Filmy Features

'സൈജു കുറുപ്പാണ് നായകനെന്ന് പറഞ്ഞപ്പോൾ വലിയ ബാനറുകൾ പിന്മാറി' : സിന്റോ ആന്റണി അഭിമുഖം

സൈജു കുറുപ്പിനെ കേന്ദ്ര കഥാപാത്രമാക്കി സിന്റോ സണ്ണി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പാപ്പച്ചൻ ഒളിവിലാണ്'. 'പൂക്കാലം' എന്ന ചിത്രത്തിന് ശേഷം തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറിൽ തോമസ് തിരുവല്ലയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രത്തിൽ സൈജു കുറുപ്പാണ് നായകനെന്ന് പറഞ്ഞപ്പോൾ വലിയ ബാനറുകൾ പിന്മാറിയെന്നും നിർമാതാവ് തോമസ് കുരുവിള തന്ന ധൈര്യമാണ് ടെൻഷൻ ഇല്ലാതെ ഇന്ന് നിൽക്കാൻ തന്നെ പ്രേരിപ്പിക്കുന്നതെന്നും സംവിധായകൻ സിന്റോ ആന്റണി. ശരിക്കും നടന്നിട്ടുള്ള ഒരു സംഭവത്തിനെ ബേസ് ചെയ്താണ് സിനിമ ഉണ്ടാക്കിയതെന്നും അതിനോടൊപ്പം സിനിമാറ്റിക് ആയ മാറ്റങ്ങളും വരുത്തിയിട്ടുണ്ടെന്നും സിന്റോ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

പാപ്പച്ചൻ ഒളിവിലാണ്

ഒരു ഫാമിലി കോമഡി ഡ്രാമയാണ് പാപ്പച്ചൻ ഒളിവിലാണ്. പോത്ത് പാപ്പച്ചൻ എന്നത് സൈജു കുറുപ്പ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരുകളിൽ ഒന്നാണ്. സൈജു കുറുപ്പിന്റെ വൺ മാൻ ഷോ ആണ് സിനിമയിൽ ഞങ്ങൾ കൂടുതൽ ഫോക്കസ് ചെയ്തിരിക്കുന്നത്. അയാളുടെ ഫാമിലിയും നാടും സൗഹൃദവും പിണക്കങ്ങളും അയാളുടെ പറച്ചിൽ മൂലം ഉണ്ടാവുന്ന പ്രശ്നങ്ങളും ഒക്കെ ആണ് സിനിമയുടെ ഇതിവൃത്തം.

സൈജു കുറുപ്പിലേക്ക്

സൈജു കുറുപ്പ് ആയിരുന്നില്ല പാപ്പച്ചന്റെ ആദ്യ ചോയ്സ്. മേം ഹൂം മൂസ എന്ന സിനിമയുടെ അസ്സോസിയേറ്റ് ആയി ഞാൻ വർക്ക് ചെയ്യുന്ന സമയത്ത് എനിക്ക് വേണ്ടി എന്തെങ്കിലും കഥ ഉണ്ടെങ്കിലും നോക്കാൻ സൈജു കുറുപ്പ് പറഞ്ഞു. അപ്പോൾ കയ്യിൽ ഉണ്ടായിരുന്ന പാപ്പച്ചന്റെ കഥ ഡെവലപ്പ് ചെയ്ത് സൈജു ചേട്ടനിലേക്ക് എത്തിക്കുകയായിരുന്നു. സൈജു ചേട്ടനായി വ്യത്യസ്തത ഒന്നും ഈ സിനിമയിൽ കൊണ്ടുവന്നിട്ടില്ല. ഷൂട്ടിംഗ് സമയത്താണ് പുള്ളിയുടെ ബോഡി ലാംഗ്വേജിലും എക്സ്സ്പ്രെഷനിലൊക്കെ മാറ്റം കൊണ്ട് വന്നത്. ഈ സിനിമയുടെ ഛായാഗ്രാഹകൻ ശ്രീജിത്ത് നായർ ഒരുപാട് കോണ്ട്രിബ്യുട്ട് ചെയ്തിട്ടുണ്ട്. ഷൂട്ടിംഗ് ചെയ്യുമ്പോൾ നമ്മൾ എഴുതി വച്ചിരിക്കുന്നതിൽ നിന്നും മുകളിൽ പല ഇമ്പ്രോവൈസേഷൻസ് ഉണ്ടാകും അതുപോലെയുള്ള മാറ്റങ്ങൾ സിനിമയിൽ ഉൾക്കൊണ്ടിട്ടുണ്ട്. ശ്രീജിത്ത് നായർ ഈ സിനിമയുടെ ഒരു നെടുംതൂണായിരുന്നു.

റിയൽ ലൈഫ് ഇൻസ്പിറേഷൻ

ശരിക്കും നടന്നിട്ടുള്ള ഒരു സംഭവത്തിനെ ബേസ് ചെയ്താണ് സിനിമ പോകുന്നത്. പക്ഷെ സിനിമാറ്റിക് ആയ പല മാറ്റങ്ങളും ഇതിലുണ്ട് പ്രത്യേകിച്ച് പ്രണയമൊക്കെ. സിനിമയുടെ ഏറ്റവും വലിയ പോയിന്റ് ആയ കോർ മാത്രമാണ് റിയൽ ലൈഫിൽ നിന്നും എടുത്തിട്ടുള്ളത്. ഒരു പരമ്പരാഗത സിനിമ എങ്ങനെയാണോ വർക്ക് ഔട്ട് ആകുന്നത് അതെ രീതിയിൽ തന്നെയാണ് പാപ്പച്ചൻ ഒളിവിലാണ് എടുത്തിരിക്കുന്നത്.

പാട്ടെഴുത്തിലേക്ക്

പ്ലസ് ടു പഠിക്കുമ്പോൾ കവിതാ രചനക്ക് ഫസ്റ്റ് കിട്ടിയിട്ടുണ്ട്. അവിടം മുതൽ സ്ഥിരമായി കഥ-കവിത രചനയ്ക്ക് എനിക്കായിരിക്കും ഫസ്റ്റ് കിട്ടുന്നത്. ഞാൻ പഠിച്ചത് മലയാളമാണ് കൂടാതെ ബിജിബാലിന്റെ കൂടെയും വിദ്യാധരൻ മാഷിന്റെ കൂടെയും പാട്ടെഴുത്തിൽ വർക്ക് ചെയ്തിട്ടുണ്ട്. പാട്ടെഴുത്താണ് സിനിമയിലേക്ക് എന്നെ ആദ്യം കണക്ട് ചെയ്ത കാര്യം. തിരക്കഥാകൃത്തും അസിസ്റ്റന്റ് ഡയറക്ടർ ആകുന്നതിന് മുൻപും ലിറിസിസ്റ്റായിട്ടാണ് മുന്നോട്ട് വന്നിട്ടുള്ളത്. ഒരു ഗിരീഷ് പുത്തഞ്ചേരി ആകുക എന്നത് എന്റെ മനസ്സിലുണ്ടായിരുന്നു. തൊട്ട് മുൻപ് വർക്ക് ചെയ്ത സുരേഷ് ഗോപി പടത്തിലും ഞാനൊരു പാട്ട് എഴുതിയിട്ടുണ്ട്. പാട്ടെഴുത്ത് എനിക്ക് എളുപ്പമുള്ള പരിപാടിയാണെന്ന് തോന്നിയിട്ടുണ്ട്. പാപ്പച്ചൻ ഒളിവിലാണിന് വേണ്ടി ഔസേപ്പച്ചനുമായി ചേർന്ന് 6 പാട്ടുകളുണ്ടാക്കി. അതിൽ ഒരു പാട്ട് എന്റെ നിർബന്ധം കാരണം ഹരിനാരായണനെ കൊണ്ട് എഴുതിക്കുകയായിരുന്നു. ബാക്കി അഞ്ച് പാട്ടും എഴുതിയത് ഞാനാണ്. കൈയ്യെത്തും ദൂരത്ത് എന്ന സോങ് ഉണ്ടാക്കിയത് ഔസേപ്പച്ചൻ സാർ വെറുതെ വിസിലടിച്ചിട്ട് ആ താളത്തിൽ ഞാൻ വരികളെഴുതുകയായിരുന്നു.

ജിബു ജേക്കബ് സ്കൂൾ

ഏറ്റവും ആദ്യം ഈ സിനിമയുടെ കഥ പറയുന്നത് ജിബു ജേക്കബിനോടാണ്. പുള്ളി അന്നേ ഓക്കേ പറഞ്ഞിരുന്നു. ജിബു ചേട്ടനോട് പോയി ഫൈനൽ സ്ക്രിപ്റ്റ് വായിച്ചു, അദ്ദേഹമില്ലാതെ ഇതിന്റെ ഒരു പ്രോഗ്രസ്സ് പോലും നടന്നിട്ടില്ല. സിനിമയുടെ ഫസ്റ്റ് കട്ട്, ഡബ്ബ് കഴിഞ്ഞും ജിബു ചേട്ടനെ കാണിച്ചിരുന്നു. ഈ സിനിമയേക്കുറിച്ചു പുറത്തുനിന്ന് ഒരാൾക്ക് നന്നായി ധാരണയുണ്ടെങ്കിൽ അത് ജിബു ചേട്ടനാണ്. എന്നോട് ആകെ ഒരു കാര്യം മാത്രമേ ജിബു ചേട്ടൻ പറഞ്ഞിരുന്നുള്ളു, നീളം കുറക്കാൻ. 2 മണിക്കൂർ 24 മിനുട്ട് ഉണ്ടായിരുന്ന പടത്തിനെ 2 മണിക്കൂർ 10 മിനുട്ടാക്കുകയെന്ന ശ്രമകരമായ ദൗത്യം ഞങ്ങൾ പൂർത്തിയാക്കിയത് ജിബു ചേട്ടൻ പറഞ്ഞിട്ടാണ്. ദൈർഘ്യം കുറക്കുക ഒരു വലിയ ഘടകം തന്നെയാണ്. ഈ ഫൈനൽ ട്യൂണിങ്ങിലാണ് സിനിമ ഉണ്ടാവുന്നത്.

പാപ്പച്ചൻ ഒളിവിലാണ് എന്ന ടൈറ്റിലിലേക്ക്

ഈ കഥയെക്കുറിച്ചു ആലോചിക്കുന്ന സമയത് അതായത് സൈജു കുറുപ്പിനോടും ജിബു ചേട്ടനോടും പറയുന്നതിനും മുൻപ് ഞാനിത് സിനിമയാക്കാം എന്ന് ആലോചിക്കുന്ന സമയത് ആദ്യം മനസ്സിൽ വരുന്നത് ഈ പേരാണ്. ഇത് നടന്ന കഥയാണ് പാപ്പച്ചൻ എന്നൊരാൾ ശരിക്കും ഒളിവിൽ പോയിട്ടുണ്ട്. ജീവിതത്തിൽ പാപ്പച്ചന്റെ കേസിന് ആസ്പദമായുള്ള അയാളുടെ വണ്ടി ഒളിപ്പിക്കാൻ പോയിട്ടുള്ളത് ഞാനാണ്. ഈ വണ്ടി ഒരു ദിവസം ഒരു സ്ഥലത്ത് കൊണ്ടിട്ടാൽ ഫോറെസ്റ്റ്കാർ അല്ലെങ്കിൽ പോലീസ് അവിടെയെത്തും. അപ്പോൾ ഞാൻ വണ്ടിയെടുത്തു വേറെ സ്ഥലത്തു കൊണ്ടിടും. ഇങ്ങനെ സ്ഥിരമായി ഒരു നാല് അഞ്ച് സ്ഥലത്ത് ഈ വണ്ടി മാറ്റിയിട്ടിട്ടുണ്ട്. അങ്ങനെ ഇയാൾ ഒളിവിലുള്ള സമയത്തുള്ള കാര്യങ്ങൾ എന്റെ മനസ്സിൽ ഉള്ളത്കൊണ്ട് ആദ്യം തന്നെ വന്നപ്പേരാണ് പാപ്പച്ചൻ ഒളിവിലാണ്. ശരിക്കുമുള്ള പാപ്പച്ചനിൽ നിന്ന് തന്നെയാണ് ആ പേര് എടുത്തത്.

തോമസ് കുരുവിള എന്ന നിർമാതാവ്

ആദ്യരാത്രി എന്ന സിനിമയിൽ വച്ചാണ് തോമസ് തിരുവല്ല സാറിനെ ആദ്യമായി പരിചയപ്പെടുന്നത്. അതിന് ശേഷം എല്ലാം ശരിയാകും, മേം ഹൂം മൂസ തുടങ്ങിയ സിനിമകളിൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചു. അദ്ദേഹത്തിന് ഏറ്റവും കൂടുതൽ അറിയുന്ന അസ്സോസിയേറ്റ് ഡയറക്ടർ ഞാൻ തന്നെയാകും. എന്നെ അറിയാവുന്നത്കൊണ്ട് ഞാനുണ്ടാക്കിയ കഥ പുള്ളിക്ക് മനസ്സിലായി. ആദ്യം തോമസ് സാറിനെ അല്ല നിർമാതാവായി നോക്കിയത്. ഏകദേശം പത്തിൽ കൂടുതൽ നിര്മാതാക്കളോട് കഥ പറഞ്ഞു സൈജു കുറുപ്പാണ് നായകനെന്ന് വലിയ ബാനറുകൾ പിന്നോട്ട് പോയി. അവസാനം തോമസ് സാർ ഇങ്ങോട്ട് വന്നു ഞാൻ ചെയ്യാടാ എന്ന് പറഞ്ഞിട്ടാണ് സിനിമ ഓൺ ആകുന്നത്. ഈ സിനിമയേക്കുറിച്ചു ഒരു ടെന്ഷനുമില്ലാതെ നിങ്ങളോട് സംസാരിക്കാൻ പറ്റുന്നു എങ്കിൽ അതിനു കാരണം തോമസ് തിരുവല്ല എന്ന നിർമ്മാതാവാണ്. സിനിമയെ വളരെ നന്നായി ശ്രദ്ധിക്കുന്ന ആളാണ് അദ്ദേഹം.

പ്രേക്ഷകരോട്

സ്റ്റാർ കാസ്റ്റ് അല്ല ഒരു സിനിമയെ നല്ലതാക്കുന്നത് അതിലെ കണ്ടെന്റ്, മേക്കിങ് പിന്നെ എന്റർടൈൻമെന്റ് ഫാക്ടർ ആണ്. ഞാനൊരു പ്രേക്ഷകനായിയാണ് ഈ സിനിമ ഉണ്ടാക്കിയിരിക്കുന്നത്. ഞാൻ ഇന്റർനാഷനൽ സിനിമകൾ കാണുന്ന മലയാളത്തിലെ പൂർവകാല ക്ലാസിക്കുകൾ കണ്ടിഷ്ടപ്പെടുന്ന ഒരു മെത്തേഡ് റൈറ്റർ ആണ്. ഞാൻ ഒരു സിനിമ ടിക്കറ്റ് എടുത്തു കാണാൻ പോയാൽ എങ്ങനെയിരിക്കും എന്ന ആംഗിളിൽ ആണ് ഈ സിനിമ ചെയ്തിരിക്കുന്നത്. ആളുകൾ സിനിമ തിയറ്ററിൽ പോയി കാണുന്നു എന്നതാണ് ഒരു സിനിമയുടെ വിജയത്തിന്റെ പ്രത്യേകത. ഈ സിനിമ എത്രപേർക്ക് ഇഷ്ടപ്പെടുന്നതിലല്ല തിയറ്ററിൽ വരുന്ന ആളുകളുടെ എണ്ണം അതുമായി ടാലി ആകുന്നുണ്ടോ എന്നതാണ് കാര്യം. തിയറ്ററിൽ വന്നു സിനിമകാണുന്ന ഒരാളുടെ ആസ്വാദനത്തിനുള്ള എല്ലാ ഈ സിനിമയിലുണ്ടാകും. പ്രേക്ഷകന്റെ കൈയ്യിൽ ആണ് ഇപ്പോഴും സിനിമ. ഇതിന് മുൻപ് വളരെ പരാജയപ്പെട്ട രണ്ടു സിനിമ ചെയ്തിട്ടുള്ള ആളാണ് ഞാൻ. എന്റെ ആദ്യ സിനിമ 2014 ൽ ഇറങ്ങിയ നൂല്പാലമാണ്. ആ സിനിമ തിയറ്ററിൽ എത്തിയപ്പോൾ ഞാനും എന്റെ വീട്ടുകാരും എന്റെ സുഹൃത്തുക്കളും അല്ലാതെ വേറെ ആരും തിയറ്ററിൽ ഇല്ല എന്ന സങ്കടകരമായ കാര്യം കടന്നുവന്നിട്ടുള്ള ആളാണ് ഞാൻ. പ്രേക്ഷകനില്ലാതെ ഇവിടെ ഒന്നും ഉണ്ടാക്കിയിട്ട് കാര്യമില്ല. ഞാൻ കണ്ടിട്ടുള്ള ലോക ക്ലാസിക് സിനിമകളെ പോലെ സിനിമ ഉണ്ടാകണം എന്ന് വിചാരിച്ചിട്ടും കാര്യമില്ല. അത് ആ കാലഘട്ടത്തിൽ ഉണ്ടായതാണെന്നും ഈ കാലഘട്ടത്തിനു ആവശ്യം മറ്റൊന്നാണെന്നും തിരിച്ചറിയണം.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT