Filmy Features

കാസ്റ്റ് ആന്‍ഡ് ക്രൂ പെരുമാറ്റച്ചട്ടം പാലിച്ചില്ലെങ്കില്‍ നടപടി: ഐ.സി.സി പരസ്യപ്പെടുത്തി സെന്ന ഹെഗ്‌ഡെ ചിത്രം

തിങ്കളാഴ്ച നിശ്ചയത്തിന് ശേഷം സെന്ന ഹെഗ്ഡെ സംവിധാനം ചെയ്യുന്ന ചിത്രമായ 1744 വെറ്റ് ആള്‍ട്ടോയില്‍ ഇന്റേണല്‍ കംപ്ലയിന്റ്‌സ് സെല്‍ രൂപീകരിച്ചു. മലയാള സിനിമ മേഖലയില്‍ ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റി രൂപീകരിക്കുമെന്ന വാഗ്ദാനം വാക്കുകളിലൊതുങ്ങിയെന്ന റിപ്പോര്‍ട്ടും ഹേമ കമ്മിറ്റിയും ചര്‍ച്ചയാകുന്നതിനിടെയാണ് കബിനി ഫിലിംസിന്റെ ബാനറില്‍ മൃണാള്‍ മുകുന്ദന്‍, ശ്രീജിത്ത് നായര്‍, വിനോദ് ദിവാകര്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഇന്റേണല്‍ കംപ്ലയിന്റ്‌സ് സെല്‍ രൂപീകരിച്ചിരിക്കുന്നത്.

സംവിധായിക അഞ്ജലി മേനോന്‍ അടക്കമുള്ള ഡബ്ല്യു.സി.സി അംഗങ്ങള്‍ മലയാള സിനിമയില്‍ സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് വേണ്ടിയുള്ള നിയമം നടപ്പാക്കുന്നില്ലെന്ന് വ്യക്തമാക്കിയിരുന്നു. 2013ല്‍ നിലവില്‍ വന്ന പോഷ് ആക്റ്റ് പ്രകാരം പത്ത് പേരില്‍ കൂടുതല്‍ ഒരു ജോലി സ്ഥലത്ത് പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അവിടെ ഇന്റേണല്‍ കംപ്ലെയിന്റ്‌സ് സെല്‍ രൂപീകരിക്കേണ്ടത് നിര്‍ബന്ധമാണ്. എന്നാല്‍ മലയാള സിനിമയിലെ മുന്‍നിര പ്രൊഡക്ഷന്‍ ഹൗസുകള്‍ പോലും ഇത്തരമൊരു നിയമം നടപ്പക്കാന്‍ തയ്യാറാവുന്നില്ലെന്ന് ഡബ്ല്യു.സി.സി വ്യക്തമാക്കിയിരുന്നു.

'കാസ്റ്റ് ആന്റ് ക്രൂ അംഗങ്ങള്‍ പരസ്പര ബഹുമാനത്തോടെ പെരുമാറേണ്ടതാണ്. താഴെ പറയുന്ന പ്രവര്‍ത്തികള്‍ ലൈംഗിക ചൂഷണമായി കരുതുകയും കടുത്ത നടപടികള്‍ സ്വീകരിക്കുന്നതുമാണ്.' എന്നാണ് കാസ്റ്റ് ആന്റ് ക്രുവിന് വേണ്ടി പ്രസിദ്ധീകരിച്ച ഷൂട്ടിങ്ങ് പെരുമാറ്റച്ചട്ടത്തില്‍ പറഞ്ഞിരിക്കുന്നത്.

1744 വെറ്റ് ആള്‍ട്ടോയുടെ ഷൂട്ടിങ്ങ് പെരുമാറ്റച്ചട്ടം:

തൊഴിലിടങ്ങളില്‍ നിര്‍ബന്ധമായും ഇന്റേണല്‍ കംപ്ലയിന്റ്‌സ് സെല്‍ ഉണ്ടായിരിക്കണമെന്ന് സംവിധായകന്‍ സെന്ന ഹെഗ്‌ഡെ ദ ക്യുവിനോട് പറഞ്ഞു. തീരുമാനം നിര്‍മ്മാതാക്കളുടേതാണെന്നും തൊഴിലിടങ്ങളില്‍ നിര്‍ബന്ധമായും നടപ്പിലാക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

''ഇന്റേണല്‍ കംപ്ലെയിന്റ് സെല്‍ രൂപീകരിക്കുക എന്നത് നിര്‍മ്മാതാക്കള്‍ എടുത്ത തീരുമാനം ആയിരുന്നു. സിനിമ ചെയ്യുന്നു എന്ന് തീരുമാനിച്ചതിന് ശേഷം നടപ്പിലാക്കണം എന്ന് തീരുമാനിച്ച കാര്യങ്ങളില്‍ ഒന്നാണ് ഇത്. ആ തീരുമാനത്തോട് ഞങ്ങളും യോജിക്കുകയായിരുന്നു. ഇത് ശരിയായ തീരുമാനം തന്നെയാണ്. 1744 വൈറ്റ് ഓള്‍ട്ടോ കബിനി ഫിലിംസ് ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രമാണ്. സിനിമ മേഖലയില്‍ ആദ്യമായി പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ അതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ കൃത്യമായി ചെയ്യണം എന്നാണ് അവര്‍ എടുത്ത തീരുമാനം. സത്യത്തില്‍ ഇന്റേണല്‍ കമ്മിറ്റി രൂപീകരിച്ചു എന്നത് ചര്‍ച്ച ചെയ്യപ്പെടേണ്ട കാര്യം കൂടിയല്ല. ഇത് നിര്‍ബന്ധമായി എല്ലാ തൊഴിലിടങ്ങളിലും നടപ്പിലാക്കേണ്ട ഒരു കാര്യമാണ്. ഇങ്ങനെ ഒരു കാര്യത്തെ കുറിച്ച് സംസാരിക്കേണ്ടി വരുന്നു എന്നത് തന്നെ അത്ഭുതപ്പെടുത്തുന്ന സംഭവമാണ്.' എന്നാണ് സെന്ന പറഞ്ഞത്.

'എനിക്ക് ആരോ മെസേജ് അയച്ചിരുന്നു. ഇന്റേണല്‍ കമ്മിറ്റി രൂപീകരിക്കുന്നത് ആദ്യമായാണ് എന്ന് പറഞ്ഞ്. അതില്‍ അഭിമാനം തോന്നേണ്ട ഒരു കാര്യവുമില്ല. എത്രയോ മുന്നേ സംഭവിക്കേണ്ട കാര്യമായിരുന്നു ഇത്. 2013ല്‍ നിലവില്‍ വന്ന പോഷ് ആക്റ്റിന്റെ ഭാഗമായി ഇന്റേണല്‍ കംപ്ലയിന്റ് സെല്‍ ഉണ്ടായിരിക്കണമെന്ന് നിര്‍ബന്ധമാണ്. അതെങ്ങനെയാണ് ചെയ്യാതിരിക്കുക എന്ന്' നിര്‍മ്മാതാവ് ശ്രീജിത്തും വ്യക്തമാക്കി.

'കബനി ഫിലിംസ് ബാംഗ്ലൂര്‍ ആസ്ഥാനമായ പ്രൊഡക്ഷന്‍ കമ്പനിയാണ്. അവിടെ പത്ത് പേരില്‍ കൂടുതല്‍ പേര്‍ ഒരു ജോലി സ്ഥലത്ത് ഉണ്ടെങ്കില്‍ ഇന്റേണല്‍ കംപ്ലെയിന്റ് സെല്‍ രൂപീകരിച്ച് കര്‍ണ്ണാടക വിമന്‍സ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്യണം. ആ പ്രൊസസ് തന്നെയാണ് ഇവിടെയും ചെയ്തത്. ഈ സിനിമയില്‍ എന്തായാലും പത്ത് പേരില്‍ കൂടുതല്‍ ആളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടല്ലോ. പിന്നെ ചിത്രത്തിന്റെ കാസ്‌റ് ക്രൂ മെമ്പേഴ്‌സിനോടും ഇക്കാര്യം അറിയിച്ചിട്ടുണ്ട്', എന്നും ശ്രീജിത്ത് പറയുന്നു.

'പ്രത്യേകിച്ച് സിനിമയില്‍ സ്ത്രീകളായ അഭിനേതാക്കളോട് പ്രിസൈഡിങ്ങ് ഓഫീസര്‍ നേരിട്ട് കണ്ട് കാര്യങ്ങള്‍ സംസാരിച്ചിട്ടുണ്ട്. ഇത്രയും കാര്യങ്ങള്‍ ഞങ്ങള്‍ ചെയ്യുന്നുണ്ട്. ഇത് ആദ്യമായിട്ടാണ് ചെയ്യുന്നത് എന്നൊന്നും അറിയില്ല. ഞങ്ങള്‍ക്ക് അത്തരത്തിലുള്ള ഒരു അവകാശവാദവും ഇല്ല. പിന്നെ ഇത് 2013ല്‍ നിലവില്‍ വന്ന പോഷ് ആക്റ്റിന്റെ ഭാഗമായി വന്ന നിയമമാണ്. അതെങ്ങനെയാണ് ചെയ്യാതിരിക്കുക,' എന്നാണ് ശ്രീജിത്ത് ചോദിക്കുന്നത്.

'ഞങ്ങള്‍ മൂന്ന് നിര്‍മ്മാതാക്കളാണ് ഈ സിനിമയിലുള്ളത്. ഏകദേശം 20 വര്‍ഷം കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ ജോലി ചെയ്തിട്ടുള്ളവരാണ്. ഇതെല്ലാം അവിടെ സ്വാഭാവികമായി നടക്കുന്ന കാര്യങ്ങളാണ്. 2013ല്‍ നിയമത്തില്‍ മാറ്റം വന്നപ്പോള്‍ അതിന്റേതായ മാറ്റങ്ങള്‍ വരുത്തി എന്നല്ലാതെ മറ്റൊന്നും സംഭവിച്ചിട്ടില്ല. ഞങ്ങള്‍ ആദ്യമായി നിര്‍മ്മിക്കുന്ന ഒരു സിനിമ ആയതിനാല്‍ അതില്‍ കോര്‍പ്പറേറ്റില്‍ നിന്ന് ചില കാര്യങ്ങള്‍ കൊണ്ട് വരണമെന്ന് ഞങ്ങള്‍ക്ക് ഉണ്ടായിരുന്നു. അതില്‍ ഒന്ന് മാത്രമാണ് ഐ.സി.സി. അല്ലാതെ ഇത് വലിയ സംഭവമാകാന്‍ വേണ്ടി ചെയ്ത കാര്യമല്ല. പിന്നെ ഡബ്ല്യുസിസി പറയുന്നത് പോലെ ഐ.സി.സി ഏത് ജോലി സ്ഥലമായാലും വേണമെന്ന് കരുതുന്നവര്‍ തന്നെയാണ് ഞങ്ങളും. ഞങ്ങള്‍ നോക്കിക്കാണുന്ന മുംബൈയിലെ ചില പ്രൊഡക്ഷന്‍ ഹൗസുകള്‍ ഉണ്ട്. അവരെ പോലെ എല്ലാ കാര്യങ്ങളും കൃത്യമായി ചെയ്യണമെന്നാണ് ആഗ്രഹം. ഇത് ഒരു തുടക്കം മാത്രമാണ്,' എന്നും നിര്‍മ്മാതാവ് ശ്രീജിത്ത് കൂട്ടിച്ചേര്‍ത്തു.

വോട്ടെണ്ണല്‍; വയനാട്ടില്‍ മുന്നേറി പ്രിയങ്ക, പാലക്കാട് കൃഷ്ണകുമാർ, ചേലക്കരയില്‍ പ്രദീപ്: Live

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

SCROLL FOR NEXT