Filmy Features

വിഷാദത്തിൽ നിന്ന് സ്വപ്നത്തിലേക്ക്

അങ്ങനെ pleasant ആയൊരു മുഖമായിരുന്നില്ല ഇർഫാന്റേത്. ഇന്ത്യൻ നായക സങ്കൽപ്പങ്ങളിൽ പിടിച്ചു നിൽക്കാൻ ഉള്ള അലിഖിത നിയമങ്ങളുടെ വെൻ ഡയഗ്രത്തിന് പുറത്തായിരുന്നു ഇർഫാൻ. ചുളിവു വീഴാത്ത വെളുത്ത മുഖങ്ങളും വിഗ്ഗെന്ന് തോന്നിക്കാത്ത തലമുടിയലങ്കാരങ്ങളും അയാൾക്ക് അന്യമായിരുന്നു. ദേഹത്തൊട്ടിക്കിടക്കുന്ന ഷർട്ടിൽ ആണുടലടയാളങ്ങൾ പതിയുന്ന ശാരീരിക സൗന്ദര്യ ശീലങ്ങളിൽ അയാൾ ഉൾപ്പെടില്ലായിരുന്നു. കെട്ടിടങ്ങളിൽ നിന്ന് കെട്ടിടങ്ങളിലേക്ക് ബൈക്കു കൊണ്ടും കാറു കൊണ്ടും, അവയെ എല്ലാം തോൽപ്പിക്കുന്ന സ്വയ വേഗം കൊണ്ടും ഒരിക്കൽ പോലും അയാൾ എടുത്തു ചാടിയിരുന്നില്ല. ആൾക്കൂട്ടങ്ങളുടെ കരഘോഷങ്ങൾക്കായി ആണത്തഘോഷണങ്ങൾ വിളമ്പിയിട്ടില്ല. വിരലോ നഖമോ ഒക്കെ ചലിക്കുന്നത് സൂക്ഷ്മാഭിനയമാണെന്ന് ഒരിടത്തും പ്രശംസിക്കപ്പെട്ടിട്ടില്ല..

നിയതമായ സങ്കൽപ്പങ്ങളുടെ അനേകം ഇല്ലായ്മകളെ ചേർത്തു കൂട്ടിയതാണ് ഇർഫാൻ ഖാൻ എന്ന അതുല്യ നടൻ. അവകളുടെ പൊളിച്ചെഴുത്തു കൂടിയാണ് ഇർഫാന്റെ ഉയരങ്ങളിലൊന്ന്. അപരിചിതമായൊരു നടനോ ശൈലിയോ എന്നൊരു അവകാശവാദത്തിന് ഇർഫാൻ തന്നെ വിസമ്മതം മൂളിയേക്കും. ഇന്ത്യൻ തിരയിടത്തിൽ ഓം പുരിയും നസറുദ്ദീൻ ഷായും ഗിരീഷ് കർണാടും രഘുവരനും അടക്കം മഹാരഥന്മാർ പോയൊരു വഴിയുണ്ട്. അത്രയെളുപ്പമാർക്കും ചെന്നു കേറാൻ കഴിയാത്ത ഒന്ന്. ഇർഫാൻ ഖാൻ ആ ശീലങ്ങളിലേക്ക് എളുപ്പം ഓടിക്കയറിയ ഒരു നടനാണ്. ആ വഴികളിൽ ലോക സിനിമയിലെ ഇന്ത്യൻ സാന്നിദ്ധ്യങ്ങൾക്ക് വെളിച്ചം കാണിച്ചു കൊടുത്ത നടൻ കൂടിയാണ്.

വിഷാദം തൂങ്ങിയ കണ്ണുകളിൽ, നഷ്ടബോധത്തിന്റെ കവിളുകളിൽ, ഇടയ്ക്കൊളിഞ്ഞ് പ്രതീക്ഷയുടെ ചിരി വിടരുന്ന ചുണ്ടുകളിൽ, വേഗം കുറഞ്ഞ നടപ്പിൽ, അങ്ങനെയൊരു ആകാരം കൊണ്ട് ഇർഫാൻ പകർന്ന വേഷപകർച്ചകൾ ഒന്നിനോടൊന്ന് ഒട്ടി നിൽക്കുന്നവയായിരുന്നില്ല. എന്നാലതുവരെ നാമനുഭവിച്ച നടനാനുഭൂതികളിൽ വ്യത്യസ്തവും പുതുമയും പകരാൻ ഇർഫാൻ ഖാന് കഴിഞ്ഞിരുന്നു. ഒരേ സമയം വിഷാദമാർന്ന വലിയ കൺപോളകളും ഉള്ളറിഞ്ഞ വിടർന്ന ചിരിയും അതിനാൽ തന്നെ നമ്മുടേത് കൂടിയാവുന്ന നഷ്ടബോധമാവുന്നു, ഇർഫാൻ വിട പറയുമ്പോൾ.

ആദ്യമായി ഈല മാറിക്കൊടുത്തയക്കുന്ന ലഞ്ച് ബോക്സിൽ(ചിത്രം ലഞ്ച് ബോക്സ്, സംവി: റിതേഷ് ബത്ര) നിന്ന് എടുത്ത ആദ്യത്തെ നുള്ള് ഭക്ഷണത്തിൽ തന്നെ, മരവിച്ചു പോയ രുചിമുകുളങ്ങൾ ആദ്യ തൊടലിൽ തന്നെ ഉണരുന്നുവെന്ന് തിരിച്ചറിയിപ്പിക്കുന്ന ഗംഭീരമായ ഒരു രംഗമുണ്ട് ചിത്രത്തിൽ. തന്റെ രുചിയോർമകളിൽ പഴയ കാലാനുഭൂതികൾ തിരിച്ചു കയറുന്നത് അനായാസം അഭിനയിച്ചു ഫലിപ്പിക്കുന്നണ്ടയാൾ. 'The food is salty' എന്ന് ഈല യ്ക്ക് മറുപടി എഴുതിയതിന് പകരമായി ഈല സാജന് ഭക്ഷണത്തിലൂടെ മറുപടി നൽകുന്നു. ആദ്യ നുള്ള് നാവിൽ തൊടുമ്പോഴുള്ള എരിവ് നമുക്കനുഭവിപ്പിക്കുമ്പോഴാണ് കഴിഞ്ഞ ദിവസം അയാളെഴുതിയ കത്തും അതിന്റെ മറുപടിയായി ഈല കൊടുത്ത ഭക്ഷണവും തമ്മിലുള്ള കൗതുകകരമായ ബന്ധം ചുരുളഴിയുന്നത്. ഒരു നേർത്ത നിമിഷത്തെ ഇത്തരത്തിലനേകം നിമിഷങ്ങളിലേക്ക് പകരാൻ ഈ അഭിനേതാവിന്റെ മാനറിസങ്ങൾക്ക് അനായാസം സാധിക്കുന്നു എന്നതാണ്.

lunch box

നിസംഗതയോടെ, നിസഹായതയോടെ തന്റെ ബാൽക്കണിയിൽ നിന്ന് അപ്പുറത്തെ വീട്ടിലെ തീൻമേശയിലേക്ക് നോക്കി സാജൻ നിൽക്കുന്നുണ്ട്. എത്ര പറഞ്ഞാലും ഉള്ളിൽ കൊളുത്താത്ത പിൻകഥകൾ ഒരു ക്ലോസപ്പിലും ഒരു ലോങ് ഷോട്ടിലും അയാൾക്ക് സംവദിക്കാനാവും. തിരക്കേറിയ നഗര ട്രാഫിക്കിൽ ഓട്ടോയിൽ അനക്കവും കാത്ത് കഴിയുമ്പോഴാണ് ഒരാംബുലൻസ് പാഞ്ഞു പോവുന്നത്. തലേന്ന് രാത്രി തന്റെ കുഞ്ഞിനെയും എടുത്ത് ടെറസിനു മുകളിൽ നിന്ന് ചാടിയ യുവതി ഈലയാവുമോ എന്ന നമ്മുടെ സന്ദേഹത്തെയും ഭയത്തെയും അതേ അളവിൽ കണ്ണി ചേർക്കാൻ ഇർഫാന് കഴിയുന്നു. അന്നുച്ചക്ക് ലഭിക്കുന്ന ഈലയുടെ ചോറ്റുപാത്രം കാണുമ്പോഴുള്ള ആശ്വാസം നമ്മുടെ തന്നെ ശ്വാസമാക്കി അയാൾ മാറ്റുന്നു.

'Sometimes you forget things that you have no one to tell to' എന്നത് ഒറ്റപ്പെട്ടു പോയ മനുഷ്യന്റെ ആത്മഗതമാണ്, ആ വോയ്സ് ഓവറിൽ, ഈല വായിക്കുന്ന കത്തിൽ നമുക്ക് ഒരു പൊടിക്ക് നനഞ്ഞ കണ്ണുകളെ അനുഭവിക്കാൻ കഴിയുന്നത് ശബ്ദത്തിന്മേലുള്ള ഈ നടന്റെ നിയന്ത്രണ മികവിന്റെ കൂടെ സാക്ഷ്യമാണ്.

തന്നെ പ്രണയിച്ചിരുന്നുവെന്ന് തെറ്റിദ്ധരിച്ച മുറപ്പെണ്ണിന്റെയരികിൽ പോവുമ്പോൾ(ചിത്രം: ഖരിബ് ഖരിബ് സിംഗിൾ, സംവി: തനുജ ചന്ദ്ര) യോഗി ഒരു പഴയ ഹിന്ദി ഗാനം പാടുന്നുണ്ട്. ആനന്ദ് ബക്ഷി എഴുതി ആർ ഡി ബർമൻ സംഗീതം ചെയ്ത 'ബഡേ അഛേ ലഗ്‌തേ ഹേ' എന്ന ഗാനം. 'യേ ദർഥീ... യേ നദിയാ.... യേ രേനാ.. ഓർ തും' എന്ന് പാടിയവസാനിപ്പിക്കുമ്പോൾ ഇർഫാൻ ഒന്നു ചിരിക്കുന്നുണ്ട്. ഇർഫാന്റെ പ്രണയം കൊണ്ട് നിഷ്കളങ്കമായ ആ ചിരി അദ്ദേഹത്തിന്റെ ഏറ്റവും മികച്ച അഭിനയ മുഹൂർത്തങ്ങളിലൊന്നാണ്. ആങ്ങ് ലീയുടെ 'ലൈഫ് ഓഫ് പൈ' യിലെ അതിജീവിച്ച മനുഷ്യനും, കാർവാനിലെ ഷൗക്കത്തും നമുക്ക് ഹൃദയത്തോട് ചേർന്നു നിൽക്കുന്നതിൽ നിഷ്കളങ്കമായ ആ ചിരിക്ക് വലിയ പങ്കുണ്ട്.

ഒറ്റയായി പോയ മനുഷ്യരുടെ വിഷാദത്തെ സ്വപ്നങ്ങളിലേക്കു പറിച്ചു നട്ട നടനാണ് ഇർഫാൻ ഖാൻ. തിരക്കുപിടിച്ച ജീവിതങ്ങളിൽ ഒറ്റപ്പെട്ട മനുഷ്യരുടെ നിസഹായതയും നിസംഗതയും നിഷ്കളങ്കവുമായ മുഖങ്ങൾ വെള്ളി വെളിച്ചത്തിൽ അദൃശ്യമാവാറാണ് പതിവ്. ആ പതിവിൽ നിന്ന്, അങ്ങനെയുള്ള മനുഷ്യരുടെ കൂടെ മുഖമായി മാറിയ നടനാണ് ഇർഫാൻ ഖാൻ. ഡാനി ബോയൽ അടക്കം പ്രമുഖരായ ലോക സംവിധായകർ ഇർഫാന്റെ ഇന്ത്യൻ മുഖം തേടി വന്നതും മറ്റൊന്നും കൊണ്ടാവില്ല. ആരെക്കൊണ്ടും നികത്താനാവില്ല എന്നല്ല, പക്ഷേ ഇർഫാൻ ഖാൻ എന്ന അതുല്യ നടന്റെ വേർപാട് നമ്മുടെ നിസ്സംഗമായ സ്വപ്നങ്ങളിൽ, സിനിമാക്കാഴ്ചകളിൽ എന്തുകൊണ്ടൊക്കെയോ ഒരു വിഷാദത്തിന്റെ കനം തൂക്കുന്നു. അയാളുടെ കണ്ണുകൾ പോലെ

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT