Filmy Features

സൂക്ഷ്മദർശിനി ഹിച്ച്കോക്കിനുള്ള ഒരു ഹോമേജ് എം സി ജിതിൻ അഭിമുഖം

ബേസിൽ ജോസഫും നസ്രിയയും പ്രധാന കഥാപാത്രങ്ങളാകുന്ന മിസ്റ്ററി ത്രില്ലർ ചിത്രം 'സൂക്ഷ്മദർശിനി' തിയറ്ററിലേക്ക് എത്തുകയാണ്. ഈ സിനിമ വിട്ടുകളഞ്ഞിരുന്നെങ്കിൽ കുറ്റബോധം ആകുമായിരുന്നു എന്നാണ് സിനിമയിലെ കഥാപാത്രത്തെ കുറിച്ച് നസ്രിയ പറഞ്ഞത്. അഭിനയിക്കുന്നതിന് മുൻപേ തനിക്ക് ഇഷ്ടപ്പെട്ട കഥയാണ് സൂക്ഷ്മദർശിനിയുടെതെന്ന് ബേസിൽ ജോസഫും അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. മലയാളത്തിൽ പുതിയൊരു ത്രില്ലർ സിനിമയെത്തുമ്പോൾ ചിത്രത്തെക്കുറിച്ച് ജിതിൻ എം സി ക്യു സ്റ്റുഡിയോയോട് സംസാരിക്കുന്നു.

രണ്ടാമത്തെ സിനിമയിലേക്ക്

എന്റെ ജീവിതത്തിൽ നടന്ന ഒരു സംഭവത്തിൽ നിന്നാണ് സൂക്ഷ്മദർശിനിയുടെ ആശയം ആദ്യം ഉണ്ടാകുന്നത്. പിന്നീടുണ്ടായ ആലോചനകൾ അതിനോടൊപ്പം ചേർത്ത് സിനിമയുടെ അടിസ്ഥാന രൂപം ഉണ്ടാക്കുകയായിരുന്നു. നോൺസെൻസ് എന്ന എന്റെ ആദ്യത്തെ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ സമയത്താണ് സൂക്ഷ്മദർശിനിയെ കുറിച്ച് ആലോചനകൾ തുടങ്ങുന്നത്. 'നോൺസെൻസ്' ഒരു ദിവസം നടക്കുന്ന കഥയാണ്. അതിൽ അധികം രാത്രി സീനുകൾ ഷൂട്ട് ചെയ്തിട്ടില്ല. വൈകുന്നേരം 5 മണിക്ക് ഷൂട്ട് ചെയ്യാൻ എനിക്ക് സീനുകൾ ഉണ്ടായിരുന്നില്ല. 9 മണി വരെ ബാറ്റ സിസ്റ്റമുണ്ട്. എല്ലാ ദിവസവും അതുകൊണ്ട് 5 മണിക്കൂർ നഷ്ടമായിരുന്നു. അപ്പോൾ ഞാൻ ചിന്തിച്ചത് അടുത്ത ഒരു സിനിമ ചെയ്യുമ്പോൾ 9 മണി വരെ ഷൂട്ട് ചെയ്യാൻ കഴിയണം എന്നാണ്. ഒരു പ്രൊജക്റ്റ് ഡിസൈനറുടെ ആംഗിളിലാണ് ഞാൻ അതിനെ കൺസീവ് ചെയ്തത്. ഇന്റീരിയർ ഷോട്ടുകൾ കൂടുതൽ വന്നാൽ രസമായിരിക്കും എന്ന് തോന്നി. ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ്, തലയണ മന്ത്രം പോലെയുള്ള സിനിമകളിൽ നമ്മൾ കണ്ടിട്ടുള്ള സത്യൻ അന്തിക്കാട് മിഡിൽക്ലാസ് സെറ്റിങ്ങിലേക്ക് ഒരു മിസ്റ്ററി ത്രില്ലർ പറയാം എന്ന് ആലോചിച്ചു. ഒരു ഹിച്ച്കോക്കിയൻ പസിൽ ആ സെറ്റിങ്ങിൽ പറഞ്ഞാൽ ഫ്രഷ് ആയിരിക്കും എന്ന് തോന്നി. ഈ ആശയത്തോട് മറ്റൊരു ഐഡിയ ചേർത്തപ്പോഴാണ് സൂക്ഷ്മദർശിനി ഉണ്ടാകുന്നത്.

ഒരു ഫീമെയ്ൽ ഡിറ്റക്ടീവിനെ വെച്ച് സിനിമ ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. മലയാളത്തിൽ പൊതുവെ കാണാത്ത ഒന്നാണ് ഫീമെയ്ൽ ഡിറ്റക്ടീവ് എന്നത്. പുരുഷന്മാർ ഡിറ്റക്ടീവായി ഒരുപാട് സിനിമകൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. നേരത്തെ പറഞ്ഞ ഒരു സെറ്റിങ്ങിലേക്ക് ഒരു ഫീമെയ്ൽ ഡിറ്റക്ടീവിനെ കൊണ്ടുവന്നാൽ എങ്ങനെയുണ്ടാകും എന്ന ആലോചനയായിരുന്നു പിന്നീട്. എപ്പോൾ ഈ രണ്ട് ഐഡിയകളും ഒരുമിപ്പിക്കാൻ കഴിഞ്ഞോ അപ്പോൾ തന്നെ സിനിമ ഓൺ ആയി.

പ്രിയദർശിനി എന്ന കഥാപാത്രത്തിന് ഇൻസ്പിരേഷൻ എന്റെ അമ്മയാണ്. പ്രിയദർശിനി എന്ന കഥാപാത്രത്തിൽ നിന്നാണ് സിനിമയ്ക്ക് സൂക്ഷ്മദർശിനി എന്ന പേരുണ്ടാകുന്നതും. സൂക്ഷ്മദർശിനി എന്ന പേരിൽ തന്നെ എല്ലാം ഉണ്ട്. ഒരു മൈക്രോസ്കോപ്പിക്ക് അന്വേഷണം ആയിരിക്കാം ഇതെന്ന് പേര് തന്നെ സൂചന തരുന്നുണ്ട്. സിനിമ കണ്ട് കഴിയുമ്പോൾ ഈ പേരും ഡീകോഡ് ചെയ്യപ്പെടേണ്ടതാണ്. എന്റെ സിനിമയായതുകൊണ്ട് മാത്രമല്ല, നല്ലൊരു പ്രേക്ഷകൻ കൂടിയാണെന്ന് വിശ്വസിക്കുന്നതുകൊണ്ട് തന്നെ സിനിമയുടെ പേര് എനിക്ക് വർക്കായിരുന്നു. ഐഡിയയ്ക്ക് ശേഷം എനിക്ക് കിക്ക് തന്നത് സിനിമയുടെ പേരാണ്.

ഹിന്ദിയിൽ ചെയ്യാനിരുന്ന സിനിമയാണ് സൂക്ഷ്മദർശിനി. നോൺസെൻസിന് ശേഷം എന്നെ ഒരു സിനിമ ചെയ്യാൻ വിളിക്കുന്നത് ഹിന്ദിയിലാണ്. പിന്നീട് അത് ഡ്രോപ്പായപ്പോഴാണ് മലയാളത്തിൽ ഹാപ്പി അവേഴ്‌സിൽ വന്ന് ഞാൻ ഈ കഥ പറയുന്നത്. ഹിന്ദിയിൽ ചെയ്യാൻ ആലോചിച്ചപ്പോഴും സൂക്ഷ്മദർശിനി എന്ന് തന്നെയായിരുന്നു ടൈറ്റിൽ.

ലൊക്കേഷന് വേണ്ടിയുള്ള ഓഡിഷൻ

ഈ സിനിമയിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാക്കിയ ഘടകം ഇതിന്റെ ലൊക്കേഷൻ കണ്ടെത്തത്തുന്നതായിരുന്നു. അടുത്തടുത്ത് 6 വീടുകളുള്ള ഒരു ലൊക്കേഷനാണ് തിരക്കഥയിൽ ഉണ്ടായിരുന്നത്. 2020 ൽ ഞങ്ങൾ ഈ സിനിമ പ്ലാൻ ചെയ്യുമ്പോൾ പോലും ഞങ്ങൾക്ക് ലൊക്കേഷൻ കിട്ടിയിട്ടില്ല. 3 വർഷത്തോളം സമയം അതിനടുത്തു. നസ്രിയയും ബേസിലും വന്നിട്ടും ലൊക്കേഷൻ കിട്ടാതെ പോയത് ബുദ്ധിമുട്ടായി. 5 ജില്ലകളിലായി ഞങ്ങൾ ലൊക്കേഷന് വേണ്ടി അന്വേഷണം നടത്തി. വണ്ടി എടുത്ത് അന്വേഷിച്ചിട്ടും കിട്ടിയില്ല. ഒടുവിൽ പത്രത്തിലും സോഷ്യൽ മീഡിയയിലും പരസ്യം ചെയ്താണ് ഇപ്പോഴുള്ള ലൊക്കേഷൻ കിട്ടിയത്. അങ്ങനെ ലൊക്കേഷന് വേണ്ടി ഒഡീഷൻ നടത്തിയ സിനിമയാണ് സൂക്ഷ്മദർശിനി. തിരക്കഥയിൽ പറയുന്നതുപോലെ ഒരു ലൊക്കേഷൻ ഈ കാലഘട്ടത്തിൽ കിട്ടാൻ ബുദ്ധിമുട്ടാണ്. ഒരുപാട് കൺസേണുകൾ അതിന് പിന്നിലുണ്ടായിരുന്നു.

നസ്രിയയും ബേസിലും സിനിമയുടെ ഭാഗമായപ്പോൾ

കോവിഡിന്റെ തുടക്കത്തിലാണ് ഹാപ്പി അവേഴ്‌സുമായി കഥ സംസാരിക്കുന്നത്. 2021ൽ വേറെ അഭിനേതാക്കളെ വെച്ച് ചെയ്യാനിരുന്ന സിനിമയാണിത്. എന്നാൽ അവിടെ നിന്ന് ചെറിയ മാറ്റങ്ങൾ വന്നു. 2022 ൽ സമീർ താഹിറാണ് നസ്രിയ സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചാൽ എങ്ങനെയുണ്ടാകും എന്ന് ചോദിക്കുന്നത്. ഒരിക്കലും ഈ കഥാപാത്രത്തിന് വേണ്ടി നസ്രിയയെ ആലോചിച്ചിട്ടുണ്ടായിരുന്നില്ല. നസ്രിയ ചെയ്‌താൽ കഥാപാത്രത്തിന് ഗുണം ചെയ്യുന്ന കാര്യങ്ങളും ഉണ്ടെന്ന് തോന്നി. 2022 ൽ തന്നെ നസ്രിയയോട് കഥ പറഞ്ഞു. കഥ കേട്ടപ്പോൾ നസ്രിയക്ക് അത് വർക്കായി. ഇതുപോലെ ഒരു കഥാപാത്രം ചെയ്യാൻ കാത്തിരിക്കുകയായിരുന്നു നസ്രിയയും. ഇത് ഞാൻ ചെയ്തില്ലെങ്കിൽ എനിക്ക് പിന്നീട് കുറ്റബോധം ഉണ്ടാകും എന്ന് നസ്രിയ എപ്പോഴും പറയാറുണ്ട്. അത്രയും ആ കഥാപാത്രം റിലേറ്റബിൾ ആയിരുന്നു അവർക്ക്. അങ്ങനെയാണ് നസ്രിയ സിനിമയിലേക്ക് വരുന്നത്.

നസ്രിയ വന്നതിന് ശേഷം ഒരു വർഷമെടുത്തു ബേസിൽ സൂക്ഷ്മദർശിനിയിൽ എത്താൻ. ബേസിലും ഞങ്ങളുടെ ചിന്തയിൽ ഇല്ലാതിരുന്ന ഒരു കാസ്റ്റിങ്ങായിരുന്നു. 'ജയ ജയ ഹേ' എല്ലാം ഹിറ്റായി നിൽക്കുന്ന സമയത്താണ് ബേസിലിനെക്കുറിച്ച് ഞാൻ ആലോചിക്കുന്നത്. ബേസിലിന് കഥ നേരത്തെ അറിയുമായിരുന്നു. മിന്നൽ മുരളിയുടെ സമയത്ത് സൂക്ഷ്മദർശിനിയുടെ കഥ ബേസിൽ കേട്ടിട്ടുണ്ടായിരുന്നു. നല്ല കഥയാണെന്നും പ്രേക്ഷകൻ എന്ന നിലയിൽ കാണാൻ ആഗ്രഹിക്കുന്ന സിനിമയാണെന്നുമാണ് ബേസിൽ അന്ന് പറഞ്ഞത്. ബേസിലിന് ഇഷ്ടമായ കഥയായത് കൊണ്ട് കൂടുതൽ എളുപ്പമായി. ഇവരെ രണ്ടുപേരെയും വെച്ച് ഒരു സിനിമ ചെയ്യാം എന്ന പ്ലാനിൽ തുടങ്ങിയതല്ല സൂക്ഷ്മദർശിനി. രണ്ട് കാസ്റ്റിംഗും സ്വാഭാവികമായി സംഭവിച്ചതാണ്. ഇവരുടെ കോമ്പിനേഷൻ വന്നാൽ വേറെയും കുറെ ഗുണങ്ങളുണ്ട് എന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്.

ദുരൂഹമന്ദഹാസം

'ദുരൂഹമന്ദഹാസം' എന്ന പ്രൊമോ സോങ്ങിൽ തന്നെ ഇവരുടെ കോമ്പിനേഷന്റെ സ്വഭാവം പറഞ്ഞു പോകുന്നുണ്ട്. പരസ്പരം എതിർചേരിയിൽ നിൽക്കുന്ന രണ്ട് കഥാപാത്രങ്ങളാണ് നസ്രിയയുടെയും ബേസിലിന്റെയും. സിനിമയുടെ ബേസിക്ക് ആയ ഐഡിയയിൽ തന്നെയാണ് 'ദുരൂഹമന്ദഹാസം' ചെയ്തിരിക്കുന്നത്. പൂർണ്ണമായും കഥയിൽ നിന്ന് മാറിയുള്ള ഒരു പ്രൊമോ സോങ് ആയിരുന്നില്ല അത്. പ്രൊമോ സോങിലെ ആർട്ട് പോലും എന്തുകൊണ്ടാണ് അങ്ങനെ എന്നുള്ളതിന് സിനിമ ഉത്തരം തരും. അത്രയും റിലേറ്റബിൾ ആയ രീതിയിലാണ് പാട്ട് ഒരുക്കിയിരിക്കുന്നത്. ട്രെയ്‌ലർ കൂടെ കാണുമ്പോൾ എന്താണ് സിനിമയിൽ സംഭവിക്കാൻ പോകുന്നതെന്ന് മനസ്സിലാകും.

പ്രേക്ഷകരോട്

ഞാൻ വളരെ ആത്മാർത്ഥമായി സമീപിച്ചിട്ടുള്ള ഒരു സിനിമയാണ് 'സൂക്ഷ്മദർശിനി'. മിസ്റ്ററി ത്രില്ലറുകൾ ഇഷ്ടമുള്ളവർ വിട്ടുകളയാൻ പാടില്ലാത്ത സിനിമയാണ് സൂക്ഷ്മദർശിനി. ഞാനൊരു ഹിച്ച്കോക്ക് ആരാധകനാണ്. ഒരു ഹിച്ച്കോക്ക് ഹോമേജായിട്ടാണ് ഈ സിനിമയെ ഞാൻ കരുതുന്നത്. പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം അവർക്ക് ബോറടിക്കുന്ന ഒരു സിനിമയാണ് ഇതെന്ന് ഞാൻ കരുതുന്നില്ല. മലയാളത്തിൽ സാധാരണ വന്നിട്ടുള്ള ഒരു ത്രില്ലർ പോലെയല്ല ഈ സിനിമ രൂപപ്പെടുത്തിയിരിക്കുന്നത്. നിരാശപ്പെടുത്തുന്ന സിനിമയാകില്ല സൂക്ഷ്മദർശിനി.

അവാർഡുകളല്ല, സംവിധായകർ വീണ്ടും എന്നെ അവരുടെ സിനിമകളിലേക്ക് വിളിക്കുന്നതാണ് ഏറ്റവും വലിയ അം​ഗീകാരമായി കാണുന്നത്: ഐശ്വര്യ ലക്ഷ്മി

തിയറ്ററിൽ ചിരിപ്പൂരം തീർത്ത് 'ഷറഫുദ്ധീൻ', ഫാന്റസിയിൽ വിസ്മയമായി 'ഹലോ മമ്മി'

പാലക്കാട് ബിജെപി വോട്ടുകോട്ടകളില്‍ വിള്ളല്‍; എല്‍ഡിഎഫ് വോട്ടുകള്‍ ഉയര്‍ന്നു

അന്ന് സ്റ്റേജിൽ വെച്ച് ശിവകാർത്തികേയനെ കളിയാക്കിയതിൽ സങ്കടം തോന്നി, പിന്നീട് വിളിച്ച് മാപ്പ് പറഞ്ഞു: ആർ ജെ ബാലാജി

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

SCROLL FOR NEXT