കഥാന്ത്യത്തില്‍ കലങ്ങിത്തെളിയണം
നായകന്‍ വില്ലൊടിക്കണം
കണ്ണീര് നീങ്ങി കളിചിരിയിലാവണം ശുഭം
കയ്യടി പുറകേ വരണം
എന്തിനാണ് ഹേ ഒരു ചോദ്യമോ ദുഖമോ ബാക്കിവയ്ക്കുന്നത്
തിരശീലയില്‍ നമ്മുക്കീ കണ്‍കെട്ടും കാര്‍ണിവലും മതി
അതുവരെ ആഗ്രഹവും സ്വപ്‌നവുമായിരുന്ന സമാന്തര സിനിമയെ ഉപേക്ഷിക്കേണ്ടി വരുമെന്ന് മനസിലാക്കിയ ദിവസം കെ ആര്‍ സച്ചിദാനന്ദന്‍ എഴുതിയ വരികളാണിത്. മുഖ്യധാരാ സിനിമയിലെത്താന്‍ ആഗ്രഹിച്ചിരുന്നില്ല സച്ചി. കലാമൂല്യമുള്ള സിനിമകളായിരുന്നു ആഗ്രഹം.
തൃശൂരിലെ കൊടുങ്ങല്ലൂരിലാണ് ജനിച്ചത്. മാല്യങ്കര എസ്എന്‍എം കോളജില്‍ നിന്ന് കമേഴ്‌സില്‍ ബിരുദവും എറണാകുളം ലോ കോളജില്‍ നിന്ന് എല്‍എല്‍ബിയും. എട്ട് വര്‍ഷം അഭിഭാഷകനായി പ്രാക്ടീസ് ചെയ്ത ശേഷമാണ് സിനിമയിലേക്ക് എത്തുന്നത്.
നാടകം സിനിമ പിന്നെ പൂനെ ഇന്‍സ്റ്റിറ്റ്യൂട്ട്
കോളജ് പഠനകാലം മുതല്‍ക്കേ നാടകപ്രവര്‍ത്തനത്തിലും ഫിലിം സൊസൈറ്റിയിലും സജീവമായിരുന്നു സച്ചി. പൂനാ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ച് കലാമൂല്യമുള്ള സിനിമകളുടെ ഭാഗമാകാന്‍ ആയിരുന്നു സച്ചിയുടെ ആഗ്രഹം. ചില നാടകങ്ങളുടെ രചനയും സംവിധാനവും സച്ചി തന്നെയായിരുന്നു. അച്ഛന്‍ മരിച്ചതിനാല്‍ ഗാര്‍ഡിയനായി മാറിയ ചേട്ടന്റെ നിര്‍ബന്ധത്തിന് വഴങ്ങി ബാങ്കിംഗ് ജോലിക്കായി ശ്രമിച്ചു. പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയട്ടില്‍ നിന്ന് സിനിമാ പഠനമായിരുന്നു സച്ചിയുടെ സ്വപ്‌നം.
എന്നാല്‍ അസ്ഥിരതയുള്ള തൊഴില്‍ മേഖലയാണെന്ന ചേട്ടന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് ബാങ്കിംഗ് ജോലിക്കായി പഠനമാരംഭിച്ചത്. സിനിമ കള്ളും കഞ്ചാവുമാണെന്ന് ധരിച്ചിരുന്ന ചേട്ടന്‍ അനിയന്‍ വഴി തെറ്റാതിരിക്കാന്‍ മറ്റൊരു മേഖലയിലേക്ക് വഴിതിരിച്ചുവിട്ടതായിരുന്നുവെന്ന് സച്ചി തന്നെ അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്.
സച്ചി ഇതേക്കുറിച്ച് ദ ക്യു'വിനോട് പറഞ്ഞത്
പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സ്വപ്‌നമായിരുന്നു കുറേ നാള്‍, ചില പ്രായോഗിക പ്രശ്‌നങ്ങളുണ്ടായിരുന്നു. അന്ന് ആ സ്വപ്‌നം നടക്കാത്തത് വലിയ ഡിപ്രഷനായിരുന്നു. അന്ന് കമേഴ്‌സ്യല്‍ സിനിമകളോ മുഖ്യധാരാ സിനിമകളോ മനസില്‍ ഉണ്ടായിരുന്നില്ല.
വക്കീല്‍ ഓഫീസില്‍ നിന്ന് സച്ചി-സേതു
എല്‍എല്‍ബി പഠനശേഷം ഹൈക്കോടതിയില്‍ പ്രാക്ടീസ് തുടങ്ങിയതിന് പിന്നാലെയാണ് സിനിമയിലേക്ക് തന്നെ ചേക്കേറിയത്. വക്കീല്‍ ഓഫീസ് മാറുന്നതിനായുള്ള ശ്രമമാണ് സേതുവുമായുള്ള അടുപ്പത്തില്‍ എത്തിച്ചത്.
ഹൈക്കോടതിയില്‍ തിരക്കേറിയ അഭിഭാഷകനായിരിക്കെയാണ് സച്ചി സിനിമയെന്ന സ്വപ്‌നഭൂമികയിലേക്ക് എത്തുന്നത്. ഹൈക്കോടതിയിലെ അഭിഭാഷക കാലത്ത് പരിചയപ്പെട്ട സേതുനാഥും സച്ചിദാനന്ദനും സിനിമയില്‍ സച്ചി സേതു കൂട്ടുകെട്ടായി.
സംവിധായകനാകാന്‍ ആഗ്രഹിച്ച റോബിന്‍ ഹുഡ്
സച്ചി ക്രിമിനല്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തിരുന്ന കാലമാണ്. സേതു അഭിഭാഷകനായി സജീവമായിരുന്നില്ല. വൈകുന്നേരങ്ങളിലെ ചര്‍ച്ച സിനിമയും തിരക്കഥയുമായി. അങ്ങനെയാണ് സച്ചിയും സേതുവും തിരക്കഥയെഴുതി സച്ചി സംവിധാനം ചെയ്യുന്ന റോബിന്‍ ഹുഡ് എന്ന സിനിമയിലേക്ക് ചര്‍ച്ച എത്തിച്ചേരുന്നത്. അരുണും അതുല്‍ കുല്‍ക്കര്‍ണിയുമായിരുന്നു അഭിനേതാക്കള്‍. സിനിമ പ്രഖ്യാപിച്ചെങ്കിലും മുടങ്ങിപ്പോയി. എഡിറ്റര്‍ രഞ്ജന്‍ എബ്രഹാം വഴിയാണ് ജോഷിക്ക് മുന്നിലെത്തിയത്. ആദ്യമായി സംവിധാനം ചെയ്യാന്‍ ആഗ്രഹിച്ച റോബിന്‍ ഹുഡിന്റെ കഥ ജോഷിക്ക് മുന്നില്‍ അവതരിപ്പിച്ചു. അന്ന് സുരേഷ് ഗോപിയെയും നയന്‍താരയെയും കഥാപാത്രങ്ങളാക്കി ജന്മം എന്ന സിനിമയുടെ ചിത്രീകരണത്തിലായിരുന്നു ജോഷി. റോബിന്‍ ഹുഡ് പൃഥ്വിരാജിനെ നായകനാക്കി ആലോചിക്കാമെന്ന് ജോഷി സച്ചിയെയും സേതുവിനെയും അറിയിച്ചു. ആ ഇടവേളയിലാണ് ഷാഫിക്ക് വേണ്ടി ചോക്ലേറ്റ് എന്ന തിരക്കഥ എഴുതിയത്.
വിജയജോഡികളായ സച്ചി-സേതു
കമേഴ്‌സ്യല്‍ സിനിമകളിലെ പതിവ് പ്രമേയങ്ങളില്‍ നിന്ന് മാറിയാണ് സച്ചിയും സേതുവും കഥകള്‍ അവതരിപ്പിച്ചത്. ചോക്ലേറ്റിന് പിന്നാലെ റോബിന്‍ ഹുഡും മേക്കപ്പ് മാനും സീനിയേഴ്‌സും. സോഹന്‍ സീനുലാലിന്റെ സംവിധാനത്തില്‍ മമ്മൂട്ടിയും നദിയാ മൊയ്തുവും ഇരട്ടകളായി എത്തിയ ഡബിള്‍സിന് ശേഷം സച്ചി സേതു ടീം പിരിയാന്‍ തീരുമാനിച്ചു. സ്വതന്ത്ര തിരക്കഥാകൃത്തായുള്ള അരങ്ങേറ്റം ആദ്യ സിനിമയൊരുക്കാന്‍ സമ്മതം മൂളിയ ജോഷിക്കൊപ്പമായിരുന്നു. ന്യൂസ് ചാനലുകള്‍ പശ്ചാത്തലമായ റണ്‍ ബേബി റണ്‍ ആദ്യ ചിത്രം. അവിടെയും സച്ചിയെ വിജയം കൈവിട്ടില്ല. സൂര്യതേജസോടെ അമ്മ എന്ന താരസംഘടനയുടെ സ്‌റ്റേജ് ഷോയുടെ രചനയിലും സംഘാടനത്തിലും സജീവമായിരുന്ന സച്ചിക്ക് സംവിധാനത്തിന് ആദ്യ അഡ്വാന്‍സ് നല്‍കിയത് ലാല്‍ ആണ്. പിന്നീട് ലക്ഷദ്വീപ് പശ്ചാത്തലമായ അനാര്‍ക്കലി എന്ന ചിത്രമായി ആ പ്രൊജക്ട്.
ആശങ്കകളോടെ അനാര്‍ക്കലി
എന്ന് നിന്റെ മൊയ്തീന്‍ വന്‍ വിജയം നേടിയ സമയത്താണ് അനാര്‍ക്കലി റിലീസാകുന്നത്. രണ്ട് സിനിമകളിലെയും പ്രമേയത്തിന്റെ സാമ്യം തിയറ്ററില്‍ തിരിച്ചടിയാകുമെന്ന് സിനിമാ മേഖലയില്‍ സംസാരമുണ്ടായി. പക്ഷേ മൊയ്തീന് ശേഷമുള്ള പൃഥ്വിരാജിന്റെ സൂപ്പര്‍ഹിറ്റായി അനാര്‍ക്കലി മാറി. 2015ലാണ് അനാര്‍ക്കലി റിലീസ് ചെയ്തത്. അഞ്ച് വര്‍ഷത്തിന് ശേഷമാണ് സച്ചിയുടെ സംവിധാനത്തില്‍ അടുത്ത സിനിമ റിലീസ് ചെയ്തത്. ഇതിനിടെ രാമലീല, ഡ്രൈവിംഗ് ലൈസന്‍സ് എന്നീ സിനിമകളുടെ തിരക്കഥയും, ഷെര്‍ലക് ടോംസ് എന്ന സിനിമയുടെ സംഭാഷണവും സച്ചിയൊരുക്കിയിരുന്നു.
ജനപ്രിയ സിനിമയുടെ സൂത്രവാക്യം ഹൃദിസ്ഥമാക്കിയ ചലച്ചിത്രകാരന്‍. വിജയങ്ങളുടെ എണ്ണപ്പെരുക്കത്തില്‍ പരാജയപ്പെട്ട സിനിമകള്‍ വളരെ കുറവ്. ലോകത്തിനൊപ്പം മലയാളിയും കൊവിഡ് മഹാവ്യാധിയിലൂടെ ദുരിതപര്‍വം താണ്ടുന്ന വര്‍ഷത്തില്‍ മലയാള സിനിമ ഏറ്റവുമധികം ആഘോഷിച്ച സിനിമയും സച്ചിയെന്ന സംവിധായകന്റെ പേരിലാണ് അയ്യപ്പനും കോശിയും. ലോക്ക് ഡൗണ്‍ കാലത്ത് ബോളിവുഡ്, തമിഴ്, തെലുങ്ക് റീമേക്കുകളുടെ പേരിലും ഉള്ളടകത്തിലെ രാഷ്ട്രീയത്താലും ചര്‍ച്ച ചെയ്യപ്പെട്ട സിനിമയുമാണ് അയ്യപ്പനും കോശിയും.