപ്പും വസ്ത്രം ധരിപ്പിക്കണം. രണ്ടാമത് തുണി പറിച്ച് അടിക്കണം. ഞാന്‍ കുറച്ചുനേരം ഒന്നും മിണ്ടിയില്ല. എന്നിട്ട് ചിരിച്ചു. അദ്ദേഹം ചോദിച്ചു എന്തിനാണ് ചിരിക്കുന്നതെന്ന്. ‘you have not understood’ എന്ന് ഞാന്‍ പറഞ്ഞു. അതെന്താണ് അങ്ങനെയെന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു, തോമ ഉടുത്തിരുന്ന ചുവപ്പ് അവനിലെ പരാക്രമിയുടെ രക്തമായിരുന്നു. മങ്ങിപ്പോയ അവന്റെ ജീവിതമാണ് കറുപ്പ്. പിന്നെ അടിച്ച് തുണിപറിക്കുന്നത്. അത് ഞങ്ങള്‍ കിഴക്കന്മാര്‍ അങ്ങനെയാ. പക്ഷേ അവസാനം ആട് തോമ ഇതെല്ലാം എന്നെന്നേക്കും ഉപേക്ഷിക്കുകയല്ലേ? രാവുണ്ണി മാസ്റ്റര്‍ തന്റെ മകളെ കൈപിടിച്ചേല്‍പ്പിച്ച് ഇനി നീ ആ വഴിക്ക് പോകരുത് എന്നല്ലേ പറയുന്നത്? അവന്റെ ലോറിയുടെ നെറ്റിയില്‍ ‘ചെകുത്താന്*’ എന്ന് എഴുതിവെച്ച ചാക്കോ മാഷ് അത് തിരുത്തി മകന് ‘സ്ഫടിക’മായിരുന്നു എന്ന് തിരിച്ചറിയുന്നില്ലേ?

അയാള് ജയിലില് നിന്നിറങ്ങും. പക്ഷേ പുറത്തിറങ്ങുമ്പോള് അയാള്‍ക്കൊരു പെണ്ണുണ്ട്. അയാളെ പൂര്‍ണമായി മനസിലാക്കിയ ഒരുവള്‍.. ‘വെടിവെച്ചാല് പൊട്ടുന്ന കരിമ്പാറയെ നീ ഒന്ന് കുലുക്കിയെടീ’ എന്നാണ് തോമ അവളോട് പറഞ്ഞത്. അങ്ങനെ മനുഷ്യബന്ധങ്ങളുടെ എത്രയെത്ര തലങ്ങളുണ്ട് അതില്.. നിങ്ങള് അത് മനസിലാക്കിയിട്ടില്ല എന്ന് മോഹനോട് ഞാന് പറഞ്ഞു. ഒരു റൗഡിയെക്കുറിച്ചുള്ള സിനിമയല്ലല്ലോ അത്. ബെന്‌സൊന്നും എനിക്ക് എക്‌സൈറ്റ്‌മെന്റ് അല്ലെന്നും ഞാന് പറഞ്ഞു. കുട്ടിക്കാലം തൊട്ടേ ബെന്‌സിലും കാഡിലാക്കിലും ഡ്യൂക്കിലുമൊക്കെ നമ്മള് കയറിയിട്ടുണ്ട്. ബെന്‌സിലൊന്നുമല്ല കാര്യം.

സ്ഫടികം 25 വര്‍ഷം പിന്നിടുമ്പോഴും ആട് തോമയെക്കാള്‍ ആരവമുയര്‍ത്തിയൊരു മോഹന്‍ലാല്‍ മാസ് കഥാപാത്രം പിറന്നിട്ടില്ല. അതുകൊണ്ടാണ് പുത്തന്‍ റെയ്ബാന്‍ ഗ്ലാസിട്ട് ചുവപ്പോ കറുപ്പോ ഷര്‍ട്ടില്‍ മുണ്ടുടുത്ത് ബുള്ളറ്റില്‍ പായുമ്പോള്‍, ആഘോഷദിനങ്ങളില്‍ അതൊരു ആട് തോമാ അനുകരണമാകുന്നത്. പ്രേമം എന്ന സിനിമയില്‍ നായകന്‍ ജോര്‍ജ്ജിന് റഫറന്‍സായി കാമ്പസില്‍ കടന്നുകൂടിയതും ആട് തോമയാണ്. പ്രേമം അനുകരണമായി കാമ്പസിലെത്തിയപ്പോള്‍ മുണ്ടു മടക്കിക്കുത്തി, കറുത്ത ഷര്‍ട്ടിട്ട് മീശ പിരിച്ചവര്‍ ചെകുത്താന്‍ ലോറിയെ കൂടി കലാലയമുറ്റത്തേക്ക് കൊണ്ടുവന്നു. ഓട്ടക്കാലണയും ഒന്നരച്ചക്രത്തിന്റെ ഗുണ്ടയുമായ ആട് തോമയെ അനുകരിക്കാനല്ല അയാളെ മുണ്ടുടുപ്പിച്ച് മകളുടെ കൈകളില്‍ ഏല്‍പ്പിച്ച് ചെകുത്താന് പകരം സ്ഫടികമെന്നെഴുതിയ ലോറിയുമായി പുതിയ ജീവിതത്തിലെത്തിക്കാനാണ് ഭദ്രനും ചാക്കോ മാഷും ഒരു പോലെ ആഗ്രഹിച്ചത്. സ്ഫടികത്തിന് രണ്ടാം ഭാഗം ആഗ്രഹിക്കാത്തത് തോമാ റൗഡിയല്ല, തുളസിയെ വിവാഹം ചെയ്ത് സാധാരണ ജീവിതം നയിക്കുന്ന തോമസ് ചാക്കോയായി മാറിയെന്ന് സംവിധായകന് ബോധ്യമുള്ളതിനാലാണ്. ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിലോ, സയന്‍സിലോ, എഞ്ചിനിയറിംഗിലോ മെഡിസിനിലോ ഒക്കെ ആണെന്ന് അടിയുറച്ച് വിശ്വസിച്ച് മക്കളെ സമ്മര്‍ദ്ദപ്പെരുക്കത്തിലെത്തിച്ചും മാനസിക പീഢനത്തിനിരയാക്കിയും സ്വന്തം ആഗ്രഹവഴികളിലേക്ക് അവരെ നിര്‍ബന്ധിച്ചയക്കുന്ന മാതാപിതാക്കളുടെ എണ്ണത്തില്‍ കുറവ് വന്നിട്ടില്ല. അങ്ങനെ വരുമ്പോള്‍ തോമസ് ചാക്കോയെക്കാള്‍ അനുകരിക്കപ്പെടാന്‍ സാധ്യത ആട് തോമ തന്നെയാകും. മോഹന്‍ലാലിന്റെ മികച്ച പത്ത് സിനിമകള്‍ ഏതെന്ന് ചോദിച്ചാല്‍ ഞാന്‍ തെരഞ്ഞെടുക്കുന്ന ഒരു സിനിമ സ്ഫടികം ആണ്.

മാസ് സിനിമകളുടെ പതിവ് രസച്ചേരുവകളില്‍ നിന്നൊരുക്കിയ ചിത്രങ്ങളിലൊന്നല്ല മലയാളിക്ക് സ്ഫടികം. കുട്ടിക്കാലത്ത് നാട് വിട്ട് മുംബൈ അധോലോകത്തിന് മേല്‍ മീശ പിരിച്ച് തിരിച്ചെത്തിയ നായകനുമല്ലായിരുന്നു ആട് തോമ. ഒരു മാസ് എന്റര്‍ടെയിനറിന്റെ സകലഭാവങ്ങളും നിലനില്‍ക്കെ തന്നെ സ്ഫടികം ആഖ്യാനമികവുള്ള, കലാമൂല്യമുള്ള ചിത്രമായിരുന്നു. നാട്ടുകാരെ വിറപ്പിക്കുന്നവനല്ലായിരുന്നു തോമ, കൂലിത്തല്ലുകാരനുമല്ലായിരുന്നു തോമാ, നന്നായി അധ്വാനിച്ച് ജീവിക്കുന്നയാള്‍. അച്ഛന്റെ തല്ല് കിട്ടിയപ്പോള്‍ തെരുവിലിരുന്ന കരയുന്ന മകള്‍ക്ക് ഐസ്‌ക്രീം നല്‍കുന്ന, പ്രണയിക്കാനുള്ള രണ്ട് പേരുടെ തീരുമാനത്തെ പണവും അധികാരവും ഉപയോഗിച്ച് തകര്‍ക്കാന്‍ നോക്കുന്ന പൂക്കോയിയെ നിലയ്ക്ക് നിര്‍ത്തുന്ന,

പോലീസിലെ ക്രിമിനല്‍ മനോഭാവമുള്ളവരെ ചോദ്യം ചെയ്യുകയും രണ്ട് പൊട്ടിക്കുകയും ചെയ്യുന്നയാള്‍. അടിസ്ഥാന വര്‍ഗ്ഗത്തിന് അയാള്‍ ആട് തോമയെന്ന റൗഡിയല്ല തോമാച്ചായനാണ്. അയാളിലെ നന്മയ്ക്കും ഹൃദയവിശാലതയ്ക്കും പുരോഹിതന്റെ ളോഹയും ചേരുമെന്ന് ഫാദര്‍ ഒറ്റപ്ലാക്കന് പോലും സംശയവുമില്ല. വായനയില്‍ വിവിധ മാനങ്ങളിലേക്ക് ഉയരാവുന്ന ദൃശ്യങ്ങളിലൂടെയും ദൃശ്യബിംബങ്ങളിലൂടെയും സംഭാഷണങ്ങളിലൂടെയുമാണ് സ്ഫടികം സഞ്ചരിച്ചത്. ലൈംഗിക തൊഴിലാളിയുടെ കയ്യില്‍ പിടിച്ച് നാട് ചുറ്റിച്ചതില്‍ ചുറ്റുമുള്ള സകലരും സങ്കടപ്പെടുമ്പോള്‍ കുടുംബത്തിന്റെ മാനവും സമൂഹത്തിലെ ആദരവും നഷ്ടമായെന്ന് വിലയിരുത്തുമ്പോള്‍ അവളെ ഞാനങ്ങ് കെട്ടിയാലോ എന്ന് ചോദിക്കുന്നയാളുമാണ് ആട് തോമ. മകന് വേണ്ടി ഓരോ നിമിഷവും ചാക്കോ മാഷിനെ പ്രതിരോധിക്കുന്ന, ആ പ്രതിരോധം അയാളെ തിരുത്തുന്നില്ലെന്ന് മനസിലാകുമ്പോള്‍ കുടുംബം വിട്ടിറങ്ങി ചാക്കോ മോഷിനെ ഇരുത്തിച്ചിന്തിപ്പിക്കുന്ന,തിരിച്ചറിവിലെത്തിക്കുന്ന പൊന്നമ്മയുടേതുമാണ് സ്ഫടികം. താന്‍ പഠിച്ച സ്‌കൂളിലേക്ക് അധ്യാപികയായി തിരിച്ചെത്തുമ്പോള്‍ അതേ വിദ്യാലയം പ്രതിഭയെ തിരിച്ചറിയാതെ തെരുവിലേക്ക് തള്ളിവിട്ട തോമസ് ചാക്കോയെ തിരുത്തിയാവണം തന്റെ തുടക്കമെന്ന് ചിന്തിച്ച തുളസിയുടേതുമാണ് സ്ഫടികം എന്ന സിനിമ.

ആട് തോമയ്‌ക്കൊപ്പം ത്രസിപ്പിച്ച സംഭാഷണങ്ങള്‍

ഇടി മണ്ണില്‍ നിന്നും ഇടി മണ്ണിലേക്ക് താണു കൊണ്ടിരിക്കുകയാണ് ഞാന്‍. പാറേപ്പള്ളിയിലെ തെമ്മാടിക്കുഴിയിലേക്ക് ആട് തോമയുടെ ശവം കൊണ്ട് പോകുന്നത് കാണാന്‍ ജനാലകള്‍ തുറക്കുന്ന ശബ്ദം ഞാന്‍ കേള്‍ക്കുന്നു.

ഊതരുതേ… ഊതിയാല്‍ തീപ്പൊരി പറക്കും

ഈ പൂട്ടിന്റെ മുകളില്‍ നീ നിന്റെ പൂട്ടിട്ട് പൂട്ടിയാല്‍ നിന്നെ ഞാന്‍ പൂട്ടും…ഒടുക്കത്തെ പൂട്ട്

‘ഒറപ്പിക്കാമോ…എന്നാ തോമാ മുടിയങ്ങ് നീട്ടി വളര്‍ത്തും…എസ് ഐ സോമന്‍ പുള്ളക്ക് ചെരക്കാന്‍’

‘അവന്റെ തായ് വേരില് മഴു വച്ചത് നിങ്ങളാ…കച്ചത്തോര്‍ത്ത് അലക്കിപ്പിഴിയുമ്പോലെയല്ലേ തല്ലിപ്പിഴിഞ്ഞത്’

ഇതെന്റെ പുത്തന്‍ റെയ്ബാന്‍ ഗ്ലാസ്സ്…ഇത് നീ ചവിട്ടിപ്പൊട്ടിച്ചാ നിന്റെ കാല് ഞാന്‍ വെട്ടും’

‘ഭൂഗോളത്തിന്റെ ഓരോ സ്പന്ദനവും കണക്കിലാ…വിത്തൗട്ട് മാത്തമാറ്റിക്‌സ്…ഭൂമിയൊരു വട്ടപ്പൂജ്യമാ!’

‘അപ്പന്റെ മുഖത്ത് നോക്കി അവള്‌ടെ തോളേപ്പിടിച്ചതാണ് നിങ്ങടെ ദുഃഖമെങ്കി അവളെ ഞാനങ്ങ് കെട്ടിയാലോ?’

‘ഉലയൂതുന്ന കൊല്ലന്റെ മനസ്സ് ഉരുകുന്ന പൊന്ന് അറിഞ്ഞില്ല

. ന്ദ-യുടെ ചുവട്ടില്‍ എന്തിനാ മാഷേ ചുവപ്പ് വരച്ചിരിക്കുന്നത്? മാഷ് വരച്ച ചുവപ്പിന് ചോര എന്നു കൂടി അര്‍ത്ഥമുണ്ട്’ ‘

സ്വന്തം മകന്‍ അപ്പന്റെ കൈ വെട്ടുന്നതും കാണേണ്ടി വന്നു…അത് കൈപ്പത്തിയില്‍ മുളച്ച ആറാം വിരല് പോലെ വികൃതമാണ് മാഷേ”

ഭദ്രന്‍

ഞാന്‍ ചെയ്ത ലാല്‍ ചിത്രങ്ങളില്‍ ഏറ്റവും മികച്ചത് സ്ഫടികംതന്നെയാണ്. താരങ്ങളുടെ സഹകരണമാണ് സ്ഫടികത്തെ ഒരു വന്‍വിജയമായി തീര്‍ത്തത്. അവരുടെ കോണ്‍ട്രിബ്യൂഷന്‍ എന്നുകൂടി പറഞ്ഞുകൂടാ. കാരണം കെട്ടുറപ്പുള്ള തിരക്കഥ തന്നെയായിരുന്നു സ്ഫടികത്തിന്റെ ബാക്ക്‌ബോണ്‍. ആ തിരക്കഥയില്‍ ആര് സംവിധാനം ചെയ്താലും ഇതുപോലൊരു ചിത്രമേ പിറവി കൊള്ളൂ. സ്ഫടികത്തിലെ പ്രധാന ആകര്‍ഷണമായി എനിക്ക് തോന്നിയിട്ടുള്ളത് അതിലെ സംഘട്ടനരംഗങ്ങളാണ്. സിനിമയുടെ സ്ഥിരം ഫോര്‍മാറ്റില്‍നിന്നുകൊണ്ട് സൃഷ്ടിച്ചതല്ല അതിലെ ഫൈറ്റുകളൊന്നും. ഇക്കാര്യത്തില്‍ ഫൈറ്റ് മാസ്റ്റര്‍ ത്യാഗരാജനുപോലും എന്നോട് കടുത്ത അതൃപ്തിയുണ്ടായിരുന്നു. പക്ഷേ ഞാന്‍ തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു. പഞ്ചും ബ്ലോക്കുമല്ല ആ സിനിമയ്ക്ക് വേണ്ടിയിരുന്നത്. അത് വളരെ ചലനാത്മകമായിരിക്കണം. ഓടിച്ചാടി മറിഞ്ഞ് അടിച്ച് നിലംപരിശാക്കുന്നപോലെ ഒരു വേഗത. തുറന്നുപറയട്ടെ ലാലിനല്ലാതെ ആ ഫൈറ്റ് ഇന്ത്യന്‍ സിനിമയില്‍ മറ്റാര്‍ക്കും ചെയ്യാന്‍ കഴിയില്ല.

----

സ്ഫടികം/ 2016എഴുതിയത് തിരുത്തിയത്

തിയറ്ററിൽ ചിരിപ്പൂരം തീർത്ത് 'ഷറഫുദ്ധീൻ', ഫാന്റസിയിൽ വിസ്മയമായി 'ഹലോ മമ്മി'

പാലക്കാട് ബിജെപി വോട്ടുകോട്ടകളില്‍ വിള്ളല്‍; എല്‍ഡിഎഫ് വോട്ടുകള്‍ ഉയര്‍ന്നു

അന്ന് സ്റ്റേജിൽ വെച്ച് ശിവകാർത്തികേയനെ കളിയാക്കിയതിൽ സങ്കടം തോന്നി, പിന്നീട് വിളിച്ച് മാപ്പ് പറഞ്ഞു: ആർ ജെ ബാലാജി

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ യു.ആര്‍.പ്രദീപ്; ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നിലനിര്‍ത്തി മുന്നണികള്‍

SCROLL FOR NEXT