uyarangalill mohanlal movie review 
rewind

'സുന്ദരനായ ഈ ആരാധകന്റെ കൈകളിൽ സൂക്ഷിച്ച് നോക്കൂ, ചോര!', ഉയരങ്ങളിൽ കാലിടറിയ പി.കെ ജയരാജൻ

എം.ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഐ.വി ശശി സംവിധാനം ചെയ്ത് 1984ൽ പുറത്തിറങ്ങിയ ഉയരങ്ങളിൽ എന്ന സിനിമയെക്കുറിച്ച് വിപിൻ മോഹൻ എഴുതുന്നു

"നിന്നെ ഒഴിവാക്കിയത് എന്റെ തെറ്റ്... ഒരു ആക്സിഡന്റിൽ നിനക്കും തീരാമായിരുന്നു... നിന്നെയും പുല്ലുപോലെ എനിക്ക് ഒഴിവാക്കാമായിരുന്നു...ആക്സിഡന്റ് അല്ലെങ്കിൽ ആത്മഹത്യ. നിനക്കെന്നെ അറിയില്ല.... നിങ്ങൾക്ക് ആർക്കും അറിയില്ല . തന്തയില്ലാതെ തമ്പുരാന്റെ വീട്ടിലെ വേലക്കാരിക്ക് പിറന്നവനാണ് ഞാൻ... ഒരുമൂട് കപ്പ വിശന്നപ്പോൾ പറിച്ച് കഴിച്ചതിന് എന്നെ തൂണിൽ കെട്ടിയിട്ട് അടിച്ചു... ആളുകൾ എന്റെ തന്ത എന്നു പറഞ്ഞ ആ റാസ്ക്കൽ, നാടുവിട്ട ജയരാജന്റെ ക്വാളിഫിക്കേഷൻ വെറും ഒമ്പതാം ക്ലാസ്.... വലിയവനായെ അടങ്ങു എന്ന് ശപഥം ചെയ്തവനാണ് ഞാൻ... കുത്തുപാളയിൽ കഞ്ഞി കുടിച്ചുവളർന്നവൻ കോടീശ്വരൻ ആവുന്നതിന്റെ അടുത്ത് വരെ എത്തിയല്ലേ... ഹാ...പോട്ടെ. ഗുഡ് ലക്ക് ടു യു.... പശ്ചാത്താപം ഇല്ല...കണ്ണുനീരില്ല... കളി നന്നായി കളിച്ചു... അവസാനം വരെ... പക്ഷേ തോറ്റുപോയി...കളിച്ചതൊക്കെ എനിക്കിഷ്ടവുമായി... അതാണല്ലോ പ്രധാനം... ഇവനോട് എന്തോരു ഒരു ദൗർബല്യം... അതുകൊണ്ട് വിട്ടുകളഞ്ഞതാണ് തെറ്റിപ്പോയത്..!!"

1984 ൽ എം ടി - ഐ വി ശശി കോമ്പോയിൽ പിറന്ന "ഉയരങ്ങളിൽ" എന്ന എവർഗ്രീൻ ക്ലാസിക്കിന്റെ ക്ലൈമാക്സ് സീനിലെ, ജയരാജൻ എന്ന ആന്റി ഹീറോ / ഹീറോയുടെ സംഭാഷണമാണ് മേല്പറഞ്ഞത്.

വലിയൊരു ടീ പ്ലാന്റേഷനിലെ അസിസ്റ്റന്റ് മാനേജറാണ് ജയരാജൻ. അയാൾക്ക് കീഴിൽ ജോലി ചെയ്യുന്നവരിൽ സാമ്പത്തികമായി വല്ലാതെ ഉഴലുന്ന രണ്ട് ചെറുപ്പക്കാരുണ്ട്. ചന്ദ്രനും ജോണിയും. ചന്ദ്രന് തന്റെ സഹോദരനെ പഠിപ്പിക്കാനായുള്ള പൈസയ്ക്കും, ജോണിക്ക് തന്റെ പെങ്ങളെ കെട്ടിച്ചുവിട്ടപ്പോൾ നൽകാൻ പറഞ്ഞുറപ്പിച്ചിരുന്ന സ്ത്രീധന തുകയ്ക്കുമായി ഇരവരും, ജയരാജൻ ആസൂത്രണം ചെയ്ത പദ്ധതിയിൽ പെട്ടുപോകുന്നു.

ജനാർദ്ദനൻ അവതരിപ്പിച്ച മാനേജർ മിസ്റ്റർ മേനോൻ, കമ്പനി ആവശ്യത്തിനായി വലിയൊരു തുക, ബാങ്കിൽ നിന്നും പിൻവലിക്കാൻ പോകുന്നു. ജയരാജൻ, ചന്ദ്രന്റെയും ജോണിയുടെയും സഹായത്തോടെ ആ പണം തട്ടിയെടുക്കാനായി നടത്തിയ ആസൂത്രണം പാളിപോകുകയും, മാനേജരാൽ പിടിക്കപ്പെടുകയും ചെയ്യുന്നു. പിടിക്കപ്പെട്ട്, തങ്ങളുടെ ജോലിയിൽനിന്ന് തങ്ങളെ പുറത്താക്കുമെന്ന ഭയത്തിൽ, ജയരാജൻ ഒഴിച്ച് മറ്റു രണ്ടുപേരും മാനേജരുടെ മുൻപിൽ തങ്ങളുടെ തെറ്റ് തുറന്ന് പറഞ്ഞു മാപ്പപേക്ഷയെഴുതിക്കൊടുത്ത് ഒപ്പുവയ്ക്കുന്നു.

എന്നാൽ ജയരാജൻ കീഴടങ്ങാൻ കൂട്ടാക്കുന്നില്ല. അയാളുടെ മനസ്സിൽ മറ്റ് ഉദ്ദേശങ്ങളായിരുന്നു. ആ രാത്രിയിൽ ദുരൂഹമായി കൊല്ലപ്പെടുന്ന മാനേജരുടെ കേസന്വേഷണത്തിനായി പോലീസെത്തുന്നു. ചന്ദ്രനും ജോണിക്കും തന്റെ മാനേജർ മരിച്ചതിനുള്ള കാരണം വ്യക്തമായി അറിയാമെങ്കിലും, വിവിധങ്ങളായ ഭീഷണികൾകൊണ്ടും പ്രലോഭനങ്ങൾ കൊണ്ടും ജയരാജൻ അവരെ തന്റെ കൂടെത്തന്നെ നിർത്തുകയും ചെയ്യുന്നു.

മാനേജരുടെ മരണവിവരം ഓഫീസിൽ എല്ലാവരും അറിയുന്ന നിമിഷം ജയരാജൻ വളരെ കൂളായി തന്നെ മരണത്തിലുള്ള തന്റെ ഞെട്ടൽ രേഖപ്പെടുത്തുന്നിനോടൊപ്പം , പോലീസ് ചോദ്യംചെയ്യലിൽ എങ്ങനെ പ്രതികരിക്കണമെന്നും ചന്ദ്രനോടും ജോണിയോടും ചട്ടം കെട്ടുന്നു.

ജയരാജൻ ഒരു നാർസിസിസ്റ്റാണ്. സ്വന്തം പ്രവർത്തിയിൽ അത്രയേറെ വിശ്വസിക്കുകയും, അതു ഏറ്റവും പെർഫെക്ട് ക്രൈം ആണെന്ന് വിശ്വസിക്കുകയും ചെയ്യുന്ന ഒരാൾ. തെറ്റുകളോ കുറ്റബോധമോ അയാളെ അലട്ടുന്നേ ഇല്ല. ഒരോ അബദ്ധത്തിൽ നിന്നും അയാൾ സ്വയം വിമർശനവിധേയനായി കാര്യങ്ങളെ ഉൾക്കൊണ്ടുകൊണ്ട് അടുത്ത പ്രവർത്തിയിൽ പഴയ പിഴവുകളൊന്നും തന്നെ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുന്നു. നിയമവശങ്ങളെക്കുറിച്ചുപോലും നല്ല വിവരമുള്ള ഒരു ക്രിമിനൽ.

ജയരാജന്റെ നാർസിസിസ്റ്റ് സ്വഭാവം മുഴുവൻ ഓരോ പ്രവർത്തിക്കുശേഷവും അയാൾ കണ്ണാടിയിലൂടെ നോക്കി പറയുന്ന സംഭാഷണത്തിലൂടെ വെളിവാകുന്നുണ്ട്. സ്വയം അഭിനന്ദിക്കുന്നതും വിമർശിക്കുന്നതും എല്ലാം അയാൾ കണ്ണാടിയിലൂടെ തന്റെ പ്രതിബിംബത്തെ നോക്കിക്കൊണ്ടാണ്. അവിടെ സ്വന്തം പ്രതിബിംബത്തെ അയാളുടെ ആൾട്ടർ ഈഗോ ആയിതന്നെയാണ് അയാൾ കാണുന്നത്.

അയാൾക്ക് തീരാത്ത ആർത്തിയാണ്, പണത്തോട്, വ്യക്തി​ഗതമായ ഉയരങ്ങളോട്, നേട്ടങ്ങളോട്, ലോകമൊന്നാകെ തനിക്ക് കീഴിലമരണമെന്ന ദുരയിലാണ് ജയരാജന്റെ ജീവിതം. ആദ്യം മാനേജറെ ലക്ഷ്യമിട്ടത് ഒരു വലിയ തുകയ്ക്ക് ആണെങ്കിൽ, രണ്ടാമത് അയാളുടെ ആർത്തി നീളുന്നത് മാനേജരുടെ ഭാര്യക്ക് ലഭിക്കാനിടയുള്ള ഭീമമായ കോമ്പൻസേഷൻ തുകയിലേക്കാണ്. ഇതറിയുന്ന മാത്രയിൽ തന്നെ മാനേജരുടെ സുന്ദരിയും യൗവനശാലിയുമായ ഭാര്യയെ അയാൾ നോട്ടമിട്ടു തുടങ്ങുന്നു. സ്ത്രീകൾ എന്നും അയാളുടെ ദൗർബല്യമായിരുന്നു എന്ന് കാണിക്കുന്നതിനായി സിനിമയുടെ തുടക്കത്തിൽ, നഴ്സ് പത്മയോടൊപ്പമുള്ള രംഗങ്ങൾ കാണിക്കുന്നുണ്ട്. എന്നാൽ അവളും ജയരാജനെ പോലെ പണത്തിനോട് ആർത്തിയുള്ളവളാണ്.

ജയരാജന് തന്റെ ജീവിതലക്ഷ്യം തന്നെ പണമുള്ള സ്വാധീനമുള്ള ഒരാളായി ജീവിക്കുക എന്നതാണ്. ആ വഴിയിൽ അയാൾക്ക് പ്രതിബന്ധമായത് എന്തും അയാൾ തള്ളിനീക്കും. അതിന് ഒരാളെ കൊല ചെയ്യേണ്ടി വന്നാൽ പോലും അയാൾ മടിക്കില്ല. ജയരാജിന്റെ ഈ സ്വഭാവത്തെ നന്നായി അറിയുന്നവരാണ് ചന്ദ്രനും ജോണിയും. അതിനാൽ തന്നെ അയാളുടെ ഓരോ പ്രവർത്തിയും മുൻകൂട്ടി അറിഞ്ഞിട്ടും അതിനെതിരെ പ്രതികരിക്കാതിരിക്കാൻ അവർ നിർബന്ധിതരാവുന്നു.

മാനേജരുടെ ഭാര്യയായ ദേവിയുമായി ജയരാജൻ കറങ്ങി നടക്കുന്നത് ചന്ദ്രൻ പലപ്പോഴും കാണുന്നുണ്ട്. പണ്ട് പത്മയോടൊപ്പവും ജയരാജനെ ചന്ദ്രൻ കണ്ടിട്ടുണ്ട്. പത്മയുടെ ദുരൂഹ മരണത്തിൽ ജയരാജന് പങ്കുണ്ടെന്നു ചന്ദ്രന് ഉറപ്പുണ്ടായിട്ടും ശക്തമായ ഒരു ചോദ്യം ചെയ്യലിനോ ഒന്നുംതന്നെ അയാൾക്ക് ധൈര്യം ലഭിക്കുന്നില്ല. അതിനായി ശ്രമിക്കുമ്പോഴൊന്നും ജയരാജൻ, ചന്ദ്രന് വ്യക്തമായ ഒരു മറുപടി നൽകുന്നില്ല എന്ന് മാത്രമല്ല, വളരെ സട്ടിലായ ഭീഷണികളും നൽകുന്നുണ്ട്.

മാനേജർ പദവി തനിക്കു ലഭിച്ചേക്കുമെന്നുള്ള വിശ്വാസം ജയരാജനിൽ വളരുന്നു. എന്നാൽ അവിടെ അധികം ലഭിച്ചേക്കാനിടയുള്ള ശമ്പളത്തിലായിരുന്നില്ല അയാളുടെ കണ്ണ്. മറിച്ച്, ആ പദവിയിലൂടെ ലഭിക്കാനിടയുള്ള അധികാരത്തിലായിരുന്നു. ദേവിയുമായുള്ള ബന്ധം തുടർന്നു പോകവേയാണ് ടീ പ്ലാന്റേഷന്റെ ഉടമയുടെ മകൾ വാസന്തിയുടെ വരവ്. വാസന്തിയിലൂടെ ടീ പ്ലാന്റേഷൻ മൊത്തത്തിൽ തനിക്ക് ലഭിച്ചേക്കാനുള്ള സാധ്യത അയാൾ കാണുന്നു. സൂത്രശാലിയായ അയാൾ പതിയെ ദേവിയെ ഒഴിവാക്കിത്തുടങ്ങുന്നു.

പക്ഷേ, പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ എന്ന പോലെ അവസാനം ജയരാജൻ പെടുകയാണ്. അവസാന ശ്വാസത്തിൽ പോലും തന്റെ നാർസിസിസ്റ്റിക് ബിഹേവിയർ ജയരാജൻ കൈവിടുന്നില്ല. അവിടെ വരുന്ന സംഭാഷണമാണ് തുടക്കത്തിൽ മെൻഷൻ ചെയ്തത്.

ആദ്യന്തം നെ​ഗറ്റീവ് ഷേഡുള്ള ജയരാജൻ, തിന്മയിലൂടെ മാത്രം ആ​ഗ്രഹങ്ങളിലേക്കും ലക്ഷ്യങ്ങളിലേക്കും സഞ്ചരിക്കുന്ന ഈ കഥാപാതരമായി നിറഞ്ഞാടിയത് മോഹൻലാലാണ്. അടിമുടി വില്ലനായി സ്ക്രീനിൽ അരങ്ങേറ്റം കുറിച്ചതിന്റെ നാലാം വർഷത്തിൽ മോഹൻലാൽ അവതരിപ്പിച്ച

പ്രതിനായകത്വമുള്ള നായകനായിരുന്നു ജയരാജൻ. 24ാം വയസിലാണ് മോഹൻലാൽ ജയരാജനെ അവതരിപ്പിച്ചത്.

ദുരൂഹത നിറഞ്ഞൊരു ടീ പ്ലാന്റേഷനിലേക്ക് ഒരു ഹൊറർ ത്രില്ലർ സിനിമയുടെ പശ്ചാത്തല സം​ഗീതത്തിനൊപ്പം പ്രേക്ഷകരെ ആനയിക്കുന്ന രീതിയിലാണ് ഐവി ശശി ഉയരങ്ങൾ എന്ന സിനിമ തുടങ്ങുന്നത്. മിസ്റ്ററി സ്വഭാവമുള്ള ട്രാക്കിൽ നിന്ന് പൊലീസ് ചേസിം​ഗ് ഉള്ള സീനിനൊപ്പം ത്രില്ലർ ഫീലിലേക്ക് സിനിമ നീങ്ങുന്നു. നെടുമുടി അവതരിപ്പിക്കുന്ന ജോണി എന്ന ടീ എസ്റ്റേറ്റ് ഡ്രൈവറുടെ കാരക്ടർ ഇൻഡ്രൊഡക്ഷനിലൂടെ തുടങ്ങുന്ന സിനിമ നെടുമുടി, റഹ്മാൻ, മോഹൻലാൽ എന്നീ കഥാപാത്രങ്ങളുടെ സ്വഭാവ വ്യാഖ്യാനത്തിനായാണ് സിനിമയുടെ തുടക്കസമയം ചിലവിടുന്നത്. അവിടെ നിന്നങ്ങോട്ട് ഉയരങ്ങൾ വെട്ടിപ്പിടിക്കാനുള്ള ജയരാജനെ കേന്ദ്രീകരിച്ചാണ് കഥാ​ഗതി. ചെയ്ത് പോയ തിന്മകളുടെ കുറ്റബോധം ജോണിയെയും ചന്ദ്രനെയും വേട്ടയാടുമ്പോഴും അത്തരം മാനസിക സംഘർഷങ്ങളൊന്നുമില്ല ജയരാജന്.

അപ്രതീക്ഷിതമെന്ന് തോന്നുംവിധം കടന്നുവരുന്ന കൊലപാതക രം​ഗങ്ങളിൽ കണ്ണുകളിലൂടെയും വിരലുകളിലൂടെയും മുഖത്തെ പേശികളിലൂടെയും എല്ലാം അദ്ദേഹം ഒരു സൈക്കോ കില്ലർ ആയി മാറുന്ന ജയരാജനെ ഐവി ശശി മോഹൻലാലിലൂടെ

മികച്ച രീതിയിൽ അവതരിപ്പിച്ചിരിക്കുന്നത് കാണാം. ആന്റി ഹീറോ അഥവാ ഹീറോ എന്ന് ഒരു സിനിമയിൽ നിർവ്വചിക്കാനാവാത്ത ഒരു പദവി, അദ്ദേഹം ഈ സിനിമയിലൂടെ നേടിയെടുത്തു. തന്റെ നാർസിസ്റ്റിക് ക്യാരക്ടർ പുറത്തുവരുന്ന ഓരോ കണ്ണാടി കാഴ്ചകളിലും തന്റെ പ്രതിബിംബത്തെ നോക്കി ഇവാലുവേഷൻ നടത്തുന്ന രംഗം ഈ സിനിമ കണ്ടവരാരും മറക്കാനിടയില്ല. പത്മയെ കൊല്ലുന്ന രംഗത്തിൽ താൻ അവളെ കൊല്ലാനാണ് വന്നിട്ടുള്ളതെന്ന് ഉറപ്പുണ്ടായിട്ടും വളരെ കൂളായി തന്നെ അവളോട് ഇടപെടുന്ന രംഗവും, പോലീസ് ചോദ്യം ചെയ്യുമ്പോൾ ഷാർപ്പായ നോട്ടത്തിനൊപ്പം നൽകുന്ന മറുപടികളുമെല്ലാം മോഹൻലാൽ അനായാസേന അഭിനയിച്ചു ഫലിപ്പിച്ചു. ഓരോ കൊലക്ക് ശേഷവുമുള്ള ജയരാജന്റെ സ്വഭാവിക പ്രതികരണവും നിർവികാര മുഖവും സിനിമയിൽ ആവർത്തിച്ചുകൊണ്ടുവരുന്നുണ്ട് സംവിധായകൻ.

അപ്രതീക്ഷിതമെന്ന് തോന്നുംവിധമാണ് സിനിമയിലെ ഒരോ കൊലപാതകരം​ഗങ്ങളും കടന്നുവരുന്നത്. ഈ സമയങ്ങളിൽ, കണ്ണുകളിലൂടെയും വിരലുകളിലൂടെയും മുഖത്തെ പേശികളിലൂടെയും എല്ലാം ഒരു സൈക്കോ കില്ലറായി രൂപാന്തരം പ്രാപിക്കുന്ന ജയരാജനെ, ഐവി ശശി മോഹൻലാലിലൂടെ മികച്ച രീതിയിൽ അവതരിപ്പിച്ചു. ആന്റി ഹീറോ അഥവാ ഹീറോ എന്ന് ഒരു സിനിമയിൽ നിർവ്വചിക്കാനാവാത്ത ഒരു പദവി, അദ്ദേഹം ഈ സിനിമയിലൂടെ നേടിയെടുത്തു. തന്റെ നാർസിസ്റ്റിക് ക്യാരക്ടർ പുറത്തുവരുന്ന ഓരോ കണ്ണാടി കാഴ്ചകളിലും തന്റെ പ്രതിബിംബത്തെ നോക്കി സെൽഫ് ഇവാലുവേഷൻ നടത്തുന്ന രംഗം ഈ സിനിമ കണ്ടവരാരും മറക്കാനിടയില്ല. പത്മയെ കൊല്ലുന്ന രംഗത്തിൽ താൻ അവളെ കൊല്ലാനാണ് വന്നിട്ടുള്ളതെന്ന് ഉറപ്പുണ്ടായിട്ടും വളരെ കൂളായി തന്നെ അവളോട് ഇടപെടുന്ന രംഗവും, പോലീസ് ചോദ്യം ചെയ്യുമ്പോൾ ഷാർപ്പായ നോട്ടത്തിനൊപ്പം നൽകുന്ന മറുപടികളുമെല്ലാം മോഹൻലാൽ അനായാസേന അഭിനയിച്ചു ഫലിപ്പിച്ചു. ഓരോ കൊലക്ക് ശേഷവുമുള്ള ജയരാജന്റെ സ്വഭാവിക പ്രതികരണവും നിർവികാര മുഖവും സിനിമയിൽ ആവർത്തിച്ചുകൊണ്ടുവരുന്നുണ്ട് സംവിധായകൻ.

2023ൽ നിന്ന് പിന്നോട്ട് നോക്കുമ്പോൾ ഈ സിനിമയ്ക്ക് ശേഷം വന്ന പല ത്രില്ലർ സിനിമകളെടുത്തു നോക്കിയാലും, വീണ്ടും വീണ്ടും കാണാൻ തോന്നുന്ന ക്ലൈമാക്സ് /ട്വിസ്റ്റ് സീനുകളിലോ ഒന്ന് ഇന്നും 'ഉയരങ്ങളിലെ' ക്ലൈമാക്സ്‌ സീനുകളാണ്. ജയരാജൻ ചന്ദ്രനെ കൈവിടുമെന്ന് കരുതുന്ന ഘട്ടത്തിലുണ്ടാകുന്ന അപ്രതീക്ഷിത ട്വിസ്റ്റ്. അവിടെയും ജയരാജന്റെ മാനസാന്തരമല്ല, ഉയരങ്ങളിലേക്കുള്ള യാത്രയിൽ തനിക്ക് ആദ്യമായി പിഴച്ചെന്ന് മനസിലാക്കിക്കൊണ്ടുള്ള അയാളുടെ പിൻമാറ്റമാണ് എം.ടിയും ഐവി ശശിയും അവതരിപ്പിച്ചത്. അതുവരെ ചെയ്ത തിന്മകൾക്കെല്ലാം നീതീകരണം സൃഷ്ടിക്കും വിധമൊരു ബാക്ക് സ്റ്റോറി വിശദീകരിക്കാൻ ജയരാജൻ ശ്രമിക്കുന്നതായാണ് ഇപ്പോൾ ക്ലൈമാക്സ് കാണുമ്പോൾ തോന്നുക. "ഒരുമൂട് കപ്പ വിശന്നപ്പോൾ പറിച്ച് കഴിച്ചതിന് എന്നെ തൂണിൽ കെട്ടിയിട്ട് അടിച്ചു... ആളുകൾ എന്റെ തന്ത എന്നു പറഞ്ഞ ആ റാസ്ക്കൽ..." എന്ന് തുടരുന്ന ഡയലോ​ഗുകളിലെത്തുമ്പോൾ അതുവരെ കാണാത്ത ക്രൗര്യവും നിർവികാരതയും വെടിഞ്ഞ ഉള്ളെരിയുന്നൊരു കഥാപാത്രത്തെ കൂടി പരിചയപ്പെടുത്തുന്നുണ്ട് മോഹൻലാലിലൂടെ ഐവി ശശി. കുട്ടിക്കാലം മുതൽ നേരിട്ട തിരസ്കാരങ്ങളും, അവ​ഗണനകളും അപമാനങ്ങളും തിന്മയിലേക്ക് വഴി നടത്തിയൊരു ആന്റി ഹീറോയായാണ് ജയരാജന്റെ പൂർണരൂപം.

ചന്ദ്രനായി റഹ്മാനും, ജോണിയായി നെടുമുടിയും, പത്മയായി സ്വപ്നയും, ദേവിയായി കാജൾ കിരണുമാണ് വേഷമിട്ടത്. കെ പി ഉമ്മർ, തിലകൻ, രതീഷ്, ബാലൻ കെ നായർ, ജഗതി, ബഹദൂർ, വിജി, അടൂർ ഭവാനി എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. കൂട്ടത്തിൽ കല്ലുകടിയായി തോന്നിയത് റഹ്മാന് നൽകിയ മേക്കോവറാണ്. ഈ സിനിമ കണ്ടവരിൽ പലരും ഇതിന്റെ സ്ക്രിപ്റ്റ് എം ടി ആണെന്ന് ഊഹിക്കാനുള്ള സാധ്യത കുറവാണ്. കാരണം എം ടി അധികം കൈകാര്യം ചെയ്തിട്ടില്ലാത്ത ക്രൈം ത്രില്ലർ ഴോണറിൽ തന്നെ വളരെ ശക്തവും എൻഗേജിംഗുമായ ഒരു സ്ക്രീൻപ്ലേയാണ് "ഉയരങ്ങളിൽ" എന്ന സിനിമയുടേത്. ഒരു ഹിൽസ്റ്റേഷന്റെ സൗന്ദര്യം മുഴുവൻ ജയനൻ വിൻസെന്റിന്റെ ക്യാമറയിലൂടെ ഈ സിനിമയ്ക്ക് വേണ്ടി പകർത്താനായി. സംഗീതമൊരുക്കിയിരിക്കുന്നത് ശ്യാമാണ്. എഡിറ്റിംഗ് നിർവ്വഹിച്ചത് കെ നാരായണൻ.

"കണ്ണിൽ മന്ദഹാസവും വാക്കിൽ പ്രേമത്തിന്റെ മാധുര്യവുമായി അടുക്കുന്ന സുന്ദരനായ ഈ ആരാധകന്റെ കൈകളിൽ സൂക്ഷിച്ച് നോക്കൂ, ചോര!!" എന്നായിരുന്നു റിലീസ് ദിന പോസ്റ്ററിൽ 'ഉയരങ്ങളിൽ' എന്ന സിനിമയുടെ തലവാചകം. 1984 നവംബർ 30-നാണ് 'ഉയരങ്ങളിൽ' തിയറ്ററുകളിലെത്തിയത്. മോഹൻലാലിന്റെ അരങ്ങേറ്റ ചിത്രമായ മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ നരേന്ദ്രനെ പോലെയോ പിന്നീട് പല സിനിമകളിലായി കണ്ട സ്റ്റൈലിഷ് വില്ലൻമാരെ പോലെയോ അല്ലായിരുന്നു 'ഉയരങ്ങളിലെ' ജയരാജൻ. നിഷ്ഠൂരമായ കൊലപാതകത്തിന് തൊട്ടടുത്ത നിമിഷത്തിൽ ശാന്തനായി, സ്വാഭാവികതയോടെ ഉയർച്ചകളിലേക്കുള്ള പുതിയൊരവരസം കൂടി കാത്തിരിക്കുന്ന ഒരാളായാണ് ഈ കഥാപാത്രത്തെ പ്ലേസ് ചെയ്തിരിക്കുന്നത്. "കളി നന്നായി കളിച്ചു അവസാനം വരെ, പക്ഷേ തോറ്റു പോയി" എന്ന് തുടങ്ങി, "പക്ഷേ തോറ്റ് പോകാൻ എനിക്ക് ഇഷ്ടമില്ലല്ലോ" എന്ന് അവസാനിക്കുന്ന ക്ലൈമാക്സിലെ ഡയലോ​ഗ് ഡെലിവറി, വാചകങ്ങളെ പ്രത്യേക താളത്തിലേക്ക് കൊണ്ടുവന്ന് പ്രസന്റ് ചെയ്യുന്ന സ്റ്റൈൽ, പിന്നീട് 'രാജാവിന്റെ മകനിലും', 'നാടുവാഴികളിലും', 'ഇരുപതാം നൂറ്റാണ്ടിലുമെല്ലാം' നമ്മൾ കണ്ടു.

അടിമുടി വില്ലനായി സ്ക്രീനിൽ അരങ്ങേറ്റം കുറിച്ചതിന്റെ നാലാം വർഷത്തിൽ മോഹൻലാൽ അവതരിപ്പിച്ച പ്രതിനായകത്വമുള്ള നായകനായിരുന്നു ജയരാജൻ. 24ാം വയസിലാണ് മോഹൻലാൽ ജയരാജനെ അവതരിപ്പിച്ചത് എന്ന് വിസ്മരിക്കാനാവില്ല.

വെറുപ്പ് ഫാക്ടറിയില്‍ നിന്ന് സ്‌നേഹം പ്രതീക്ഷിച്ചതാണ് തെറ്റ്, സ്‌നേഹത്തിന്റെ കടയില്‍ മെമ്പര്‍ഷിപ്പ് എടുക്കുന്നു; സന്ദീപ് വാര്യർ

ധനുഷ് വ്യക്തിപരമായി പക പോക്കുകയാണ്, നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി വൈകുന്നതിനെ ചൂണ്ടിക്കാട്ടി നയൻതാരയുടെ തുറന്ന കത്ത്

ദുരന്തമുഖത്തും തുടരുന്ന നിര്‍ദ്ദയ വിവേചനം

അഭിനയം ആസ്വദിച്ചു ചെയ്യുന്ന നടൻ, മമ്മൂട്ടിയെക്കാൾ ഭാഗ്യവാന്മാരാണ് അദ്ദേഹത്തിന്റെ പ്രേക്ഷകർ; മധു

ഇതേ അറയ്ക്കല്‍ മാധവനുണ്ണിയാ, 4K ഡോൾബി അറ്റ്മോസിൽ ‘വല്ല്യേട്ടൻ’ ടീസർ

SCROLL FOR NEXT