Filmy Features

'എന്തിരൻ ക്ലൈമാക്സിന് സെറ്റിട്ടത് ചെന്നൈയിലെ ഫുട്ബോൾ ​ഗ്രൗണ്ടിൽ'; സാബു സിറിൽ അഭിമുഖം

ഷങ്കർ - രജിനികാന്ത് കൂട്ടുകെട്ടിൽ 2010 ൽ ഇറങ്ങിയ ബ്രഹ്മാണ്ഡ ചിത്രം 'എന്തിരൻ' ഒക്ടോബറിൽ 14 വർഷം പൂർത്തിയാക്കുകയാണ്. ചിട്ടി എന്ന റോബോയുടെ ഉത്ഭവവും പ്രണയവും നാശവുമെല്ലാം കാലങ്ങൾക്കിപ്പുറവും ഇന്ത്യൻ സിനിമയ്ക്ക് കൗതുകമാണ്. നൂറിലധികം റോബോകൾ ഒരുമിച്ച് ചേർന്ന് വലിയ ​ഗോളമായി പിന്നീട് പാമ്പായി അതിനുമപ്പുറം ഭീമാകാരനായ വലിയ റോബോയായി മാറുന്ന കാഴ്ച കണ്ണ് മിഴിച്ചിരുന്ന് കണ്ടവരാണ് നമ്മളിലേറെപ്പേരും. ചെന്നൈയിലെ സിർസേരി എന്ന സ്ഥലത്തെ ഫുട്ബോൾ ​ഗ്രൗണ്ടിൽ സെറ്റിട്ടാണ് ഇന്ത്യൻ സിനിമയെ കണ്ണഞ്ചിപ്പിച്ച ആ ക്ലൈമാക്സ് രം​ഗം ഷൂട്ട് ചെയ്തതെന്ന് ഓർത്തെടുക്കുകയാണ് എന്തിരന്റെ ആർട്ട് ഡയറക്ടർ സാബു സിറിൽ. എന്തിരന്റെ പതിനാല് വർഷം പൂർത്തിയാവുന്ന വേളയിൽ സാബു സിറിൽ ക്യു സ്റ്റുഡിയ്ക്ക് നൽകിയ അഭിമുഖം.

സാബു സിറിൽ

ബാലൻസ് നിലനിർത്തുക എന്നതായിരുന്നു പ്രധാനം

ചെന്നൈയിൽ നടക്കുന്ന ഒരു ഫ്യൂച്ചറിസ്റ്റിക്കായ ഒരു കഥയായാണ് എന്തിരനെ സമീപിച്ചിരുന്നത്. പക്ഷേ ഓവർ ഫ്യൂച്ചറിസ്റ്റിക്ക് ആയാൽ അതിന്റെ വിശ്വാസ്യത കുറഞ്ഞു പോകും. ഇവിടെ തന്നെയാണോ ഇത് നടക്കുന്നത് അതോ വല്ല വിദേശ രാജ്യങ്ങളിലാണോയെന്ന് പ്രേക്ഷകന് തോന്നും. അങ്ങനെ ആയാൽ അത് വർക്ക് ഔട്ട് ആകില്ല. അതുകൊണ്ട് തന്നെ അതിന് വേണ്ടി കൃത്യമായ ഒരു ബാലൻസ് എനിക്ക് ഉണ്ടാക്കേണ്ടി വന്നിരുന്നു. പ്രേക്ഷകന് ഇത് വിശ്വസിക്കാൻ സാധിക്കണം, അതേ സമയം ഇത് ഫ്യൂച്ചറിസ്റ്റിക്ക് ആയിരിക്കുകയും വേണം. തിരക്കഥയുടെ പിൻബലമുണ്ടെങ്കിലും വിഷ്വലി ചെയ്യുമ്പോൾ ഓവർ ആയി കാണിക്കുക എന്നത് പ്രശ്നമായിരുന്നു. ആ ബാലൻസ് നിലനിർത്തുക എന്നത് എനിക്ക് വളരെ ട്രിക്കിയായിരുന്നു. എന്തിരന്റെ ഒരു ഭാ​ഗമാകാൻ കഴിഞ്ഞു എന്നതിൽ സന്തോഷമുണ്ട്. ഇത്ര വർഷങ്ങൾക്ക് ശേഷവും ആ സിനിമ കാണുമ്പോൾ പഴയൊരു സിനിമ കാണും പോലെ നമുക്ക് തോന്നില്ല. സാധാരണ ഇത്തരം സിനിമകൾ കുറച്ച് വർഷങ്ങൾ കഴിഞ്ഞാൽ പഴയ പടം പോലെ തോന്നുകയാണ് പതിവ്. രണ്ട് വർഷം മുമ്പ് എന്തിരൻ ടിവിയിൽ കണ്ടപ്പോഴും ഞാൻ ആ സിനിമയോട് നീതി പുലർത്തി എന്ന് തന്നെയാണ് എനിക്ക് തോന്നിയത്.

സാബു സിറിൽ

എന്തിരനിലെ പാട്ടുകളിലെല്ലാം ഒരു മെറ്റാലിക് പ്രതീതിയാണ് തോന്നിയത് മെറ്റലായിരുന്നോ മുഴുവൻ?

ഒരു മെറ്റലും അതിൽ ഉപയോ​ഗിച്ചിട്ടില്ല. എല്ലാം പ്ലാസ്റ്റിക്കാണ്. അതിൽ മെറ്റൽ നിറത്തിൽ പെയ്ന്റ് ചെയ്യുകയാണ് ചെയ്തത്. മെറ്റൽ ഉപയോ​ഗിക്കുമ്പോൾ വളരെയധികം ഭാരം തോന്നാൻ സാധ്യതയുണ്ട്. കോപ്പറിലും സിൽവറിലുമാണ് ആ തിളക്കമുള്ള ഫ്ലോറുകൾ ഉണ്ടാക്കിയത്. ആ പാട്ട് തന്നെ വളരെ മെറ്റാലിക്കായാണ് എഴുതിയിരുന്നത് അതിന് അനുസരിച്ചാണ് ആർട്ട് വർക്കും ചെയ്തത്.

റോബോയുടെ ആരംഭം മുതൽ കംപ്ലീറ്റ് ഫോർമേഷൻ വരെ നീണ്ട വെല്ലുവിളി

റോബോയുടെ മെന്റൽ സ്റ്റേജിൽ നിന്ന് സിന്തറ്റിക്ക് സ്റ്റേജിലേക്ക് ബോഡി കൊണ്ടു വരുന്ന ട്രാൻസ്ഫമേഷനാണ് എന്തിരനിലെ നേരിട്ട പ്രധാനപ്പെട്ട വെല്ലുവിളികളിൽ ഒന്ന്. റോബോയെ ഉണ്ടാക്കുന്ന സീൻ പ്രേക്ഷകരെ ബോദ്ധ്യപ്പെടുത്തണം. ഒരു സയന്റിസ്റ്റ് എന്താണ് ലാബിൽ ചെയ്യുന്നത് എന്ന് നമ്മൾ പ്രൂവ് ചെയ്യണം. റോബോയുടെ കാലനക്കുന്നത് പുറകിലൊരാൾ ​ഗ്രീൻ സ്ക്രീനിൽ നിന്ന് താഴേക്കും മുകളിലേക്കും ആക്കുന്നതാണ്. അയാൾക്ക് ഇരിക്കാൻ വേണ്ടി പ്രത്യേകം സ്റ്റുൾ വരെ ഉണ്ടാക്കിയിരുന്നു ‍ഞങ്ങൾ. ആർട്ടിസ്റ്റിലേക്ക് മെറ്റൽ കാൽ അറ്റാച്ച് ചെയ്യുകയാണ് ചെയ്തത്. വളരെ തന്ത്രപരമായിരുന്നു അത്. പഴയ ടെക്നോളജിയിൽ ചെയ്ത കാര്യങ്ങൾ ​ഗ്രീൻ സ്ക്രീനിൽ പുതിയ ടെക്നോളജിയുമായി ചേർത്ത് ഉപയോ​ഗിക്കുകയായിരുന്നു.

രജിനികാന്തിനെക്കുറിച്ച്

ഒത്തിരി പഠിക്കാനുള്ള ഒരു വ്യക്തത്വമാണ് അദ്ദേഹം. ഇത്രയും വലിയ ഒരു ആളിനൊപ്പമാണ് ഞങ്ങൾ വർക്ക് ചെയ്യുന്നത് എന്ന് തോന്നിയിട്ടേയില്ല. അദ്ദേഹം വളരെ എളിമയുള്ള മനുഷ്യനായിരുന്നു. സെറ്റിൽ ഒക്കെ വന്നിട്ട് എങ്ങനെ ഇങ്ങനെ ചിന്തിക്കാൻ പറ്റുന്നു എന്നൊക്കെ അദ്ദേഹം ചോദിക്കും. ഞങ്ങൾ ചെയ്യുന്ന കാര്യങ്ങളെയൊക്കെ അദ്ദേഹം അഭിനന്ദിക്കുമായിരുന്നു. വളരെ ഇന്ററസ്റ്റിം​ഗ് ആയ സബ്ജക്ടായിരുന്നു എന്തിരന്റേത്. അതുകൊണ്ട് തന്നെ ആർട്ട് ഡിപ്പാർമെന്റിന് ആ കഥയോട് നീതി പുലർത്തേണ്ടത് അത്യാവശ്യമായിരുന്നു. ഷങ്കർ ആ കഥയെ വളരെ മികച്ച രീതിയിലാണ് കൺസീവ് ചെയ്ത്. എന്തിരൻ ഞങ്ങൾക്ക് എല്ലാവർക്കും ഒരുപോലെ വെല്ലുവിളി നിറഞ്ഞ ചിത്രമായിരുന്നു. മൂന്ന് വ്യത്യസ്ത തരത്തിലുള്ള കഥാപാത്രങ്ങളായിരുന്നു രജിനി സാറിന് അഭിനയിക്കേണ്ടി വന്നത്. ഒന്ന് ചിട്ടിയും, വസീ​ഗരനും പിന്നെ ചിട്ടിയുടെ നെ​ഗറ്റീവ് കഥാപാത്രവും. അദ്ദേഹം അത് വളരെ വ്യത്യസ്തമായി തന്നെ ചെയ്യുകയും ചെയ്തു. അതേപോലെ തന്നെ ഞങ്ങൾ എല്ലാവർക്കും ഒരുപോലെ വെല്ലുവിളിയായിരുന്നു ഈ സിനിമ. അത് പ്രേക്ഷകർ അം​ഗീകരിച്ചു, അത് വിജയിച്ചു എന്നത് വളരെ സന്തോഷമുള്ള കാര്യമാണ്.

ക്ലൈമാക്സിലെ ജെയ്ന്റ് റോബോ

ക്ലെമാക്സിൻ‌റെ മുഴുവൻ ക്രെഡിറ്റും ഷങ്കറിനുള്ളതാണ്. ചെന്നൈയിലെ സിർസേരി എന്ന ഹൈടെക്ക് ബിൽഡിം​ഗുകൾ ഒക്കെയുള്ള സ്ഥലത്താണ് ഞങ്ങൾ അത് ഷൂട്ട് ചെയ്തത്. കുറേ റോബോകൾ ഒന്നിച്ച് ചേർന്ന് ​ഗോളമായും, പാമ്പായും മാറുന്നത് എല്ലാമായിരുന്നു എന്തിരനിൽ ഞങ്ങൾ ചെയ്ത ഏറ്റവും പ്രയാസപ്പെട്ട കാര്യം. ആ സീക്വൻസാണ് ഞങ്ങൾ ആദ്യം ഷൂട്ട് ചെയ്തത്. ഒരു ഫുട്ബോൾ ​ഗ്രൗണ്ടിലായിരുന്നു അത് ഞങ്ങൾ സെറ്റിട്ടത്.

ഈ പടം ചെയ്യാൻ പറ്റില്ലെന്ന് ഷങ്കർ പറഞ്ഞു

എന്തിരന് വേണ്ടി ആറ് മാസം മുമ്പേ ഞങ്ങൾ തയ്യാറെടുപ്പുകൾ ആരംഭിച്ചിരുന്നു. എല്ലാം ചലഞ്ചിം​ഗ് ആയിരുന്നു. ആ വെല്ലുവിളി മറികടക്കുന്നിതിലാണ് കാര്യം. അന്ന് ഷങ്കർ ഈ പടം ചെയ്യാൻ പറ്റില്ല സാർ എന്ന് പറഞ്ഞിരുന്നു. അന്ന് ഞാൻ പറഞ്ഞത് സർ നിങ്ങൾ ഇതിനെക്കുറിച്ച് മുഴുവനായി ചിന്തിക്കേണ്ട പടിപടിയായി നമുക്ക് ഇത് ചെയ്തെടുക്കാം എന്നാണ്. ആയിരം പടികളുണ്ടെങ്കിൽ ഒരോ പടിയും ശരിയായി കയറിയാൽ നമ്മൾ അവിടെ എത്തും അതോർത്ത് ആശങ്കപ്പെടേണ്ട എന്ന് ഞാൻ പറഞ്ഞിരുന്നു. മദ്രാസിൽ നിന്ന് ബാം​ഗ്ലൂരിലേക്ക് പോകണമെങ്കിൽ കാറിന്റെ ഹെഡ് ലൈറ്റ് അവിടെ വരെ എത്തില്ല എന്ന് പറഞ്ഞിരുന്നിട്ട് കാര്യമുണ്ടോ? ഒരോ വളവ് തിരിയുമ്പോഴും വെളിച്ചം മുന്നോട്ട് സഞ്ചരിക്കുമല്ലോ? അങ്ങനെയാണ് ഞങ്ങൾ എന്തിരനിലും വർക്ക് ചെയ്തത്.

വെല്ലുവിളി മറികടക്കുമ്പോഴാണ് സന്തോഷം

വെല്ലുവിളികളെ മറികടക്കുമ്പോൾ, ആ സിനിമയോട് നീതി പുലർത്താൻ സാധിക്കുമ്പോൾ ഒക്കെയാണ് എനിക്ക് ജോലി ആസ്വദിക്കാൻ സാധിക്കുന്നത്. ഡയറക്ടറുടെ വിഷൻ അതുപോലെ കൊണ്ടു വരിക എന്നതാണ് എന്റെ വെല്ലുവിളി. ആ സിനിമ പൂർണ്ണമാകുമ്പോഴാണ് എനിക്ക് സന്തോഷം ലഭിക്കുക. വർക്ക് ചെയ്യുന്ന സമയത്ത് ടെൻഷൻ ഒന്നും ഉണ്ടായിരുന്നില്ല, അവസാനം സിനിമ കണ്ടപ്പോഴാണ് ഞാൻ അത് ആസ്വദിച്ചത്.

ഇതിനിടെ എന്തിരനിൽ ഒന്ന് വന്ന് അഭിനയിച്ച് പോയിട്ടുണ്ട് അല്ലേ?

അതിനെക്കുറിച്ച് ഞാൻ മറന്നേ പോയിരുന്നു. ഷങ്കറാണ് എന്നോട് വന്നിട്ട് പറഞ്ഞത് നിങ്ങൾ ആ റോൾ ചെയ്യണമെന്ന്. എനിക്ക് അഭിനയം ഒന്നും അറിയില്ല എന്ന് ഞാൻ പറഞ്ഞു. മൂന്ന് സീനോളം ഉണ്ടായിരുന്നു അത്. വളരെ പാടുപെട്ടാണ് ഞാൻ അത് ചെയ്തത്. എജന്റ് ഷാ എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. സിനിമയിൽ ഞാൻ ഡാനിയെ ചീത്ത പറയണം പക്ഷേ എനിക്ക് അത് ചെയ്യാൻ സാധിക്കുന്നുണ്ടായിരുന്നില്ല. അവസാനം ഡാനി തന്നെ എന്നോട് പറഞ്ഞു സാബു എന്റെ മുഖത്തേക്ക് നോക്കേണ്ട, ഡയലോ​ഗ് പറഞ്ഞോളൂ എന്ന്. അങ്ങനെയാണ് ഞാൻ ആ കഥാപാത്രം ചെയ്തത്. അതിന് ശേഷം ഞാൻ ഒരു സിനിമയിലും എന്റെ മുഖം കാണിച്ചിട്ടില്ല. എനിക്ക് അത് ചെയ്യാൻ പറ്റില്ല. ക്യാമറയ്ക്ക് പിന്നിലാണ് ഞാൻ ഏറെ കംഫർട്ടബിൾ.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; സ്ത്രീ സൗഹൃദ തൊഴിലിടം ഉറപ്പാക്കണം, മുഖ്യമന്ത്രിക്ക് സ്ത്രീപക്ഷ കൂട്ടായ്മയുടെ നിവേദനം

'പൊറാട്ട് നാടക'ത്തിന് രാഷ്ട്രീയ പാർട്ടികളെ ട്രോളുന്ന സ്വഭാവമുണ്ട്': സുനീഷ് വാരനാട്

അവസാനമായി സിദ്ദീഖ് സാറിന്റെ കയ്യൊപ്പ് പതിഞ്ഞ സിനിമയാണ് 'പൊറാട്ട് നാടകം', അദ്ദേഹം ഇപ്പോഴും ഈ സിനിമയ്ക്ക് പിന്നിലുണ്ട്: ധർമ്മജൻ ബോൾഗാട്ടി

രണ്ടും കൽപ്പിച്ച് ഡബിൾ മോഹനൻ, പൃഥ്വിരാജിന്റെ പിറന്നാളിന് 'വിലായത്ത് ബുദ്ധ' മാസ് ലുക്ക്

ദീപാവലിയ്ക്ക് ഒരുങ്ങി ദുബായ്, ആഘോഷം 25 മുതല്‍

SCROLL FOR NEXT